1 KORINTH 10:19-33

1 KORINTH 10:19-33 MALCLBSI

വിഗ്രഹത്തിന് അർപ്പിച്ച നിവേദ്യം യഥാർഥ മൂല്യമുള്ളതാണെന്നോ, വിഗ്രഹങ്ങൾതന്നെ യഥാർഥമാണെന്നോ അല്ല ഇതിനർഥം. തീർത്തും അല്ലതന്നെ! വിജാതീയരുടെ ബലികൾ ദൈവത്തിനല്ല, ഭൂതങ്ങൾക്കാണ് അർപ്പിക്കുന്നത്. കർത്താവിന്റെ പാനപാത്രത്തിൽനിന്നും ഭൂതങ്ങളുടെ പാനപാത്രത്തിൽനിന്നും നിങ്ങൾക്കു കുടിക്കുവാൻ സാധ്യമല്ല. നിങ്ങൾക്കു കർത്താവിന്റെ ഭക്ഷണമേശയിലും, ഭൂതങ്ങളുടെ ഭക്ഷണമേശയിലും പങ്കുകൊള്ളുവാൻ സാധ്യമല്ല. കർത്താവിന്റെ രോഷം ജ്വലിപ്പിക്കുവാനാണോ നാം ശ്രമിക്കുന്നത്? അവിടുത്തെക്കാൾ ബലവാന്മാരാണോ നാം? “എന്തും ചെയ്യുവാൻ ഞങ്ങൾക്ക് അനുവാദമുണ്ട്” എന്ന് അവർ പറയുന്നു. അതു ശരി തന്നെ, എന്നാൽ എല്ലാം നല്ലതല്ല. “എന്തും ചെയ്യുവാൻ നമുക്ക് അനുവാദമുണ്ട്”. പക്ഷേ എല്ലാം ആത്മീയവളർച്ച വരുത്തുന്നില്ല. ഓരോരുത്തനും സ്വന്തം നന്മയല്ല മറ്റുള്ളവരുടെ നന്മയാണു നോക്കേണ്ടത്. കമ്പോളത്തിൽ വാങ്ങാൻ കിട്ടുന്ന ഏതു മാംസവും മനസ്സാക്ഷിയുടെ കുത്തൽകൂടാതെ നിസ്സംശയം വാങ്ങി ഭക്ഷിക്കുവാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്കുണ്ട്. ഭൂമിയും അതിലുള്ള സകലവും കർത്താവിനുള്ളതാണല്ലോ. അവിശ്വാസിയായ ഒരാൾ നിങ്ങളെ ഭക്ഷണത്തിനു ക്ഷണിക്കുകയും, നിങ്ങൾ ആ ക്ഷണം സ്വീകരിക്കുകയും ചെയ്താൽ നിങ്ങളുടെ മുമ്പിൽ വിളമ്പുന്നതെന്തും മനസ്സാക്ഷി നിമിത്തം ചോദ്യം ചെയ്യാതെ ഭക്ഷിക്കുക. എന്നാൽ ഇത് വിഗ്രഹത്തിന് അർപ്പിച്ചതാണെന്ന് ആരെങ്കിലും പറയുന്നെങ്കിൽ, ആ ആളിനെയും മനസ്സാക്ഷിയെയും പ്രതി അതു ഭക്ഷിക്കരുത്. നിങ്ങളുടെ സ്വന്തം മനസ്സാക്ഷിയല്ല അപരന്റെ മനസ്സാക്ഷിയാണ് ഇവിടെ കണക്കിലെടുക്കേണ്ടത്. “എന്റെ കർമസ്വാതന്ത്ര്യം മറ്റൊരുവന്റെ മനസ്സാക്ഷിയുടെ പേരിൽ എന്തിനു പരിമിതപ്പെടുത്തണം? സ്തോത്രം ചെയ്തശേഷം കഴിക്കുന്ന ഭക്ഷണത്തിന്റെ പേരിൽ എന്നെ വിമർശിക്കുന്നത് എന്തിന്?” എന്ന് ആരെങ്കിലും ചോദിക്കാം. നിങ്ങൾ ഭക്ഷിക്കുകയോ, കുടിക്കുകയോ എന്തു തന്നെ ചെയ്താലും ദൈവത്തിന്റെ മഹത്ത്വത്തിനുവേണ്ടി അതു ചെയ്യുക. യെഹൂദന്മാർക്കോ, വിജാതീയർക്കോ, ദൈവത്തിന്റെ സഭയ്‍ക്കോ പ്രയാസമുണ്ടാക്കുന്നവിധത്തിൽ ജീവിക്കരുത്. ഞാൻ ചെയ്യുന്നതുപോലെ ചെയ്യുക. ഞാൻ ചെയ്യുന്നതിലെല്ലാം എല്ലാവരെയും സംപ്രീതരാക്കുവാൻ ഞാൻ ശ്രമിക്കുന്നു. എല്ലാവരും രക്ഷിക്കപ്പെടേണ്ടതിന് എന്റെ സ്വന്തം നന്മയെക്കുറിച്ചു ചിന്തിക്കാതെ അവരുടെ നന്മയ്‍ക്കുവേണ്ടി ഞാൻ ചിന്തിക്കുന്നു.

1 KORINTH 10 വായിക്കുക