NUMBERS 26
26
രണ്ടാമത്തെ ജനസംഖ്യാനിർണയം
1ബാധ ശമിച്ചശേഷം സർവേശ്വരൻ മോശയോടും പുരോഹിതനായ അഹരോന്റെ പുത്രൻ എലെയാസാരിനോടും അരുളിച്ചെയ്തു: 2“യുദ്ധം ചെയ്യുന്നതിനു പ്രാപ്തിയുള്ളവരും, ഇരുപതു വയസ്സും അതിനു മേലും പ്രായമുള്ളവരുമായ എല്ലാ ഇസ്രായേല്യരുടെയും ജനസംഖ്യ ഗോത്രം തിരിച്ച് എടുക്കുക.” 3മോശയും എലെയാസാർപുരോഹിതനും കൂടി ജനത്തെ യെരീഹോവിന്റെ എതിർവശത്തു യോർദ്ദാനടുത്തുള്ള മോവാബ് സമഭൂമിയിൽ വിളിച്ചുകൂട്ടി. 4സർവേശ്വരൻ മോശയോടു കല്പിച്ചതുപോലെ ഇരുപതു വയസ്സും അതിനുമേലും പ്രായമുള്ളവരുടെ ജനസംഖ്യ എടുക്കാൻ അവർ ജനത്തോടു പറഞ്ഞു. ഈജിപ്തിൽനിന്നു വന്ന ഇസ്രായേൽജനം ഇവരാണ്.
5ഇസ്രായേലിന്റെ ആദ്യജാതനായ രൂബേന്റെ പിൻതലമുറക്കാർ: ഹാനോക്കിൽനിന്നു ഹാനോക്ക്യകുലവും, പല്ലൂവിൽനിന്നു പല്ലൂവ്യകുലവും, 6ഹെസ്രോനിൽനിന്നു ഹെസ്രോന്യകുലവും, കർമ്മിയിൽനിന്നു കർമ്മ്യകുലവും ഉണ്ടായി. 7ഇവരായിരുന്നു രൂബേന്യകുലക്കാർ. ഇവരുടെ സംഖ്യ നാല്പത്തിമൂവായിരത്തി എഴുനൂറ്റിമുപ്പത്. 8പല്ലൂവിന്റെ പുത്രൻ എലീയാബ്. 9എലീയാബിന്റെ പുത്രന്മാർ: നെമൂവേൽ, ദാഥാൻ, അബീരാം എന്നിവരായിരുന്നു. മോശയ്‍ക്കും അഹരോനും എതിരായി കോരഹിന്റെ അനുയായികളുടെ കൂടെ അബീരാമും ദാഥാനും ചേർന്നു. അങ്ങനെ സർവേശ്വരനെതിരായി മത്സരിച്ച നേതാക്കന്മാരായിരുന്നു അബീരാമും ദാഥാനും. 10ഭൂമി പിളർന്നു കോരഹിനെയും അനുയായികളെയും വിഴുങ്ങിക്കളഞ്ഞ കൂട്ടത്തിൽ ഇവരും പെട്ടിരുന്നു. അഗ്നി ഇരുനൂറ്റമ്പതു പേരെ ദഹിപ്പിച്ചത് ഈ സമയത്തായിരുന്നു. 11അങ്ങനെ അവർ ഒരു മുന്നറിയിപ്പായിത്തീർന്നു. എന്നാൽ കോരഹിന്റെ മക്കൾ കൊല്ലപ്പെട്ടില്ല.
12കുലം കുലമായി ശിമെയോന്റെ പിൻതലമുറക്കാർ: നെമൂവേലിൽനിന്നു നെമൂവേല്യകുലവും, യാമീനിൽനിന്നു യാമീന്യകുലവും, 13യാഖീനിൽനിന്നു യാഖീന്യകുലവും, സേരഹിൽനിന്നു സേരഹ്യകുലവും, ശാവൂലിൽനിന്നു ശാവൂല്യകുലവും ഉണ്ടായി. 14ഇവയായിരുന്നു ശിമെയോന്യകുലങ്ങൾ; ഇവരുടെ ആകെ സംഖ്യ ഇരുപത്തീരായിരത്തി ഇരുനൂറ്.
15കുലം കുലമായി ഗാദിന്റെ പിൻതലമുറക്കാർ: സെഫോനിൽനിന്നു സെഫോന്യകുലവും ഹഗ്ഗിയിൽനിന്നു ഹഗ്ഗീയകുലവും ശൂനിയിൽനിന്നു ശൂനീയകുലവും 16ഒസ്നിയിൽനിന്ന് ഒസ്നീയകുലവും ഏരിയിൽനിന്നു ഏര്യകുലവും 17അരോദിൽനിന്ന് അരോദ്യകുലവും അരേലിയിൽനിന്ന് അരേല്യകുലവും ഉണ്ടായി. 18ഇവരായിരുന്നു ഗാദ്യകുലക്കാർ; ഇവരുടെ സംഖ്യ നാല്പതിനായിരത്തി അഞ്ഞൂറ്.
19ഏരും ഓനാനും യെഹൂദായുടെ പുത്രന്മാരായിരുന്നു. അവർ കനാനിൽവച്ചു മരിച്ചു. 20കുലങ്ങളായി യെഹൂദായുടെ പിൻതലമുറക്കാർ: ശേലായിൽനിന്നു ശേലാന്യകുലവും, ഫേരെസിൽനിന്നു ഫേരെസ്യകുലവും, സേരഹിൽനിന്നു സേരഹ്യകുലവും ഉണ്ടായി. 21ഫേരെസിന്റെ പിൻഗാമികളായി ഹെസ്രോനിൽനിന്നു ഹെസ്രോന്യകുലവും ഹാമൂലിൽനിന്നു ഹാമൂല്യകുലവും ഉണ്ടായി. 22ഇവയായിരുന്നു യെഹൂദ്യകുലങ്ങൾ; ഇവരുടെ ആകെ സംഖ്യ എഴുപത്താറായിരത്തി അഞ്ഞൂറ്.
23കുലങ്ങളായി ഇസ്സാഖാരിന്റെ പിൻതലമുറക്കാർ: തോലാവിൽനിന്നു തോലാവ്യകുലവും 24പൂവയിൽനിന്നു പൂവ്യകുലവും യാശൂബിൽനിന്നു യാശൂബ്യകുലവും ശിമ്രോനിൽനിന്നു ശിമ്രോന്യകുലവും ഉണ്ടായി. 25ഇവരായിരുന്നു ഇസ്സാഖാർകുലങ്ങൾ; ഇവരുടെ ആകെ സംഖ്യ അറുപത്തിനാലായിരത്തി മുന്നൂറ്.
26കുലങ്ങളായി സെബൂലൂന്റെ പിൻതലമുറക്കാർ: സേരെദിൽനിന്നു സേരെദ്യകുലവും ഏലോനിൽനിന്ന് ഏലോന്യകുലവും യഹ്ലേലിൽനിന്നു യഹ്ലേല്യകുലവും ഉണ്ടായി. 27ഇവയായിരുന്നു സെബൂലൂൻകുലങ്ങൾ; ഇവരുടെ ആകെ സംഖ്യ അറുപതിനായിരത്തി അഞ്ഞൂറ്.
28യോസേഫിന്റെ പുത്രന്മാരായിരുന്നു മനശ്ശെയും എഫ്രയീമും. 29കുലങ്ങളായി മനശ്ശെയുടെ പുത്രന്മാർ മാഖീരിൽനിന്നു മാഖീര്യകുലവും മാഖീരിന്റെ പുത്രനായ ഗിലെയാദിൽ നിന്നു ഗിലെയാദ്യകുലവും 30ഗിലെയാദിന്റെ പുത്രന്മാരായ ഈയേസെരിൽനിന്ന് ഈയേസെര്യകുലവും ഹേലെക്കിൽനിന്നു ഹേലേക്ക്യകുലവും, 31അസ്രീയേലിൽനിന്ന് അസ്രീയേല്യകുലവും ശേഖെമിൽനിന്നു ശേഖെമ്യകുലവും, 32ശെമീദാവിൽനിന്നു ശെമീദാവ്യകുലവും ഹേഫെരിൽനിന്നു ഹേഫെര്യകുലവും ഉണ്ടായി. 33ഹേഫെരിന്റെ പുത്രനായ സെലോഫഹാദിനു പുത്രന്മാർ ഉണ്ടായിരുന്നില്ല; അവന്റെ പുത്രിമാരായിരുന്നു മഹ്ലാ, നോവാ, ഹൊഗ്ലാ, മിൽക്കാ, തിർസ്സാ എന്നിവർ. 34ഇവരായിരുന്നു മനശ്ശെകുലങ്ങൾ; അവരുടെ ആകെ ജനസംഖ്യ അമ്പത്തീരായിരത്തി എഴുനൂറ്. 35കുലങ്ങളായി എഫ്രയീമിന്റെ പിൻതലമുറക്കാർ: 36ശൂഥേലഹിൽനിന്നു ശൂഥേലഹ്യകുലവും ബെഖെരിൽനിന്നു ബെഖെര്യകുലവും തഹനിൽനിന്നു തഹന്യകുലവും ശൂഥേലഹിന്റെ പുത്രനായ ഏരാനിൽനിന്ന് ഏരാന്യകുലവും ഉണ്ടായി. 37ഇവയായിരുന്നു എഫ്രയീമ്യകുലങ്ങൾ; അവരുടെ ആകെ ജനസംഖ്യ മുപ്പത്തീരായിരത്തി അഞ്ഞൂറ്. കുലംകുലങ്ങളായി യോസേഫിന്റെ പുത്രന്മാർ ഇവരാണ്.
38കുലങ്ങളായി ബെന്യാമീന്റെ പിൻതലമുറക്കാർ: ബേലയിൽനിന്നു ബേലാവ്യകുലവും അസ്ബേലിൽനിന്ന് അസ്ബേല്യകുലവും അഹീരാമിൽനിന്ന് അഹീരാമ്യകുലവും. 39ശെഫൂമിൽനിന്നു ശെഫൂമ്യകുലവും ഹൂഫാമിൽനിന്നു ഹൂഫാമ്യകുലവും. 40ബെലായുടെ പുത്രന്മാരായ അർദ്ദിൽനിന്ന് അർദ്ദ്യകുലവും നാമാനിൽനിന്നു നാമാന്യകുലവും ഉണ്ടായി. 41ഇവരായിരുന്നു ബെന്യാമീന്യകുലങ്ങൾ; അവരുടെ ആകെ സംഖ്യ നാല്പത്തയ്യായിരത്തി അറുനൂറ്.
42കുലങ്ങളായി ദാന്റെ പിൻതലമുറക്കാർ: ശൂഹാമിൽനിന്നു ശൂഹാമ്യകുലമുണ്ടായി. 43ദാൻ കുലങ്ങളെല്ലാം ശൂഹാമ്യകുലങ്ങളായിരുന്നു; അവരുടെ ആകെ സംഖ്യ അറുപത്തിനാലായിരത്തി നാനൂറ്.
44കുലങ്ങളായി ആശേരിന്റെ പിൻതലമുറക്കാർ: യിമ്നയിൽനിന്നു യിമ്നീയകുലവും യിശ്വിയിൽനിന്നു യിശ്വീയകുലവും ബെരീയായിൽനിന്നു ബെരീയായ്യകുലവും; 45ബെരീയായുടെ പിൻതലമുറക്കാരായ ഹേബെരിൽനിന്നു ഹേബെര്യകുലവും മൽക്കീയേലിൽനിന്നു മൽക്കീയേല്യകുലവും ഉണ്ടായി. 46ആശേരിന്റെ പുത്രിയുടെ പേർ സാറാ എന്നായിരുന്നു. 47ആശേർകുലങ്ങൾ ഇവയായിരുന്നു; അവരുടെ ആകെ സംഖ്യ അമ്പത്തിമൂവായിരത്തി നാനൂറ്.
48കുലങ്ങളായി നഫ്താലിയുടെ പിൻതലമുറക്കാർ: യഹ്സേലിൽനിന്നു യഹ്സേല്യകുലവും ഗൂനിയിൽനിന്നു ഗൂന്യകുലവും 49യേസെരിൽനിന്നു യേസെര്യകുലവും ശില്ലേമിൽനിന്നു ശില്ലേമ്യകുലവും ഉണ്ടായി. 50ഇവയായിരുന്നു നഫ്താലികുലങ്ങൾ; അവരുടെ ആകെ സംഖ്യ നാല്പത്തയ്യായിരത്തി നാനൂറ്. 51ഇസ്രായേലിൽ എണ്ണമെടുക്കപ്പെട്ടവരുടെ ആകെ സംഖ്യ ആറു ലക്ഷത്തോരായിരത്തി എഴുനൂറ്റിമുപ്പത് ആയിരുന്നു.
52സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: 53“കൈവശമാക്കുന്ന ദേശം ഓരോ ഗോത്രത്തിലുമുള്ള ആളുകളുടെ എണ്ണമനുസരിച്ച്, അവർക്ക് അവകാശമായി വീതിച്ചുകൊടുക്കണം. 54ജനസംഖ്യ കൂടുതലുള്ള ഗോത്രത്തിനു കൂടുതലും കുറച്ചുള്ളവർക്കു കുറച്ചും സ്ഥലം നല്‌കുക; ഓരോ ഗോത്രത്തിനും അതിന്റെ ജനസംഖ്യയുടെ അടിസ്ഥാനത്തിലാണു ഭൂമി അവകാശമായി നല്‌കേണ്ടത്. 55കുറിയിട്ടു ദേശം വിഭജിച്ചു കൊടുക്കണം; ഓരോ ഗോത്രത്തിനും അവരുടെ പിതൃഗോത്രത്തിന്റെ പേരിലായിരിക്കും അവകാശം ലഭിക്കുക. 56ജനസംഖ്യ കൂടുതലുള്ള ഗോത്രത്തിനും കുറവുള്ള ഗോത്രത്തിനും ചീട്ടിട്ടുതന്നെ വിഭജിച്ചുകൊടുക്കണം.
57കുലങ്ങളായി ജനസംഖ്യ എടുത്ത ലേവ്യർ: ഗേർശോനിൽനിന്നു ഗേർശോന്യകുലവും കെഹാത്തിൽനിന്നു കെഹാത്യകുലവും മെരാരിയിൽനിന്നു മെരാര്യകുലവും ഉണ്ടായി. 58ലിബ്നീയകുലവും ഹെബ്രോന്യകുലവും മഹ്ലീയകുലവും മൂശ്യകുലവും കോരഹ്യകുലവും ലേവിഗോത്രത്തിൽ നിന്നുണ്ടായതാണ്. അമ്രാമിന്റെ പിതാവ് ആയിരുന്നു കെഹാത്ത്. 59ഈജിപ്തിൽവച്ചു ലേവിക്കു ജനിച്ച യോഖേബേദ് ആയിരുന്നു അമ്രാമിന്റെ ഭാര്യ. അഹരോനും മോശയും അവരുടെ പുത്രന്മാരായിരുന്നു; അഹരോന്റെയും മോശയുടെയും സഹോദരിയായ മിര്യാം അവരുടെ പുത്രിയും. 60നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ എന്നിവർ അഹരോന്റെ പുത്രന്മാരാണ്. 61അശുദ്ധമായ അഗ്നി സർവേശ്വരന് അർപ്പിച്ചതുകൊണ്ടു നാദാബും അബീഹൂവും മരിച്ചുപോയി. 62ലേവിഗോത്രത്തിൽ ഒരു മാസവും അതിനുമേലും പ്രായമുള്ള പുരുഷപ്രജകളുടെ ആകെ സംഖ്യ ഇരുപത്തിമൂവായിരം ആയിരുന്നു. മറ്റ് ഇസ്രായേല്യരോടൊപ്പം അവരുടെ എണ്ണമെടുത്തിരുന്നില്ല. കാരണം ലേവ്യർക്ക് മറ്റ് ഇസ്രായേല്യരുടെ ഇടയിൽ അവകാശമുണ്ടായിരുന്നില്ല.
63യെരീഹോവിന്റെ എതിർവശത്തു യോർദ്ദാനടുത്തുള്ള മോവാബ്സമഭൂമിയിൽവച്ചു മോശയും എലെയാസാർ പുരോഹിതനുംകൂടി എണ്ണമെടുത്ത ഇസ്രായേല്യർ ഇവരായിരുന്നു. 64എന്നാൽ മോശയും പുരോഹിതനായ അഹരോനുംകൂടി സീനായ്മരുഭൂമിയിൽവച്ച് എണ്ണമെടുത്ത ഇസ്രായേല്യരിൽ ആരും ഈ കൂട്ടത്തിലുണ്ടായിരുന്നില്ല. 65മരുഭൂമിയിൽവച്ചുതന്നെ അവരെല്ലാവരും മരിച്ചുപോകുമെന്നു സർവേശ്വരൻ അരുളിച്ചെയ്തിരുന്നു. യെഫുന്നെയുടെ പുത്രനായ കാലേബും നൂനിന്റെ പുത്രനായ യോശുവയും ഒഴികെ അവരിൽ ആരുംതന്നെ ശേഷിച്ചിരുന്നില്ല.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
NUMBERS 26: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.