1 കൊരി. 10:19-33

1 കൊരി. 10:19-33 IRVMAL

വിഗ്രഹങ്ങൾക്ക് അർപ്പിച്ചതിന് പ്രാധാന്യം ഉണ്ടെന്നോ അല്ലെങ്കിൽ വിഗ്രഹത്തിന് പ്രാധാന്യം വല്ലതും ഉണ്ടെന്നോ ആണോ ഞാൻ പറയുന്നത്? അല്ല, ജനതകൾ ബലി കഴിക്കുന്നത് ദൈവത്തിനല്ല ഭൂതങ്ങൾക്ക് കഴിക്കുന്നു എന്നത്രേ; എന്നാൽ നിങ്ങൾ ഭൂതങ്ങളുടെ കൂട്ടാളികൾ ആകുവാൻ എനിക്ക് മനസ്സില്ല. നിങ്ങൾക്ക് കർത്താവിന്‍റെ പാനപാത്രത്തിൽ നിന്നും ഭൂതങ്ങളുടെ പാനപാത്രത്തിൽ നിന്നും കുടിക്കുവാൻ സാധിക്കുകയില്ല; നിങ്ങൾക്ക് കർത്താവിന്‍റെ മേശയിലും ഭൂതങ്ങളുടെ മേശയിലും പങ്കാളികൾ ആകുവാനും സാ‍ധിക്കുകയില്ല. അല്ല, നാം കർത്താവിന് കോപം ജ്വലിപ്പിക്കുവാൻ ശ്രമിക്കുന്നുവോ? അവനേക്കാൾ നാം ബലവാന്മാരോ? എല്ലാം എനിക്ക് നിയമാനുസൃതമാണ്, എങ്കിലും സകലവും പ്രയോജനമുള്ളതല്ല; എല്ലാം എനിക്ക് നിയമാനുസൃതമാണ്, എങ്കിലും സകലവും ആത്മികവർദ്ധന വരുത്തുന്നില്ല. ഓരോരുത്തൻ സ്വന്തം ഗുണമല്ല, മറ്റുള്ളവൻ്റെ ഗുണം അന്വേഷിക്കട്ടെ. കടയിൽ വിൽക്കുന്നത് എല്ലാം മനസ്സാക്ഷി നിമിത്തം ഒന്നും അന്വേഷിക്കാതെ കഴിക്കുവിൻ. ഭൂമിയും അതിന്‍റെ പൂർണ്ണതയും കർത്താവിനുള്ളതല്ലോ. അവിശ്വാസികളിൽ ഒരുവൻ നിങ്ങളെ ക്ഷണിക്കുകയും, നിങ്ങൾക്ക് പോകുവാൻ മനസ്സുമുണ്ടെങ്കിൽ നിങ്ങളുടെ മുമ്പിൽ വിളമ്പുന്നത് എന്തായാലും മനസ്സാക്ഷി നിമിത്തം ഒന്നും അന്വേഷിക്കാതെ ഭക്ഷിക്കുവിൻ. എങ്കിലും ഒരുവൻ: ഇത് വിഗ്രഹാർപ്പിതം എന്നു നിങ്ങളോട് പറഞ്ഞാൽ ആ അറിയിച്ചവൻ നിമിത്തവും മനസ്സാക്ഷി നിമിത്തവും തിന്നരുത്. മനസ്സാക്ഷി എന്നു ഞാൻ പറയുന്നത് നിങ്ങളുടേതല്ല, അത് മറ്റവൻ്റേതത്രേ. എന്തെന്നാൽ, എന്‍റെ സ്വാതന്ത്ര്യം മറ്റൊരുവൻ്റെ മനസ്സാക്ഷിയാൽ വിധിക്കപ്പെടുന്നത് എന്തിന്? സ്തോത്രത്തോടെ ഞാൻ അനുഭവിക്കുന്നുവെങ്കിൽ, സ്തോത്രംചെയ്ത ഭക്ഷണം നിമിത്തം ഞാൻ ദുഷിക്കപ്പെടുന്നത് എന്തിന്? ആകയാൽ, നിങ്ങൾ ഭക്ഷിച്ചാലും കുടിച്ചാലും എന്തുചെയ്താലും എല്ലാം ദൈവത്തിന്‍റെ മഹത്വത്തിനായി ചെയ്യുവിൻ. യെഹൂദന്മാർക്കോ യവനന്മാർക്കോ ദൈവസഭയ്ക്കോ ബുദ്ധിമുട്ട് ഉണ്ടാക്കാതിരിക്കുവിൻ. ഞാനും എന്‍റെ ഗുണമല്ല, പലർ രക്ഷിയ്ക്കപ്പെടേണ്ടതിന് അവരുടെ ഗുണംതന്നെ അന്വേഷിച്ചുകൊണ്ട് എല്ലാവരെയും എല്ലാംകൊണ്ടും പ്രസാദിപ്പിക്കുന്നുവല്ലോ.