പിന്നെ യഹോവ മോശെയോട് അരുളിച്ചെയ്തത്: ഇവർക്ക് അംഗസംഖ്യ അനുസരിച്ച് ദേശത്തെ അവകാശമായി വിഭാഗിച്ച് കൊടുക്കേണം. അംഗങ്ങൾ ഏറെയുള്ളവർക്ക് അവകാശം ഏറെയും കുറവുള്ളവർക്ക് അവകാശം കുറച്ചും കൊടുക്കേണം; ഓരോരുത്തന് അവനവന്‍റെ അംഗസംഖ്യ അനുസരിച്ച് അവകാശം കൊടുക്കേണം. ദേശത്തെ ചീട്ടിട്ട് വിഭാഗിക്കേണം; അതത് പിതൃഗോത്രത്തിൻ്റെ പേരിനൊത്തവണ്ണം അവർക്ക് അവകാശം ലഭിക്കേണം. അംഗങ്ങൾ ഏറെയുള്ളവർക്കും കുറവുള്ളവർക്കും അവകാശം ചീട്ടിട്ട് വിഭാഗിക്കേണം. ലേവ്യരിൽ എണ്ണപ്പെട്ടവർ കുടുംബംകുടുംബമായി ഇവരാണ്: ഗേർശോനിൽനിന്ന് ഗേർശോന്യകുടുംബം; കെഹാത്തിൽനിന്ന് കെഹാത്യകുടുംബം; മെരാരിയിൽനിന്ന് മെരാര്യകുടുംബം. ലേവ്യകുടുംബങ്ങൾ ഇതാണ്: ലിബ്നീയകുടുംബം; ഹെബ്രോന്യകുടുംബം; മഹ്ലിയകുടുംബം; മൂശ്യകുടുംബം; കോരഹ്യകുടുംബം. കെഹാത്തിന്‍റെ പുത്രൻ അമ്രാം. അമ്രാമിന്‍റെ ഭാര്യയ്ക്ക് യോഖേബേദ് എന്നു പേർ; അവൾ ഈജിപ്റ്റിൽവെച്ച് ലേവിക്ക് ജനിച്ച മകൾ; അവൾ അമ്രാമിന് അഹരോനെയും മോശെയെയും അവരുടെ സഹോദരിയായ മിര്യാമിനെയും പ്രസവിച്ചു. അഹരോന് നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ എന്നിവർ ജനിച്ചു. എന്നാൽ നാദാബും അബീഹൂവും യഹോവയുടെ സന്നിധിയിൽ അന്യാഗ്നി കത്തിച്ചതിനാൽ മരിച്ചുപോയി. ഒരു മാസം പ്രായംമുതൽ മുകളിലേക്ക് അവരിൽ എണ്ണപ്പെട്ട പുരുഷന്മാർ ആകെ ഇരുപത്തിമൂവായിരം (23,000) പേർ; യിസ്രായേൽ മക്കളുടെ ഇടയിൽ അവർക്ക് അവകാശം കൊടുക്കായ്കകൊണ്ട് അവരെ യിസ്രായേൽ മക്കളുടെ കൂട്ടത്തിൽ എണ്ണിയില്ല. യെരീഹോവിന്‍റെ സമീപത്ത് യോർദ്ദാനരികെ മോവാബ് സമഭൂമിയിൽവച്ച് യിസ്രായേൽ മക്കളെ എണ്ണിയപ്പോൾ മോശെയും പുരോഹിതനായ എലെയാസാരും എണ്ണിയവർ ഇവർ തന്നെ. എന്നാൽ മോശെയും അഹരോൻ പുരോഹിതനും സീനായിമരുഭൂമിയിൽവച്ച് യിസ്രായേൽ മക്കളെ എണ്ണിയപ്പോൾ എണ്ണത്തിൽ ഉൾപ്പെട്ട ആരും ഇവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നില്ല. ‘അവർ മരുഭൂമിയിൽവച്ച് മരിച്ചുപോകും’ എന്നു യഹോവ അവരെക്കുറിച്ച് അരുളിച്ചെയ്തിരുന്നു. യെഫുന്നെയുടെ മകൻ കാലേബും നൂന്‍റെ മകൻ യോശുവയും ഒഴികെ അവരിൽ ഒരുത്തനും ശേഷിച്ചില്ല.
സംഖ്യ. 26 വായിക്കുക
കേൾക്കുക സംഖ്യ. 26
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: സംഖ്യ. 26:52-65
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ