1 കൊരിന്ത്യർ 10:19-33
1 കൊരിന്ത്യർ 10:19-33 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
വിഗ്രഹത്തിന് അർപ്പിച്ച നിവേദ്യം യഥാർഥ മൂല്യമുള്ളതാണെന്നോ, വിഗ്രഹങ്ങൾതന്നെ യഥാർഥമാണെന്നോ അല്ല ഇതിനർഥം. തീർത്തും അല്ലതന്നെ! വിജാതീയരുടെ ബലികൾ ദൈവത്തിനല്ല, ഭൂതങ്ങൾക്കാണ് അർപ്പിക്കുന്നത്. കർത്താവിന്റെ പാനപാത്രത്തിൽനിന്നും ഭൂതങ്ങളുടെ പാനപാത്രത്തിൽനിന്നും നിങ്ങൾക്കു കുടിക്കുവാൻ സാധ്യമല്ല. നിങ്ങൾക്കു കർത്താവിന്റെ ഭക്ഷണമേശയിലും, ഭൂതങ്ങളുടെ ഭക്ഷണമേശയിലും പങ്കുകൊള്ളുവാൻ സാധ്യമല്ല. കർത്താവിന്റെ രോഷം ജ്വലിപ്പിക്കുവാനാണോ നാം ശ്രമിക്കുന്നത്? അവിടുത്തെക്കാൾ ബലവാന്മാരാണോ നാം? “എന്തും ചെയ്യുവാൻ ഞങ്ങൾക്ക് അനുവാദമുണ്ട്” എന്ന് അവർ പറയുന്നു. അതു ശരി തന്നെ, എന്നാൽ എല്ലാം നല്ലതല്ല. “എന്തും ചെയ്യുവാൻ നമുക്ക് അനുവാദമുണ്ട്”. പക്ഷേ എല്ലാം ആത്മീയവളർച്ച വരുത്തുന്നില്ല. ഓരോരുത്തനും സ്വന്തം നന്മയല്ല മറ്റുള്ളവരുടെ നന്മയാണു നോക്കേണ്ടത്. കമ്പോളത്തിൽ വാങ്ങാൻ കിട്ടുന്ന ഏതു മാംസവും മനസ്സാക്ഷിയുടെ കുത്തൽകൂടാതെ നിസ്സംശയം വാങ്ങി ഭക്ഷിക്കുവാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്കുണ്ട്. ഭൂമിയും അതിലുള്ള സകലവും കർത്താവിനുള്ളതാണല്ലോ. അവിശ്വാസിയായ ഒരാൾ നിങ്ങളെ ഭക്ഷണത്തിനു ക്ഷണിക്കുകയും, നിങ്ങൾ ആ ക്ഷണം സ്വീകരിക്കുകയും ചെയ്താൽ നിങ്ങളുടെ മുമ്പിൽ വിളമ്പുന്നതെന്തും മനസ്സാക്ഷി നിമിത്തം ചോദ്യം ചെയ്യാതെ ഭക്ഷിക്കുക. എന്നാൽ ഇത് വിഗ്രഹത്തിന് അർപ്പിച്ചതാണെന്ന് ആരെങ്കിലും പറയുന്നെങ്കിൽ, ആ ആളിനെയും മനസ്സാക്ഷിയെയും പ്രതി അതു ഭക്ഷിക്കരുത്. നിങ്ങളുടെ സ്വന്തം മനസ്സാക്ഷിയല്ല അപരന്റെ മനസ്സാക്ഷിയാണ് ഇവിടെ കണക്കിലെടുക്കേണ്ടത്. “എന്റെ കർമസ്വാതന്ത്ര്യം മറ്റൊരുവന്റെ മനസ്സാക്ഷിയുടെ പേരിൽ എന്തിനു പരിമിതപ്പെടുത്തണം? സ്തോത്രം ചെയ്തശേഷം കഴിക്കുന്ന ഭക്ഷണത്തിന്റെ പേരിൽ എന്നെ വിമർശിക്കുന്നത് എന്തിന്?” എന്ന് ആരെങ്കിലും ചോദിക്കാം. നിങ്ങൾ ഭക്ഷിക്കുകയോ, കുടിക്കുകയോ എന്തു തന്നെ ചെയ്താലും ദൈവത്തിന്റെ മഹത്ത്വത്തിനുവേണ്ടി അതു ചെയ്യുക. യെഹൂദന്മാർക്കോ, വിജാതീയർക്കോ, ദൈവത്തിന്റെ സഭയ്‍ക്കോ പ്രയാസമുണ്ടാക്കുന്നവിധത്തിൽ ജീവിക്കരുത്. ഞാൻ ചെയ്യുന്നതുപോലെ ചെയ്യുക. ഞാൻ ചെയ്യുന്നതിലെല്ലാം എല്ലാവരെയും സംപ്രീതരാക്കുവാൻ ഞാൻ ശ്രമിക്കുന്നു. എല്ലാവരും രക്ഷിക്കപ്പെടേണ്ടതിന് എന്റെ സ്വന്തം നന്മയെക്കുറിച്ചു ചിന്തിക്കാതെ അവരുടെ നന്മയ്‍ക്കുവേണ്ടി ഞാൻ ചിന്തിക്കുന്നു.
1 കൊരിന്ത്യർ 10:19-33 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ പറയുന്നത് എന്ത്? വിഗ്രഹാർപ്പിതം വല്ലതും ആകുന്നു എന്നോ? വിഗ്രഹം വല്ലതും ആകുന്നു എന്നോ? അല്ല, ജാതികൾ ബലികഴിക്കുന്നതു ദൈവത്തിനല്ല ഭൂതങ്ങൾക്കു കഴിക്കുന്നു എന്നത്രേ; എന്നാൽ നിങ്ങൾ ഭൂതങ്ങളുടെ കൂട്ടാളികൾ ആകുവാൻ എനിക്കു മനസ്സില്ല. നിങ്ങൾക്കു കർത്താവിന്റെ പാനപാത്രവും ഭൂതങ്ങളുടെ പാനപാത്രവും കുടിപ്പാൻ പാടില്ല; നിങ്ങൾക്കു കർത്താവിന്റെ മേശയിലും ഭൂതങ്ങളുടെ മേശയിലും അംശികൾ ആകുവാനും പാടില്ല. അല്ല, നാം കർത്താവിനു ക്രോധം ജ്വലിപ്പിക്കുന്നുവോ? അവനെക്കാൾ നാം ബലവാന്മാരോ? സകലത്തിനും എനിക്കു കർത്തവ്യം ഉണ്ട്; എങ്കിലും സകലവും പ്രയോജനമുള്ളതല്ല. സകലത്തിനും എനിക്കു കർത്തവ്യം ഉണ്ട്; എങ്കിലും സകലവും ആത്മികവർധന വരുത്തുന്നില്ല. ഓരോരുത്തൻ സ്വന്ത ഗുണമല്ല; മറ്റുള്ളവന്റെ ഗുണം അന്വേഷിക്കട്ടെ. അങ്ങാടിയിൽ വില്ക്കുന്നത് എന്തെങ്കിലും മനസ്സാക്ഷി നിമിത്തം ഒന്നും അന്വേഷണം കഴിക്കാതെ തിന്നുവിൻ. ഭൂമിയും അതിന്റെ പൂർണതയും കർത്താവിനുള്ളതല്ലോ. അവിശ്വാസികളിൽ ഒരുവൻ നിങ്ങളെ ക്ഷണിച്ചാൽ നിങ്ങൾക്കു പോകുവാൻ മനസ്സുണ്ടെങ്കിൽ നിങ്ങളുടെ മുമ്പിൽ വിളമ്പുന്നത് എന്തായാലും മനസ്സാക്ഷിനിമിത്തം ഒന്നും അന്വേഷിക്കാതെ തിന്നുവിൻ. എങ്കിലും ഒരുവൻ: ഇതു വിഗ്രഹാർപ്പിതം എന്നു നിങ്ങളോടു പറഞ്ഞാൽ ആ അറിയിച്ചവൻ നിമിത്തവും മനസ്സാക്ഷിനിമിത്തവും തിന്നരുത്. മനസ്സാക്ഷി എന്നു ഞാൻ പറയുന്നതു തൻറേതല്ല മറ്റവൻറേതത്രേ. എന്റെ സ്വാതന്ത്ര്യം അന്യമനസ്സാക്ഷിയാൽ വിധിക്കപ്പെടുന്നത് എന്തിന്? നന്ദിയോടെ അനുഭവിച്ചു സ്തോത്രം ചെയ്ത സാധനം നിമിത്തം ഞാൻ ദുഷിക്കപ്പെടുന്നത് എന്തിന്? ആകയാൽ നിങ്ങൾ തിന്നാലും കുടിച്ചാലും എന്തു ചെയ്താലും എല്ലാം ദൈവത്തിന്റെ മഹത്ത്വത്തിനായി ചെയ്‍വിൻ. യെഹൂദന്മാർക്കും യവനന്മാർക്കും ദൈവസഭയ്ക്കും ഇടർച്ചയല്ലാത്തവരാകുവിൻ. ഞാനും എന്റെ ഗുണമല്ല, പലർ രക്ഷിക്കപ്പെടേണ്ടതിന് അവരുടെ ഗുണംതന്നെ അന്വേഷിച്ചുകൊണ്ട് എല്ലാവരെയും എല്ലാംകൊണ്ടും പ്രസാദിപ്പിക്കുന്നുവല്ലോ.
1 കൊരിന്ത്യർ 10:19-33 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
വിഗ്രഹങ്ങൾക്ക് അർപ്പിച്ചതിന് പ്രാധാന്യം ഉണ്ടെന്നോ അല്ലെങ്കിൽ വിഗ്രഹത്തിന് പ്രാധാന്യം വല്ലതും ഉണ്ടെന്നോ ആണോ ഞാൻ പറയുന്നത്? അല്ല, ജനതകൾ ബലി കഴിക്കുന്നത് ദൈവത്തിനല്ല ഭൂതങ്ങൾക്ക് കഴിക്കുന്നു എന്നത്രേ; എന്നാൽ നിങ്ങൾ ഭൂതങ്ങളുടെ കൂട്ടാളികൾ ആകുവാൻ എനിക്ക് മനസ്സില്ല. നിങ്ങൾക്ക് കർത്താവിന്‍റെ പാനപാത്രത്തിൽ നിന്നും ഭൂതങ്ങളുടെ പാനപാത്രത്തിൽ നിന്നും കുടിക്കുവാൻ സാധിക്കുകയില്ല; നിങ്ങൾക്ക് കർത്താവിന്‍റെ മേശയിലും ഭൂതങ്ങളുടെ മേശയിലും പങ്കാളികൾ ആകുവാനും സാധിക്കുകയില്ല. അല്ല, നാം കർത്താവിന് കോപം ജ്വലിപ്പിക്കുവാൻ ശ്രമിക്കുന്നുവോ? അവനേക്കാൾ നാം ബലവാന്മാരോ? എല്ലാം എനിക്ക് നിയമാനുസൃതമാണ്, എങ്കിലും സകലവും പ്രയോജനമുള്ളതല്ല; എല്ലാം എനിക്ക് നിയമാനുസൃതമാണ്, എങ്കിലും സകലവും ആത്മികവർദ്ധന വരുത്തുന്നില്ല. ഓരോരുത്തൻ സ്വന്തം ഗുണമല്ല, മറ്റുള്ളവൻ്റെ ഗുണം അന്വേഷിക്കട്ടെ. കടയിൽ വിൽക്കുന്നത് എല്ലാം മനസ്സാക്ഷി നിമിത്തം ഒന്നും അന്വേഷിക്കാതെ കഴിക്കുവിൻ. ഭൂമിയും അതിന്റെ പൂർണ്ണതയും കർത്താവിനുള്ളതല്ലോ. അവിശ്വാസികളിൽ ഒരുവൻ നിങ്ങളെ ക്ഷണിക്കുകയും, നിങ്ങൾക്ക് പോകുവാൻ മനസ്സുമുണ്ടെങ്കിൽ നിങ്ങളുടെ മുമ്പിൽ വിളമ്പുന്നത് എന്തായാലും മനസ്സാക്ഷി നിമിത്തം ഒന്നും അന്വേഷിക്കാതെ ഭക്ഷിക്കുവിൻ. എങ്കിലും ഒരുവൻ: ഇത് വിഗ്രഹാർപ്പിതം എന്നു നിങ്ങളോട് പറഞ്ഞാൽ ആ അറിയിച്ചവൻ നിമിത്തവും മനസ്സാക്ഷി നിമിത്തവും തിന്നരുത്. മനസ്സാക്ഷി എന്നു ഞാൻ പറയുന്നത് നിങ്ങളുടേതല്ല, അത് മറ്റവൻ്റേതത്രേ. എന്തെന്നാൽ, എന്‍റെ സ്വാതന്ത്ര്യം മറ്റൊരുവൻ്റെ മനസ്സാക്ഷിയാൽ വിധിക്കപ്പെടുന്നത് എന്തിന്? സ്തോത്രത്തോടെ ഞാൻ അനുഭവിക്കുന്നുവെങ്കിൽ, സ്തോത്രംചെയ്ത ഭക്ഷണം നിമിത്തം ഞാൻ ദുഷിക്കപ്പെടുന്നത് എന്തിന്? ആകയാൽ, നിങ്ങൾ ഭക്ഷിച്ചാലും കുടിച്ചാലും എന്തുചെയ്താലും എല്ലാം ദൈവത്തിന്‍റെ മഹത്വത്തിനായി ചെയ്യുവിൻ. യെഹൂദന്മാർക്കോ യവനന്മാർക്കോ ദൈവസഭയ്ക്കോ ബുദ്ധിമുട്ട് ഉണ്ടാക്കാതിരിക്കുവിൻ. ഞാനും എന്റെ ഗുണമല്ല, പലർ രക്ഷിയ്ക്കപ്പെടേണ്ടതിന് അവരുടെ ഗുണംതന്നെ അന്വേഷിച്ചുകൊണ്ട് എല്ലാവരെയും എല്ലാംകൊണ്ടും പ്രസാദിപ്പിക്കുന്നുവല്ലോ.
1 കൊരിന്ത്യർ 10:19-33 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഞാൻ പറയുന്നതു എന്തു? വിഗ്രഹാർപ്പിതം വല്ലതും ആകുന്നു എന്നോ? വിഗ്രഹം വല്ലതും ആകുന്നു എന്നോ? അല്ല, ജാതികൾ ബലി കഴിക്കുന്നതു ദൈവത്തിന്നല്ല ഭൂതങ്ങൾക്കു കഴിക്കുന്നു എന്നത്രേ; എന്നാൽ നിങ്ങൾ ഭൂതങ്ങളുടെ കൂട്ടാളികൾ ആകുവാൻ എനിക്കു മനസ്സില്ല. നിങ്ങൾക്കു കർത്താവിന്റെ പാനപാത്രവും ഭൂതങ്ങളുടെ പാനപാത്രവും കുടിപ്പാൻ പാടില്ല; നിങ്ങൾക്കു കർത്താവിന്റെ മേശയിലും ഭൂതങ്ങളുടെ മേശയിലും അംശികൾ ആകുവാനും പാടില്ല. അല്ല, നാം കർത്താവിന്നു ക്രോധം ജ്വലിപ്പിക്കുന്നുവോ? അവനെക്കാൾ നാം ബലവാന്മാരോ? സകലത്തിന്നും എനിക്കു കർത്തവ്യം ഉണ്ടു; എങ്കിലും സകലവും പ്രയോജനമുള്ളതല്ല. സകലത്തിന്നും എനിക്കു കർത്തവ്യം ഉണ്ടു; എങ്കിലും സകലവും ആത്മികവർദ്ധന വരുത്തുന്നില്ല. ഓരോരുത്തൻ സ്വന്തഗുണമല്ല, മറ്റുള്ളവന്റെ ഗുണം അന്വേഷിക്കട്ടെ. അങ്ങാടിയിൽ വില്ക്കുന്നതു എന്തെങ്കിലും മനസ്സാക്ഷിനിമിത്തം ഒന്നും അന്വേഷണം കഴിക്കാതെ തിന്നുവിൻ. ഭൂമിയും അതിന്റെ പൂർണ്ണതയും കർത്താവിന്നുള്ളതല്ലോ. അവിശ്വാസികളിൽ ഒരുവൻ നിങ്ങളെ ക്ഷണിച്ചാൽ നിങ്ങൾക്കു പോകുവാൻ മനസ്സുണ്ടെങ്കിൽ നിങ്ങളുടെ മുമ്പിൽ വിളമ്പുന്നതു എന്തായാലും മനസ്സാക്ഷിനിമിത്തം ഒന്നും അന്വേഷിക്കാതെ തിന്നുവിൻ. എങ്കിലും ഒരുവൻ: ഇതു വിഗ്രഹാർപ്പിതം എന്നു നിങ്ങളോടു പറഞ്ഞാൽ ആ അറിയിച്ചവൻ നിമിത്തവും മനസ്സാക്ഷിനിമിത്തവും തിന്നരുതു. മനസ്സാക്ഷി എന്നു ഞാൻ പറയുന്നതു തന്റേതല്ല മറ്റേവന്റേതത്രെ. എന്റെ സ്വാതന്ത്ര്യം അന്യമനസ്സാക്ഷിയാൽ വിധിക്കപ്പെടുന്നതു എന്തിന്നു? നന്ദിയോടെ അനുഭവിച്ചു സ്തോത്രംചെയ്ത സാധനംനിമിത്തം ഞാൻ ദുഷിക്കപ്പെടുന്നതു എന്തിന്നു? ആകയാൽ നിങ്ങൾ തിന്നാലും കുടിച്ചാലും എന്തുചെയ്താലും എല്ലാം ദൈവത്തിന്റെ മഹത്വത്തിന്നായി ചെയ്‌വിൻ. യെഹൂദന്മാർക്കും യവനന്മാർക്കും ദൈവസഭെക്കും ഇടർച്ചയല്ലാത്തവരാകുവിൻ. ഞാനും എന്റെ ഗുണമല്ല, പലർ രക്ഷിക്കപ്പെടേണ്ടതിന്നു അവരുടെ ഗുണം തന്നേ അന്വേഷിച്ചുകൊണ്ടു എല്ലാവരെയും എല്ലാംകൊണ്ടും പ്രസാദിപ്പിക്കുന്നുവല്ലോ.
1 കൊരിന്ത്യർ 10:19-33 സമകാലിക മലയാളവിവർത്തനം (MCV)
എന്നാൽ യെഹൂദേതരരുടെ ബലികൾ ദൈവത്തിനല്ല ഭൂതങ്ങൾക്ക് അർപ്പിക്കപ്പെട്ടവയാണ്. നിങ്ങൾ ഭൂതങ്ങളുടെ പങ്കാളികളാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. വിഗ്രഹത്തിന് അർപ്പിച്ച ബലിക്കോ വിഗ്രഹത്തിനോ എന്തെങ്കിലും മഹത്ത്വമുണ്ടെന്നാണോ ഞാൻ അർഥമാക്കുന്നത്? ഒരിക്കലുമല്ല. നിങ്ങൾക്കു കർത്താവിന്റെ പാനപാത്രത്തിൽനിന്നും ഒപ്പം ഭൂതങ്ങളുടെ പാനപാത്രത്തിൽനിന്നും കുടിക്കാൻ സാധ്യമല്ല. കർത്താവിന്റെ മേശയിലും ഭൂതങ്ങളുടെ മേശയിലും നിങ്ങൾക്കു പങ്കുണ്ടായിരിക്കാനും പാടില്ല. നാം കർത്താവിനു രോഷം ജ്വലിപ്പിക്കാൻ ശ്രമിക്കുന്നോ? നാം അവിടത്തെക്കാൾ ശക്തരോ? “എല്ലാം അനുവദനീയമാണ്” എന്നാൽ എല്ലാം ഗുണകരമല്ല. “എല്ലാം അനുവദനീയമാണ്” എന്നാൽ എല്ലാം ആത്മികാഭിവൃദ്ധി വരുത്തുന്നില്ല. ഒരാളും സ്വന്തം നന്മയല്ല, മറ്റുള്ളവരുടെ നന്മയാണ് അന്വേഷിക്കേണ്ടത്. ചന്തയിൽ വിൽപ്പനയ്ക്കുവെച്ചിരിക്കുന്ന ഏത് മാംസവും മനസ്സാക്ഷിക്കുത്തുകൂടാതെ ഭക്ഷിക്കാവുന്നതാണ്. കാരണം “ഭൂമിയും അതിലുള്ള സകലതും കർത്താവിനുള്ളത്.” ഒരു അവിശ്വാസി നിങ്ങളെ ഭക്ഷണത്തിനു ക്ഷണിക്കുകയും നിങ്ങൾ പോകാൻ ആഗ്രഹിക്കുകയും ചെയ്യുന്നെങ്കിൽ, നിങ്ങളുടെമുമ്പിൽ വിളമ്പിവെക്കുന്നതെന്തും മനസ്സാക്ഷിക്കുത്തുകൂടാതെ ഭക്ഷിക്കാം. എന്നാൽ “ഇത് നൈവേദ്യമാണ്,” എന്ന് ആരെങ്കിലും നിങ്ങളോടു പറഞ്ഞാൽ, അത് പറഞ്ഞ ആളിനെയും മനസ്സാക്ഷിയെയും കരുതി അതു കഴിക്കരുത്. നിങ്ങളുടെ മനസ്സാക്ഷിയല്ല, അയാളുടേതാണു ഞാൻ ഉദ്ദേശിക്കുന്നത്. മറ്റൊരാളിന്റെ മനസ്സാക്ഷിക്ക് അനുസരിച്ച് എന്റെ സ്വാതന്ത്ര്യം എന്തിന് ഹനിക്കപ്പെടണം? കൃതജ്ഞതയോടെയാണ് ഞാൻ ആ ഭക്ഷണം കഴിക്കുന്നെങ്കിൽ, ഞാൻ ദൈവത്തിനു സ്തോത്രംചെയ്ത വസ്തു നിമിത്തം എന്നെ കുറ്റപ്പെടുത്തുന്നതെന്തിന്? നിങ്ങൾ ഭക്ഷിച്ചാലും പാനംചെയ്താലും മറ്റെന്തു ചെയ്താലും, അവയെല്ലാം ദൈവമഹത്ത്വത്തിനായി ചെയ്യുക; യെഹൂദർക്കും ഗ്രീക്കുകാർക്കും ദൈവസഭയ്ക്കും പാപംചെയ്യാൻ കാരണമുണ്ടാക്കരുത്. ഞാനും എല്ലാവരെയും എല്ലാവിധത്തിലും പ്രസാദിപ്പിക്കാൻ ശ്രമിക്കുന്നുണ്ടല്ലോ. ഞാൻ എന്റെ നന്മയല്ല, അനേകർ രക്ഷിക്കപ്പെടാൻ സാധ്യമാകേണ്ടതിന് അവരുടെ നന്മയാണ് അന്വേഷിക്കുന്നത്.