SAM 78

78
ചരിത്രം നല്‌കുന്ന പാഠം
ആസാഫിന്റെ ഗീതം
1എന്റെ ജനമേ, എന്റെ പ്രബോധനം ശ്രദ്ധിക്കുക;
ഞാൻ പറയുന്നതു കേൾക്കുക.
2ഞാൻ ഉപമകളിലൂടെ പഠിപ്പിക്കും,
പുരാതനകടങ്കഥകൾ ഞാൻ വിശദീകരിക്കും.
3നാം അതു കേൾക്കുകയും അറിയുകയും ചെയ്തിട്ടുണ്ട്.
നമ്മുടെ പിതാക്കന്മാർ അതു നമ്മോടു പറഞ്ഞിട്ടുമുണ്ട്.
4നാം അതു നമ്മുടെ മക്കളെ അറിയിക്കണം,
വരുംതലമുറയോടു നാം അതു വിവരിക്കണം.
സർവേശ്വരന്റെ മഹത്തായ പ്രവൃത്തികളെയും
അവിടുത്തെ ശക്തിയെയും അവിടുന്നു ചെയ്ത അദ്ഭുതങ്ങളെയും തന്നെ.
5അവിടുന്നു യാക്കോബിന്റെ സന്തതികൾക്കു നിയമം നല്‌കി.
ഇസ്രായേൽജനത്തിനുള്ള ധർമശാസ്ത്രം തന്നെ.
അതു തങ്ങളുടെ മക്കളെ പഠിപ്പിക്കാൻ അവിടുന്നു നമ്മുടെ പിതാക്കന്മാരോടു കല്പിച്ചു.
6അങ്ങനെ ഭാവിതലമുറ, ഇനിയും ജനിച്ചിട്ടില്ലാത്ത മക്കൾതന്നെ,
അവ ഗ്രഹിച്ച് തങ്ങളുടെ മക്കൾക്ക് അതു പറഞ്ഞുകൊടുക്കും.
7അവർ അങ്ങനെ ദൈവത്തിൽ ആശ്രയിക്കുകയും,
അവിടുത്തെ പ്രവൃത്തികൾ അവഗണിക്കാതെ,
അവിടുത്തെ കല്പനകൾ പാലിക്കുകയും ചെയ്യും.
8അവർ തങ്ങളുടെ പിതാക്കന്മാരെപ്പോലെ,
ദുശ്ശാഠ്യക്കാരും മത്സരബുദ്ധികളും ദൈവത്തിൽ ആശ്രയിക്കാത്തവരും
ദൈവത്തോട് അവിശ്വസ്തരും ആകരുത്.
9അമ്പും വില്ലും ഏന്തിയ എഫ്രയീമ്യർ,
യുദ്ധദിവസം പിന്തിരിഞ്ഞോടി.
10ദൈവവുമായി ചെയ്ത ഉടമ്പടി അവർ പാലിച്ചില്ല.
അവിടുത്തെ ധർമശാസ്ത്രപ്രകാരം ജീവിക്കാൻ കൂട്ടാക്കിയുമില്ല.
11അവർ അവിടുത്തെ പ്രവൃത്തികളും തങ്ങൾ കണ്ട അദ്ഭുതങ്ങളും മറന്നുകളഞ്ഞു.
12അവിടുന്ന് ഈജിപ്തിലെ സോവാൻ വയലിൽ,
അവരുടെ പൂർവപിതാക്കൾ കാൺകെ അദ്ഭുതം പ്രവർത്തിച്ചു.
13അവിടുന്നു കടലിനെ വിഭജിച്ചു,
അവരെ അതിലൂടെ കടത്തിക്കൊണ്ടുപോയി.
അവിടുന്നു വെള്ളത്തെ ചിറപോലെ നിർത്തി.
14പകൽ മേഘംകൊണ്ടും രാത്രിയിൽ
അഗ്നിയുടെ പ്രകാശംകൊണ്ടും അവിടുന്ന് അവരെ വഴിനടത്തി.
15അവിടുന്നു മരുഭൂമിയിൽ പാറകൾ പിളർന്ന്,
ആഴത്തിൽനിന്ന് അവർക്കു ജലം നല്‌കി.
16അവിടുന്നു പാറയിൽനിന്നു നീർച്ചാലുകൾ പുറപ്പെടുവിച്ചു,
വെള്ളം നദിപോലെ ഒഴുകാൻ ഇടയാക്കി.
17എന്നിട്ടും അവർ നിരവധി പാപങ്ങൾ ചെയ്തു.
അത്യുന്നതനായ ദൈവത്തോടു മരുഭൂമിയിൽ വച്ചു മത്സരിച്ചു.
18ഇഷ്ടഭോജ്യം ചോദിച്ച്, അവർ ദൈവത്തെ മനഃപൂർവം പരീക്ഷിച്ചു.
19അവർ ദൈവത്തെ പഴിച്ചുകൊണ്ട് പറഞ്ഞു:
“മരുഭൂമിയിൽ വിരുന്നൊരുക്കാൻ ദൈവത്തിനു കഴിയുമോ?
20അവിടുന്നു പാറയിൽ അടിച്ചു; വെള്ളം കുതിച്ചു ചാടി.
നീർച്ചാലുകൾ കവിഞ്ഞൊഴുകി.
എന്നാൽ നമുക്ക് അപ്പവും മാംസവും നല്‌കാൻ അവിടുത്തേക്കു കഴിയുമോ?”
21ഇതു കേട്ടപ്പോൾ സർവേശ്വരൻ കോപിച്ചു.
യാക്കോബിന്റെ സന്തതികളുടെമേൽ അവിടുത്തെ അഗ്നി ജ്വലിച്ചു.
ഇസ്രായേൽജനത്തിനു നേരേ അവിടുത്തെ കോപം ഉയർന്നു.
22അവർ ദൈവത്തിൽ ശരണപ്പെടുകയോ,
അവിടുന്നു രക്ഷിക്കാൻ ശക്തൻ എന്നു വിശ്വസിക്കുകയോ ചെയ്തില്ലല്ലോ.
23എന്നാൽ അവിടുന്ന് ആകാശത്തോട് ആജ്ഞാപിച്ചു,
ആകാശത്തിന്റെ വാതിലുകൾ തുറന്നു.
24അവിടുന്ന് അവർക്കു ഭക്ഷിക്കാൻ മന്ന വർഷിച്ചു.
സ്വർഗത്തിലെ ധാന്യംതന്നെ.
25അങ്ങനെ അവർ മാലാഖമാരുടെ അപ്പം ഭക്ഷിച്ചു.
അവിടുന്ന് അവർക്കു സമൃദ്ധമായി ഭക്ഷണം നല്‌കി.
26അവിടുന്ന് ആകാശത്ത് കിഴക്കൻ കാറ്റടിപ്പിച്ചു,
തന്റെ ശക്തിയാൽ അവിടുന്നു തെക്കൻ കാറ്റിനെ ഇളക്കിവിട്ടു.
27അവിടുന്നു പൂഴിപോലെ കണക്കില്ലാതെ മാംസവും
കടൽപ്പുറത്തെ മണൽത്തരിപോലെ പക്ഷികളെയും വർഷിച്ചു.
28അവിടുന്ന് അവയെ അവരുടെ പാളയത്തിന്റെ
നടുവിലും പാർപ്പിടങ്ങളുടെ ചുറ്റും വർഷിച്ചു.
29അങ്ങനെ മാംസം ഭക്ഷിച്ച് അവരുടെ വയർ നിറഞ്ഞു.
അവർ കൊതിച്ചത് അവിടുന്ന് അവർക്കു നല്‌കി.
30എങ്കിലും അവരുടെ കൊതിക്കു മതിവരും മുമ്പേ,
ഭക്ഷണം വായിലിരിക്കുമ്പോൾതന്നെ,
31ദൈവം അവരോടു കോപിച്ചു.
അവിടുന്ന് അവരിലെ കരുത്തന്മാരെ സംഹരിച്ചു.
ഇസ്രായേലിലെ ഏറ്റവും മികച്ച യുവാക്കളെ തന്നെ.
32ഇവയെല്ലാമായിട്ടും അവർ പിന്നെയും പാപം ചെയ്തു.
ദൈവം പ്രവർത്തിച്ച അദ്ഭുതങ്ങൾ കണ്ടിട്ടും അവർ അവിടുത്തെ വിശ്വസിച്ചില്ല.
33അതുകൊണ്ട് അവിടുന്ന് അവരുടെ ആയുസ്സിന്റെ നാളുകൾ,
ഒരു ശ്വാസംപോലെ അവസാനിപ്പിച്ചു.
അവരുടെ വർഷങ്ങൾ ഭീതികൊണ്ടു നിറച്ചു.
34അവിടുന്നു സംഹാരം തുടങ്ങിയപ്പോൾ,
അവർ അവിടുത്തെ അടുക്കലേക്കു തിരിഞ്ഞു.
35ദൈവം തങ്ങളുടെ അഭയശിലയെന്നും
അത്യുന്നതനായ ദൈവമാണു തങ്ങളുടെ രക്ഷകനെന്നും അവർ അനുസ്മരിച്ചു.
36എങ്കിലും അവരുടെ വാക്കുകൾ കപടമായിരുന്നു.
അവർ ദൈവത്തോടു വ്യാജം സംസാരിച്ചു.
37അവർ അവിടുത്തോട് അവിശ്വസ്തരായിരുന്നു.
അവിടുത്തെ ഉടമ്പടിയോട് വിശ്വസ്തത പുലർത്തിയില്ല.
38എങ്കിലും കരുണാസമ്പന്നനായ അവിടുന്ന്,
അവരുടെ അകൃത്യങ്ങൾ ക്ഷമിച്ചു; അവരെ നശിപ്പിച്ചതുമില്ല.
അവിടുന്നു പലപ്പോഴും കോപം അടക്കി
അവിടുത്തെ ക്രോധം ആളിക്കത്താൻ അനുവദിച്ചില്ല.
39അവർ വെറും മർത്യരെന്നും മടങ്ങിവരാതെ കടന്നുപോകുന്ന കാറ്റാണെന്നും അവിടുന്ന് ഓർത്തു.
40അവർ എത്രയോ വട്ടം മരുഭൂമിയിൽവച്ച് അവിടുത്തോടു മത്സരിച്ചു.
അവിടെവച്ച് അവർ എത്രയോ പ്രാവശ്യം അവിടുത്തെ ദുഃഖിപ്പിച്ചു.
41അവർ വീണ്ടും വീണ്ടും ദൈവത്തെ പരീക്ഷിച്ചു.
ഇസ്രായേലിന്റെ പരിശുദ്ധനായ ദൈവത്തെ പ്രകോപിപ്പിച്ചു.
42അവിടുത്തെ ശക്തിയെയും ശത്രുവിൽനിന്ന്
അവിടുന്ന് അവരെ വിടുവിച്ച ദിവസത്തെയും അവർ മറന്നു.
ഈജിപ്തിൽവച്ച് അവിടുന്നു കാണിച്ച അടയാളങ്ങൾ,
43ഈജിപ്തിലെ സോവാൻ വയലിൽ വച്ചു ചെയ്ത അദ്ഭുതങ്ങൾതന്നെ,
അവർ മറന്നുകളഞ്ഞു.
44അവിടുന്ന് അവരുടെ നദികളെയും അരുവികളെയും രക്തമായി മാറ്റി.
അതുകൊണ്ട് ഈജിപ്തിലെ ജനങ്ങൾക്കു വെള്ളം കുടിക്കാൻ കഴിഞ്ഞില്ല.
45അവിടുന്ന് അവരുടെ ഇടയിലേക്ക് ഈച്ചകളെ അയച്ചു.
അത് അവരെ അത്യധികം കഷ്ടപ്പെടുത്തി.
അവിടുന്നു തവളകളെ അയച്ചു, അവ അവർക്കു നാശം ചെയ്തു.
46അവിടുന്ന് അവരുടെ വിളകൾ, അവരുടെ അധ്വാനഫലങ്ങൾ തന്നെ,
വെട്ടുക്കിളിക്ക് ഇരയാക്കി.
47അവിടുന്ന് അവരുടെ മുന്തിരിച്ചെടികളെ കന്മഴകൊണ്ടും
അത്തിമരങ്ങളെ ഹിമവർഷംകൊണ്ടും നശിപ്പിച്ചു.
48അവിടുന്ന് അവരുടെ കന്നുകാലികളെ കന്മഴയ്‍ക്കും
അവരുടെ ആട്ടിൻപറ്റത്തെ ഇടിത്തീക്കും ഇരയാക്കി.
49അവിടുന്ന് അവരുടെ ഇടയിലേക്ക് അവിടുത്തെ ഉഗ്രകോപവും ക്രോധവും അമർഷവും കൊടിയ വേദനയും അയച്ചു;
സംഹാരദൂതന്മാരുടെ ഒരു ഗണത്തെത്തന്നെ.
50അവിടുന്നു തന്റെ കോപത്തെ തുറന്നുവിട്ടു.
അവരിൽ ആരെയും മരണത്തിൽനിന്ന് ഒഴിവാക്കിയില്ല.
മഹാമാരികൊണ്ട് അവരെ നശിപ്പിച്ചു.
51ഈജിപ്തിലെ ആദ്യജാതന്മാരെ, #78:51 ഹാമിന്റെ കൂടാരം-ഈജിപ്തിനുള്ള മറ്റൊരു പേര്. ഹാം-നോഹയുടെ പുത്രൻ; ഈജിപ്ത്യരുടെ പൂർവപിതാവ്.ഹാമിന്റെ കൂടാരത്തിലെ കടിഞ്ഞൂലുകളെ തന്നെ അവിടുന്നു സംഹരിച്ചു.
52എന്നാൽ അവിടുന്നു സ്വജനത്തെ ആടുകളെപ്പോലെ ഈജിപ്തിൽനിന്നു പുറപ്പെടുവിച്ചു.
ആട്ടിൻപറ്റത്തെയെന്നപോലെ അവരെ മരുഭൂമിയിലൂടെ നയിച്ചു.
53അവിടുന്ന് അവരെ സുരക്ഷിതമായി നയിച്ചതിനാൽ അവർ ഭയപ്പെട്ടില്ല;
അവരുടെ ശത്രുക്കളെ സമുദ്രം മൂടിക്കളഞ്ഞു.
54അവിടുന്ന് അവരെ വിശുദ്ധദേശത്തേക്ക്,
അവിടുത്തെ വലങ്കൈ നേടിയെടുത്ത പർവതത്തിലേക്കു കൊണ്ടുവന്നു.
55അവിടുന്ന് അന്യജനതകളെ അവരുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞു.
അവരുടെ ദേശം അവിടുന്ന് ഇസ്രായേൽ ഗോത്രങ്ങൾക്കു വിഭജിച്ചുകൊടുത്തു.
അവരുടെ വീടുകളിൽ ഇസ്രായേൽ ഗോത്രങ്ങളെ പാർപ്പിച്ചു.
56എന്നിട്ടും അവർ അത്യുന്നതനായ ദൈവത്തെ
പരീക്ഷിക്കുകയും അവിടുത്തോടു മത്സരിക്കുകയും ചെയ്തു.
അവർ അവിടുത്തെ കല്പനകൾ അനുസരിച്ചതുമില്ല.
57അവർ അവരുടെ പിതാക്കന്മാരെപ്പോലെ ദൈവത്തിൽനിന്ന് പിന്തിരിഞ്ഞ്
അവിശ്വസ്തരായി വർത്തിച്ചു. ചതിവില്ലുപോലെ അവർ തിരിഞ്ഞു.
58തങ്ങളുടെ പൂജാഗിരികളാൽ അവർ അവിടുത്തെ പ്രകോപിപ്പിച്ചു.
തങ്ങളുടെ വിഗ്രഹങ്ങൾകൊണ്ട് അവർ അവിടുത്തെ രോഷാകുലനാക്കി.
59ദൈവം ഇതറിഞ്ഞു ക്രുദ്ധനായി.
ഇസ്രായേൽജനത്തെ ഏറ്റവും വെറുത്തു.
60അതുകൊണ്ടു മനുഷ്യരുടെ ഇടയിലെ,
തിരുനിവാസമായ ശീലോവിലെ കൂടാരം അവിടുന്ന് ഉപേക്ഷിച്ചു.
61അവിടുന്നു തന്റെ ശക്തിയുടെയും മഹത്ത്വത്തിന്റെയും പ്രതീകമായ ഉടമ്പടിപ്പെട്ടകത്തെ,
ശത്രുവിനും പ്രവാസത്തിനും ഏല്പിച്ചുകൊടുത്തു.
62അവിടുന്നു സ്വജനത്തെ വാളിനു വിട്ടുകൊടുത്തു,
അവിടുത്തെ അവകാശമായ ജനത്തോടു കോപിച്ചു.
63അവരുടെ യുവാക്കൾ അഗ്നിക്കിരയായി,
അവരുടെ കന്യകമാരെ വിവാഹം കഴിക്കാൻ ആരുമുണ്ടായില്ല.
64അവരുടെ പുരോഹിതന്മാർ വധിക്കപ്പെട്ടു,
അവരുടെ വിധവകൾ വിലാപം ആചരിച്ചില്ല.
65വീഞ്ഞു കുടിച്ച് അട്ടഹസിക്കുന്ന ശക്തനെപ്പോലെ,
ഉറക്കത്തിൽനിന്ന് ഉണർന്നവനെപ്പോലെ തന്നെ സർവേശ്വരൻ എഴുന്നേറ്റു.
66അവിടുന്നു ശത്രുക്കളെ പലായനം ചെയ്യിച്ചു.
ഇനി ഒരിക്കലും തല പൊക്കാനാവാത്ത വിധം അവരെ ലജ്ജിതരാക്കി.
67അവിടുന്നു യോസേഫിന്റെ സന്തതികളെ ഉപേക്ഷിച്ചു.
എഫ്രയീംഗോത്രത്തെ തിരഞ്ഞെടുത്തില്ല,
68എന്നാൽ അവിടുന്നു യെഹൂദാഗോത്രത്തെയും
അവിടുന്നു സ്നേഹിക്കുന്ന സീയോൻ പർവതത്തെയും തിരഞ്ഞെടുത്തു.
69ഉന്നതമായ ആകാശത്തെപ്പോലെയും ശാശ്വതമായി സ്ഥാപിച്ചിരിക്കുന്ന ഭൂമി പോലെയും;
അവിടുന്നു തന്റെ മന്ദിരം നിർമ്മിച്ചു.
70അവിടുന്നു തന്റെ ദാസനായ ദാവീദിനെ തിരഞ്ഞെടുത്തു.
ആടുകളുടെ ഇടയിൽനിന്ന് അദ്ദേഹത്തെ വിളിച്ചു.
71അവിടുത്തെ സ്വന്തം ജനമായ യാക്കോബിന്റെ സന്തതികളെ;
അവിടുത്തെ അവകാശമായ ഇസ്രായേലിനെ മേയിക്കാൻവേണ്ടി ആട്ടിൻപറ്റത്തെ
മേയിച്ചുകൊണ്ടിരുന്ന ദാവീദിനെ അവിടുന്നു കൊണ്ടുവന്നു.
72ആത്മാർഥതയോടെ അദ്ദേഹം അവരെ മേയിച്ചു,
സമർഥമായി അവരെ നയിച്ചു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

SAM 78: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക