ലൂക്കൊസ് 1:39-80
ലൂക്കൊസ് 1:39-80 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ആ നാളുകളിൽ മറിയ എഴുന്നേറ്റ് മലനാട്ടിൽ ഒരു യെഹൂദ്യപട്ടണത്തിൽ ബദ്ധപ്പെട്ടു ചെന്നു, സെഖര്യാവിന്റെ വീട്ടിൽ എത്തി എലീശബെത്തിനെ വന്ദിച്ചു. മറിയയുടെ വന്ദനം എലീശബെത്ത് കേട്ടപ്പോൾ പിള്ള അവളുടെ ഗർഭത്തിൽ തുള്ളി; എലീശബെത്ത് പരിശുദ്ധാത്മാവ് നിറഞ്ഞവളായി, ഉച്ചത്തിൽ വിളിച്ചുപറഞ്ഞത്: സ്ത്രീകളിൽ നീ അനുഗ്രഹിക്കപ്പെട്ടവൾ; നിന്റെ ഗർഭഫലവും അനുഗ്രഹിക്കപ്പെട്ടത്; എന്റെ കർത്താവിന്റെ മാതാവ് എന്റെ അടുക്കൽ വരുന്ന മാനം എനിക്ക് എവിടെനിന്ന് ഉണ്ടായി. നിന്റെ വന്ദനസ്വരം എന്റെ ചെവിയിൽ വീണപ്പോൾ പിള്ള എന്റെ ഗർഭത്തിൽ ആനന്ദംകൊണ്ടു തുള്ളി. കർത്താവ് തന്നോട് അരുളിച്ചെയ്തതിനു നിവൃത്തിയുണ്ടാകും എന്നു വിശ്വസിച്ചവൾ ഭാഗ്യവതി. അപ്പോൾ മറിയ പറഞ്ഞത്: “എന്റെ ഉള്ളം കർത്താവിനെ മഹിമപ്പെടുത്തുന്നു; എന്റെ ആത്മാവ് എന്റെ രക്ഷിതാവായ ദൈവത്തിൽ ഉല്ലസിക്കുന്നു. അവൻ തന്റെ ദാസിയുടെ താഴ്ച കടാക്ഷിച്ചിരിക്കുന്നുവല്ലോ; ഇന്നുമുതൽ എല്ലാ തലമുറകളും എന്നെ ഭാഗ്യവതി എന്നു വാഴ്ത്തും. ശക്തനായവൻ എനിക്കു വലിയവ ചെയ്തിരിക്കുന്നു; അവന്റെ നാമം പരിശുദ്ധം തന്നെ. അവനെ ഭയപ്പെടുന്നവർക്ക് അവന്റെ കരുണ തലമുറതലമുറയോളം ഇരിക്കുന്നു. തന്റെ ഭുജംകൊണ്ട് അവൻ ബലം പ്രവർത്തിച്ചു, ഹൃദയവിചാരത്തിൽ അഹങ്കരിക്കുന്നവരെ ചിതറിച്ചിരിക്കുന്നു. പ്രഭുക്കന്മാരെ സിംഹാസനങ്ങളിൽനിന്ന് ഇറക്കി താണവരെ ഉയർത്തിയിരിക്കുന്നു. വിശന്നിരിക്കുന്നവരെ നന്മകളാൽ നിറച്ചു, സമ്പന്നന്മാരെ വെറുതെ അയച്ചുകളഞ്ഞിരിക്കുന്നു. നമ്മുടെ പിതാക്കന്മാരോട് അരുളിച്ചെയ്തതുപോലെ അബ്രാഹാമിനും അവന്റെ സന്തതിക്കും എന്നേക്കും കരുണ ഓർക്കേണ്ടതിന്, തന്റെ ദാസനായ യിസ്രായേലിനെ തുണച്ചിരിക്കുന്നു.” മറിയ ഏകദേശം മൂന്നു മാസം അവളോടുകൂടെ പാർത്തിട്ട് വീട്ടിലേക്കു മടങ്ങിപ്പോയി. എലീശബെത്തിന് പ്രസവിപ്പാനുള്ള കാലം തികഞ്ഞപ്പോൾ അവൾ ഒരു മകനെ പ്രസവിച്ചു; കർത്താവ് അവൾക്കു വലിയ കരുണ കാണിച്ചു എന്ന് അയൽക്കാരും ചാർച്ചക്കാരും കേട്ടിട്ട് അവളോടുകൂടെ സന്തോഷിച്ചു. എട്ടാം നാളിൽ അവർ പൈതലിനെ പരിച്ഛേദന ചെയ്വാൻ വന്നു; അപ്പന്റെ പേർപോലെ അവനു സെഖര്യാവ് എന്നു പേർ വിളിപ്പാൻ ഭാവിച്ചു. അവന്റെ അമ്മയോ: അല്ല, അവന് യോഹന്നാൻ എന്നു പേരിടേണം എന്നു പറഞ്ഞു. അവർ അവളോട്: നിന്റെ ചാർച്ചയിൽ ഈ പേരുള്ളവർ ആരും ഇല്ലല്ലോ എന്നു പറഞ്ഞു. പിന്നെ അവന് എന്ത് പേർ വിളിപ്പാൻ വിചാരിക്കുന്നു എന്ന് അപ്പനോട് ആംഗ്യംകാട്ടി ചോദിച്ചു. അവൻ ഒരു എഴുത്തുപലക ചോദിച്ചു: അവന്റെ പേർ യോഹന്നാൻ എന്ന് എഴുതി; എല്ലാവരും ആശ്ചര്യപ്പെട്ടു. ഉടനെ അവന്റെ വായും നാവും തുറന്നു, അവൻ സംസാരിച്ചു ദൈവത്തെ സ്തുതിച്ചു. ചുറ്റും പാർക്കുന്നവർക്ക് എല്ലാം ഭയം ഉണ്ടായി; യെഹൂദ്യമലനാട്ടിൽ എങ്ങും ഈ വാർത്ത ഒക്കെയും പരന്നു. കേട്ടവർ എല്ലാവരും അതു ഹൃദയത്തിൽ നിക്ഷേപിച്ചു: ഈ പൈതൽ എന്ത് ആകും എന്നു പറഞ്ഞു; കർത്താവിന്റെ കൈ അവനോടുകൂടെ ഉണ്ടായിരുന്നു. അവന്റെ അപ്പനായ സെഖര്യാവ് പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചുപറഞ്ഞത്: “യിസ്രായേലിന്റെ ദൈവമായ കർത്താവ് അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദർശിച്ച് ഉദ്ധാരണം ചെയ്കയും ആദിമുതൽ തന്റെ വിശുദ്ധപ്രവാചകന്മാർ മുഖാന്തരം അരുളിച്ചെയ്തതുപോലെ നമ്മുടെ ശത്രുക്കളുടെ വശത്തുനിന്നും നമ്മെ പകയ്ക്കുന്ന ഏവരുടെയും കൈയിൽനിന്നും നമ്മെ രക്ഷിപ്പാൻ തന്റെ ദാസനായ ദാവീദിന്റെ ഗൃഹത്തിൽ നമുക്കു രക്ഷയുടെ കൊമ്പ് ഉയർത്തുകയും ചെയ്തിരിക്കുന്നത്, നമ്മുടെ പിതാക്കന്മാരോടു കരുണ പ്രവർത്തിക്കേണ്ടതിനും നമ്മുടെ ശത്രുക്കളുടെ കൈയിൽനിന്നു രക്ഷിക്കപ്പെട്ട്, നാം ആയുഷ്കാലമൊക്കെയും ഭയംകൂടാതെ തിരുമുമ്പിൽ വിശുദ്ധിയിലും നീതിയിലും തന്നെ ആരാധിപ്പാൻ നമുക്കു കൃപ നല്കുമെന്ന് അവൻ നമ്മുടെ പിതാവായ അബ്രാഹാമിനോടു ചെയ്ത സത്യവും തന്റെ വിശുദ്ധനിയമവും ഓർത്തതുകൊണ്ടും ആകുന്നു. നീയോ പൈതലേ, അത്യുന്നതന്റെ പ്രവാചകൻ എന്നു വിളിക്കപ്പെടും. കർത്താവിന്റെ വഴി ഒരുക്കുവാനും നമ്മുടെ ദൈവത്തിന്റെ ആർദ്രകരുണയാൽ അവന്റെ ജനത്തിന് പാപമോചനത്തിൽ രക്ഷാപരിജ്ഞാനം കൊടുപ്പാനുമായി നീ അവനു മുമ്പായി നടക്കും. ഇരുളിലും മരണനിഴലിലും ഇരിക്കുന്നവർക്കു പ്രകാശിച്ച്, നമ്മുടെ കാലുകളെ സമാധാനമാർഗത്തിൽ നടത്തേണ്ടതിന് ആ ആർദ്രകരുണയാൽ ഉയരത്തിൽനിന്ന് ഉദയം നമ്മെ സന്ദർശിച്ചിരിക്കുന്നു.” പൈതൽ വളർന്ന് ആത്മാവിൽ ബലപ്പെട്ടു; അവൻ യിസ്രായേലിനു തന്നെത്താൻ കാണിക്കും നാൾവരെ മരുഭൂമിയിൽ ആയിരുന്നു.
ലൂക്കൊസ് 1:39-80 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ആയിടയ്‍ക്കു മറിയം സഖറിയായുടെ വീട്ടിലേക്കു ബദ്ധപ്പെട്ടു ചെന്നു. യെഹൂദ്യയിലെ മലനാട്ടിലുള്ള ഒരു പട്ടണത്തിലായിരുന്നു ആ ഭവനം. മറിയം അവിടെയെത്തി എലിസബെത്തിനെ അഭിവാദനം ചെയ്തു. മറിയമിന്റെ അഭിവാദനം കേട്ടപ്പോൾ എലിസബെത്തിന്റെ ഗർഭത്തിലുള്ള ശിശു ഇളകിത്തുള്ളി. എലിസബെത്തു പരിശുദ്ധാത്മാവിന്റെ പ്രചോദനത്താൽ ഇപ്രകാരം ഉദ്ഘോഷിച്ചു: “സ്‍ത്രീകളിൽ നീ ഏറ്റവും അനുഗ്രഹിക്കപ്പെട്ടവൾ; നിന്റെ ഗർഭത്തിലുള്ള ശിശുവും അനുഗ്രഹിക്കപ്പെട്ടതുതന്നെ. എന്റെ കർത്താവിന്റെ മാതാവ് എന്റെ ഭവനത്തിൽ വരുവാനുള്ള ബഹുമതിക്ക് എങ്ങനെ ഞാൻ യോഗ്യയായി! നിന്റെ അഭിവാദനസ്വരം എന്റെ കാതുകളിൽ പതിഞ്ഞപ്പോൾ എന്റെ ഗർഭത്തിലുള്ള ശിശു ആനന്ദംകൊണ്ട് ഇളകിത്തുള്ളി. ദൈവത്തിൽ നിന്നുള്ള അരുളപ്പാടു സംഭവിക്കുമെന്നു വിശ്വസിച്ചവൾ അനുഗൃഹീതതന്നെ.” ഇതു കേട്ടപ്പോൾ മറിയം ഇപ്രകാരം പാടി: “എന്റെ ഹൃദയം കർത്താവിനെ പ്രകീർത്തിക്കുന്നു; എന്റെ രക്ഷകനായ ദൈവത്തിൽ എന്റെ ആത്മാവ് ആനന്ദിക്കുന്നു. ഈ വിനീതദാസിയെ അവിടുന്നു തൃക്കൺപാർത്തിരിക്കുന്നു! ഇന്നുമുതൽ എല്ലാ തലമുറകളും എന്നെ ഭാഗ്യവതി എന്നു വാഴ്ത്തും. സർവശക്തനായ ദൈവം എനിക്കു വൻകാര്യം ചെയ്തിരിക്കുന്നു; അവിടുത്തെ നാമം പരിശുദ്ധമാകുന്നു. ദൈവത്തെ ഭയപ്പെടുന്നവരുടെമേൽ തലമുറതലമുറയായി അവിടുത്തെ കാരുണ്യം നിരന്തരം ചൊരിയുന്നു. അവിടുത്തെ കരബലം അവിടുന്നു പ്രകടമാക്കി അന്തരംഗത്തിൽ അഹങ്കരിച്ചിരുന്നവരെ അവിടുന്നു ചിതറിച്ചിരിക്കുന്നു. പ്രബലന്മാരെ അവരുടെ സിംഹാസനങ്ങളിൽനിന്നു നിഷ്കാസനം ചെയ്തു; വിനീതരെ ഉയർത്തിയിരിക്കുന്നു. വിശന്നു വലയുന്നവരെ വിശിഷ്ടഭോജ്യങ്ങൾകൊണ്ടു സംതൃപ്തരാക്കി ധനവാന്മാരെ വെറുംവയറോടെ പറഞ്ഞയച്ചു. അബ്രഹാമിനെയും അദ്ദേഹത്തിന്റെ സന്താനപരമ്പരകളെയും അനുഗ്രഹിക്കുമെന്നു പൂർവപിതാക്കന്മാരോടു ചെയ്ത വാഗ്ദാനപ്രകാരം ഇസ്രായേൽജനതയെ കരുണയോടെ കടാക്ഷിച്ചു.” മറിയം ഏകദേശം മൂന്നു മാസക്കാലം എലിസബെത്തിന്റെകൂടെ പാർത്തശേഷം സ്വഭവനത്തിലേക്കു തിരിച്ചുപോയി. എലിസബെത്ത് യഥാകാലം ഒരു പുത്രനെ പ്രസവിച്ചു. കർത്താവു കാണിച്ച കാരുണ്യാതിരേകത്തെപ്പറ്റി കേട്ട് അവരുടെ അയൽക്കാരും ബന്ധുജനങ്ങളും അവരോടൊപ്പം സന്തോഷിച്ചു. എട്ടാം ദിവസം ശിശുവിന്റെ പരിച്ഛേദനകർമത്തിനായി എല്ലാവരും വന്നുകൂടി. ആ കുട്ടിക്ക് പിതാവിന്റെ പേരനുസരിച്ച് സഖറിയാ എന്നു നാമകരണം ചെയ്യാൻ അവർ ഭാവിച്ചു. എന്നാൽ അവന്റെ അമ്മ പറഞ്ഞു: “അങ്ങനെയല്ല, അവന്റെ പേരു യോഹന്നാൻ എന്നായിരിക്കണം.” അപ്പോൾ വന്നുകൂടിയവർ: “നിന്റെ ബന്ധുക്കൾക്ക് ആർക്കും ആ പേരില്ലല്ലോ” എന്നു പറഞ്ഞു. പിന്നീട് കുട്ടിക്ക് എന്താണു പേരിടേണ്ടത് എന്ന് അവന്റെ പിതാവിനോട് ആംഗ്യംകാട്ടി ചോദിച്ചു. അപ്പോൾ അദ്ദേഹം ഒരു എഴുത്തുപലക കൊണ്ടുവരാനാവശ്യപ്പെട്ടു. “അവന്റെ പേര് യോഹന്നാൻ എന്നാണ്” എന്ന് അദ്ദേഹം അതിലെഴുതി. അപ്പോൾ എല്ലാവർക്കും അത്യധികം ആശ്ചര്യമുണ്ടായി. തൽക്ഷണം സഖറിയായുടെ അധരങ്ങൾ തുറന്നു; നാവിന്റെ ബന്ധനം നീങ്ങുകയും ചെയ്തു. അദ്ദേഹം ദൈവത്തെ സ്തുതിച്ചുകൊണ്ടു സംസാരിക്കുവാൻ തുടങ്ങി. അയൽവാസികളെല്ലാവരും സംഭീതരായി. യെഹൂദ്യയിലെ മലനാട്ടിലെങ്ങും ഈ വാർത്ത പ്രസിദ്ധമായി. കേട്ടവരെല്ലാം ഈ കുട്ടി ആരായിത്തീരുമെന്നു ചിന്തിക്കുകയും പറയുകയും ചെയ്തു. കാരണം സർവേശ്വരന്റെ ശക്തിപ്രഭാവം ആ ശിശുവിൽ പ്രത്യക്ഷമായിരുന്നു. യോഹന്നാന്റെ പിതാവായ സഖറിയാ പരിശുദ്ധാത്മാവിനാൽ നിറഞ്ഞ് ഇപ്രകാരം പ്രവചിച്ചു: “ഇസ്രായേലിന്റെ ദൈവമായ കർത്താവു വാഴ്ത്തപ്പെട്ടവൻ: അവിടുന്നു തന്റെ ജനത്തെ സന്ദർശിക്കുകയും അവരെ സ്വതന്ത്രരാക്കുകയും ചെയ്തിരിക്കുന്നു. ആദിമുതൽ തന്റെ വിശുദ്ധപ്രവാചകന്മാരിലൂടെ അവിടുന്ന് അരുൾചെയ്തപ്രകാരം നമ്മുടെ ശത്രുക്കളിൽനിന്നും നമ്മെ ദ്വേഷിക്കുന്ന എല്ലാവരുടെയും കൈകളിൽനിന്നും നമ്മെ രക്ഷിക്കുവാൻ തന്റെ ദാസനായ ദാവീദിന്റെ വംശത്തിൽ നിന്നു ശക്തനായ ഒരു രക്ഷകനെ അവിടുന്നു നമുക്കു നല്‌കിയിരിക്കുന്നു. നമ്മുടെ പൂർവപിതാക്കന്മാരോടു ചെയ്ത വാഗ്ദാനമനുസരിച്ച് അവിടുന്നു തന്റെ ദാസരായ ഇസ്രായേൽജനതയെ കാരുണ്യപൂർവം ഓർത്ത് അവരെ സഹായിച്ചിരിക്കുന്നു. അബ്രഹാമിനോടും തന്റെ സന്താന പരമ്പരകളോടും കരുണ കാണിക്കുകയും ചെയ്തിരിക്കുന്നു. നമ്മുടെ ആയുഷ്കാലം മുഴുവനും നീതിയോടും വിശുദ്ധിയോടുംകൂടി നിർഭയം തിരുമുമ്പിൽ ആരാധിക്കുന്നതിനു വേണ്ടി ശത്രുക്കളുടെ കരങ്ങളിൽനിന്നു നമ്മെ രക്ഷിക്കുവാൻ കൃപയരുളുമെന്ന് നമ്മുടെ പിതാവായ അബ്രഹാമിനോട് ദൈവം ചെയ്ത പ്രതിജ്ഞയെയും വിശുദ്ധഉടമ്പടിയെയും അനുസ്മരിച്ചു കൊണ്ട് അവിടുന്നു തന്റെ വാഗ്ദാനം നിറവേറ്റിയിരിക്കുന്നു. കുഞ്ഞേ, നീ മഹോന്നതനായ ദൈവത്തിന്റെ പ്രവാചകനെന്നു വിളിക്കപ്പെടും; എന്തുകൊണ്ടെന്നാൽ കർത്താവിനു വഴിയൊരുക്കുന്നതിനും, കരുണാർദ്രനായ നമ്മുടെ ദൈവത്തിൽ നിന്നു ലഭിക്കുന്ന പാപവിമോചനംകൊണ്ടു കൈവരുന്ന രക്ഷയെക്കുറിച്ചുള്ള അറിവ് അവിടുത്തെ ജനത്തിനു നല്‌കുന്നതിനുമായി, നീ അവിടുത്തെ മുന്നോടിയായി പോകും. കൂരിരുട്ടിലും മരണത്തിന്റെ കരിനിഴലിലും ഇരിക്കുന്നവർക്കു പ്രകാശം പകരുന്നതിനും സമാധാനത്തിന്റെ മാർഗത്തിൽ നമ്മുടെ പാദങ്ങൾ നയിക്കുന്നതിനും ഉന്നതത്തിൽനിന്ന് ഉഷസ്സ് നമ്മുടെമേൽ ഉദയംചെയ്യും.” ശിശു വളർന്നു; ആത്മീയ ചൈതന്യവും പുഷ്‍ടിയും പ്രാപിച്ച് ഇസ്രായേൽജനങ്ങളുടെ മുമ്പിൽ സ്വയം പ്രത്യക്ഷനാകുന്നതുവരെ വിജനപ്രദേശത്തു വസിച്ചു.
ലൂക്കൊസ് 1:39-80 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
കുറച്ച് ദിവസങ്ങൾക്ക് ശേഷം മറിയ വളരെ വേഗം മലനാട്ടിൽ ഒരു യെഹൂദ്യപട്ടണത്തിൽ ചെന്നു, അവിടെ സെഖര്യാവിന്‍റെ വീട്ടിൽ എത്തി എലിസബെത്തിനെ വന്ദനം ചെയ്തു. മറിയയുടെ വന്ദനം എലിസബെത്ത് കേട്ടപ്പോൾ ശിശു അവളുടെ ഗർഭത്തിൽ തുള്ളി; എലിസബെത്ത് പരിശുദ്ധാത്മാവ് നിറഞ്ഞു, ഇപ്രകാരം ഉച്ചത്തിൽ വിളിച്ചു പറഞ്ഞു: ”സകല സ്ത്രീകളിലും നീ അനുഗ്രഹിക്കപ്പെട്ടവളാണ്; നിന്‍റെ ഗർഭത്തിലുള്ള ശിശുവും അനുഗ്രഹിക്കപ്പെട്ടതാണ്. എന്‍റെ കർത്താവിന്റെ മാതാവ് എന്റെ അടുക്കൽ വരുവാനുള്ള ഭാഗ്യം എനിക്ക് എവിടെ നിന്നു ഉണ്ടായി. നിന്റെ വന്ദനസ്വരം ഞാൻ കേട്ടപ്പോൾ ശിശു എന്‍റെ ഗർഭത്തിൽ ആനന്ദംകൊണ്ട് തുള്ളി. കർത്താവ് തന്നോട് അരുളിച്ചെയ്ത കാര്യങ്ങൾ സംഭവിക്കും എന്നു വിശ്വസിച്ചവൾ ഭാഗ്യവതി.” അപ്പോൾ മറിയ പറഞ്ഞത്: “എന്റെ ഉള്ളം കർത്താവിനെ മഹിമപ്പെടുത്തുന്നു; എന്റെ ആത്മാവ് എന്റെ രക്ഷിതാവായ ദൈവത്തിൽ സന്തോഷിക്കുന്നു. അവൻ തന്റെ ദാസിയുടെ താഴ്ചയെ അംഗീകരിച്ചിരിക്കുന്നു; ഇന്നുമുതൽ എല്ലാ തലമുറകളും എന്നെ ഭാഗ്യവതി എന്നു വാഴ്ത്തും. സർവ്വശക്തൻ എനിക്ക് വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു; അവന്റെ നാമം പരിശുദ്ധം ആകുന്നു. അവനെ ഭയപ്പെടുന്നവർക്ക് അവന്റെ കരുണ തലമുറതലമുറയോളം ലഭിക്കുന്നു. അവൻ തന്‍റെ കയ്യാൽ ശക്തമായ കാര്യങ്ങൾ ചെയ്തു. തങ്ങളുടെ ചിന്തകളിൽ അഹങ്കരിക്കുന്നവരെ ചിതറിച്ചിരിക്കുന്നു. പ്രഭുക്കന്മാരെ അവരുടെ സിംഹാസനങ്ങളിൽ നിന്നു ഇറക്കി വിനീതരെ ഉയർത്തിയിരിക്കുന്നു. വിശന്നിരിക്കുന്നവർക്ക് ആവശ്യമായ ആഹാരം നൽകി, സമ്പന്നന്മാരെ വെറുതെ അയച്ചു. നമ്മുടെ പിതാക്കന്മാരോട് അരുളിച്ചെയ്തതുപോലെ അബ്രാഹാമിനും അവന്‍റെ സന്തതിയ്ക്കും എന്നേക്കും കരുണ ലഭിക്കേണ്ടതിനു, തന്‍റെ ദാസനായ യിസ്രായേലിനെ സഹായിച്ചിരിക്കുന്നു.” മറിയ ഏകദേശം മൂന്നുമാസം എലിസബെത്തിനോട് കൂടെ താമസിച്ചിട്ട് വീട്ടിലേക്ക് മടങ്ങിപ്പോയി. എലിസബെത്തിന് പ്രസവിപ്പാനുള്ള സമയം തികഞ്ഞപ്പോൾ അവൾ ഒരു മകനെ പ്രസവിച്ചു; കർത്താവ് അവൾക്ക് വലിയ കരുണ കാണിച്ചു എന്നു അയൽക്കാരും ബന്ധുക്കളും കേട്ടിട്ടു അവളോടുകൂടെ സന്തോഷിച്ചു. എട്ടാം നാളിൽ അവർ പൈതലിനെ പരിച്ഛേദന ചെയ്‌വാൻ കൊണ്ടു വന്നു; യെഹൂദന്മാരുടെ പാരമ്പര്യം അനുസരിച്ചു അപ്പന്‍റെ പേർപോലെ അവനു സെഖര്യാവ് എന്നു പേർ വിളിക്കുവാൻ തീരുമാനിച്ചു. അവന്‍റെ അമ്മയോ: ”അല്ല, അവനു യോഹന്നാൻ” എന്നു പേരിടേണം എന്നു പറഞ്ഞു. അവർ അവളോട്: ”നിന്‍റെ ബന്ധുക്കൾക്ക് ആർക്കും ആ പേര് ഇല്ലല്ലോ” എന്നു പറഞ്ഞു. പിന്നെ അവനു എന്ത് പേരിടാൻ ആഗ്രഹിക്കുന്നു എന്നു അപ്പനോട് ആംഗ്യം കാട്ടി ചോദിച്ചു. അവൻ ഒരു എഴുത്തു പലക ചോദിച്ചു: അവന്റെ പേർ യോഹന്നാൻ എന്നു എഴുതി; എല്ലാവരും ആശ്ചര്യപ്പെട്ടു. ഉടനെ അവന്‍റെ സംസാരശേഷി തിരികെ ലഭിച്ചു, അവൻ സംസാരിച്ചു ദൈവത്തെ സ്തുതിച്ചു. അയൽക്കാർക്കെല്ലാം ദൈവത്തിന്‍റെ ശക്തിയെക്കുറിച്ച് ഭയവും ആശ്ചര്യവും ഉണ്ടായി; യെഹൂദ്യമലനാട്ടിൽ എങ്ങും ഈ വാർത്ത ഒക്കെയും പ്രസിദ്ധമായി കേട്ടവർ എല്ലാവരും അവിടെ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചു: ഈ പൈതൽ ആരാകും എന്നു പറഞ്ഞു; കർത്താവിന്‍റെ ശക്തി അവനോട് കൂടെ ഉണ്ടായിരുന്നു. അവന്‍റെ പിതാവായ സെഖര്യാവ് പരിശുദ്ധാത്മാവിൽ നിറഞ്ഞ് ഇപ്രകാരം പ്രവചിച്ചു: “യിസ്രായേലിന്‍റെ ദൈവമായ കർത്താവ് അനുഗ്രഹിക്കപ്പെട്ടവൻ. അവിടുന്ന് തന്‍റെ ജനത്തെ സന്ദർശിച്ചു അവരെ സ്വതന്ത്രരാക്കും. ആദിമുതൽ തന്റെ വിശുദ്ധപ്രവാചകന്മാരിലൂടെ അരുളിച്ചെയ്തതുപോലെ അവിടുന്ന് ശക്തനായ രക്ഷകനെ തന്‍റെ ദാസനായ ദാവീദിന്‍റെ സന്തതി പരമ്പരകളിൽ നിന്നു നമുക്ക് നൽകിയിരിക്കുന്നു. അവിടുന്ന് നമ്മെ നമ്മുടെ ശത്രുക്കളിൽ നിന്നും, നമ്മെ വെറുക്കുന്നവരുടെ കയ്യിൽനിന്നും, രക്ഷിക്കും എന്നു വാഗ്ദത്തം ചെയ്തിരിക്കുന്നു. അങ്ങനെ നമ്മുടെ പിതാക്കന്മാരോട് കരുണ കാണിക്കുകയും, അവരോട് ചെയ്ത വിശുദ്ധ ഉടമ്പടി നിറവേറ്റുകയും ചെയ്തു. നമ്മുടെ പൂർവ്വപിതാവായ അബ്രാഹാമിനോട് സത്യം ചെയ്തതാണു ഈ ഉടമ്പടി. നമ്മെ ശത്രുക്കളുടെ കയ്യിൽനിന്നും വിടുവിക്കുവാനും നമ്മുടെ ആയുഷ്ക്കാലം മുഴുവനും ഭയംകൂടാതെ തിരുമുമ്പിൽ വിശുദ്ധിയോടും നീതിയോടും കൂടെ അവനെ സേവിക്കുവാൻ നമുക്കു കൃപ നൽകും എന്നായിരുന്നു ആ ഉടമ്പടി. നീയോ പൈതലേ, അത്യുന്നതന്റെ പ്രവാചകൻ എന്നു വിളിക്കപ്പെടും. എന്തുകൊണ്ടെന്നാൽ കർത്താവിന്‍റെ വഴി ഒരുക്കുവാനും നമ്മുടെ ദൈവത്തിന്റെ ആർദ്രകരുണയാൽ അവിടുത്തെ ജനത്തിന് പാപമോചനം ലഭിക്കുമെന്ന് അറിയിക്കാനുമായി നീ അവനു മുമ്പായി നടക്കും. സത്യം അറിയാതിരിക്കുന്നവരുടെയും മരണത്തിന്‍റെ ഭീതിയിൽ കഴിയുന്നവരുടെയും മേൽ പ്രകാശിച്ച്, അവരെ സമാധാനമാർഗ്ഗത്തിൽ നടത്തേണ്ടതിന് ആ ആർദ്രകരുണയാൽ ഉദയസൂര്യനെ പോലെയുള്ള രക്ഷകൻ സ്വർഗ്ഗത്തിൽനിന്നു നമ്മെ സന്ദർശിച്ചിരിക്കുന്നു.” പൈതൽ വളർന്ന് ആത്മാവിൽ ബലപ്പെട്ടു; അവൻ യിസ്രായേൽ ജനങ്ങളുടെ മുൻപിൽ തന്‍റെ പരസ്യശുശ്രൂഷ തുടങ്ങുന്ന നാൾവരെയും മരുഭൂമിയിൽ ആയിരുന്നു.
ലൂക്കൊസ് 1:39-80 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ആ നാളുകളിൽ മറിയ എഴുന്നേറ്റു മല നാട്ടിൽ ഒരു യെഹൂദ്യപട്ടണത്തിൽ ബദ്ധപ്പെട്ടു ചെന്നു, സെഖര്യാവിന്റെ വീട്ടിൽ എത്തി എലീശബെത്തിനെ വന്ദിച്ചു. മറിയയുടെ വന്ദനം എലീശബെത്ത് കേട്ടപ്പോൾ പിള്ള അവളുടെ ഗർഭത്തിൽ തുള്ളി; എലീശബെത്ത് പരിശുദ്ധാത്മാവു നിറഞ്ഞവളായി, ഉച്ചത്തിൽ വിളിച്ചു പറഞ്ഞതു: സ്ത്രീകളിൽ നീ അനുഗ്രഹിക്കപ്പെട്ടവൾ; നിന്റെ ഗർഭ ഫലവും അനുഗ്രഹിക്കപ്പെട്ടതു. എന്റെ കർത്താവിന്റെ മാതാവു എന്റെ അടുക്കൽ വരുന്ന മാനം എനിക്കു എവിടെ നിന്നു ഉണ്ടായി. നിന്റെ വന്ദനസ്വരം എന്റെ ചെവിയിൽ വീണപ്പോൾ പിള്ള എന്റെ ഗർഭത്തിൽ ആനന്ദംകൊണ്ടു തുള്ളി. കർത്താവു തന്നോടു അരുളിച്ചെയ്തതിന്നു നിവൃത്തിയുണ്ടാകും എന്നു വിശ്വസിച്ചവൾ ഭാഗ്യവതി. അപ്പോൾ മറിയ പറഞ്ഞതു: “എന്റെ ഉള്ളം കർത്താവിനെ മഹിമപ്പെടുത്തുന്നു; എന്റെ ആത്മാവു എന്റെ രക്ഷിതാവായ ദൈവത്തിൽ ഉല്ലസിക്കുന്നു. അവൻ തന്റെ ദാസിയുടെ താഴ്ച കടാക്ഷിച്ചിരിക്കുന്നുവല്ലോ; ഇന്നുമുതൽ എല്ലാ തലമുറകളും എന്നെ ഭാഗ്യവതി എന്നു വാഴ്ത്തും. ശക്തനായവൻ എനിക്കു വലിയവ ചെയ്തിരിക്കുന്നു; അവന്റെ നാമം പരിശുദ്ധം തന്നേ. അവനെ ഭയപ്പെടുന്നവർക്കു അവന്റെ കരുണ തലമുറതലമുറയോളം ഇരിക്കുന്നു. തന്റെ ഭുജംകൊണ്ടു അവൻ ബലം പ്രവർത്തിച്ചു, ഹൃദയവിചാരത്തിൽ അഹങ്കരിക്കുന്നവരെ ചിതറിച്ചിരിക്കുന്നു. പ്രഭുക്കന്മാരെ സിംഹാസനങ്ങളിൽ നിന്നു ഇറക്കി താണവരെ ഉയർത്തിയിരിക്കുന്നു. വിശന്നിരിക്കുന്നവരെ നന്മകളാൽ നിറെച്ചു, സമ്പന്നന്മാരെ വെറുതെ അയച്ചു കളഞ്ഞിരിക്കുന്നു. നമ്മുടെ പിതാക്കന്മാരോടു അരുളിച്ചെയ്തതുപോലെ അബ്രാഹാമിന്നും അവന്റെ സന്തതിക്കും എന്നേക്കും കരുണ ഓർക്കേണ്ടതിന്നു, തന്റെ ദാസനായ യിസ്രായേലിനെ തുണെച്ചിരിക്കുന്നു.” മറിയ ഏകദേശം മൂന്നു മാസം അവളോടു കൂടെ പാർത്തിട്ടു വീട്ടിലേക്കു മടങ്ങിപ്പോയി. എലീശബെത്തിന്നു പ്രസവിപ്പാനുള്ള കാലം തികഞ്ഞപ്പോൾ അവൾ ഒരു മകനെ പ്രസവിച്ചു; കർത്താവു അവൾക്കു വലിയ കരുണ കാണിച്ചു എന്നു അയല്ക്കാരും ചാർച്ചക്കാരും കേട്ടിട്ടു അവളോടുകൂടെ സന്തോഷിച്ചു. എട്ടാം നാളിൽ അവർ പൈതലിനെ പരിച്ഛേദന ചെയ്വാൻ വന്നു; അപ്പന്റെ പേർപോലെ അവന്നു സെഖര്യാവു എന്നു പേർ വിളിപ്പാൻ ഭാവിച്ചു. അവന്റെ അമ്മയോ: അല്ല, അവന്നു യോഹന്നാൻ എന്നു പേരിടേണം എന്നു പറഞ്ഞു. അവർ അവളോടു: നിന്റെ ചാർച്ചയിൽ ഈ പേരുള്ളവർ ആരും ഇല്ലല്ലോ എന്നു പറഞ്ഞു. പിന്നെ അവന്നു എന്തു പേർ വിളിപ്പാൻ വിചാരിക്കുന്നു എന്നു അപ്പനോടു ആഗ്യംകാട്ടി ചോദിച്ചു. അവൻ ഒരു എഴുത്തു പലക ചോദിച്ചു: അവന്റെ പേർ യോഹന്നാൻ എന്നു എഴുതി; എല്ലാവരും ആശ്ചര്യപ്പെട്ടു. ഉടനെ അവന്റെ വായും നാവും തുറന്നു, അവൻ സംസാരിച്ചു ദൈവത്തെ സ്തുതിച്ചു. ചുറ്റും പാർക്കുന്നവർക്കു എല്ലാം ഭയം ഉണ്ടായി;, യെഹൂദ്യമലനാട്ടിൽ എങ്ങും ഈ വാർത്ത ഒക്കെയും പരന്നു. കേട്ടവർ എല്ലാവരും അതു ഹൃദയത്തിൽ നിക്ഷേപിച്ചു: ഈ പൈതൽ എന്തു ആകും എന്നു പറഞ്ഞു; കർത്താവിന്റെ കൈ അവനോടു കൂടെ ഉണ്ടായിരുന്നു. അവന്റെ അപ്പനായ സെഖര്യാവു പരിശുദ്ധാത്മാവു നിറഞ്ഞവനായി പ്രവചിച്ചുപറഞ്ഞതു: “യിസ്രായേലിന്റെ ദൈവമായ കർത്താവു അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദർശിച്ചു ഉദ്ധാരണം ചെയ്കയും ആദിമുതൽ തന്റെ വിശുദ്ധപ്രവാചകന്മാർ മുഖാന്തരം അരുളിച്ചെയ്തതുപോലെ നമ്മുടെ ശത്രുക്കളുടെ വശത്തു നിന്നും നമ്മെ പകെക്കുന്ന ഏവരുടെയും കയ്യിൽ നിന്നും നമ്മെ രക്ഷിപ്പാൻ തന്റെ ദാസനായ ദാവീദിന്റെ ഗൃഹത്തിൽ നമുക്കു രക്ഷയുടെ കൊമ്പു ഉയർത്തുകയും ചെയ്തിരിക്കുന്നതു, നമ്മുടെ പിതാക്കന്മാരോടു കരുണ പ്രവർത്തിക്കേണ്ടതിന്നും നമ്മുടെ ശത്രുക്കളുടെ കയ്യിൽ നിന്നു രക്ഷിക്കപ്പെട്ടു നാം ആയുഷ്ക്കാലം ഒക്കെയും ഭയം കൂടാതെ തിരുമുമ്പിൽ വിശുദ്ധിയിലും നീതിയിലും തന്നെ ആരാധിപ്പാൻ നമുക്കു കൃപ നല്കുമെന്നു അവൻ നമ്മുടെ പിതാവായ അബ്രാഹാമിനോടു സത്യവും തന്റെ വിശുദ്ധ നിയമവും ഓർത്തതുകൊണ്ടും ആകുന്നു. നീയോ പൈതലേ, അത്യുന്നതന്റെ പ്രവാചകൻ എന്നു വിളിക്കപ്പെടും. കർത്താവിന്റെ വഴി ഒരുക്കുവാനും നമ്മുടെ ദൈവത്തിന്റെ ആർദ്രകരുണയാൽ അവന്റെ ജനത്തിന്നു പാപമോചനത്തിൽ രക്ഷാപരിജ്ഞാനം കൊടുപ്പാനുമായി നീ അവന്നു മുമ്പായി നടക്കും. ഇരുളിലും മരണനിഴലിലും ഇരിക്കുന്നവർക്കു പ്രകാശിച്ചു, നമ്മുടെ കാലുകളെ സമാധാനമാർഗ്ഗത്തിൽ നടത്തേണ്ടതിന്നു ആ ആർദ്രകരുണയാൽ ഉയരത്തിൽനിന്നു ഉദയം നമ്മെ സന്ദർശിച്ചിരിക്കുന്നു.” പൈതൽ വളർന്നു ആത്മാവിൽ ബലപ്പെട്ടു; അവൻ യിസ്രായേലിന്നു തന്നെത്താൻ കാണിക്കും നാൾവരെ മരുഭൂമിയിൽ ആയിരുന്നു.
ലൂക്കൊസ് 1:39-80 സമകാലിക മലയാളവിവർത്തനം (MCV)
ചില ദിവസത്തിനുശേഷം മറിയ എഴുന്നേറ്റ് യെഹൂദ്യപ്രവിശ്യയിലെ മലനിരയിലുള്ള ഒരു പട്ടണത്തിലേക്കു തിടുക്കത്തിൽ യാത്രപുറപ്പെട്ടു. അവിടെ അവൾ സെഖര്യാവിന്റെ ഭവനത്തിൽ ചെന്നു. അവൾ എലിസബത്തിനെ വന്ദിച്ചു. മറിയയുടെ വന്ദനം എലിസബത്ത് കേട്ടപ്പോൾ ഗർഭസ്ഥശിശു അവളുടെ ഉദരത്തിൽ തുള്ളിച്ചാടി; എലിസബത്ത് പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിലായി, ഉച്ചത്തിൽ വിളിച്ചുപറഞ്ഞത്: “നീ സ്ത്രീകളിൽ അനുഗ്രഹിക്കപ്പെട്ടവൾ; നിനക്കു ജനിക്കുന്ന ശിശുവും അനുഗ്രഹിക്കപ്പെട്ടവൻ! എന്റെ കർത്താവിന്റെ മാതാവ് എന്നെ സന്ദർശിക്കാൻ തക്ക കൃപ എനിക്കു ലഭിച്ചത് എങ്ങനെ? നിന്റെ വന്ദനവചസ്സുകൾ എന്റെ കാതുകളിൽ പതിച്ചമാത്രയിൽത്തന്നെ ശിശു എന്റെ ഉദരത്തിൽ ആനന്ദിച്ചു തുള്ളിച്ചാടി. കർത്താവ് അരുളിച്ചെയ്തത് നിറവേറുമെന്ന് വിശ്വസിച്ച നീ അനുഗൃഹീത!” ഇതിന് മറിയ പ്രതിവചിച്ചത്: “എന്റെ ഉള്ളം കർത്താവിനെ പുകഴ്ത്തുന്നു; എന്റെ ആത്മാവ് എന്റെ രക്ഷിതാവായ ദൈവത്തിൽ ആനന്ദിക്കുന്നു. അവിടന്ന് തന്റെ ദാസിയുടെ ദൈന്യത്തെ പരിഗണിച്ചല്ലോ; ഇപ്പോൾമുതൽ എല്ലാ തലമുറകളും എന്നെ അനുഗ്രഹിക്കപ്പെട്ടവൾ എന്നു വാഴ്ത്തും. സർവശക്തൻ എനിക്കുവേണ്ടി വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു; പരിശുദ്ധമല്ലോ അവിടത്തെ നാമം. അവിടത്തെ ഭക്തർക്ക് കരുണ തലമുറതലമുറവരെ നിലനിൽക്കും. തന്റെ ഭുജത്താൽ അവിടന്നു വൻകാര്യങ്ങൾ പ്രവർത്തിച്ചിരിക്കുന്നു; അന്തരംഗങ്ങളിൽ അഹങ്കരിക്കുന്നവരെ അവിടന്നു ചിതറിച്ചിരിക്കുന്നു. അധിപതികളെ സിംഹാസനങ്ങളിൽനിന്ന് ഇറക്കി, നമ്രഹൃദയരെ ഉയർത്തിയിരിക്കുന്നു. വിശപ്പുള്ളവരെ നന്മകളാൽ നിറച്ചും ധനികരെ വെറുംകൈയോടെ അയച്ചും; അബ്രാഹാമിനോടും അദ്ദേഹത്തിന്റെ അനന്തരാവകാശികളോടും അനന്തമായി കരുണ കാണിക്കുമെന്ന വാഗ്ദാനം വിസ്മരിക്കാതെ, അവിടന്ന് നമ്മുടെ പൂർവികരോട് വാഗ്ദത്തം ചെയ്തതുപോലെതന്നെ തന്റെ ദാസനായ ഇസ്രായേലിനെ സഹായിച്ചുമിരിക്കുന്നു!” മറിയ ഏകദേശം മൂന്നുമാസം എലിസബത്തിനോടുകൂടെ താമസിച്ചതിനുശേഷം സ്വഭവനത്തിലേക്കു തിരികെപ്പോയി. പ്രസവകാലം തികഞ്ഞപ്പോൾ എലിസബത്ത് ഒരു മകനു ജന്മംനൽകി. കർത്താവ് അവളോടു മഹാകരുണ കാണിച്ചെന്നു കേട്ട് അവളുടെ അയൽക്കാരും ബന്ധുക്കളും അവളുടെ ആനന്ദത്തിൽ പങ്കുചേർന്നു. എട്ടാംദിവസം ശിശുവിനെ പരിച്ഛേദനകർമം ചെയ്യിക്കുന്നതിനായി അവർ ഒത്തുചേർന്നു; അവർ ശിശുവിന് പിതാവിന്റെ പേരുപോലെതന്നെ സെഖര്യാവ് എന്നു നാമകരണംചെയ്യാൻ തുനിഞ്ഞു. എന്നാൽ ശിശുവിന്റെ അമ്മ “അങ്ങനെയല്ല, അവനെ യോഹന്നാൻ എന്നാണ് വിളിക്കേണ്ടത്,” എന്നു പറഞ്ഞു. വന്നുകൂടിയവർ അതിന് “ഈ പേരുള്ള ആരുംതന്നെ നിന്റെ ബന്ധുക്കളുടെ കൂട്ടത്തിൽ ഇല്ലല്ലോ,” എന്ന് എലിസബത്തിനോട് പറഞ്ഞു. അവർ പിന്നെ, ശിശുവിന്റെ പിതാവിനോട് അവന് എന്തു പേരിടാനാണ് ആഗ്രഹിക്കുന്നതെന്ന് ആംഗ്യംകാട്ടി ചോദിച്ചു. സെഖര്യാവ് ഒരു എഴുത്തുപലക ആവശ്യപ്പെട്ടു. “അവന്റെ പേര് യോഹന്നാൻ,” എന്ന് അദ്ദേഹം എഴുതി; എല്ലാവരും വിസ്മയിച്ചു. പെട്ടെന്ന് അദ്ദേഹത്തിന്റെ വായ് തുറന്നു; നാവിന്റെ കെട്ടഴിഞ്ഞു, ദൈവത്തെ സ്തുതിച്ചുകൊണ്ട് സംസാരിക്കാൻ തുടങ്ങി. ഈ സംഭവം അയൽവാസികളിൽ ഭയമുളവാക്കി. യെഹൂദ്യപ്രവിശ്യയിലെ മലനാടുകളിലെല്ലാം ഇതൊരു ചർച്ചാവിഷയമായി. കേട്ടവർ കേട്ടവർ അതേപ്പറ്റി അത്ഭുതപ്പെട്ടുകൊണ്ട്, “ഈ ശിശു ആരാകും?” എന്നു പരസ്പരം ചോദിക്കാൻ തുടങ്ങി. കർത്താവിന്റെ കരം യോഹന്നാനോടുകൂടെ ഉണ്ടായിരുന്നു. യോഹന്നാന്റെ പിതാവായ സെഖര്യാവ് പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിലായി ഇപ്രകാരം പ്രവചിച്ചു: “ഇസ്രായേലിന്റെ ദൈവമായ കർത്താവ് വാഴ്ത്തപ്പെട്ടവൻ; അവിടന്ന് തന്റെ ജനത്തെ സന്ദർശിച്ച് വിമുക്തരാക്കിയിരിക്കുന്നു. ദൈവം പുരാതനകാലത്ത് അവിടത്തെ വിശുദ്ധപ്രവാചകന്മാരിലൂടെ അരുളിച്ചെയ്തിരുന്നതുപോലെതന്നെ, തന്റെ ദാസനായ ദാവീദുരാജാവിന്റെ വംശത്തിൽനിന്നുതന്നെ; സർവശക്തനായ ഒരു രക്ഷകനെ നമുക്കായി അയച്ചിരിക്കുന്നു. ഇത് നമ്മുടെ ശത്രുക്കളിൽനിന്നും നമ്മെ വെറുക്കുന്ന എല്ലാവരുടെയും കൈയിൽനിന്നും നമ്മെ രക്ഷിക്കേണ്ടതിനും നമ്മുടെ പൂർവികരോടു കരുണ കാണിക്കേണ്ടതിനും നമ്മുടെ പിതാവായ അബ്രാഹാമിനോടു ശപഥംചെയ്ത വിശുദ്ധ ഉടമ്പടി ഓർക്കേണ്ടതിനും ശത്രുക്കളുടെ കൈയിൽനിന്ന് നമ്മെ സ്വതന്ത്രരാക്കേണ്ടതിനും തിരുസന്നിധിയിൽ വിശുദ്ധിയോടും നീതിനിഷ്ഠയോടുംകൂടെ നമ്മുടെ ആയുസ്സുമുഴുവനും ഭയംകൂടാതെ നാം അവിടത്തെ സേവിക്കേണ്ടതിനുംകൂടിയാണ്! “നീയോ എന്റെ മകനേ, പരമോന്നതന്റെ പ്രവാചകൻ എന്നു വിളിക്കപ്പെടും. കർത്താവിനുവേണ്ടി വഴിയൊരുക്കാൻ, നമ്മുടെ ദൈവത്തിന്റെ കരുണാതിരേകത്താൽ തന്റെ ജനത്തിനു പാപമോചനത്തിലൂടെ രക്ഷയുടെ പരിജ്ഞാനം നൽകാൻ, നീ കർത്താവിനുമുമ്പായി നടക്കും. അന്ധതമസ്സിലും മരണനിഴലിലും കഴിയുന്നവരുടെമേൽ പ്രകാശിക്കുന്നതിനും നമ്മുടെ കാലുകളെ സമാധാനപാതയിൽ നയിക്കുന്നതിനും അവിടത്തെ കരുണാധിക്യത്താൽ, ഉദയസൂര്യൻ സ്വർഗത്തിൽനിന്ന് നമ്മെ സന്ദർശിക്കും.” ശിശുവായ യോഹന്നാൻ വളർന്നു, ആത്മാവിൽ ശക്തിപ്പെട്ടു: ഇസ്രായേലിലെ തന്റെ പരസ്യശുശ്രൂഷ ആരംഭിക്കുന്നതുവരെ അദ്ദേഹം മരുഭൂമിയിൽ താമസിച്ചു.