സംഖ്യാപുസ്തകം 26:52-65

സംഖ്യാപുസ്തകം 26:52-65 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

പിന്നെ യഹോവ മോശെയോട് അരുളിച്ചെയ്തത്: ഇവർക്ക് ആളെണ്ണത്തിന് ഒത്തവണ്ണം ദേശത്തെ അവകാശമായി വിഭാഗിച്ചുകൊടുക്കേണം. ആളേറെയുള്ളവർക്ക് അവകാശം ഏറെയും ആൾ കുറവുള്ളവർക്ക് അവകാശം കുറച്ചും കൊടുക്കേണം; ഓരോരുത്തന് അവനവന്റെ ആളെണ്ണത്തിന് ഒത്തവണ്ണം അവകാശം കൊടുക്കേണം. ദേശത്തെ ചീട്ടിട്ടു വിഭാഗിക്കേണം; അതതു പിതൃഗോത്രത്തിന്റെ പേരിനൊത്തവണ്ണം അവർക്ക് അവകാശം ലഭിക്കേണം. ആൾ ഏറെയുള്ളവർക്കും കുറെയുള്ളവർക്കും അവകാശം ചീട്ടിട്ടു വിഭാഗിക്കേണം. ലേവ്യരിൽ എണ്ണപ്പെട്ടവർ കുടുംബംകുടുംബമായി ആരെന്നാൽ: ഗേർശോനിൽനിന്നു ഗേർശോന്യകുടുംബം; കെഹാത്തിൽനിന്നു കെഹാത്യകുടുംബം; മെരാരിയിൽനിന്നു മെരാര്യകുടുംബം. ലേവ്യകുടുംബങ്ങൾ ആവിത്: ലിബ്നീയകുടുംബം; ഹെബ്രോന്യകുടുംബം; മഹ്ലീയകുടുംബം; മൂശ്യകുടുംബം; കോരഹ്യകുടുംബം. കെഹാത്ത് അമ്രാമിനെ ജനിപ്പിച്ചു. അമ്രാമിന്റെ ഭാര്യക്കു യോഖേബേദ് എന്നു പേർ; അവൾ മിസ്രയീംദേശത്തുവച്ചു ലേവിക്കു ജനിച്ച മകൾ; അവൾ അമ്രാമിന് അഹരോനെയും മോശെയെയും അവരുടെ സഹോദരിയായ മിര്യാമിനെയും പ്രസവിച്ചു. അഹരോന് നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ എന്നിവർ ജനിച്ചു. എന്നാൽ നാദാബും അബീഹൂവും യഹോവയുടെ സന്നിധിയിൽ അന്യാഗ്നി കത്തിച്ചു മരിച്ചുപോയി. ഒരു മാസം പ്രായംമുതൽ മേലോട്ട് അവരിൽ എണ്ണപ്പെട്ട ആണുങ്ങൾ ആകെ ഇരുപത്തിമൂവായിരം പേർ; യിസ്രായേൽമക്കളുടെ ഇടയിൽ അവർക്ക് അവകാശം കൊടുക്കായ്കകൊണ്ട് അവരെ യിസ്രായേൽമക്കളുടെ കൂട്ടത്തിൽ എണ്ണിയില്ല. യെരീഹോവിന്റെ സമീപത്തു യോർദ്ദാനരികെ മോവാബ് സമഭൂമിയിൽവച്ചു യിസ്രായേൽമക്കളെ എണ്ണിയപ്പോൾ മോശെയും പുരോഹിതനായ എലെയാസാരും എണ്ണിയവർ ഇവർതന്നെ. എന്നാൽ മോശെയും അഹരോൻപുരോഹിതനും സീനായിമരുഭൂമിയിൽവച്ചു യിസ്രായേൽമക്കളെ എണ്ണിയപ്പോൾ അവർ എണ്ണിയവരിൽ ഒരുത്തനും ഇവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നില്ല. അവർ മരുഭൂമിയിൽവച്ചു മരിച്ചുപോകും എന്നു യഹോവ അവരെക്കുറിച്ച് അരുളിച്ചെയ്തിരുന്നു. യെഫുന്നെയുടെ മകൻ കാലേബും നൂന്റെ മകൻ യോശുവയും ഒഴികെ അവരിൽ ഒരുത്തനും ശേഷിച്ചില്ല.

സംഖ്യാപുസ്തകം 26:52-65 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “കൈവശമാക്കുന്ന ദേശം ഓരോ ഗോത്രത്തിലുമുള്ള ആളുകളുടെ എണ്ണമനുസരിച്ച്, അവർക്ക് അവകാശമായി വീതിച്ചുകൊടുക്കണം. ജനസംഖ്യ കൂടുതലുള്ള ഗോത്രത്തിനു കൂടുതലും കുറച്ചുള്ളവർക്കു കുറച്ചും സ്ഥലം നല്‌കുക; ഓരോ ഗോത്രത്തിനും അതിന്റെ ജനസംഖ്യയുടെ അടിസ്ഥാനത്തിലാണു ഭൂമി അവകാശമായി നല്‌കേണ്ടത്. കുറിയിട്ടു ദേശം വിഭജിച്ചു കൊടുക്കണം; ഓരോ ഗോത്രത്തിനും അവരുടെ പിതൃഗോത്രത്തിന്റെ പേരിലായിരിക്കും അവകാശം ലഭിക്കുക. ജനസംഖ്യ കൂടുതലുള്ള ഗോത്രത്തിനും കുറവുള്ള ഗോത്രത്തിനും ചീട്ടിട്ടുതന്നെ വിഭജിച്ചുകൊടുക്കണം. കുലങ്ങളായി ജനസംഖ്യ എടുത്ത ലേവ്യർ: ഗേർശോനിൽനിന്നു ഗേർശോന്യകുലവും കെഹാത്തിൽനിന്നു കെഹാത്യകുലവും മെരാരിയിൽനിന്നു മെരാര്യകുലവും ഉണ്ടായി. ലിബ്നീയകുലവും ഹെബ്രോന്യകുലവും മഹ്ലീയകുലവും മൂശ്യകുലവും കോരഹ്യകുലവും ലേവിഗോത്രത്തിൽ നിന്നുണ്ടായതാണ്. അമ്രാമിന്റെ പിതാവ് ആയിരുന്നു കെഹാത്ത്. ഈജിപ്തിൽവച്ചു ലേവിക്കു ജനിച്ച യോഖേബേദ് ആയിരുന്നു അമ്രാമിന്റെ ഭാര്യ. അഹരോനും മോശയും അവരുടെ പുത്രന്മാരായിരുന്നു; അഹരോന്റെയും മോശയുടെയും സഹോദരിയായ മിര്യാം അവരുടെ പുത്രിയും. നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ എന്നിവർ അഹരോന്റെ പുത്രന്മാരാണ്. അശുദ്ധമായ അഗ്നി സർവേശ്വരന് അർപ്പിച്ചതുകൊണ്ടു നാദാബും അബീഹൂവും മരിച്ചുപോയി. ലേവിഗോത്രത്തിൽ ഒരു മാസവും അതിനുമേലും പ്രായമുള്ള പുരുഷപ്രജകളുടെ ആകെ സംഖ്യ ഇരുപത്തിമൂവായിരം ആയിരുന്നു. മറ്റ് ഇസ്രായേല്യരോടൊപ്പം അവരുടെ എണ്ണമെടുത്തിരുന്നില്ല. കാരണം ലേവ്യർക്ക് മറ്റ് ഇസ്രായേല്യരുടെ ഇടയിൽ അവകാശമുണ്ടായിരുന്നില്ല. യെരീഹോവിന്റെ എതിർവശത്തു യോർദ്ദാനടുത്തുള്ള മോവാബ്സമഭൂമിയിൽവച്ചു മോശയും എലെയാസാർ പുരോഹിതനുംകൂടി എണ്ണമെടുത്ത ഇസ്രായേല്യർ ഇവരായിരുന്നു. എന്നാൽ മോശയും പുരോഹിതനായ അഹരോനുംകൂടി സീനായ്മരുഭൂമിയിൽവച്ച് എണ്ണമെടുത്ത ഇസ്രായേല്യരിൽ ആരും ഈ കൂട്ടത്തിലുണ്ടായിരുന്നില്ല. മരുഭൂമിയിൽവച്ചുതന്നെ അവരെല്ലാവരും മരിച്ചുപോകുമെന്നു സർവേശ്വരൻ അരുളിച്ചെയ്തിരുന്നു. യെഫുന്നെയുടെ പുത്രനായ കാലേബും നൂനിന്റെ പുത്രനായ യോശുവയും ഒഴികെ അവരിൽ ആരുംതന്നെ ശേഷിച്ചിരുന്നില്ല.

സംഖ്യാപുസ്തകം 26:52-65 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

പിന്നെ യഹോവ മോശെയോട് അരുളിച്ചെയ്തത്: ഇവർക്ക് അംഗസംഖ്യ അനുസരിച്ച് ദേശത്തെ അവകാശമായി വിഭാഗിച്ച് കൊടുക്കേണം. അംഗങ്ങൾ ഏറെയുള്ളവർക്ക് അവകാശം ഏറെയും കുറവുള്ളവർക്ക് അവകാശം കുറച്ചും കൊടുക്കേണം; ഓരോരുത്തന് അവനവന്‍റെ അംഗസംഖ്യ അനുസരിച്ച് അവകാശം കൊടുക്കേണം. ദേശത്തെ ചീട്ടിട്ട് വിഭാഗിക്കേണം; അതത് പിതൃഗോത്രത്തിൻ്റെ പേരിനൊത്തവണ്ണം അവർക്ക് അവകാശം ലഭിക്കേണം. അംഗങ്ങൾ ഏറെയുള്ളവർക്കും കുറവുള്ളവർക്കും അവകാശം ചീട്ടിട്ട് വിഭാഗിക്കേണം. ലേവ്യരിൽ എണ്ണപ്പെട്ടവർ കുടുംബംകുടുംബമായി ഇവരാണ്: ഗേർശോനിൽനിന്ന് ഗേർശോന്യകുടുംബം; കെഹാത്തിൽനിന്ന് കെഹാത്യകുടുംബം; മെരാരിയിൽനിന്ന് മെരാര്യകുടുംബം. ലേവ്യകുടുംബങ്ങൾ ഇതാണ്: ലിബ്നീയകുടുംബം; ഹെബ്രോന്യകുടുംബം; മഹ്ലിയകുടുംബം; മൂശ്യകുടുംബം; കോരഹ്യകുടുംബം. കെഹാത്തിന്‍റെ പുത്രൻ അമ്രാം. അമ്രാമിന്‍റെ ഭാര്യയ്ക്ക് യോഖേബേദ് എന്നു പേർ; അവൾ ഈജിപ്റ്റിൽവെച്ച് ലേവിക്ക് ജനിച്ച മകൾ; അവൾ അമ്രാമിന് അഹരോനെയും മോശെയെയും അവരുടെ സഹോദരിയായ മിര്യാമിനെയും പ്രസവിച്ചു. അഹരോന് നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ എന്നിവർ ജനിച്ചു. എന്നാൽ നാദാബും അബീഹൂവും യഹോവയുടെ സന്നിധിയിൽ അന്യാഗ്നി കത്തിച്ചതിനാൽ മരിച്ചുപോയി. ഒരു മാസം പ്രായംമുതൽ മുകളിലേക്ക് അവരിൽ എണ്ണപ്പെട്ട പുരുഷന്മാർ ആകെ ഇരുപത്തിമൂവായിരം (23,000) പേർ; യിസ്രായേൽ മക്കളുടെ ഇടയിൽ അവർക്ക് അവകാശം കൊടുക്കായ്കകൊണ്ട് അവരെ യിസ്രായേൽ മക്കളുടെ കൂട്ടത്തിൽ എണ്ണിയില്ല. യെരീഹോവിന്‍റെ സമീപത്ത് യോർദ്ദാനരികെ മോവാബ് സമഭൂമിയിൽവച്ച് യിസ്രായേൽ മക്കളെ എണ്ണിയപ്പോൾ മോശെയും പുരോഹിതനായ എലെയാസാരും എണ്ണിയവർ ഇവർ തന്നെ. എന്നാൽ മോശെയും അഹരോൻ പുരോഹിതനും സീനായിമരുഭൂമിയിൽവച്ച് യിസ്രായേൽ മക്കളെ എണ്ണിയപ്പോൾ എണ്ണത്തിൽ ഉൾപ്പെട്ട ആരും ഇവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നില്ല. ‘അവർ മരുഭൂമിയിൽവച്ച് മരിച്ചുപോകും’ എന്നു യഹോവ അവരെക്കുറിച്ച് അരുളിച്ചെയ്തിരുന്നു. യെഫുന്നെയുടെ മകൻ കാലേബും നൂന്‍റെ മകൻ യോശുവയും ഒഴികെ അവരിൽ ഒരുത്തനും ശേഷിച്ചില്ല.

സംഖ്യാപുസ്തകം 26:52-65 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

പിന്നെ യഹോവ മോശെയോടു അരുളിച്ചെയ്തതു: ഇവർക്കു ആളെണ്ണത്തിന്നു ഒത്തവണ്ണം ദേശത്തെ അവകാശമായി വിഭാഗിച്ചു കൊടുക്കേണം. ആളേറെയുള്ളവർക്കു അവകാശം ഏറെയും ആൾ കുറവുള്ളവർക്കു അവകാശം കുറെച്ചും കൊടുക്കേണം; ഓരോരുത്തന്നു അവനവന്റെ ആളെണ്ണത്തിന്നു ഒത്തവണ്ണം അവകാശം കൊടുക്കേണം. ദേശത്തെ ചീട്ടിട്ടു വിഭാഗിക്കേണം; അതതു പിതൃഗോത്രത്തിന്റെ പേരിന്നൊത്തവണ്ണം അവർക്കു അവകാശം ലഭിക്കേണം. ആൾ ഏറെയുള്ളവർക്കും കുറെയുള്ളവർക്കും അവകാശം ചീട്ടിട്ടു വിഭാഗിക്കേണം. ലേവ്യരിൽ എണ്ണപ്പെട്ടവർ കുടുംബംകുടുംബമായി ആരെന്നാൽ: ഗേർശോനിൽനിന്നു ഗേർശോന്യകുടുംബം; കെഹാത്തിൽനിന്നു കെഹാത്യകുടുംബം; മെരാരിയിൽനിന്നു മെരാര്യകുടുംബം. ലേവ്യകുടുംബങ്ങൾ ആവിതു: ലിബ്നീയകുടുംബം; ഹെബ്രോന്യകുടുംബം; മഹ്ലീയകുടുംബം; മൂശ്യകുടുംബം; കോരഹ്യകുടുംബം. കെഹാത്ത് അമ്രാമിനെ ജനിപ്പിച്ചു. അമ്രാമിന്റെ ഭാര്യക്കു യോഖേബേദ് എന്നു പേർ; അവൾ മിസ്രയീംദേശത്തുവെച്ചു ലേവിക്കു ജനിച്ച മകൾ; അവൾ അമ്രാമിന്നു അഹരോനെയും മോശെയെയും അവരുടെ സഹോദരിയായ മിര്യാമിനെയും പ്രസവിച്ചു. അഹരോന്നു നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ എന്നിവർ ജനിച്ചു. എന്നാൽ നാദാബും അബീഹൂവും യഹോവയുടെ സന്നിധിയിൽ അന്യാഗ്നി കത്തിച്ചു മരിച്ചുപോയി. ഒരു മാസം പ്രായംമുതൽ മേലോട്ടു അവരിൽ എണ്ണപ്പെട്ട ആണുങ്ങൾ ആകെ ഇരുപത്തുമൂവായിരം പേർ; യിസ്രായേൽമക്കളുടെ ഇടയിൽ അവർക്കു അവകാശം കൊടുക്കായ്കകൊണ്ടു അവരെ യിസ്രായേൽമക്കളുടെ കൂട്ടത്തിൽ എണ്ണിയില്ല. യെരീഹോവിന്റെ സമീപത്തു യോർദ്ദാന്നരികെ മോവാബ്സമഭൂമിയിൽവെച്ചു യിസ്രായേൽമക്കളെ എണ്ണിയപ്പോൾ മോശെയും പുരോഹിതനായ എലെയാസാരും എണ്ണിയവർ ഇവർ തന്നേ. എന്നാൽ മോശെയും അഹരോൻപുരോഹിതനും സീനായിമരുഭൂമിയിൽവെച്ചു യിസ്രായേൽമക്കളെ എണ്ണിയപ്പോൾ അവർ എണ്ണിയവരിൽ ഒരുത്തനും ഇവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നില്ല. അവർ മരുഭൂമിയിൽവെച്ചു മരിച്ചുപോകും എന്നു യഹോവ അവരെക്കുറിച്ചു അരുളിച്ചെയ്തിരുന്നു. യെഫുന്നെയുടെ മകൻ കാലേബും നൂന്റെ മകൻ യോശുവയും ഒഴികെ അവരിൽ ഒരുത്തനും ശേഷിച്ചില്ല.

സംഖ്യാപുസ്തകം 26:52-65 സമകാലിക മലയാളവിവർത്തനം (MCV)

യഹോവ മോശയോട്, “ആളെണ്ണത്തിനൊത്തവണ്ണം ദേശം അവർക്ക് അവകാശമായി വിഭജിച്ചു കൊടുക്കണം. വലിയ കൂട്ടത്തിനു കൂടുതലും ചെറിയ കൂട്ടത്തിനു കുറവുമായി ഓഹരി കൊടുക്കുക. പട്ടികയിൽ പേരു ചേർക്കപ്പെട്ടവരുടെ എണ്ണത്തിനൊത്തവണ്ണം ഓരോരുത്തർക്കും അവരവരുടെ ഓഹരി ലഭിക്കണം. നറുക്കിട്ടുവേണം ദേശം വിഭജിക്കേണ്ടത്. പിതൃഗോത്രത്തിന്റെ പേരിൻപ്രകാരമായിരിക്കണം ഓരോ കൂട്ടത്തിനും ഓഹരി ലഭിക്കേണ്ടത്. വലിയ കൂട്ടങ്ങൾക്കും ചെറിയ കൂട്ടങ്ങൾക്കും നറുക്കിലൂടെയാണ് ഓഹരി വിഭജിച്ചുകൊടുക്കേണ്ടത്.” പിതൃഭവനമായി എണ്ണപ്പെട്ട ലേവ്യർ ഇവരായിരുന്നു: ഗെർശോനിലൂടെ ഗെർശോന്യകുടുംബം; കെഹാത്തിലൂടെ കെഹാത്യകുടുംബം; മെരാരിയിലൂടെ മെരാര്യകുടുംബം. ഇവയും ലേവ്യകുടുംബങ്ങളായിരുന്നു: ലിബ്നീയകുടുംബം, ഹെബ്രോന്യകുടുംബം, മഹ്ലീയകുടുംബം, മൂശ്യകുടുംബം, കോരഹ്യകുടുംബം. അമ്രാമിന്റെ പിതാമഹനായിരുന്നു കെഹാത്ത്; അമ്രാമിന്റെ ഭാര്യയുടെ പേര് യോഖേബേദ് എന്നായിരുന്നു. അവൾ ഈജിപ്റ്റിൽവെച്ച് ലേവിക്കു ജനിച്ച മകൾ. അമ്രാമിന് അവൾ, അഹരോൻ, മോശ, അവരുടെ സഹോദരിയായ മിര്യാം എന്നിവരെ പ്രസവിച്ചു. നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ എന്നിവരുടെ പിതാവായിരുന്നു അഹരോൻ. എന്നാൽ യഹോവയുടെമുമ്പാകെ അന്യാഗ്നി കത്തിച്ചതുകൊണ്ട് നാദാബും അബീഹൂവും മരിച്ചു. ലേവ്യരിൽ ഒരുമാസമോ അതിലധികമോ പ്രായമായ ആണുങ്ങൾ 23,000 ആയിരുന്നു. മറ്റ് ഇസ്രായേല്യരോടൊപ്പം അവരെ എണ്ണിയില്ല; കാരണം അവരുടെ ഇടയിൽ അവർക്ക് യാതൊരവകാശവും ലഭിച്ചില്ല. യെരീഹോവിനെതിരേ യോർദാൻനദിക്കരികെയുള്ള മോവാബിന്റെ സമതലത്തിൽവെച്ച് മോശയും പുരോഹിതനായ എലെയാസാരും എണ്ണിയ ഇസ്രായേല്യർ ഇവരാണ്. മോശയും പുരോഹിതനായ അഹരോനുംകൂടി ഇസ്രായേൽമക്കളെ സീനായിമരുഭൂമിയിൽവെച്ച് എണ്ണിയപ്പോൾ എണ്ണപ്പെട്ടവരുടെ കൂട്ടത്തിൽ ഇവരിൽ ഒരാൾപോലും ഉണ്ടായിരുന്നില്ല. അവർ നിശ്ചയമായും മരുഭൂമിയിൽ മരിച്ചുപോകുമെന്ന് അവരെക്കുറിച്ച് യഹോവ അരുളിച്ചെയ്തിരുന്നല്ലോ. അങ്ങനെ യെഫുന്നയുടെ മകൻ കാലേബും നൂന്റെ മകൻ യോശുവയും ഒഴികെ അവരിൽ ഒരാൾപോലും ശേഷിച്ചിരുന്നില്ല.