1 ശമുവേൽ 18:1-16

1 ശമുവേൽ 18:1-16 MCV

ദാവീദ് ശൗലിനോടു സംസാരിച്ചുതീർന്നപ്പോൾ യോനാഥാന്റെ ഹൃദയം ദാവീദിന്റെ ഹൃദയത്തോട് ഇഴുകിച്ചേർന്നു. യോനാഥാൻ ദാവീദിനെ സ്വന്തപ്രാണനെപ്പോലെ സ്നേഹിച്ചു. അന്നുമുതൽ ശൗൽ ദാവീദിനെ തന്റെകൂടെ ചേർത്തു; അദ്ദേഹത്തിന്റെ പിതൃഭവനത്തിലേക്കു പോകാൻ പിന്നെ അനുവദിച്ചതുമില്ല. യോനാഥാൻ ദാവീദിനെ സ്വന്തപ്രാണനെപ്പോലെ സ്നേഹിച്ചിരുന്നതിനാൽ ഇരുവരുംതമ്മിൽ ഒരു ഉടമ്പടിചെയ്തു. യോനാഥാൻ താനണിഞ്ഞിരുന്ന സ്ഥാനവസ്ത്രങ്ങൾ അഴിച്ച് പടച്ചട്ടസഹിതം ദാവീദിനെ അണിയിച്ചു. തന്റെ വാളും വില്ലും അരപ്പട്ടയും അരക്കച്ചയും ദാവീദിനു കൊടുത്തു. ശൗൽ നിയോഗിച്ചയച്ച ഇടങ്ങളിലെല്ലാം ദാവീദ് വിജയപൂർവം കാര്യങ്ങൾ നിർവഹിച്ചു. അതിനാൽ ശൗൽ അദ്ദേഹത്തെ സൈന്യത്തിന്റെ മേലധികാരിയാക്കി. ഇതു സകലജനത്തിനും ശൗലിന്റെ ഉദ്യോഗസ്ഥന്മാർക്കും സന്തോഷകരമായിരുന്നു. ദാവീദ് ഫെലിസ്ത്യനെ സംഹരിച്ചതിനുശേഷം ഇസ്രായേൽസൈന്യം മടങ്ങിവരുമ്പോൾ എല്ലാ നഗരങ്ങളിൽനിന്നും വന്ന സ്ത്രീകൾ തപ്പും വീണയും മുഴക്കി, പാടിയും നൃത്തംചെയ്തുകൊണ്ടും ശൗൽരാജാവിനെ എതിരേറ്റു. സ്ത്രീകൾ വാദ്യഘോഷത്തോടെ ഗാനപ്രതിഗാനമായി: “ശൗൽ ആയിരങ്ങളെ കൊന്നു, എന്നാൽ ദാവീദ് പതിനായിരങ്ങളെയും” എന്നു പാടി. ശൗൽ ഏറ്റവും കുപിതനായി. ഈ പല്ലവി അദ്ദേഹത്തിന് അനിഷ്ടമായി. അദ്ദേഹം ഉള്ളിൽ പിറുപിറുത്തു: “അവർ ദാവീദിന് പതിനായിരം കൊടുത്തു; എന്നാൽ എനിക്ക് ആയിരംമാത്രം. ഇനി രാജത്വമല്ലാതെ മറ്റെന്താണ് അവനു കിട്ടാനുള്ളത്?” ആ സമയംമുതൽ ശൗൽ ദാവീദിനെ അസൂയനിറഞ്ഞ കണ്ണുകളോടെ നോക്കിത്തുടങ്ങി. പിറ്റേദിവസം ദൈവത്തിൽനിന്നുള്ള ഒരു ദുരാത്മാവ് ശൗലിന്റെമേൽ ശക്തിയോടെ വന്നു. അയാൾ തന്റെ അരമനയിൽ ഉന്മാദാവസ്ഥയിൽ പുലമ്പിക്കൊണ്ടിരുന്നു; ദാവീദോ, പതിവുപോലെ കിന്നരം വായിച്ചുകൊണ്ടുമിരുന്നു. ശൗലിന്റെ കൈവശം ഒരു കുന്തമുണ്ടായിരുന്നു. “ദാവീദിനെ ചുമരോടുചേർത്തു തറച്ചുകളയാം,” എന്നു വിചാരിച്ച് ശൗൽ കുന്തം എറിഞ്ഞു; എന്നാൽ ദാവീദ് രണ്ടുതവണ ഒഴിഞ്ഞു മാറിക്കളഞ്ഞു. യഹോവ ദാവീദിനോടുകൂടെയിരിക്കുകയും ശൗലിനെ കൈവെടിയുകയും ചെയ്തതുകൊണ്ട് ശൗൽ ദാവീദിനെ ഏറ്റവും ഭയപ്പെട്ടു. അതിനാൽ അദ്ദേഹം ദാവീദിനെ തന്നിൽനിന്ന് അകറ്റി; അദ്ദേഹത്തെ ഒരു സഹസ്രാധിപനാക്കി. അങ്ങനെ സൈനികനടപടികളിൽ ദാവീദ് യുദ്ധം നയിച്ചുംവന്നു. ദാവീദ് തന്റെ വഴികളിലെല്ലാം വിജയംകൈവരിച്ചു, കാരണം യഹോവ അദ്ദേഹത്തോടുകൂടെ ഉണ്ടായിരുന്നു. ഇങ്ങനെ ദാവീദ് എല്ലാക്കാര്യങ്ങളിലും വിജയംകൈവരിക്കുന്നു എന്നുകണ്ടപ്പോൾ, ശൗൽ അദ്ദേഹത്തെ കൂടുതൽ ഭയപ്പെട്ടു. എന്നാൽ ദാവീദ് സമർഥമായി യുദ്ധം നയിച്ചിരുന്നതിനാൽ സകല ഇസ്രായേലും യെഹൂദയും അദ്ദേഹത്തെ സ്നേഹിച്ചു.