എങ്കിലും അവർ ദൈവത്തെ പരീക്ഷിച്ചു അത്യുന്നതനെതിരേ മത്സരിച്ചു; അവർ അവിടത്തെ നിയമവ്യവസ്ഥകൾ പിൻതുടർന്നതുമില്ല. അവരുടെ പൂർവികരെപ്പോലെ അവർ വിശ്വാസഘാതകരായി പിന്തിരിഞ്ഞു കോട്ടമുള്ള വില്ലുപോലെ അവർ വഞ്ചകരായിത്തീർന്നു. തങ്ങളുടെ ക്ഷേത്രങ്ങൾകൊണ്ട് അവർ അവിടത്തെ പ്രകോപിപ്പിച്ചു; തങ്ങളുടെ വിഗ്രഹങ്ങളാൽ അവർ അവിടത്തെ അസഹിഷ്ണുതയുള്ളവനാക്കി. ദൈവം ഇതു കേട്ടു, കോപംകൊണ്ടുനിറഞ്ഞു; ഇസ്രായേലിനെ നിശ്ശേഷം തള്ളിക്കളഞ്ഞു. അവിടന്ന് ശീലോവിലെ സമാഗമകൂടാരത്തെ ഉപേക്ഷിച്ചു, അവിടന്ന് മനുഷ്യരുടെയിടയിൽ സ്ഥാപിച്ച കൂടാരത്തെത്തന്നെ. അവിടന്ന് തന്റെ ശക്തിയുടെ പ്രതീകമായ കൂടാരത്തെ പ്രവാസത്തിലേക്കും തന്റെ മഹത്ത്വത്തെ ശത്രുവിന്റെ കരങ്ങളിലേക്കും ഏൽപ്പിച്ചുകൊടുത്തു. സ്വജനത്തെ അവിടന്ന് വാൾത്തലയ്ക്ക് വിട്ടുകൊടുത്തു; അവിടന്ന് തന്റെ അവകാശത്തോട് രോഷാകുലനായി. അവരുടെ യുവാക്കന്മാരെ അഗ്നി വിഴുങ്ങിക്കളഞ്ഞു, അവരുടെ യുവതികൾക്ക് വിവാഹഗീതങ്ങൾ ഉണ്ടായതുമില്ല; അവരുടെ പുരോഹിതന്മാർ വാളിനിരയായി, അവരുടെ വിധവമാർക്കു വിലപിക്കാൻ കഴിഞ്ഞതുമില്ല. അപ്പോൾ കർത്താവ് തന്റെ നിദ്രവിട്ടുണർന്നു, മദ്യലഹരിവിട്ട് ഒരു യോദ്ധാവ് ഉണരുന്നതുപോലെതന്നെ. അവിടന്ന് തന്റെ ശത്രുക്കൾക്ക് തിരിച്ചടിനൽകി; അവരെ എന്നെന്നേക്കുമായി ലജ്ജയിലേക്കു തള്ളിവിട്ടു. എന്നാൽ അവിടന്ന് യോസേഫിന്റെ കൂടാരത്തെ ഉപേക്ഷിച്ചു, എഫ്രയീംഗോത്രത്തെ തെരഞ്ഞെടുത്തതുമില്ല; എന്നാൽ അവിടന്ന് യെഹൂദാഗോത്രത്തെ, താൻ സ്നേഹിക്കുന്ന സീയോൻപർവതത്തെ തെരഞ്ഞെടുത്തു. അവിടന്ന് തന്റെ തിരുനിവാസം അത്യുന്നതങ്ങളെപ്പോലെ സ്ഥാപിച്ചു, താൻ എന്നേക്കുമായി സ്ഥാപിച്ച ഭൂമിയെ എന്നപോലെതന്നെ. അവിടന്ന് തന്റെ ദാസനായ ദാവീദിനെ തെരഞ്ഞെടുത്തു, ആട്ടിൻതൊഴുത്തിൽനിന്നുതന്നെ അദ്ദേഹത്തെ എടുത്തു; ആടുകളെ വളർത്തുന്നതിൽനിന്ന് അദ്ദേഹത്തെ കൂട്ടിക്കൊണ്ടുവന്നു, തന്റെ ജനമായ യാക്കോബിന്, തന്റെ അവകാശമായ ഇസ്രായേലിന് ഇടയനായിരിക്കുന്നതിനുവേണ്ടിത്തന്നെ. ഹൃദയപരമാർഥതയോടെ അദ്ദേഹം അവരെ മേയിച്ചു; കരവിരുതോടെ അദ്ദേഹം അവരെ നയിച്ചു.
സങ്കീർത്തനങ്ങൾ 78 വായിക്കുക
കേൾക്കുക സങ്കീർത്തനങ്ങൾ 78
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: സങ്കീർത്തനങ്ങൾ 78:56-72
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ