അവൻ ശൗലിനോട് സംസാരിച്ചുതീർന്നപ്പോൾ യോനാഥാന്റെ മനസ്സു ദാവീദിന്റെ മനസ്സിനോടു പറ്റിച്ചേർന്നു; യോനാഥാൻ അവനെ സ്വന്തപ്രാണനെപ്പോലെ സ്നേഹിച്ചു. ശൗൽ അന്ന് അവനെ ചേർത്തുകൊണ്ടു; അവന്റെ പിതൃഭവനത്തിലേക്കു മടങ്ങിപ്പോകുവാൻ പിന്നെ അനുവദിച്ചതുമില്ല. യോനാഥാൻ ദാവീദിനെ സ്വന്തപ്രാണനെപ്പോലെ സ്നേഹിക്കകൊണ്ട് അവനുമായി സഖ്യത ചെയ്തു. യോനാഥാൻ താൻ ധരിച്ചിരുന്ന മേലങ്കി ഊരി അതും തന്റെ വസ്ത്രവും വാളും വില്ലും അരക്കച്ചയും ദാവീദിനു കൊടുത്തു. ശൗൽ അയയ്ക്കുന്നേടത്തൊക്കെയും ദാവീദ് പോയി കാര്യാദികളെ വിവേകത്തോടെ നടത്തും; അതുകൊണ്ട് ശൗൽ അവനെ പടജ്ജനത്തിനു മേധാവി ആക്കി; ഇത് സർവജനത്തിനും ശൗലിന്റെ ഭൃത്യന്മാർക്കും ബോധിച്ചു. ദാവീദ് ഫെലിസ്ത്യനെ സംഹരിച്ചശേഷം അവർ മടങ്ങിവരുമ്പോൾ യിസ്രായേല്യപട്ടണങ്ങളിൽനിന്നൊക്കെയും സ്ത്രീകൾ പാടിയും നൃത്തം ചെയ്തുംകൊണ്ടു തപ്പും തംബുരുവുമായി സന്തോഷത്തോടെ ശൗൽരാജാവിനെ എതിരേറ്റുചെന്നു. സ്ത്രീകൾ വാദ്യഘോഷത്തോടെ ഗാനപ്രതിഗാനമായി: ശൗൽ ആയിരത്തെ കൊന്നു ദാവീദോ പതിനായിരത്തെ എന്നു പാടി. അപ്പോൾ ശൗൽ ഏറ്റവും കോപിച്ചു; ഈ വാക്ക് അവന് അനിഷ്ടമായി: അവർ ദാവീദിനു പതിനായിരം കൊടുത്തു എനിക്ക് ആയിരം മാത്രമേ തന്നുള്ളൂ; ഇനി രാജത്വമല്ലാതെ അവനു കിട്ടുവാൻ എന്തുള്ളൂ എന്ന് അവൻ പറഞ്ഞു. അന്നുമുതൽ ശൗലിന് ദാവീദിനോട് കണ്ണുകടി തുടങ്ങി. പിറ്റന്നാൾ ദൈവത്തിന്റെ പക്കൽനിന്നുള്ള ദുരാത്മാവു ശൗലിന്മേൽ വന്നു; അവൻ അരമനയ്ക്കകത്ത് ഉറഞ്ഞു പറഞ്ഞു; ദാവീദോ പതിവുപോലെ കിന്നരം വായിച്ചുകൊണ്ടിരുന്നു; ശൗലിന്റെ കൈയിൽ ഒരു കുന്തം ഉണ്ടായിരുന്നു. ദാവീദിനെ ചുവരോടുചേർത്തു കുത്തുവാൻ വിചാരിച്ചുകൊണ്ട് ശൗൽ കുന്തം എറിഞ്ഞു; എന്നാൽ ദാവീദ് രണ്ടു പ്രാവശ്യം അവന്റെ മുമ്പിൽനിന്നു മാറിക്കളഞ്ഞു. യഹോവ ദാവീദിനോടുകൂടെ ഇരിക്കയും ശൗലിനെ വിട്ടുമാറുകയും ചെയ്തതുകൊണ്ട് ശൗൽ ദാവീദിനെ ഭയപ്പെട്ടു. അതുകൊണ്ട് ശൗൽ അവനെ തന്റെ അടുക്കൽനിന്നു മാറ്റി സഹസ്രാധിപനാക്കി; അങ്ങനെ അവൻ ജനത്തിനു നായകനായി പെരുമാറിപ്പോന്നു. ദാവീദ് തന്റെ എല്ലാ വഴികളിലും വിവേകത്തോടെ നടന്നു; യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു. അവൻ ഏറ്റവും വിവേകത്തോടെ നടക്കുന്നു എന്നു ശൗൽ കണ്ടിട്ട് അവങ്കൽ ആശങ്കിതനായിത്തീർന്നു. എന്നാൽ ദാവീദ് യിസ്രായേലിനും യെഹൂദായ്ക്കും നായകനായി പെരുമാറിയതുകൊണ്ട് അവരൊക്കെയും അവനെ സ്നേഹിച്ചു.
1 ശമൂവേൽ 18 വായിക്കുക
കേൾക്കുക 1 ശമൂവേൽ 18
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 1 ശമൂവേൽ 18:1-16
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ