പിന്നെ യഹോവ മോശെയോടു അരുളിച്ചെയ്തതു: ഇവർക്കു ആളെണ്ണത്തിന്നു ഒത്തവണ്ണം ദേശത്തെ അവകാശമായി വിഭാഗിച്ചു കൊടുക്കേണം. ആളേറെയുള്ളവർക്കു അവകാശം ഏറെയും ആൾ കുറവുള്ളവർക്കു അവകാശം കുറെച്ചും കൊടുക്കേണം; ഓരോരുത്തന്നു അവനവന്റെ ആളെണ്ണത്തിന്നു ഒത്തവണ്ണം അവകാശം കൊടുക്കേണം. ദേശത്തെ ചീട്ടിട്ടു വിഭാഗിക്കേണം; അതതു പിതൃഗോത്രത്തിന്റെ പേരിന്നൊത്തവണ്ണം അവർക്കു അവകാശം ലഭിക്കേണം. ആൾ ഏറെയുള്ളവർക്കും കുറെയുള്ളവർക്കും അവകാശം ചീട്ടിട്ടു വിഭാഗിക്കേണം. ലേവ്യരിൽ എണ്ണപ്പെട്ടവർ കുടുംബംകുടുംബമായി ആരെന്നാൽ: ഗേർശോനിൽനിന്നു ഗേർശോന്യകുടുംബം; കെഹാത്തിൽനിന്നു കെഹാത്യകുടുംബം; മെരാരിയിൽനിന്നു മെരാര്യകുടുംബം. ലേവ്യകുടുംബങ്ങൾ ആവിതു: ലിബ്നീയകുടുംബം; ഹെബ്രോന്യകുടുംബം; മഹ്ലീയകുടുംബം; മൂശ്യകുടുംബം; കോരഹ്യകുടുംബം. കെഹാത്ത് അമ്രാമിനെ ജനിപ്പിച്ചു. അമ്രാമിന്റെ ഭാര്യക്കു യോഖേബേദ് എന്നു പേർ; അവൾ മിസ്രയീംദേശത്തുവെച്ചു ലേവിക്കു ജനിച്ച മകൾ; അവൾ അമ്രാമിന്നു അഹരോനെയും മോശെയെയും അവരുടെ സഹോദരിയായ മിര്യാമിനെയും പ്രസവിച്ചു. അഹരോന്നു നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ എന്നിവർ ജനിച്ചു. എന്നാൽ നാദാബും അബീഹൂവും യഹോവയുടെ സന്നിധിയിൽ അന്യാഗ്നി കത്തിച്ചു മരിച്ചുപോയി. ഒരു മാസം പ്രായംമുതൽ മേലോട്ടു അവരിൽ എണ്ണപ്പെട്ട ആണുങ്ങൾ ആകെ ഇരുപത്തുമൂവായിരം പേർ; യിസ്രായേൽമക്കളുടെ ഇടയിൽ അവർക്കു അവകാശം കൊടുക്കായ്കകൊണ്ടു അവരെ യിസ്രായേൽമക്കളുടെ കൂട്ടത്തിൽ എണ്ണിയില്ല. യെരീഹോവിന്റെ സമീപത്തു യോർദ്ദാന്നരികെ മോവാബ്സമഭൂമിയിൽവെച്ചു യിസ്രായേൽമക്കളെ എണ്ണിയപ്പോൾ മോശെയും പുരോഹിതനായ എലെയാസാരും എണ്ണിയവർ ഇവർ തന്നേ. എന്നാൽ മോശെയും അഹരോൻപുരോഹിതനും സീനായിമരുഭൂമിയിൽവെച്ചു യിസ്രായേൽമക്കളെ എണ്ണിയപ്പോൾ അവർ എണ്ണിയവരിൽ ഒരുത്തനും ഇവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നില്ല. അവർ മരുഭൂമിയിൽവെച്ചു മരിച്ചുപോകും എന്നു യഹോവ അവരെക്കുറിച്ചു അരുളിച്ചെയ്തിരുന്നു. യെഫുന്നെയുടെ മകൻ കാലേബും നൂന്റെ മകൻ യോശുവയും ഒഴികെ അവരിൽ ഒരുത്തനും ശേഷിച്ചില്ല.
സംഖ്യാപുസ്തകം 26 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: സംഖ്യാപുസ്തകം 26:52-65
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ