1 കൊരിന്ത്യർ 10:19-33

1 കൊരിന്ത്യർ 10:19-33 MCV

എന്നാൽ യെഹൂദേതരരുടെ ബലികൾ ദൈവത്തിനല്ല ഭൂതങ്ങൾക്ക് അർപ്പിക്കപ്പെട്ടവയാണ്. നിങ്ങൾ ഭൂതങ്ങളുടെ പങ്കാളികളാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. വിഗ്രഹത്തിന് അർപ്പിച്ച ബലിക്കോ വിഗ്രഹത്തിനോ എന്തെങ്കിലും മഹത്ത്വമുണ്ടെന്നാണോ ഞാൻ അർഥമാക്കുന്നത്? ഒരിക്കലുമല്ല. നിങ്ങൾക്കു കർത്താവിന്റെ പാനപാത്രത്തിൽനിന്നും ഒപ്പം ഭൂതങ്ങളുടെ പാനപാത്രത്തിൽനിന്നും കുടിക്കാൻ സാധ്യമല്ല. കർത്താവിന്റെ മേശയിലും ഭൂതങ്ങളുടെ മേശയിലും നിങ്ങൾക്കു പങ്കുണ്ടായിരിക്കാനും പാടില്ല. നാം കർത്താവിനു രോഷം ജ്വലിപ്പിക്കാൻ ശ്രമിക്കുന്നോ? നാം അവിടത്തെക്കാൾ ശക്തരോ? “എല്ലാം അനുവദനീയമാണ്” എന്നാൽ എല്ലാം ഗുണകരമല്ല. “എല്ലാം അനുവദനീയമാണ്” എന്നാൽ എല്ലാം ആത്മികാഭിവൃദ്ധി വരുത്തുന്നില്ല. ഒരാളും സ്വന്തം നന്മയല്ല, മറ്റുള്ളവരുടെ നന്മയാണ് അന്വേഷിക്കേണ്ടത്. ചന്തയിൽ വിൽപ്പനയ്ക്കുവെച്ചിരിക്കുന്ന ഏത് മാംസവും മനസ്സാക്ഷിക്കുത്തുകൂടാതെ ഭക്ഷിക്കാവുന്നതാണ്. കാരണം “ഭൂമിയും അതിലുള്ള സകലതും കർത്താവിനുള്ളത്.” ഒരു അവിശ്വാസി നിങ്ങളെ ഭക്ഷണത്തിനു ക്ഷണിക്കുകയും നിങ്ങൾ പോകാൻ ആഗ്രഹിക്കുകയും ചെയ്യുന്നെങ്കിൽ, നിങ്ങളുടെമുമ്പിൽ വിളമ്പിവെക്കുന്നതെന്തും മനസ്സാക്ഷിക്കുത്തുകൂടാതെ ഭക്ഷിക്കാം. എന്നാൽ “ഇത് നൈവേദ്യമാണ്,” എന്ന് ആരെങ്കിലും നിങ്ങളോടു പറഞ്ഞാൽ, അത് പറഞ്ഞ ആളിനെയും മനസ്സാക്ഷിയെയും കരുതി അതു കഴിക്കരുത്. നിങ്ങളുടെ മനസ്സാക്ഷിയല്ല, അയാളുടേതാണു ഞാൻ ഉദ്ദേശിക്കുന്നത്. മറ്റൊരാളിന്റെ മനസ്സാക്ഷിക്ക് അനുസരിച്ച് എന്റെ സ്വാതന്ത്ര്യം എന്തിന് ഹനിക്കപ്പെടണം? കൃതജ്ഞതയോടെയാണ് ഞാൻ ആ ഭക്ഷണം കഴിക്കുന്നെങ്കിൽ, ഞാൻ ദൈവത്തിനു സ്തോത്രംചെയ്ത വസ്തു നിമിത്തം എന്നെ കുറ്റപ്പെടുത്തുന്നതെന്തിന്? നിങ്ങൾ ഭക്ഷിച്ചാലും പാനംചെയ്താലും മറ്റെന്തു ചെയ്താലും, അവയെല്ലാം ദൈവമഹത്ത്വത്തിനായി ചെയ്യുക; യെഹൂദർക്കും ഗ്രീക്കുകാർക്കും ദൈവസഭയ്ക്കും പാപംചെയ്യാൻ കാരണമുണ്ടാക്കരുത്. ഞാനും എല്ലാവരെയും എല്ലാവിധത്തിലും പ്രസാദിപ്പിക്കാൻ ശ്രമിക്കുന്നുണ്ടല്ലോ. ഞാൻ എന്റെ നന്മയല്ല, അനേകർ രക്ഷിക്കപ്പെടാൻ സാധ്യമാകേണ്ടതിന് അവരുടെ നന്മയാണ് അന്വേഷിക്കുന്നത്.