NUMBERS 27
27
സെലോഫഹാദിന്റെ പുത്രിമാർ
1യോസേഫിന്റെ പുത്രനായ മനശ്ശെയുടെ പുത്രൻ മാഖീർ, മാഖീരിന്റെ പുത്രൻ ഗിലെയാദ്, ഗിലെയാദിന്റെ പുത്രൻ ഹേഫെർ, ഹേഫെറിന്റെ പുത്രൻ സെലോഫഹാദ്. മഹ്ലാ, നോവാ, ഹൊഗ്ളാ, മിൽക്കാ, തിർസ്സാ എന്നിവർ സെലോഫഹാദിന്റെ പുത്രിമാരായിരുന്നു. 2അവർ തിരുസാന്നിധ്യകൂടാരത്തിന്റെ വാതില്‌ക്കൽ മോശയുടെയും എലെയാസാർ പുരോഹിതന്റെയും ഇസ്രായേൽസമൂഹത്തിലെ നേതാക്കന്മാരുടെയും മുമ്പിൽ നിന്നുകൊണ്ടു പറഞ്ഞു: 3“ഞങ്ങളുടെ പിതാവു മരുഭൂമിയിൽവച്ചു മരിച്ചുപോയി; സർവേശ്വരനെതിരായി കോരഹിന്റെകൂടെ ചേർന്നവരുടെ കൂട്ടത്തിൽ ഞങ്ങളുടെ പിതാവ് ഉണ്ടായിരുന്നില്ല. എന്നാൽ സ്വന്തം പാപം നിമിത്തമാണ് അദ്ദേഹം മരിച്ചത്. അദ്ദേഹത്തിനു പുത്രന്മാരില്ലായിരുന്നു. 4പുത്രന്മാരില്ലാത്തതുകൊണ്ടു ഞങ്ങളുടെ പിതാവിന്റെ പേര് ഇസ്രായേലിൽനിന്നു നീക്കിക്കളയുന്നത് എന്തുകൊണ്ട്? പിതൃസഹോദരന്മാരുടെ ഇടയിൽ ഞങ്ങൾക്കും അവകാശം തരിക.” 5അവരുടെ ആവശ്യം മോശ സർവേശ്വരന്റെ മുമ്പാകെ കൊണ്ടുവന്നു. 6അവിടുന്നു മോശയോട് അരുളിച്ചെയ്തു: 7“സെലോഫഹാദിന്റെ പുത്രിമാർ പറയുന്നതു ശരിയാണ്; അവരുടെ പിതൃസഹോദരന്മാരുടെ ഇടയിൽ അവർക്കും അവകാശം കൊടുക്കുക; തങ്ങളുടെ പിതാവിന്റെ അവകാശം അവർക്കുതന്നെ ലഭിക്കട്ടെ.” 8ഇസ്രായേൽജനത്തോടു പറയുക: “ഒരുവൻ പുത്രനില്ലാതെ മരിച്ചാൽ അവന്റെ അവകാശം അവന്റെ പുത്രിക്കു നല്‌കണം. 9അവനു പുത്രിയും ഇല്ലാതെയിരുന്നാൽ അവകാശം അവന്റെ സഹോദരന്മാർക്കു കൊടുക്കണം. 10അവനു സഹോദരന്മാരില്ലെങ്കിൽ അവന്റെ അവകാശം അവന്റെ പിതൃസഹോദരന്മാർക്കു കൊടുക്കുക. 11അവന്റെ പിതാവിന് സഹോദരന്മാരില്ലെങ്കിൽ അവന്റെ അവകാശം അവന്റെ കുടുംബത്തിൽ ഏറ്റവും അടുത്ത ചാർച്ചക്കാരനു നല്‌കണം.” സർവേശ്വരൻ മോശയ്‍ക്കു നല്‌കിയ ഈ കല്പന ഇസ്രായേൽജനം പാലിക്കേണ്ടതാകുന്നു.
യോശുവയെ തിരഞ്ഞെടുക്കുന്നു
(ആവ. 31:1-8)
12സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “നീ അബാരീംമലമുകളിൽ കയറിനിന്നു ഞാൻ ഇസ്രായേൽജനത്തിനു നല്‌കിയിരിക്കുന്ന ദേശം കാണുക. 13അതുകഴിഞ്ഞു നിന്റെ സഹോദരനായ അഹരോനെപ്പോലെ നീയും സ്വജനത്തോടു ചേരും. 14സീൻമരുഭൂമിയിൽ കാദേശിലെ മെരീബാ നീരുറവയ്‍ക്ക് അടുത്തുവച്ചു ജനം കലഹിച്ചപ്പോൾ നിങ്ങൾ എന്റെ പരിശുദ്ധി അവരുടെ മുമ്പിൽ വെളിപ്പെടുത്താതെ എന്റെ കല്പന ധിക്കരിച്ചുവല്ലോ.” 15മോശ സർവേശ്വരനോട് അപേക്ഷിച്ചു: 16-17“സർവേശ്വരാ, സകല മനുഷ്യരുടെയും ജീവന്റെ ഉറവിടമായ ദൈവമേ, ഈ സമൂഹത്തിന്റെ മുമ്പിൽ നടന്ന് അവരെ നയിക്കാൻ ഒരാളെ നിയമിച്ചാലും. അവിടുത്തെ ജനം ഇടയനില്ലാത്ത ആടുകളെപ്പോലെ ആകാതിരിക്കട്ടെ.” 18സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “നൂനിന്റെ മകനായ യോശുവയെ തിരഞ്ഞെടുക്കുക. അവനിൽ എന്റെ ചൈതന്യം ഉണ്ട്. അവന്റെമേൽ നീ കൈ വയ്‍ക്കണം. 19അവനെ എലെയാസാർ പുരോഹിതന്റെയും, ജനസമൂഹം മുഴുവന്റെയും മുമ്പിൽ നിർത്തി, അവർ എല്ലാവരും കാൺകെ അവനെ നിന്റെ പിൻഗാമിയായി നിയോഗിക്കുക. 20നിന്റെ അധികാരം അവനു കൊടുക്കുക; അപ്പോൾ ഇസ്രായേൽസമൂഹം മുഴുവൻ അവനെ അനുസരിക്കും. 21അവൻ എലെയാസാർ പുരോഹിതന്റെ മുമ്പിൽ നില്‌ക്കണം. എലെയാസാർ, ഊരീം മുഖേന സർവേശ്വരന്റെ ഹിതം അവനെ അറിയിക്കും. അതനുസരിച്ചു യോശുവയുടെ നിർദ്ദേശങ്ങൾ ജനം മുഴുവനും അനുസരിക്കണം.” 22സർവേശ്വരന്റെ കല്പനപ്രകാരം മോശ പ്രവർത്തിച്ചു; അദ്ദേഹം യോശുവയെ എലെയാസാർ പുരോഹിതന്റെയും ജനസമൂഹം മുഴുവന്റെയും മുമ്പാകെ നിർത്തി. 23അവിടുന്നു കല്പിച്ചതുപോലെ മോശ തന്റെ കൈകൾ യോശുവയുടെ തലയിൽവച്ച് അവനെ തന്റെ പിൻഗാമിയായി നിയോഗിച്ചു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
NUMBERS 27: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.