എന്നിട്ടും അവർ അത്യുന്നതനായ ദൈവത്തെ പരീക്ഷിക്കുകയും അവിടുത്തോടു മത്സരിക്കുകയും ചെയ്തു. അവർ അവിടുത്തെ കല്പനകൾ അനുസരിച്ചതുമില്ല. അവർ അവരുടെ പിതാക്കന്മാരെപ്പോലെ ദൈവത്തിൽനിന്ന് പിന്തിരിഞ്ഞ് അവിശ്വസ്തരായി വർത്തിച്ചു. ചതിവില്ലുപോലെ അവർ തിരിഞ്ഞു. തങ്ങളുടെ പൂജാഗിരികളാൽ അവർ അവിടുത്തെ പ്രകോപിപ്പിച്ചു. തങ്ങളുടെ വിഗ്രഹങ്ങൾകൊണ്ട് അവർ അവിടുത്തെ രോഷാകുലനാക്കി. ദൈവം ഇതറിഞ്ഞു ക്രുദ്ധനായി. ഇസ്രായേൽജനത്തെ ഏറ്റവും വെറുത്തു. അതുകൊണ്ടു മനുഷ്യരുടെ ഇടയിലെ, തിരുനിവാസമായ ശീലോവിലെ കൂടാരം അവിടുന്ന് ഉപേക്ഷിച്ചു. അവിടുന്നു തന്റെ ശക്തിയുടെയും മഹത്ത്വത്തിന്റെയും പ്രതീകമായ ഉടമ്പടിപ്പെട്ടകത്തെ, ശത്രുവിനും പ്രവാസത്തിനും ഏല്പിച്ചുകൊടുത്തു. അവിടുന്നു സ്വജനത്തെ വാളിനു വിട്ടുകൊടുത്തു, അവിടുത്തെ അവകാശമായ ജനത്തോടു കോപിച്ചു. അവരുടെ യുവാക്കൾ അഗ്നിക്കിരയായി, അവരുടെ കന്യകമാരെ വിവാഹം കഴിക്കാൻ ആരുമുണ്ടായില്ല. അവരുടെ പുരോഹിതന്മാർ വധിക്കപ്പെട്ടു, അവരുടെ വിധവകൾ വിലാപം ആചരിച്ചില്ല. വീഞ്ഞു കുടിച്ച് അട്ടഹസിക്കുന്ന ശക്തനെപ്പോലെ, ഉറക്കത്തിൽനിന്ന് ഉണർന്നവനെപ്പോലെ തന്നെ സർവേശ്വരൻ എഴുന്നേറ്റു. അവിടുന്നു ശത്രുക്കളെ പലായനം ചെയ്യിച്ചു. ഇനി ഒരിക്കലും തല പൊക്കാനാവാത്ത വിധം അവരെ ലജ്ജിതരാക്കി. അവിടുന്നു യോസേഫിന്റെ സന്തതികളെ ഉപേക്ഷിച്ചു. എഫ്രയീംഗോത്രത്തെ തിരഞ്ഞെടുത്തില്ല, എന്നാൽ അവിടുന്നു യെഹൂദാഗോത്രത്തെയും അവിടുന്നു സ്നേഹിക്കുന്ന സീയോൻ പർവതത്തെയും തിരഞ്ഞെടുത്തു. ഉന്നതമായ ആകാശത്തെപ്പോലെയും ശാശ്വതമായി സ്ഥാപിച്ചിരിക്കുന്ന ഭൂമി പോലെയും; അവിടുന്നു തന്റെ മന്ദിരം നിർമ്മിച്ചു. അവിടുന്നു തന്റെ ദാസനായ ദാവീദിനെ തിരഞ്ഞെടുത്തു. ആടുകളുടെ ഇടയിൽനിന്ന് അദ്ദേഹത്തെ വിളിച്ചു. അവിടുത്തെ സ്വന്തം ജനമായ യാക്കോബിന്റെ സന്തതികളെ; അവിടുത്തെ അവകാശമായ ഇസ്രായേലിനെ മേയിക്കാൻവേണ്ടി ആട്ടിൻപറ്റത്തെ മേയിച്ചുകൊണ്ടിരുന്ന ദാവീദിനെ അവിടുന്നു കൊണ്ടുവന്നു. ആത്മാർഥതയോടെ അദ്ദേഹം അവരെ മേയിച്ചു, സമർഥമായി അവരെ നയിച്ചു.
SAM 78 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: SAM 78:56-72
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ