കുറച്ച് ദിവസങ്ങൾക്ക് ശേഷം മറിയ വളരെ വേഗം മലനാട്ടിൽ ഒരു യെഹൂദ്യപട്ടണത്തിൽ ചെന്നു, അവിടെ സെഖര്യാവിന്‍റെ വീട്ടിൽ എത്തി എലിസബെത്തിനെ വന്ദനം ചെയ്തു. മറിയയുടെ വന്ദനം എലിസബെത്ത് കേട്ടപ്പോൾ ശിശു അവളുടെ ഗർഭത്തിൽ തുള്ളി; എലിസബെത്ത് പരിശുദ്ധാത്മാവ് നിറഞ്ഞു, ഇപ്രകാരം ഉച്ചത്തിൽ വിളിച്ചു പറഞ്ഞു: ”സകല സ്ത്രീകളിലും നീ അനുഗ്രഹിക്കപ്പെട്ടവളാണ്; നിന്‍റെ ഗർഭത്തിലുള്ള ശിശുവും അനുഗ്രഹിക്കപ്പെട്ടതാണ്. എന്‍റെ കർത്താവിന്‍റെ മാതാവ് എന്‍റെ അടുക്കൽ വരുവാനുള്ള ഭാഗ്യം എനിക്ക് എവിടെ നിന്നു ഉണ്ടായി. നിന്‍റെ വന്ദനസ്വരം ഞാൻ കേട്ടപ്പോൾ ശിശു എന്‍റെ ഗർഭത്തിൽ ആനന്ദംകൊണ്ട് തുള്ളി. കർത്താവ് തന്നോട് അരുളിച്ചെയ്ത കാര്യങ്ങൾ സംഭവിക്കും എന്നു വിശ്വസിച്ചവൾ ഭാഗ്യവതി.” അപ്പോൾ മറിയ പറഞ്ഞത്: “എന്‍റെ ഉള്ളം കർത്താവിനെ മഹിമപ്പെടുത്തുന്നു; എന്‍റെ ആത്മാവ് എന്‍റെ രക്ഷിതാവായ ദൈവത്തിൽ സന്തോഷിക്കുന്നു. അവൻ തന്‍റെ ദാസിയുടെ താഴ്ചയെ അംഗീകരിച്ചിരിക്കുന്നു; ഇന്നുമുതൽ എല്ലാ തലമുറകളും എന്നെ ഭാഗ്യവതി എന്നു വാഴ്ത്തും. സർവ്വശക്തൻ എനിക്ക് വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു; അവന്‍റെ നാമം പരിശുദ്ധം ആകുന്നു. അവനെ ഭയപ്പെടുന്നവർക്ക് അവന്‍റെ കരുണ തലമുറതലമുറയോളം ലഭിക്കുന്നു. അവൻ തന്‍റെ കയ്യാൽ ശക്തമായ കാര്യങ്ങൾ ചെയ്തു. തങ്ങളുടെ ചിന്തകളിൽ അഹങ്കരിക്കുന്നവരെ ചിതറിച്ചിരിക്കുന്നു. പ്രഭുക്കന്മാരെ അവരുടെ സിംഹാസനങ്ങളിൽ നിന്നു ഇറക്കി വിനീതരെ ഉയർത്തിയിരിക്കുന്നു. വിശന്നിരിക്കുന്നവർക്ക് ആവശ്യമായ ആഹാരം നൽകി, സമ്പന്നന്മാരെ വെറുതെ അയച്ചു. നമ്മുടെ പിതാക്കന്മാരോട് അരുളിച്ചെയ്തതുപോലെ അബ്രാഹാമിനും അവന്‍റെ സന്തതിയ്ക്കും എന്നേക്കും കരുണ ലഭിക്കേണ്ടതിനു, തന്‍റെ ദാസനായ യിസ്രായേലിനെ സഹായിച്ചിരിക്കുന്നു.” മറിയ ഏകദേശം മൂന്നുമാസം എലിസബെത്തിനോട് കൂടെ താമസിച്ചിട്ട് വീട്ടിലേക്ക് മടങ്ങിപ്പോയി. എലിസബെത്തിന് പ്രസവിപ്പാനുള്ള സമയം തികഞ്ഞപ്പോൾ അവൾ ഒരു മകനെ പ്രസവിച്ചു; കർത്താവ് അവൾക്ക് വലിയ കരുണ കാണിച്ചു എന്നു അയൽക്കാരും ബന്ധുക്കളും കേട്ടിട്ടു അവളോടുകൂടെ സന്തോഷിച്ചു. എട്ടാം നാളിൽ അവർ പൈതലിനെ പരിച്ഛേദന ചെയ്‌വാൻ കൊണ്ടു വന്നു; യെഹൂദന്മാരുടെ പാരമ്പര്യം അനുസരിച്ചു അപ്പന്‍റെ പേർ പോലെ അവനു സെഖര്യാവ് എന്നു പേർ വിളിക്കുവാൻ തീരുമാനിച്ചു. അവന്‍റെ അമ്മയോ: ”അല്ല, അവനു യോഹന്നാൻ” എന്നു പേരിടേണം എന്നു പറഞ്ഞു. അവർ അവളോട്: ”നിന്‍റെ ബന്ധുക്കൾക്ക് ആർക്കും ആ പേര് ഇല്ലല്ലോ” എന്നു പറഞ്ഞു. പിന്നെ അവനു എന്ത് പേരിടാൻ ആഗ്രഹിക്കുന്നു എന്നു അപ്പനോട് ആംഗ്യം കാട്ടി ചോദിച്ചു. അവൻ ഒരു എഴുത്തു പലക ചോദിച്ചു: അവന്‍റെ പേർ യോഹന്നാൻ എന്നു എഴുതി; എല്ലാവരും ആശ്ചര്യപ്പെട്ടു. ഉടനെ അവന്‍റെ സംസാരശേഷി തിരികെ ലഭിച്ചു, അവൻ സംസാരിച്ചു ദൈവത്തെ സ്തുതിച്ചു. അയൽക്കാർക്കെല്ലാം ദൈവത്തിന്‍റെ ശക്തിയെക്കുറിച്ച് ഭയവും ആശ്ചര്യവും ഉണ്ടായി; യെഹൂദ്യമലനാട്ടിൽ എങ്ങും ഈ വാർത്ത ഒക്കെയും പ്രസിദ്ധമായി കേട്ടവർ എല്ലാവരും അവിടെ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചു: ഈ പൈതൽ ആരാകും എന്നു പറഞ്ഞു; കർത്താവിന്‍റെ ശക്തി അവനോട് കൂടെ ഉണ്ടായിരുന്നു. അവന്‍റെ പിതാവായ സെഖര്യാവ് പരിശുദ്ധാത്മാവിൽ നിറഞ്ഞ് ഇപ്രകാരം പ്രവചിച്ചു: “യിസ്രായേലിന്‍റെ ദൈവമായ കർത്താവ് അനുഗ്രഹിക്കപ്പെട്ടവൻ. അവിടുന്ന് തന്‍റെ ജനത്തെ സന്ദർശിച്ചു അവരെ സ്വതന്ത്രരാക്കും. ആദിമുതൽ തന്‍റെ വിശുദ്ധപ്രവാചകന്മാരിലൂടെ അരുളിച്ചെയ്തതുപോലെ അവിടുന്ന് ശക്തനായ രക്ഷകനെ തന്‍റെ ദാസനായ ദാവീദിന്‍റെ സന്തതി പരമ്പരകളിൽ നിന്നു നമുക്ക് നൽകിയിരിക്കുന്നു. അവിടുന്ന് നമ്മെ നമ്മുടെ ശത്രുക്കളിൽ നിന്നും, നമ്മെ വെറുക്കുന്നവരുടെ കയ്യിൽനിന്നും, രക്ഷിക്കും എന്നു വാഗ്ദത്തം ചെയ്തിരിക്കുന്നു. അങ്ങനെ നമ്മുടെ പിതാക്കന്മാരോട് കരുണ കാണിക്കുകയും, അവരോട് ചെയ്ത വിശുദ്ധ ഉടമ്പടി നിറവേറ്റുകയും ചെയ്തു. നമ്മുടെ പൂർവ്വപിതാവായ അബ്രാഹാമിനോട് സത്യം ചെയ്തതാണു ഈ ഉടമ്പടി. നമ്മെ ശത്രുക്കളുടെ കയ്യിൽനിന്നും വിടുവിക്കുവാനും നമ്മുടെ ആയുഷ്ക്കാലം മുഴുവനും ഭയംകൂടാതെ തിരുമുമ്പിൽ വിശുദ്ധിയോടും നീതിയോടും കൂടെ അവനെ സേവിക്കുവാൻ നമുക്കു കൃപ നൽകും എന്നായിരുന്നു ആ ഉടമ്പടി. നീയോ പൈതലേ, അത്യുന്നതന്‍റെ പ്രവാചകൻ എന്നു വിളിക്കപ്പെടും. എന്തുകൊണ്ടെന്നാൽ കർത്താവിന്‍റെ വഴി ഒരുക്കുവാനും നമ്മുടെ ദൈവത്തിന്‍റെ ആർദ്രകരുണയാൽ അവിടുത്തെ ജനത്തിന് പാപമോചനം ലഭിക്കുമെന്ന് അറിയിക്കാനുമായി നീ അവനു മുമ്പായി നടക്കും. സത്യം അറിയാതിരിക്കുന്നവരുടെയും മരണത്തിന്‍റെ ഭീതിയിൽ കഴിയുന്നവരുടെയും മേൽ പ്രകാശിച്ച്, അവരെ സമാധാനമാർഗ്ഗത്തിൽ നടത്തേണ്ടതിന് ആ ആർദ്രകരുണയാൽ ഉദയസൂര്യനെ പോലെയുള്ള രക്ഷകൻ സ്വർഗ്ഗത്തിൽനിന്നു നമ്മെ സന്ദർശിച്ചിരിക്കുന്നു.” പൈതൽ വളർന്ന് ആത്മാവിൽ ബലപ്പെട്ടു; അവൻ യിസ്രായേൽ ജനങ്ങളുടെ മുൻപിൽ തന്‍റെ പരസ്യശുശ്രൂഷ തുടങ്ങുന്ന നാൾവരെയും മരുഭൂമിയിൽ ആയിരുന്നു.
ലൂക്കൊ. 1 വായിക്കുക
കേൾക്കുക ലൂക്കൊ. 1
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ലൂക്കൊ. 1:39-80
5 ദിവസം
ലോക ചരിത്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട നിമിഷം എന്നത് ലോകത്തിന്റെ വെളിച്ചമായ യേശു ജഡമായി നമ്മുടെ ഇടയില്‍ പാര്‍ത്തതാണ്. ദൂതന്മാര് അവന്‍റെ വരവിനെക്കുറിച്ച് പ്രഖ്യാപിച്ചു, കവിതകള്‍ എഴുതപ്പെട്ടു, ഇടയന്മാര് ഓടുകയും മറിയ പാടുകയും ചെയ്തു. അവന്‍റെ വെളിച്ചം പരിശോധിച്ചു കൊണ്ടുള്ള അഞ്ചു ദിവസത്തെ യാത്രയില്‍ ഞങ്ങളോടൊപ്പം വരൂ. ഇത് അവന്‍റെ കൂടെ ഉണ്ടായിരുന്നവരിലും ഇന്ന് നമ്മിലും എന്ത് സ്വാധീനം ചെലുത്തുന്നു എന്ന് മനസ്സിലാക്കാം.
14 ദിവസങ്ങളിൽ
ഞങ്ങളുടെ "ക്രിസ്മസ് ഹൃദയത്തിലാണ്" ഡിജിറ്റൽ കാമ്പെയ്നിലൂടെ ക്രിസ്മസിൻ്റെ യഥാർത്ഥ അർത്ഥം അനുഭവിച്ചറിയുക! നിങ്ങളുടെ സുഹൃത്തുക്കളുമായോ, സഭാ അംഗങ്ങളുമായോ ഒരുമിച്ച് ലുമോ ക്രിസ്മസ് ഫിലിംസ് കാണുവാനും ഒരുമിച്ച് ചർച്ച ചെയ്യാനും, അതുവഴി ആത്മീക അഭിവൃദ്ധി പ്രാപിക്കുവാനും ഈ പ്രത്യേക പ്രോഗ്രാം നിങ്ങളെ സഹായിക്കുന്നു. നിരവധി ഭാഷകളിൽ ലഭ്യമായ ഈ പ്രോഗ്രാം, ക്രിസ്മസിന്റെ സന്തോഷകരമായ അനുഭവം മറ്റുള്ളവരുമായി പങ്കിടാൻ നിങ്ങളെ സഹായിക്കുന്നു.
7 ദിവസങ്ങളിൽ
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ