സങ്കീ. 78:56-72

സങ്കീ. 78:56-72 IRVMAL

എങ്കിലും അവർ അത്യുന്നതനായ ദൈവത്തെ പരീക്ഷിച്ച് മത്സരിച്ചു; അവിടുത്തെ സാക്ഷ്യങ്ങൾ പ്രമാണിച്ചതുമില്ല. അവർ അവരുടെ പൂര്‍വ്വ പിതാക്കന്മാരെപ്പോലെ പിന്തിരിഞ്ഞ് ദ്രോഹം ചെയ്തു; വഞ്ചനയുള്ള വില്ലുപോലെ അവർ മാറിക്കളഞ്ഞു. അവർ അവരുടെ പൂജാഗിരികളെക്കൊണ്ട് ദൈവത്തെ കോപിപ്പിച്ചു; വിഗ്രഹങ്ങളെക്കൊണ്ട് കർത്താവിന് തീക്ഷ്ണത ജനിപ്പിച്ചു. ദൈവം അത് കേട്ടു ക്രുദ്ധിച്ചു; യിസ്രായേലിനെ ഏറ്റവും വെറുത്തു. അതുകൊണ്ട് ദൈവം ശീലോവിലെ തിരുനിവാസവും താൻ മനുഷ്യരുടെ ഇടയിൽ അടിച്ചിരുന്ന നിവാസവും ഉപേക്ഷിച്ചു. തന്‍റെ ബലത്തെ പ്രവാസത്തിലും തന്‍റെ നിയമ പെട്ടകത്തെ ശത്രുവിന്‍റെ കയ്യിലും ഏല്പിച്ചുകൊടുക്കുകയും മാനഹീനനാക്കുകയും ചെയ്തു. ദൈവം തന്‍റെ അവകാശത്തോട് കോപിച്ചു; തന്‍റെ ജനത്തെ വാളിന് വിട്ടുകൊടുത്തു. അവരുടെ യൗവനക്കാർ തീയ്ക്ക് ഇരയായിത്തീർന്നു; അവരുടെ കന്യകമാർക്ക് വിവാഹഗീതം ഉണ്ടായതുമില്ല. അവരുടെ പുരോഹിതന്മാർ വാൾകൊണ്ടു വീണു; അവരുടെ വിധവമാർ വിലാപം കഴിച്ചതുമില്ല. അപ്പോൾ കർത്താവ് ഉറക്കത്തിൽനിന്ന് ഉണർന്നുവരുന്നവനെപ്പോലെയും വീഞ്ഞു കുടിച്ച് അട്ടഹസിക്കുന്ന വീരനെപ്പോലെയും ഉണർന്നു. ദൈവം തന്‍റെ ശത്രുക്കളെ പിന്നിലേക്ക് ഓടിച്ചുകളഞ്ഞു; അവർക്ക് നിത്യനിന്ദ വരുത്തുകയും ചെയ്തു. എന്നാൽ കർത്താവ് യോസേഫിന്‍റെ കൂടാരത്തെ ത്യജിച്ച്; എഫ്രയീംഗോത്രത്തെ തിരഞ്ഞെടുത്തതുമില്ല. ദൈവം യെഹൂദാഗോത്രത്തെയും താൻ പ്രിയപ്പെട്ട സീയോൻ പർവ്വതത്തെയും തിരഞ്ഞെടുത്തു. താൻ സദാകാലത്തേക്കും സ്ഥാപിച്ചിരിക്കുന്ന ഭൂമിയെപ്പോലെയും സ്വർഗ്ഗോന്നതികളെപ്പോലെയും ദൈവം തന്‍റെ വിശുദ്ധമന്ദിരത്തെ പണിതു. കർത്താവ് തന്‍റെ ദാസനായ ദാവീദിനെ തെരഞ്ഞെടുത്തു; ആട്ടിൻതൊഴുത്തുകളുടെ ഇടയിൽനിന്ന് അവനെ വരുത്തി. തന്‍റെ ജനമായ യാക്കോബിനെയും തന്‍റെ അവകാശമായ യിസ്രായേലിനെയും മേയിക്കേണ്ടതിന് യഹോവ അവനെ തള്ളയാടുകളെ നോക്കുന്ന വേലയിൽനിന്നു കൊണ്ടുവന്നു. അങ്ങനെ അവൻ പരമാർത്ഥ ഹൃദയത്തോടെ അവരെ മേയിച്ചു; കൈകളുടെ സാമർത്ഥ്യത്തോടെ അവരെ നടത്തി.