1 KORINTH 10

10
വിഗ്രഹാരാധനയെപ്പറ്റി
1എന്റെ സഹോദരരേ, മോശയെ അനുഗമിച്ച നമ്മുടെ പൂർവികർക്ക് എന്തു സംഭവിച്ചു എന്നു നിങ്ങൾ ഓർമിക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു. അവർ മേഘത്തണലിൽ സംരക്ഷിക്കപ്പെട്ടു; സുരക്ഷിതരായി ചെങ്കടൽ കടക്കുകയും ചെയ്തു. 2മോശയുടെ അനുയായികൾ എന്ന നിലയിൽ, മേഘത്തണലിലും കടലിലും അവർക്കുണ്ടായ അനുഭവം ഒരു സ്നാപനമായിരുന്നു. 3അവർ എല്ലാവരും ഒരേ ആത്മികഭക്ഷണം കഴിച്ചു; 4ഒരേ ആത്മികപാനീയം കുടിച്ചു; അവരോടുകൂടി യാത്രചെയ്ത ആത്മികപാറയിൽനിന്നു ലഭിച്ച ജലമാണ് അവർ കുടിച്ചത്. ആ പാറ ക്രിസ്തുതന്നെ ആയിരുന്നു. 5എന്നാൽ അവരിൽ മിക്കപേരിലും ദൈവം പ്രസാദിച്ചില്ല. അതുകൊണ്ട് അവരുടെ മൃതശരീരങ്ങൾ മരുഭൂമിയിൽ ചിതറപ്പെട്ടു;
6,7അവർ തിന്മയെ ആഗ്രഹിക്കുകയും അവരിൽ ചിലർ വിഗ്രഹങ്ങളെ ആരാധിക്കുകയും ചെയ്തു. അതുപോലെ നാം ചെയ്യാതിരിക്കുന്നതിന് നമുക്കു മുന്നറിയിപ്പു നല്‌കുന്ന മാതൃകാപാഠങ്ങളാണ് ഇവയെല്ലാം. വേദഗ്രന്ഥത്തിൽ പറയുന്നതുപോലെ ‘ജനം തിന്നു കുടിച്ച് ഉല്ലസിക്കുന്നതിനായി ഇരുന്നു; മദിരോത്സവത്തിനായി എഴുന്നേറ്റു.’ 8അവരിൽ ചിലർ വ്യഭിചാരം ചെയ്യുകയും തൽഫലമായി ഒറ്റദിവസംകൊണ്ട് ഇരുപത്തിമൂവായിരം പേർ മരിച്ചു വീഴുകയും ചെയ്തു. അവരെപ്പോലെ നാം വ്യഭിചാരം ചെയ്യരുത്. 9അവരിൽ ചിലർ ചെയ്തതുപോലെ നാം #10:9 ‘കർത്താവിനെ’- ചില കൈയെഴുത്തു പ്രതികളിൽ ‘ക്രിസ്തുവിനെ’ എന്നാണ്.കർത്താവിനെ പരീക്ഷിക്കരുത്; സർപ്പങ്ങളാൽ അവർ കൊല്ലപ്പെട്ടു. 10അവരിൽ ചിലർ ചെയ്തതുപോലെ നാം പിറുപിറുക്കുകയുമരുത്; മരണദൂതൻ അവരെ നശിപ്പിച്ചുകളഞ്ഞു.
11മറ്റുള്ളവർക്ക് ദൃഷ്ടാന്തമായിത്തീരുന്നതിന് ഇവയെല്ലാം അവർക്കു സംഭവിച്ചു. നമുക്ക് ഒരു മുന്നറിയിപ്പായി അവ എഴുതപ്പെട്ടിരിക്കുന്നു. എന്തെന്നാൽ അന്ത്യം അടുത്തെത്തിയിരിക്കുന്ന സമയത്താണു നാം ജീവിക്കുന്നത്.
12ഉറച്ചുനില്‌ക്കുന്നു എന്നു വിചാരിക്കുന്നവൻ വീഴാതിരിക്കുവാൻ സൂക്ഷിച്ചുകൊള്ളട്ടെ. 13സാധാരണ ജനങ്ങൾക്ക് ഉണ്ടാകാത്ത ഒരു പരീക്ഷണവും നിങ്ങൾക്ക് നേരിട്ടിട്ടില്ല. ഉറച്ചുനില്‌ക്കുവാനുള്ള നിങ്ങളുടെ ശക്തിക്കതീതമായ പരീക്ഷണങ്ങൾ ഉണ്ടാകുവാൻ ദൈവം അനുവദിക്കുകയില്ല; പരീക്ഷണത്തിനു നിങ്ങളെ വിധേയരാക്കുമ്പോൾ അതു സഹിക്കുവാനുള്ള ശക്തിയും നീക്കുപോക്കും അവിടുന്നു നിങ്ങൾക്കു നല്‌കുന്നു. ദൈവം വിശ്വസ്തനാണല്ലോ.
14അതുകൊണ്ട്, എന്റെ പ്രിയ സുഹൃത്തുക്കളേ, നിങ്ങൾ വിഗ്രഹാരാധന വിട്ടകലുക. 15വിവേകമുള്ളവരോടെന്നവണ്ണമാണു ഞാൻ നിങ്ങളോടു പറയുന്നത്. എന്റെ വാക്കുകൾ നിങ്ങൾ തന്നെ വിധിച്ചുകൊള്ളുക. 16തിരുവത്താഴത്തിൽ ഏതൊന്നിനുവേണ്ടി നാം ദൈവത്തിനു സ്തോത്രം ചെയ്യുന്നുവോ, ആ പാനപാത്രത്തിൽനിന്നു പാനം ചെയ്യുമ്പോൾ നാം ക്രിസ്തുവിന്റെ രക്തത്തിനു പങ്കാളികളായിത്തീരുന്നു. നാം മുറിക്കുന്ന അപ്പം ഭക്ഷിക്കുമ്പോൾ കർത്താവിന്റെ തിരുശരീരത്തിന് ഓഹരിക്കാരായിത്തീരുകയും ചെയ്യുന്നു. 17അപ്പം ഒന്നേയുള്ളൂ. അതുകൊണ്ട് പലരായ നാം ഏകശരീരമാകുന്നു. എന്തെന്നാൽ ഒരേ അപ്പമാണല്ലോ നാം പങ്കിടുന്നത്.
18ഇസ്രായേൽജനതയെക്കുറിച്ച് ആലോചിച്ചു നോക്കൂ; ബലിസാധനങ്ങൾ ഭൂജിക്കുന്നവർ ബലിപീഠത്തിന്റെ പങ്കാളികളല്ലേ? 19വിഗ്രഹത്തിന് അർപ്പിച്ച നിവേദ്യം യഥാർഥ മൂല്യമുള്ളതാണെന്നോ, വിഗ്രഹങ്ങൾതന്നെ യഥാർഥമാണെന്നോ അല്ല ഇതിനർഥം. തീർത്തും അല്ലതന്നെ! 20വിജാതീയരുടെ ബലികൾ ദൈവത്തിനല്ല, ഭൂതങ്ങൾക്കാണ് അർപ്പിക്കുന്നത്. 21കർത്താവിന്റെ പാനപാത്രത്തിൽനിന്നും ഭൂതങ്ങളുടെ പാനപാത്രത്തിൽനിന്നും നിങ്ങൾക്കു കുടിക്കുവാൻ സാധ്യമല്ല. നിങ്ങൾക്കു കർത്താവിന്റെ ഭക്ഷണമേശയിലും, ഭൂതങ്ങളുടെ ഭക്ഷണമേശയിലും പങ്കുകൊള്ളുവാൻ സാധ്യമല്ല. 22കർത്താവിന്റെ രോഷം ജ്വലിപ്പിക്കുവാനാണോ നാം ശ്രമിക്കുന്നത്? അവിടുത്തെക്കാൾ ബലവാന്മാരാണോ നാം?
23“എന്തും ചെയ്യുവാൻ ഞങ്ങൾക്ക് അനുവാദമുണ്ട്” എന്ന് അവർ പറയുന്നു. അതു ശരി തന്നെ, എന്നാൽ എല്ലാം നല്ലതല്ല. “എന്തും ചെയ്യുവാൻ നമുക്ക് അനുവാദമുണ്ട്”. പക്ഷേ എല്ലാം ആത്മീയവളർച്ച വരുത്തുന്നില്ല. 24ഓരോരുത്തനും സ്വന്തം നന്മയല്ല മറ്റുള്ളവരുടെ നന്മയാണു നോക്കേണ്ടത്.
25കമ്പോളത്തിൽ വാങ്ങാൻ കിട്ടുന്ന ഏതു മാംസവും മനസ്സാക്ഷിയുടെ കുത്തൽകൂടാതെ നിസ്സംശയം വാങ്ങി ഭക്ഷിക്കുവാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്കുണ്ട്. 26ഭൂമിയും അതിലുള്ള സകലവും കർത്താവിനുള്ളതാണല്ലോ.
27അവിശ്വാസിയായ ഒരാൾ നിങ്ങളെ ഭക്ഷണത്തിനു ക്ഷണിക്കുകയും, നിങ്ങൾ ആ ക്ഷണം സ്വീകരിക്കുകയും ചെയ്താൽ നിങ്ങളുടെ മുമ്പിൽ വിളമ്പുന്നതെന്തും മനസ്സാക്ഷി നിമിത്തം ചോദ്യം ചെയ്യാതെ ഭക്ഷിക്കുക. 28എന്നാൽ ഇത് വിഗ്രഹത്തിന് അർപ്പിച്ചതാണെന്ന് ആരെങ്കിലും പറയുന്നെങ്കിൽ, ആ ആളിനെയും മനസ്സാക്ഷിയെയും പ്രതി അതു ഭക്ഷിക്കരുത്. 29നിങ്ങളുടെ സ്വന്തം മനസ്സാക്ഷിയല്ല അപരന്റെ മനസ്സാക്ഷിയാണ് ഇവിടെ കണക്കിലെടുക്കേണ്ടത്.
“എന്റെ കർമസ്വാതന്ത്ര്യം മറ്റൊരുവന്റെ മനസ്സാക്ഷിയുടെ പേരിൽ എന്തിനു പരിമിതപ്പെടുത്തണം? 30സ്തോത്രം ചെയ്തശേഷം കഴിക്കുന്ന ഭക്ഷണത്തിന്റെ പേരിൽ എന്നെ വിമർശിക്കുന്നത് എന്തിന്?” എന്ന് ആരെങ്കിലും ചോദിക്കാം.
31നിങ്ങൾ ഭക്ഷിക്കുകയോ, കുടിക്കുകയോ എന്തു തന്നെ ചെയ്താലും ദൈവത്തിന്റെ മഹത്ത്വത്തിനുവേണ്ടി അതു ചെയ്യുക. 32യെഹൂദന്മാർക്കോ, വിജാതീയർക്കോ, ദൈവത്തിന്റെ സഭയ്‍ക്കോ പ്രയാസമുണ്ടാക്കുന്നവിധത്തിൽ ജീവിക്കരുത്. 33ഞാൻ ചെയ്യുന്നതുപോലെ ചെയ്യുക. ഞാൻ ചെയ്യുന്നതിലെല്ലാം എല്ലാവരെയും സംപ്രീതരാക്കുവാൻ ഞാൻ ശ്രമിക്കുന്നു. എല്ലാവരും രക്ഷിക്കപ്പെടേണ്ടതിന് എന്റെ സ്വന്തം നന്മയെക്കുറിച്ചു ചിന്തിക്കാതെ അവരുടെ നന്മയ്‍ക്കുവേണ്ടി ഞാൻ ചിന്തിക്കുന്നു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

1 KORINTH 10: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക