1 കൊരിന്ത്യർ 10
10
ഇസ്രായേൽ ചരിത്രത്തിൽനിന്നുള്ള മുന്നറിയിപ്പുകൾ
1സഹോദരങ്ങളേ, നമ്മുടെ പൂർവികർ എല്ലാവരും മേഘത്തിൻ കീഴിലായിരുന്നതെക്കുറിച്ചും അവരെല്ലാവരും സമുദ്രത്തിലൂടെ കടന്നുപോയതിനെക്കുറിച്ചും നിങ്ങൾ അജ്ഞരായിരിക്കരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു. 2അവരെല്ലാവരും മേഘത്തിലും സമുദ്രത്തിലും സ്നാനമേറ്റു മോശയോടു ചേർന്നു. 3എല്ലാവരും ഒരേ ആത്മികഭോജനം കഴിക്കുകയും 4ഒരേ ആത്മികപാനീയം കുടിക്കുകയും ചെയ്തു. തങ്ങളെ അനുഗമിച്ച ആത്മികശിലയിൽനിന്നാണ് അവർ പാനംചെയ്തത്; ക്രിസ്തു ആയിരുന്നു ആ ശില. 5എന്നാൽ അവരിൽ അധികംപേരിലും ദൈവം സന്തുഷ്ടനായില്ല; അവരുടെ മൃതശരീരങ്ങൾ മരുഭൂമിയിൽ ചിതറിക്കിടന്നു.
6അവരെപ്പോലെ നാമും ദുഷിച്ചകാര്യങ്ങളിൽ ആമഗ്നരാകാതിരിക്കേണ്ടതിന് അവർക്കു സംഭവിച്ച കാര്യങ്ങൾ നമുക്കൊരു മുന്നറിയിപ്പായിത്തീർന്നിരിക്കുന്നു. 7അവരിൽ ചിലരെപ്പോലെ നിങ്ങൾ വിഗ്രഹാരാധകരാകരുത്. “ജനം ഭക്ഷിക്കാനും കുടിക്കാനും ഇരുന്നു, വിളയാടാൻ എഴുന്നേറ്റു”#10:7 പുറ. 32:6 എന്നെഴുതിയിരിക്കുന്നല്ലോ. 8നാം അവരിൽ ചിലരെപ്പോലെ അസാന്മാർഗികളാകരുത്; വ്യഭിചാരംനിമിത്തം അവരിൽ 23,000 പേർ ഒരൊറ്റ ദിവസംകൊണ്ടു മരിച്ചുപോയി. 9അവരിൽ മറ്റുചിലർ ചെയ്തതുപോലെ നാം ക്രിസ്തുവിനെ#10:9 ചി.കൈ.പ്ര. കർത്താവിനെ പരീക്ഷിക്കരുത്; അവർ സർപ്പദംശനമേറ്റ് മരിച്ചല്ലോ. 10അവരിൽ വേറെചിലർ ചെയ്തതുപോലെ നാം മുറുമുറുക്കുന്നവരും ആകരുത്; അവരെ സംഹാരദൂതൻ കൊന്നുകളഞ്ഞല്ലോ.
11ഈ കാര്യങ്ങൾ അവർക്ക് ഉദാഹരണങ്ങളായി സംഭവിച്ചു; യുഗസമാപ്തിയോടടുത്തു ജീവിക്കുന്ന നമുക്കു മുന്നറിയിപ്പായി എഴുതപ്പെട്ടിരിക്കുന്നു. 12അതുകൊണ്ട്, താൻ ഉറച്ചുനിൽക്കുന്നെന്നു കരുതുന്നയാൾ വീഴാതിരിക്കാൻ സൂക്ഷിക്കട്ടെ. 13മനുഷ്യർക്കു സാധാരണമല്ലാത്ത പ്രലോഭനങ്ങൾ#10:13 അതായത്, പരീക്ഷ നിങ്ങൾക്കുണ്ടായിട്ടില്ല. ദൈവം വിശ്വസ്തൻ; നിങ്ങളുടെ ശക്തിക്കതീതമായ പ്രലോഭനം അവിടന്ന് അനുവദിക്കുകയില്ല. പ്രലോഭനം ഉണ്ടാകുമ്പോൾ നിങ്ങൾക്കു സഹിക്കാൻ കഴിയേണ്ടതിന് അതിൽനിന്ന് രക്ഷപ്പെടാനുള്ള വഴിയും അതോടൊപ്പംതന്നെ ദൈവം ഉണ്ടാക്കിത്തരും.
വിഗ്രഹാരാധനയും തിരുവത്താഴവും
14അതുകൊണ്ട് എന്റെ പ്രിയസഹോദരങ്ങളേ, വിഗ്രഹാരാധന വിട്ട് പലായനംചെയ്യുക, 15ഞാൻ സംസാരിക്കുന്നത് വിവേകശാലികളോടാണല്ലോ; ഞാൻ പറയുന്നത് ഒന്നു ഗ്രഹിക്കാൻ ശ്രമിക്കുക: 16നാം സ്തോത്രാർപ്പണം ചെയ്യുന്ന പാനപാത്രം ക്രിസ്തുവിന്റെ രക്തത്തിലുള്ള കൂട്ടായ്മ അല്ലേ? നാം നുറുക്കുന്ന അപ്പം ക്രിസ്തുവിന്റെ ശരീരത്തിലുള്ള നമ്മുടെ കൂട്ടായ്മ അല്ലേ? 17അപ്പം ഒന്നേയുള്ളൂ; പലരായ നാം ഒരു ശരീരമാകുന്നതുകൊണ്ട് ഒരേ അപ്പത്തിൽ പങ്കാളികളാകുന്നു.
18ഇസ്രായേൽജനതയെക്കുറിച്ചു#10:18 മൂ.ഭാ. ജഡപ്രകാരമുള്ള ഇസ്രായേൽ ചിന്തിച്ചുനോക്കുക: യാഗാർപ്പണംചെയ്ത ഭക്ഷ്യവസ്തുക്കൾ കഴിക്കുന്നവർ ആ യാഗപീഠത്തിന്റെ പങ്കാളികൾ ആകുകയല്ലേ? 19-20എന്നാൽ യെഹൂദേതരരുടെ ബലികൾ ദൈവത്തിനല്ല ഭൂതങ്ങൾക്ക് അർപ്പിക്കപ്പെട്ടവയാണ്. നിങ്ങൾ ഭൂതങ്ങളുടെ പങ്കാളികളാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. വിഗ്രഹത്തിന് അർപ്പിച്ച ബലിക്കോ വിഗ്രഹത്തിനോ എന്തെങ്കിലും മഹത്ത്വമുണ്ടെന്നാണോ ഞാൻ അർഥമാക്കുന്നത്? ഒരിക്കലുമല്ല. 21നിങ്ങൾക്കു കർത്താവിന്റെ പാനപാത്രത്തിൽനിന്നും ഒപ്പം ഭൂതങ്ങളുടെ പാനപാത്രത്തിൽനിന്നും കുടിക്കാൻ സാധ്യമല്ല. കർത്താവിന്റെ മേശയിലും ഭൂതങ്ങളുടെ മേശയിലും നിങ്ങൾക്കു പങ്കുണ്ടായിരിക്കാനും പാടില്ല. 22നാം കർത്താവിനു രോഷം ജ്വലിപ്പിക്കാൻ ശ്രമിക്കുന്നോ? നാം അവിടത്തെക്കാൾ ശക്തരോ?
വിശ്വാസിയുടെ സ്വാതന്ത്ര്യം
23“എല്ലാം അനുവദനീയമാണ്” എന്നാൽ എല്ലാം ഗുണകരമല്ല. “എല്ലാം അനുവദനീയമാണ്” എന്നാൽ എല്ലാം ആത്മികാഭിവൃദ്ധി വരുത്തുന്നില്ല. 24ഒരാളും സ്വന്തം നന്മയല്ല, മറ്റുള്ളവരുടെ നന്മയാണ് അന്വേഷിക്കേണ്ടത്.
25ചന്തയിൽ വിൽപ്പനയ്ക്കുവെച്ചിരിക്കുന്ന ഏത് മാംസവും മനസ്സാക്ഷിക്കുത്തുകൂടാതെ ഭക്ഷിക്കാവുന്നതാണ്. 26കാരണം “ഭൂമിയും അതിലുള്ള സകലതും കർത്താവിനുള്ളത്.”#10:26 സങ്കീ. 24:1
27ഒരു അവിശ്വാസി നിങ്ങളെ ഭക്ഷണത്തിനു ക്ഷണിക്കുകയും നിങ്ങൾ പോകാൻ ആഗ്രഹിക്കുകയും ചെയ്യുന്നെങ്കിൽ, നിങ്ങളുടെമുമ്പിൽ വിളമ്പിവെക്കുന്നതെന്തും മനസ്സാക്ഷിക്കുത്തുകൂടാതെ ഭക്ഷിക്കാം. 28എന്നാൽ “ഇത് നൈവേദ്യമാണ്,” എന്ന് ആരെങ്കിലും നിങ്ങളോടു പറഞ്ഞാൽ, അത് പറഞ്ഞ ആളിനെയും മനസ്സാക്ഷിയെയും കരുതി അതു കഴിക്കരുത്. 29നിങ്ങളുടെ മനസ്സാക്ഷിയല്ല, അയാളുടേതാണു ഞാൻ ഉദ്ദേശിക്കുന്നത്. മറ്റൊരാളിന്റെ മനസ്സാക്ഷിക്ക് അനുസരിച്ച് എന്റെ സ്വാതന്ത്ര്യം എന്തിന് ഹനിക്കപ്പെടണം? 30കൃതജ്ഞതയോടെയാണ് ഞാൻ ആ ഭക്ഷണം കഴിക്കുന്നെങ്കിൽ, ഞാൻ ദൈവത്തിനു സ്തോത്രംചെയ്ത വസ്തു നിമിത്തം എന്നെ കുറ്റപ്പെടുത്തുന്നതെന്തിന്?
31നിങ്ങൾ ഭക്ഷിച്ചാലും പാനംചെയ്താലും മറ്റെന്തു ചെയ്താലും, അവയെല്ലാം ദൈവമഹത്ത്വത്തിനായി ചെയ്യുക; 32യെഹൂദർക്കും ഗ്രീക്കുകാർക്കും ദൈവസഭയ്ക്കും പാപംചെയ്യാൻ കാരണമുണ്ടാക്കരുത്. 33ഞാനും എല്ലാവരെയും എല്ലാവിധത്തിലും പ്രസാദിപ്പിക്കാൻ ശ്രമിക്കുന്നുണ്ടല്ലോ. ഞാൻ എന്റെ നന്മയല്ല, അനേകർ രക്ഷിക്കപ്പെടാൻ സാധ്യമാകേണ്ടതിന് അവരുടെ നന്മയാണ് അന്വേഷിക്കുന്നത്.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
1 കൊരിന്ത്യർ 10: MCV
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.