NUMBERS 26:52-65

NUMBERS 26:52-65 MALCLBSI

സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “കൈവശമാക്കുന്ന ദേശം ഓരോ ഗോത്രത്തിലുമുള്ള ആളുകളുടെ എണ്ണമനുസരിച്ച്, അവർക്ക് അവകാശമായി വീതിച്ചുകൊടുക്കണം. ജനസംഖ്യ കൂടുതലുള്ള ഗോത്രത്തിനു കൂടുതലും കുറച്ചുള്ളവർക്കു കുറച്ചും സ്ഥലം നല്‌കുക; ഓരോ ഗോത്രത്തിനും അതിന്റെ ജനസംഖ്യയുടെ അടിസ്ഥാനത്തിലാണു ഭൂമി അവകാശമായി നല്‌കേണ്ടത്. കുറിയിട്ടു ദേശം വിഭജിച്ചു കൊടുക്കണം; ഓരോ ഗോത്രത്തിനും അവരുടെ പിതൃഗോത്രത്തിന്റെ പേരിലായിരിക്കും അവകാശം ലഭിക്കുക. ജനസംഖ്യ കൂടുതലുള്ള ഗോത്രത്തിനും കുറവുള്ള ഗോത്രത്തിനും ചീട്ടിട്ടുതന്നെ വിഭജിച്ചുകൊടുക്കണം. കുലങ്ങളായി ജനസംഖ്യ എടുത്ത ലേവ്യർ: ഗേർശോനിൽനിന്നു ഗേർശോന്യകുലവും കെഹാത്തിൽനിന്നു കെഹാത്യകുലവും മെരാരിയിൽനിന്നു മെരാര്യകുലവും ഉണ്ടായി. ലിബ്നീയകുലവും ഹെബ്രോന്യകുലവും മഹ്ലീയകുലവും മൂശ്യകുലവും കോരഹ്യകുലവും ലേവിഗോത്രത്തിൽ നിന്നുണ്ടായതാണ്. അമ്രാമിന്റെ പിതാവ് ആയിരുന്നു കെഹാത്ത്. ഈജിപ്തിൽവച്ചു ലേവിക്കു ജനിച്ച യോഖേബേദ് ആയിരുന്നു അമ്രാമിന്റെ ഭാര്യ. അഹരോനും മോശയും അവരുടെ പുത്രന്മാരായിരുന്നു; അഹരോന്റെയും മോശയുടെയും സഹോദരിയായ മിര്യാം അവരുടെ പുത്രിയും. നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ എന്നിവർ അഹരോന്റെ പുത്രന്മാരാണ്. അശുദ്ധമായ അഗ്നി സർവേശ്വരന് അർപ്പിച്ചതുകൊണ്ടു നാദാബും അബീഹൂവും മരിച്ചുപോയി. ലേവിഗോത്രത്തിൽ ഒരു മാസവും അതിനുമേലും പ്രായമുള്ള പുരുഷപ്രജകളുടെ ആകെ സംഖ്യ ഇരുപത്തിമൂവായിരം ആയിരുന്നു. മറ്റ് ഇസ്രായേല്യരോടൊപ്പം അവരുടെ എണ്ണമെടുത്തിരുന്നില്ല. കാരണം ലേവ്യർക്ക് മറ്റ് ഇസ്രായേല്യരുടെ ഇടയിൽ അവകാശമുണ്ടായിരുന്നില്ല. യെരീഹോവിന്റെ എതിർവശത്തു യോർദ്ദാനടുത്തുള്ള മോവാബ്സമഭൂമിയിൽവച്ചു മോശയും എലെയാസാർ പുരോഹിതനുംകൂടി എണ്ണമെടുത്ത ഇസ്രായേല്യർ ഇവരായിരുന്നു. എന്നാൽ മോശയും പുരോഹിതനായ അഹരോനുംകൂടി സീനായ്മരുഭൂമിയിൽവച്ച് എണ്ണമെടുത്ത ഇസ്രായേല്യരിൽ ആരും ഈ കൂട്ടത്തിലുണ്ടായിരുന്നില്ല. മരുഭൂമിയിൽവച്ചുതന്നെ അവരെല്ലാവരും മരിച്ചുപോകുമെന്നു സർവേശ്വരൻ അരുളിച്ചെയ്തിരുന്നു. യെഫുന്നെയുടെ പുത്രനായ കാലേബും നൂനിന്റെ പുത്രനായ യോശുവയും ഒഴികെ അവരിൽ ആരുംതന്നെ ശേഷിച്ചിരുന്നില്ല.

NUMBERS 26 വായിക്കുക