ലൂക്കൊസ് 1:39-80

ലൂക്കൊസ് 1:39-80 വേദപുസ്തകം

ആ നാളുകളിൽ മറിയ എഴുന്നേറ്റു മല നാട്ടിൽ ഒരു യെഹൂദ്യപട്ടണത്തിൽ ബദ്ധപ്പെട്ടു ചെന്നു, സെഖര്യാവിന്റെ വീട്ടിൽ എത്തി എലീശബെത്തിനെ വന്ദിച്ചു. മറിയയുടെ വന്ദനം എലീശബെത്ത് കേട്ടപ്പോൾ പിള്ള അവളുടെ ഗർഭത്തിൽ തുള്ളി; എലീശബെത്ത് പരിശുദ്ധാത്മാവു നിറഞ്ഞവളായി, ഉച്ചത്തിൽ വിളിച്ചു പറഞ്ഞതു: സ്ത്രീകളിൽ നീ അനുഗ്രഹിക്കപ്പെട്ടവൾ; നിന്റെ ഗർഭ ഫലവും അനുഗ്രഹിക്കപ്പെട്ടതു. എന്റെ കർത്താവിന്റെ മാതാവു എന്റെ അടുക്കൽ വരുന്ന മാനം എനിക്കു എവിടെ നിന്നു ഉണ്ടായി. നിന്റെ വന്ദനസ്വരം എന്റെ ചെവിയിൽ വീണപ്പോൾ പിള്ള എന്റെ ഗർഭത്തിൽ ആനന്ദംകൊണ്ടു തുള്ളി. കർത്താവു തന്നോടു അരുളിച്ചെയ്തതിന്നു നിവൃത്തിയുണ്ടാകും എന്നു വിശ്വസിച്ചവൾ ഭാഗ്യവതി. അപ്പോൾ മറിയ പറഞ്ഞതു: “എന്റെ ഉള്ളം കർത്താവിനെ മഹിമപ്പെടുത്തുന്നു; എന്റെ ആത്മാവു എന്റെ രക്ഷിതാവായ ദൈവത്തിൽ ഉല്ലസിക്കുന്നു. അവൻ തന്റെ ദാസിയുടെ താഴ്ച കടാക്ഷിച്ചിരിക്കുന്നുവല്ലോ; ഇന്നുമുതൽ എല്ലാ തലമുറകളും എന്നെ ഭാഗ്യവതി എന്നു വാഴ്ത്തും. ശക്തനായവൻ എനിക്കു വലിയവ ചെയ്തിരിക്കുന്നു; അവന്റെ നാമം പരിശുദ്ധം തന്നേ. അവനെ ഭയപ്പെടുന്നവർക്കു അവന്റെ കരുണ തലമുറതലമുറയോളം ഇരിക്കുന്നു. തന്റെ ഭുജംകൊണ്ടു അവൻ ബലം പ്രവർത്തിച്ചു, ഹൃദയവിചാരത്തിൽ അഹങ്കരിക്കുന്നവരെ ചിതറിച്ചിരിക്കുന്നു. പ്രഭുക്കന്മാരെ സിംഹാസനങ്ങളിൽ നിന്നു ഇറക്കി താണവരെ ഉയർത്തിയിരിക്കുന്നു. വിശന്നിരിക്കുന്നവരെ നന്മകളാൽ നിറെച്ചു, സമ്പന്നന്മാരെ വെറുതെ അയച്ചു കളഞ്ഞിരിക്കുന്നു. നമ്മുടെ പിതാക്കന്മാരോടു അരുളിച്ചെയ്തതുപോലെ അബ്രാഹാമിന്നും അവന്റെ സന്തതിക്കും എന്നേക്കും കരുണ ഓർക്കേണ്ടതിന്നു, തന്റെ ദാസനായ യിസ്രായേലിനെ തുണെച്ചിരിക്കുന്നു.” മറിയ ഏകദേശം മൂന്നു മാസം അവളോടു കൂടെ പാർത്തിട്ടു വീട്ടിലേക്കു മടങ്ങിപ്പോയി. എലീശബെത്തിന്നു പ്രസവിപ്പാനുള്ള കാലം തികഞ്ഞപ്പോൾ അവൾ ഒരു മകനെ പ്രസവിച്ചു; കർത്താവു അവൾക്കു വലിയ കരുണ കാണിച്ചു എന്നു അയല്ക്കാരും ചാർച്ചക്കാരും കേട്ടിട്ടു അവളോടുകൂടെ സന്തോഷിച്ചു. എട്ടാം നാളിൽ അവർ പൈതലിനെ പരിച്ഛേദന ചെയ്‌വാൻ വന്നു; അപ്പന്റെ പേർപോലെ അവന്നു സെഖര്യാവു എന്നു പേർ വിളിപ്പാൻ ഭാവിച്ചു. അവന്റെ അമ്മയോ: അല്ല, അവന്നു യോഹന്നാൻ എന്നു പേരിടേണം എന്നു പറഞ്ഞു. അവർ അവളോടു: നിന്റെ ചാർച്ചയിൽ ഈ പേരുള്ളവർ ആരും ഇല്ലല്ലോ എന്നു പറഞ്ഞു. പിന്നെ അവന്നു എന്തു പേർ വിളിപ്പാൻ വിചാരിക്കുന്നു എന്നു അപ്പനോടു ആഗ്യംകാട്ടി ചോദിച്ചു. അവൻ ഒരു എഴുത്തു പലക ചോദിച്ചു: അവന്റെ പേർ യോഹന്നാൻ എന്നു എഴുതി; എല്ലാവരും ആശ്ചര്യപ്പെട്ടു. ഉടനെ അവന്റെ വായും നാവും തുറന്നു, അവൻ സംസാരിച്ചു ദൈവത്തെ സ്തുതിച്ചു. ചുറ്റും പാർക്കുന്നവർക്കു എല്ലാം ഭയം ഉണ്ടായി;, യെഹൂദ്യമലനാട്ടിൽ എങ്ങും ഈ വാർത്ത ഒക്കെയും പരന്നു. കേട്ടവർ എല്ലാവരും അതു ഹൃദയത്തിൽ നിക്ഷേപിച്ചു: ഈ പൈതൽ എന്തു ആകും എന്നു പറഞ്ഞു; കർത്താവിന്റെ കൈ അവനോടു കൂടെ ഉണ്ടായിരുന്നു. അവന്റെ അപ്പനായ സെഖര്യാവു പരിശുദ്ധാത്മാവു നിറഞ്ഞവനായി പ്രവചിച്ചുപറഞ്ഞതു: “യിസ്രായേലിന്റെ ദൈവമായ കർത്താവു അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദർശിച്ചു ഉദ്ധാരണം ചെയ്കയും ആദിമുതൽ തന്റെ വിശുദ്ധപ്രവാചകന്മാർ മുഖാന്തരം അരുളിച്ചെയ്തതുപോലെ നമ്മുടെ ശത്രുക്കളുടെ വശത്തു നിന്നും നമ്മെ പകെക്കുന്ന ഏവരുടെയും കയ്യിൽ നിന്നും നമ്മെ രക്ഷിപ്പാൻ തന്റെ ദാസനായ ദാവീദിന്റെ ഗൃഹത്തിൽ നമുക്കു രക്ഷയുടെ കൊമ്പു ഉയർത്തുകയും ചെയ്തിരിക്കുന്നതു, നമ്മുടെ പിതാക്കന്മാരോടു കരുണ പ്രവർത്തിക്കേണ്ടതിന്നും നമ്മുടെ ശത്രുക്കളുടെ കയ്യിൽ നിന്നു രക്ഷിക്കപ്പെട്ടു നാം ആയുഷ്ക്കാലം ഒക്കെയും ഭയം കൂടാതെ തിരുമുമ്പിൽ വിശുദ്ധിയിലും നീതിയിലും തന്നെ ആരാധിപ്പാൻ നമുക്കു കൃപ നല്കുമെന്നു അവൻ നമ്മുടെ പിതാവായ അബ്രാഹാമിനോടു സത്യവും തന്റെ വിശുദ്ധ നിയമവും ഓർത്തതുകൊണ്ടും ആകുന്നു. നീയോ പൈതലേ, അത്യുന്നതന്റെ പ്രവാചകൻ എന്നു വിളിക്കപ്പെടും. കർത്താവിന്റെ വഴി ഒരുക്കുവാനും നമ്മുടെ ദൈവത്തിന്റെ ആർദ്രകരുണയാൽ അവന്റെ ജനത്തിന്നു പാപമോചനത്തിൽ രക്ഷാപരിജ്ഞാനം കൊടുപ്പാനുമായി നീ അവന്നു മുമ്പായി നടക്കും. ഇരുളിലും മരണനിഴലിലും ഇരിക്കുന്നവർക്കു പ്രകാശിച്ചു, നമ്മുടെ കാലുകളെ സമാധാനമാർഗ്ഗത്തിൽ നടത്തേണ്ടതിന്നു ആ ആർദ്രകരുണയാൽ ഉയരത്തിൽനിന്നു ഉദയം നമ്മെ സന്ദർശിച്ചിരിക്കുന്നു.” പൈതൽ വളർന്നു ആത്മാവിൽ ബലപ്പെട്ടു; അവൻ യിസ്രായേലിന്നു തന്നെത്താൻ കാണിക്കും നാൾവരെ മരുഭൂമിയിൽ ആയിരുന്നു.