സങ്കീർത്തനങ്ങൾ 78:56-72

സങ്കീർത്തനങ്ങൾ 78:56-72 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

എങ്കിലും അവർ അത്യുന്നതനായ ദൈവത്തെ പരീക്ഷിച്ചു മത്സരിച്ചു; അവന്റെ സാക്ഷ്യങ്ങളെ പ്രമാണിച്ചതുമില്ല. അവർ തങ്ങളുടെ പിതാക്കന്മാരെപ്പോലെ പിന്തിരിഞ്ഞു ദ്രോഹം ചെയ്തു; വഞ്ചനയുള്ള വില്ലുപോലെ അവർ മാറിക്കളഞ്ഞു. അവർ തങ്ങളുടെ പൂജാഗിരികളെക്കൊണ്ട് അവനെ കോപിപ്പിച്ചു; വിഗ്രഹങ്ങളെക്കൊണ്ട് അവനു തീക്ഷ്ണത ജനിപ്പിച്ചു. ദൈവം കേട്ടു ക്രുദ്ധിച്ചു; യിസ്രായേലിനെ ഏറ്റവും വെറുത്തു. ആകയാൽ അവൻ ശീലോവിലെ തിരുനിവാസവും താൻ മനുഷ്യരുടെ ഇടയിൽ അടിച്ചിരുന്ന കൂടാരവും ഉപേക്ഷിച്ചു. തന്റെ ബലത്തെ പ്രവാസത്തിലും തന്റെ മഹത്ത്വത്തെ ശത്രുവിന്റെ കൈയിലും ഏല്പിച്ചുകൊടുത്തു. അവൻ തന്റെ അവകാശത്തോടു കോപിച്ചു; തന്റെ ജനത്തെ വാളിനു വിട്ടുകൊടുത്തു. അവരുടെ യൗവനക്കാർ തീക്ക് ഇരയായിത്തീർന്നു; അവരുടെ കന്യകമാർക്കു വിവാഹഗീതം ഉണ്ടായതുമില്ല. അവരുടെ പുരോഹിതന്മാർ വാൾകൊണ്ട് വീണു; അവരുടെ വിധവമാർ വിലാപം കഴിച്ചതുമില്ല. അപ്പോൾ കർത്താവ് ഉറക്കുണർന്നു വരുന്നവനെപ്പോലെയും വീഞ്ഞുകുടിച്ച് അട്ടഹസിക്കുന്ന വീരനെപ്പോലെയും ഉണർന്നു. അവൻ തന്റെ ശത്രുക്കളെ പുറകോട്ട് അടിച്ചുകളഞ്ഞു; അവർക്ക് നിത്യനിന്ദ വരുത്തുകയും ചെയ്തു. എന്നാൽ അവൻ യോസേഫിന്റെ കൂടാരത്തെ ത്യജിച്ചു; എഫ്രയീംഗോത്രത്തെ തിരഞ്ഞെടുത്തതുമില്ല. അവൻ യെഹൂദാഗോത്രത്തെയും താൻ പ്രിയപ്പെട്ട സീയോൻപർവതത്തെയും തിരഞ്ഞെടുത്തു. താൻ സദാകാലത്തേക്കും സ്ഥാപിച്ചിരിക്കുന്ന ഭൂമിയെപ്പോലെയും സ്വർഗോന്നതികളെപ്പോലെയും അവൻ തന്റെ വിശുദ്ധമന്ദിരത്തെ പണിതു. അവൻ തന്റെ ദാസനായ ദാവീദിനെ തിരഞ്ഞെടുത്തു; ആട്ടിൻതൊഴുത്തുകളിൽനിന്ന് അവനെ വരുത്തി. തന്റെ ജനമായ യാക്കോബിനെയും തന്റെ അവകാശമായ യിസ്രായേലിനെയും മേയിക്കേണ്ടതിന് അവൻ അവനെ തള്ളയാടുകളെ നോക്കുന്ന വേലയിൽനിന്നു കൊണ്ടുവന്നു. അങ്ങനെ അവൻ പരമാർഥഹൃദയത്തോടെ അവരെ മേയിച്ചു; കൈമിടുക്കോടെ അവരെ നടത്തി.

സങ്കീർത്തനങ്ങൾ 78:56-72 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

എന്നിട്ടും അവർ അത്യുന്നതനായ ദൈവത്തെ പരീക്ഷിക്കുകയും അവിടുത്തോടു മത്സരിക്കുകയും ചെയ്തു. അവർ അവിടുത്തെ കല്പനകൾ അനുസരിച്ചതുമില്ല. അവർ അവരുടെ പിതാക്കന്മാരെപ്പോലെ ദൈവത്തിൽനിന്ന് പിന്തിരിഞ്ഞ് അവിശ്വസ്തരായി വർത്തിച്ചു. ചതിവില്ലുപോലെ അവർ തിരിഞ്ഞു. തങ്ങളുടെ പൂജാഗിരികളാൽ അവർ അവിടുത്തെ പ്രകോപിപ്പിച്ചു. തങ്ങളുടെ വിഗ്രഹങ്ങൾകൊണ്ട് അവർ അവിടുത്തെ രോഷാകുലനാക്കി. ദൈവം ഇതറിഞ്ഞു ക്രുദ്ധനായി. ഇസ്രായേൽജനത്തെ ഏറ്റവും വെറുത്തു. അതുകൊണ്ടു മനുഷ്യരുടെ ഇടയിലെ, തിരുനിവാസമായ ശീലോവിലെ കൂടാരം അവിടുന്ന് ഉപേക്ഷിച്ചു. അവിടുന്നു തന്റെ ശക്തിയുടെയും മഹത്ത്വത്തിന്റെയും പ്രതീകമായ ഉടമ്പടിപ്പെട്ടകത്തെ, ശത്രുവിനും പ്രവാസത്തിനും ഏല്പിച്ചുകൊടുത്തു. അവിടുന്നു സ്വജനത്തെ വാളിനു വിട്ടുകൊടുത്തു, അവിടുത്തെ അവകാശമായ ജനത്തോടു കോപിച്ചു. അവരുടെ യുവാക്കൾ അഗ്നിക്കിരയായി, അവരുടെ കന്യകമാരെ വിവാഹം കഴിക്കാൻ ആരുമുണ്ടായില്ല. അവരുടെ പുരോഹിതന്മാർ വധിക്കപ്പെട്ടു, അവരുടെ വിധവകൾ വിലാപം ആചരിച്ചില്ല. വീഞ്ഞു കുടിച്ച് അട്ടഹസിക്കുന്ന ശക്തനെപ്പോലെ, ഉറക്കത്തിൽനിന്ന് ഉണർന്നവനെപ്പോലെ തന്നെ സർവേശ്വരൻ എഴുന്നേറ്റു. അവിടുന്നു ശത്രുക്കളെ പലായനം ചെയ്യിച്ചു. ഇനി ഒരിക്കലും തല പൊക്കാനാവാത്ത വിധം അവരെ ലജ്ജിതരാക്കി. അവിടുന്നു യോസേഫിന്റെ സന്തതികളെ ഉപേക്ഷിച്ചു. എഫ്രയീംഗോത്രത്തെ തിരഞ്ഞെടുത്തില്ല, എന്നാൽ അവിടുന്നു യെഹൂദാഗോത്രത്തെയും അവിടുന്നു സ്നേഹിക്കുന്ന സീയോൻ പർവതത്തെയും തിരഞ്ഞെടുത്തു. ഉന്നതമായ ആകാശത്തെപ്പോലെയും ശാശ്വതമായി സ്ഥാപിച്ചിരിക്കുന്ന ഭൂമി പോലെയും; അവിടുന്നു തന്റെ മന്ദിരം നിർമ്മിച്ചു. അവിടുന്നു തന്റെ ദാസനായ ദാവീദിനെ തിരഞ്ഞെടുത്തു. ആടുകളുടെ ഇടയിൽനിന്ന് അദ്ദേഹത്തെ വിളിച്ചു. അവിടുത്തെ സ്വന്തം ജനമായ യാക്കോബിന്റെ സന്തതികളെ; അവിടുത്തെ അവകാശമായ ഇസ്രായേലിനെ മേയിക്കാൻവേണ്ടി ആട്ടിൻപറ്റത്തെ മേയിച്ചുകൊണ്ടിരുന്ന ദാവീദിനെ അവിടുന്നു കൊണ്ടുവന്നു. ആത്മാർഥതയോടെ അദ്ദേഹം അവരെ മേയിച്ചു, സമർഥമായി അവരെ നയിച്ചു.

സങ്കീർത്തനങ്ങൾ 78:56-72 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

എങ്കിലും അവർ അത്യുന്നതനായ ദൈവത്തെ പരീക്ഷിച്ച് മത്സരിച്ചു; അവിടുത്തെ സാക്ഷ്യങ്ങൾ പ്രമാണിച്ചതുമില്ല. അവർ അവരുടെ പൂര്‍വ്വ പിതാക്കന്മാരെപ്പോലെ പിന്തിരിഞ്ഞ് ദ്രോഹം ചെയ്തു; വഞ്ചനയുള്ള വില്ലുപോലെ അവർ മാറിക്കളഞ്ഞു. അവർ അവരുടെ പൂജാഗിരികളെക്കൊണ്ട് ദൈവത്തെ കോപിപ്പിച്ചു; വിഗ്രഹങ്ങളെക്കൊണ്ട് കർത്താവിന് തീക്ഷ്ണത ജനിപ്പിച്ചു. ദൈവം അത് കേട്ടു ക്രുദ്ധിച്ചു; യിസ്രായേലിനെ ഏറ്റവും വെറുത്തു. അതുകൊണ്ട് ദൈവം ശീലോവിലെ തിരുനിവാസവും താൻ മനുഷ്യരുടെ ഇടയിൽ അടിച്ചിരുന്ന നിവാസവും ഉപേക്ഷിച്ചു. തന്‍റെ ബലത്തെ പ്രവാസത്തിലും തന്‍റെ നിയമ പെട്ടകത്തെ ശത്രുവിന്‍റെ കയ്യിലും ഏല്പിച്ചുകൊടുക്കുകയും മാനഹീനനാക്കുകയും ചെയ്തു. ദൈവം തന്‍റെ അവകാശത്തോട് കോപിച്ചു; തന്‍റെ ജനത്തെ വാളിന് വിട്ടുകൊടുത്തു. അവരുടെ യൗവനക്കാർ തീയ്ക്ക് ഇരയായിത്തീർന്നു; അവരുടെ കന്യകമാർക്ക് വിവാഹഗീതം ഉണ്ടായതുമില്ല. അവരുടെ പുരോഹിതന്മാർ വാൾകൊണ്ടു വീണു; അവരുടെ വിധവമാർ വിലാപം കഴിച്ചതുമില്ല. അപ്പോൾ കർത്താവ് ഉറക്കത്തിൽനിന്ന് ഉണർന്നുവരുന്നവനെപ്പോലെയും വീഞ്ഞു കുടിച്ച് അട്ടഹസിക്കുന്ന വീരനെപ്പോലെയും ഉണർന്നു. ദൈവം തന്‍റെ ശത്രുക്കളെ പിന്നിലേക്ക് ഓടിച്ചുകളഞ്ഞു; അവർക്ക് നിത്യനിന്ദ വരുത്തുകയും ചെയ്തു. എന്നാൽ കർത്താവ് യോസേഫിന്‍റെ കൂടാരത്തെ ത്യജിച്ച്; എഫ്രയീംഗോത്രത്തെ തിരഞ്ഞെടുത്തതുമില്ല. ദൈവം യെഹൂദാഗോത്രത്തെയും താൻ പ്രിയപ്പെട്ട സീയോൻ പർവ്വതത്തെയും തിരഞ്ഞെടുത്തു. താൻ സദാകാലത്തേക്കും സ്ഥാപിച്ചിരിക്കുന്ന ഭൂമിയെപ്പോലെയും സ്വർഗ്ഗോന്നതികളെപ്പോലെയും ദൈവം തന്‍റെ വിശുദ്ധമന്ദിരത്തെ പണിതു. കർത്താവ് തന്‍റെ ദാസനായ ദാവീദിനെ തെരഞ്ഞെടുത്തു; ആട്ടിൻതൊഴുത്തുകളുടെ ഇടയിൽനിന്ന് അവനെ വരുത്തി. തന്‍റെ ജനമായ യാക്കോബിനെയും തന്‍റെ അവകാശമായ യിസ്രായേലിനെയും മേയിക്കേണ്ടതിന് യഹോവ അവനെ തള്ളയാടുകളെ നോക്കുന്ന വേലയിൽനിന്നു കൊണ്ടുവന്നു. അങ്ങനെ അവൻ പരമാർത്ഥ ഹൃദയത്തോടെ അവരെ മേയിച്ചു; കൈകളുടെ സാമർത്ഥ്യത്തോടെ അവരെ നടത്തി.

സങ്കീർത്തനങ്ങൾ 78:56-72 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

എങ്കിലും അവർ അത്യുന്നതനായ ദൈവത്തെ പരീക്ഷിച്ചു മത്സരിച്ചു; അവന്റെ സാക്ഷ്യങ്ങളെ പ്രമാണിച്ചതുമില്ല. അവർ തങ്ങളുടെ പിതാക്കന്മാരെപ്പോലെ പിന്തിരിഞ്ഞു ദ്രോഹം ചെയ്തു; വഞ്ചനയുള്ള വില്ലുപോലെ അവർ മാറിക്കളഞ്ഞു. അവർ തങ്ങളുടെ പൂജാഗിരികളെക്കൊണ്ടു അവനെ കോപിപ്പിച്ചു; വിഗ്രഹങ്ങളെക്കൊണ്ടു അവന്നു തീക്ഷ്ണത ജനിപ്പിച്ചു. ദൈവം കേട്ടു ക്രുദ്ധിച്ചു; യിസ്രായേലിനെ ഏറ്റവും വെറുത്തു. ആകയാൽ അവൻ ശീലോവിലെ തിരുനിവാസവും താൻ മനുഷ്യരുടെ ഇടയിൽ അടിച്ചിരുന്ന കൂടാരവും ഉപേക്ഷിച്ചു. തന്റെ ബലത്തെ പ്രവാസത്തിലും തന്റെ മഹത്വത്തെ ശത്രുവിന്റെ കയ്യിലും ഏല്പിച്ചുകൊടുത്തു. അവൻ തന്റെ അവകാശത്തോടു കോപിച്ചു; തന്റെ ജനത്തെ വാളിന്നു വിട്ടുകൊടുത്തു. അവരുടെ യൗവനക്കാർ തീക്കു ഇരയായിത്തീർന്നു; അവരുടെ കന്യകമാർക്കു വിവാഹഗീതം ഉണ്ടായതുമില്ല. അവരുടെ പുരോഹിതന്മാർ വാൾകൊണ്ടു വീണു; അവരുടെ വിധവമാർ വിലാപം കഴിച്ചതുമില്ല. അപ്പോൾ കർത്താവു ഉറക്കുണർന്നുവരുന്നവനെപ്പോലെയും വീഞ്ഞുകുടിച്ചു അട്ടഹസിക്കുന്ന വീരനെപ്പോലെയും ഉണർന്നു. അവൻ തന്റെ ശത്രുക്കളെ പുറകോട്ടു അടിച്ചുകളഞ്ഞു; അവർക്കു നിത്യനിന്ദവരുത്തുകയും ചെയ്തു. എന്നാൽ അവൻ യോസേഫിന്റെ കൂടാരത്തെ ത്യജിച്ചു; എഫ്രയീംഗോത്രത്തെ തിരഞ്ഞെടുത്തതുമില്ല. അവൻ യെഹൂദാഗോത്രത്തെയും താൻ പ്രിയപ്പെട്ട സീയോൻ പർവ്വതത്തെയും തിരഞ്ഞെടുത്തു. താൻ സദാകാലത്തേക്കും സ്ഥാപിച്ചിരിക്കുന്ന ഭൂമിയെപ്പോലെയും സ്വർഗ്ഗോന്നതികളെപ്പോലെയും അവൻ തന്റെ വിശുദ്ധമന്ദിരത്തെ പണിതു. അവൻ തന്റെ ദാസനായ ദാവീദിനെ തിരഞ്ഞെടുത്തു; ആട്ടിൻ തൊഴുത്തുകളിൽനിന്നു അവനെ വരുത്തി. തന്റെ ജനമായ യാക്കോബിനെയും തന്റെ അവകാശമായ യിസ്രായേലിനെയും മേയിക്കേണ്ടതിന്നു അവൻ അവനെ തള്ളയാടുകളെ നോക്കുന്ന വേലയിൽനിന്നു കൊണ്ടുവന്നു. അങ്ങനെ അവൻ പരമാർത്ഥഹൃദയത്തോടെ അവരെ മേയിച്ചു; കൈമിടുക്കോടെ അവരെ നടത്തി.

സങ്കീർത്തനങ്ങൾ 78:56-72 സമകാലിക മലയാളവിവർത്തനം (MCV)

എങ്കിലും അവർ ദൈവത്തെ പരീക്ഷിച്ചു അത്യുന്നതനെതിരേ മത്സരിച്ചു; അവർ അവിടത്തെ നിയമവ്യവസ്ഥകൾ പിൻതുടർന്നതുമില്ല. അവരുടെ പൂർവികരെപ്പോലെ അവർ വിശ്വാസഘാതകരായി പിന്തിരിഞ്ഞു കോട്ടമുള്ള വില്ലുപോലെ അവർ വഞ്ചകരായിത്തീർന്നു. തങ്ങളുടെ ക്ഷേത്രങ്ങൾകൊണ്ട് അവർ അവിടത്തെ പ്രകോപിപ്പിച്ചു; തങ്ങളുടെ വിഗ്രഹങ്ങളാൽ അവർ അവിടത്തെ അസഹിഷ്ണുതയുള്ളവനാക്കി. ദൈവം ഇതു കേട്ടു, കോപംകൊണ്ടുനിറഞ്ഞു; ഇസ്രായേലിനെ നിശ്ശേഷം തള്ളിക്കളഞ്ഞു. അവിടന്ന് ശീലോവിലെ സമാഗമകൂടാരത്തെ ഉപേക്ഷിച്ചു, അവിടന്ന് മനുഷ്യരുടെയിടയിൽ സ്ഥാപിച്ച കൂടാരത്തെത്തന്നെ. അവിടന്ന് തന്റെ ശക്തിയുടെ പ്രതീകമായ കൂടാരത്തെ പ്രവാസത്തിലേക്കും തന്റെ മഹത്ത്വത്തെ ശത്രുവിന്റെ കരങ്ങളിലേക്കും ഏൽപ്പിച്ചുകൊടുത്തു. സ്വജനത്തെ അവിടന്ന് വാൾത്തലയ്ക്ക് വിട്ടുകൊടുത്തു; അവിടന്ന് തന്റെ അവകാശത്തോട് രോഷാകുലനായി. അവരുടെ യുവാക്കന്മാരെ അഗ്നി വിഴുങ്ങിക്കളഞ്ഞു, അവരുടെ യുവതികൾക്ക് വിവാഹഗീതങ്ങൾ ഉണ്ടായതുമില്ല; അവരുടെ പുരോഹിതന്മാർ വാളിനിരയായി, അവരുടെ വിധവമാർക്കു വിലപിക്കാൻ കഴിഞ്ഞതുമില്ല. അപ്പോൾ കർത്താവ് തന്റെ നിദ്രവിട്ടുണർന്നു, മദ്യലഹരിവിട്ട് ഒരു യോദ്ധാവ് ഉണരുന്നതുപോലെതന്നെ. അവിടന്ന് തന്റെ ശത്രുക്കൾക്ക് തിരിച്ചടിനൽകി; അവരെ എന്നെന്നേക്കുമായി ലജ്ജയിലേക്കു തള്ളിവിട്ടു. എന്നാൽ അവിടന്ന് യോസേഫിന്റെ കൂടാരത്തെ ഉപേക്ഷിച്ചു, എഫ്രയീംഗോത്രത്തെ തെരഞ്ഞെടുത്തതുമില്ല; എന്നാൽ അവിടന്ന് യെഹൂദാഗോത്രത്തെ, താൻ സ്നേഹിക്കുന്ന സീയോൻപർവതത്തെ തെരഞ്ഞെടുത്തു. അവിടന്ന് തന്റെ തിരുനിവാസം അത്യുന്നതങ്ങളെപ്പോലെ സ്ഥാപിച്ചു, താൻ എന്നേക്കുമായി സ്ഥാപിച്ച ഭൂമിയെ എന്നപോലെതന്നെ. അവിടന്ന് തന്റെ ദാസനായ ദാവീദിനെ തെരഞ്ഞെടുത്തു, ആട്ടിൻതൊഴുത്തിൽനിന്നുതന്നെ അദ്ദേഹത്തെ എടുത്തു; ആടുകളെ വളർത്തുന്നതിൽനിന്ന് അദ്ദേഹത്തെ കൂട്ടിക്കൊണ്ടുവന്നു, തന്റെ ജനമായ യാക്കോബിന്, തന്റെ അവകാശമായ ഇസ്രായേലിന് ഇടയനായിരിക്കുന്നതിനുവേണ്ടിത്തന്നെ. ഹൃദയപരമാർഥതയോടെ അദ്ദേഹം അവരെ മേയിച്ചു; കരവിരുതോടെ അദ്ദേഹം അവരെ നയിച്ചു.