ലൂക്കൊ. 1
1
1ബഹുമാന്യനായ തെയോഫിലോസേ, നമ്മുടെ ഇടയിൽ നിറവേറിയ കാര്യങ്ങളെ വിവരിക്കുന്ന ഒരു ചരിത്രം എഴുതാൻ പലരും ശ്രമിച്ചു വരുന്നു, 2ആദിമുതലുള്ള ദൃക് സാക്ഷികളും വചനത്തിന്റെ ശുശ്രൂഷകരുമായവർ ഇതു നമ്മെ അറിയിച്ചിരിക്കുന്നു, 3അതുകൊണ്ട് നിനക്കു ഉപദേശം ലഭിച്ചിരിക്കുന്ന വിവരങ്ങളുടെ യാഥാർത്ഥ്യം നീ അറിയേണ്ടതിന്, 4അത് ക്രമമായി എഴുതുന്നത് നല്ലതാണെന്ന് ആദിമുതൽ സകലവും സൂക്ഷ്മമായി പരിശോധിച്ചിട്ട് എനിക്കും തോന്നിയിരിക്കുന്നു.
സ്നാപകയോഹന്നാന്റെ ജനനത്തെപ്പറ്റിയുള്ള അറിയിപ്പ്
5യെഹൂദ്യരാജാവായ ഹെരോദാവിൻ്റെ ഭരണകാലത്ത് അഹീയാവിന്റെ പൗരോഹിത്യ ഗണത്തിൽ ഉൾപ്പെട്ടിരുന്ന സെഖര്യാവ് എന്നു പേരുള്ളോരു പുരോഹിതൻ ഉണ്ടായിരുന്നു; #1:5 1 ദിന 24: 10 ദാവീദ് പുരോഹിതന്മാരെ 24 ഗണങ്ങളാക്കി തിരിച്ചതിൽ ഒരു ഗണത്തിൻ്റെ പിതാവാണ് അബീയാവ് അവന്റെ ഭാര്യ അഹരോന്റെ പുത്രിമാരിൽ ഒരുവൾ ആയിരുന്നു; അവൾക്ക് എലിസബെത്ത് എന്നു പേർ. 6ഇരുവരും ദൈവസന്നിധിയിൽ നീതിയുള്ളവരും കർത്താവിന്റെ സകല കല്പനകളും ന്യായങ്ങളും അനുസരിക്കുന്നവരും ആയിരുന്നു. 7എലിസബെത്ത് വന്ധ്യയായിരുന്നതു കൊണ്ടു അവർക്ക് മക്കൾ ഇല്ലായിരുന്നു; ഇരുവരും വൃദ്ധരും ആയിരുന്നു.
8സെഖര്യാവ് തന്റെ ഗണത്തിൻ്റെ ക്രമം അനുസരിച്ച് ദൈവസന്നിധിയിൽ പുരോഹിതനായി ശുശ്രൂഷ ചെയ്തുവരുമ്പോൾ: 9പൗരോഹിത്യമര്യാദപ്രകാരം കർത്താവിന്റെ മന്ദിരത്തിൽ ചെന്നു ധൂപം കാട്ടുവാൻ അവനെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. 10അവൻ ധൂപം കാട്ടുന്ന സമയത്ത് ജനസമൂഹം ഒക്കെയും പുറത്തു പ്രാർത്ഥിച്ചുകൊണ്ടിരുന്നു. 11അപ്പോൾ കർത്താവിന്റെ ദൂതൻ ധൂപപീഠത്തിന്റെ വലത്തുഭാഗത്ത് നില്ക്കുന്നവനായിട്ട് അവനു പ്രത്യക്ഷനായി. 12സെഖര്യാവ് അവനെ കണ്ടു പരിഭ്രമിച്ചു. 13ദൂതൻ അവനോട് പറഞ്ഞത്: ”സെഖര്യാവേ, ഭയപ്പെടേണ്ടാ; നിന്റെ പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിച്ചു: നിന്റെ ഭാര്യ എലിസബെത്ത് നിനക്കു ഒരു മകനെ പ്രസവിക്കും; അവനു യോഹന്നാൻ എന്നു പേർ ഇടേണം. 14നിനക്കു സന്തോഷവും ഉല്ലാസവും ഉണ്ടാകും; അവന്റെ ജനനം പലർക്കും സന്തോഷം ഉളവാക്കും. 15അവൻ കർത്താവിന് വേണ്ടി വലിയ കാര്യങ്ങൾ ചെയ്യും; വീഞ്ഞും മദ്യവും കുടിക്കുകയില്ല; അമ്മയുടെ ഗർഭത്തിൽവച്ച് തന്നെ പരിശുദ്ധാത്മാവുകൊണ്ടു നിറയും. 16അവൻ യിസ്രായേൽ മക്കളിൽ പലരെയും അവരുടെ ദൈവമായ കർത്താവിലേക്ക് മടക്കിവരുത്തും. 17അവൻ കർത്താവിന് മുമ്പായി ഏലീയാവിന്റെ ആത്മാവോടും ശക്തിയോടുംകൂടെ നടക്കും; അവൻ മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധം പുന:സ്ഥാപിക്കും; അവൻ അനുസരിക്കാത്തവരെ നീതിമാന്മാരുടെ വിവേകത്തിലേക്ക് തിരിച്ചു കൊണ്ടുവരും; അങ്ങനെ ഒരുക്കമുള്ള ഒരു ജനത്തെ കർത്താവിനുവേണ്ടി തയ്യാറാക്കും.”
18സെഖര്യാവ് ദൂതനോട്: ”ഇവ സംഭവിക്കും എന്നു ഞാൻ എങ്ങനെ അറിയും? ഞാൻ വൃദ്ധനും എന്റെ ഭാര്യ വയസ്സുചെന്നവളുമല്ലോ” എന്നു പറഞ്ഞു.
19ദൂതൻ അവനോട്: ”ഞാൻ ദൈവസന്നിധിയിൽ നില്ക്കുന്ന ഗബ്രിയേൽ ആകുന്നു; നിന്നോട് സംസാരിപ്പാനും ഈ സദ്വർത്തമാനം നിന്നോട് അറിയിക്കുവാനും എന്നെ അയച്ചിരിക്കുന്നു. 20തക്കസമയത്ത് സംഭവിപ്പാനുള്ള എന്റെ ഈ വാക്ക് വിശ്വസിക്കാഞ്ഞതുകൊണ്ട് അത് സംഭവിക്കും വരെ നീ സംസാരിപ്പാൻ കഴിയാതെ മൗനമായിരിക്കും” എന്നു ഉത്തരം പറഞ്ഞു.
21ജനം സെഖര്യാവിനായി കാത്തിരുന്നു, അവൻ മന്ദിരത്തിൽ നിന്നു പുറത്തുവരാൻ താമസിച്ചതിനാൽ ആശ്ചര്യപ്പെട്ടു. 22അവൻ പുറത്തു വന്നപ്പോൾ അവരോട് സംസാരിപ്പാൻ കഴിഞ്ഞില്ല; അതിനാൽ അവൻ മന്ദിരത്തിൽ ഒരു ദർശനം കണ്ടു എന്നു അവർ അറിഞ്ഞ്; അവൻ അവരോട് ആംഗ്യഭാഷയിൽ സംസാരിച്ചു ഊമനായി പാർത്തു. 23അവന്റെ ശുശ്രൂഷാകാലം പൂർത്തിയായപ്പോൾ അവൻ വീട്ടിലേക്ക് മടങ്ങിപ്പോയി.
24ആ നാളുകൾ കഴിഞ്ഞിട്ട് അവന്റെ ഭാര്യ എലിസബെത്ത് ഗർഭംധരിച്ചു. അഞ്ചു മാസം എലിസബെത്ത് ഒളിച്ചു പാർത്തു. 25”മനുഷ്യരുടെ ഇടയിൽ എനിക്കുണ്ടായിരുന്ന നിന്ദ നീക്കുവാൻ കർത്താവിന് എന്നോട് ദയ തോന്നിയ നാളിൽ ഇങ്ങനെ എനിക്ക് ചെയ്തുതന്നിരിക്കുന്നു” എന്നു എലിസബെത്ത് പറഞ്ഞു.
യേശുവിന്റെ ജനനത്തെപ്പറ്റിയുള്ള മുന്നറിയിപ്പ്
26എലിസബെത്ത് ഗർഭിണിയായി ആറു മാസം കഴിഞ്ഞപ്പോൾ ദൈവം ഗബ്രിയേൽദൂതനെ ഗലീലയിലെ നസറെത്ത് എന്ന പട്ടണത്തിലേക്ക് അയച്ചു. 27അവിടെ ദാവീദിന്റെ പിന്തുടർച്ചക്കാരനായ യോസേഫ് എന്നൊരു പുരുഷന് വിവാഹം നിശ്ചയിച്ചിരുന്ന കന്യകയുടെ അടുക്കൽ അയച്ചു; ആ കന്യകയുടെ പേർ മറിയ എന്നു ആയിരുന്നു. 28ദൂതൻ അവളുടെ അടുക്കൽ അകത്ത് ചെന്നു: ”കൃപ ലഭിച്ചവളേ, നിനക്കു വന്ദനം; കർത്താവ് നിന്നോടുകൂടെ ഉണ്ട്” എന്നു പറഞ്ഞു.
29അവൾ ആ വാക്ക് കേട്ടു ഭയപരവശയായി. ഇതു എന്തിനാണ് തന്നോട് പറയുന്നത് എന്നു വിചാരിച്ചു. 30ദൂതൻ അവളോട്: ”മറിയയേ, ഭയപ്പെടേണ്ടാ; നിനക്കു ദൈവത്തിന്റെ കൃപ ലഭിച്ചു. 31നീ ഗർഭംധരിച്ചു ഒരു മകനെ പ്രസവിക്കും; അവനു യേശു എന്നു പേർ വിളിക്കേണം. 32അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; കർത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവനു കൊടുക്കും 33അവൻ യാക്കോബിന്റെ സന്തതി പരമ്പരകൾക്ക് എന്നേക്കും രാജാവായിരിക്കും; അവന്റെ രാജ്യത്തിന് അവസാനം ഉണ്ടാകയില്ല” എന്നു പറഞ്ഞു.
34മറിയ ദൂതനോട്: ”ഞാൻ കന്യക ആയതിനാൽ ഇതു എങ്ങനെ സംഭവിക്കും” എന്നു പറഞ്ഞു.
35അതിന് ദൂതൻ: ”പരിശുദ്ധാത്മാവ് നിന്റെമേൽ വരും; അത്യുന്നതന്റെ ശക്തിയാൽ അത് സംഭവിക്കും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധശിശു ദൈവപുത്രൻ എന്നു വിളിക്കപ്പെടും. 36നിന്റെ ബന്ധുവായ എലിസബെത്ത് വൃദ്ധയായിരുന്നിട്ടും ഒരു മകനെ ഗർഭം ധരിച്ചിരിക്കുന്നു; വന്ധ്യ എന്നു പറഞ്ഞുവന്നവൾക്ക് ഇതു ആറാം മാസം. 37ദൈവത്തിന് ഒരു കാര്യവും അസാദ്ധ്യമല്ല” എന്നു ഉത്തരം പറഞ്ഞു.
38അതിന് മറിയ: ”ഇതാ, ഞാൻ കർത്താവിന്റെ ദാസി; അതുകൊണ്ട് നീ പറഞ്ഞ കാര്യങ്ങൾ എനിക്ക് സംഭവിക്കട്ടെ” എന്നു പറഞ്ഞു; ദൂതൻ അവളെ വിട്ടുപോയി.
39കുറച്ച് ദിവസങ്ങൾക്ക് ശേഷം മറിയ വളരെ വേഗം മലനാട്ടിൽ ഒരു യെഹൂദ്യപട്ടണത്തിൽ ചെന്നു, 40അവിടെ സെഖര്യാവിന്റെ വീട്ടിൽ എത്തി എലിസബെത്തിനെ വന്ദനം ചെയ്തു. 41മറിയയുടെ വന്ദനം എലിസബെത്ത് കേട്ടപ്പോൾ ശിശു അവളുടെ ഗർഭത്തിൽ തുള്ളി; എലിസബെത്ത് പരിശുദ്ധാത്മാവ് നിറഞ്ഞു, 42ഇപ്രകാരം ഉച്ചത്തിൽ വിളിച്ചു പറഞ്ഞു: ”സകല സ്ത്രീകളിലും നീ അനുഗ്രഹിക്കപ്പെട്ടവളാണ്; നിന്റെ ഗർഭത്തിലുള്ള ശിശുവും അനുഗ്രഹിക്കപ്പെട്ടതാണ്. 43എന്റെ കർത്താവിന്റെ മാതാവ് എന്റെ അടുക്കൽ വരുവാനുള്ള ഭാഗ്യം എനിക്ക് എവിടെ നിന്നു ഉണ്ടായി. 44നിന്റെ വന്ദനസ്വരം ഞാൻ കേട്ടപ്പോൾ ശിശു എന്റെ ഗർഭത്തിൽ ആനന്ദംകൊണ്ട് തുള്ളി. 45കർത്താവ് തന്നോട് അരുളിച്ചെയ്ത കാര്യങ്ങൾ സംഭവിക്കും എന്നു വിശ്വസിച്ചവൾ ഭാഗ്യവതി.”
46അപ്പോൾ മറിയ പറഞ്ഞത്:
“എന്റെ ഉള്ളം കർത്താവിനെ മഹിമപ്പെടുത്തുന്നു;
47എന്റെ ആത്മാവ് എന്റെ രക്ഷിതാവായ ദൈവത്തിൽ സന്തോഷിക്കുന്നു.
48അവൻ തന്റെ ദാസിയുടെ താഴ്ചയെ അംഗീകരിച്ചിരിക്കുന്നു;
ഇന്നുമുതൽ എല്ലാ തലമുറകളും എന്നെ ഭാഗ്യവതി എന്നു വാഴ്ത്തും.
49സർവ്വശക്തൻ എനിക്ക് വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു;
അവന്റെ നാമം പരിശുദ്ധം ആകുന്നു.
50അവനെ ഭയപ്പെടുന്നവർക്ക്
അവന്റെ കരുണ തലമുറതലമുറയോളം ലഭിക്കുന്നു.
51അവൻ തന്റെ കയ്യാൽ ശക്തമായ കാര്യങ്ങൾ ചെയ്തു.
തങ്ങളുടെ ചിന്തകളിൽ അഹങ്കരിക്കുന്നവരെ ചിതറിച്ചിരിക്കുന്നു.
52പ്രഭുക്കന്മാരെ അവരുടെ സിംഹാസനങ്ങളിൽ നിന്നു ഇറക്കി
വിനീതരെ ഉയർത്തിയിരിക്കുന്നു.
53വിശന്നിരിക്കുന്നവർക്ക് ആവശ്യമായ ആഹാരം നൽകി,
സമ്പന്നന്മാരെ വെറുതെ അയച്ചു.
54നമ്മുടെ പിതാക്കന്മാരോട് അരുളിച്ചെയ്തതുപോലെ
അബ്രാഹാമിനും അവന്റെ സന്തതിയ്ക്കും എന്നേക്കും കരുണ ലഭിക്കേണ്ടതിനു,
55തന്റെ ദാസനായ യിസ്രായേലിനെ സഹായിച്ചിരിക്കുന്നു.”
56മറിയ ഏകദേശം മൂന്നുമാസം എലിസബെത്തിനോട് കൂടെ താമസിച്ചിട്ട് വീട്ടിലേക്ക് മടങ്ങിപ്പോയി.
57എലിസബെത്തിന് പ്രസവിപ്പാനുള്ള സമയം തികഞ്ഞപ്പോൾ അവൾ ഒരു മകനെ പ്രസവിച്ചു; 58കർത്താവ് അവൾക്ക് വലിയ കരുണ കാണിച്ചു എന്നു അയൽക്കാരും ബന്ധുക്കളും കേട്ടിട്ടു അവളോടുകൂടെ സന്തോഷിച്ചു.
59എട്ടാം നാളിൽ അവർ പൈതലിനെ പരിച്ഛേദന ചെയ്വാൻ കൊണ്ടു വന്നു; യെഹൂദന്മാരുടെ പാരമ്പര്യം അനുസരിച്ചു അപ്പന്റെ പേർപോലെ അവനു സെഖര്യാവ് എന്നു പേർ വിളിക്കുവാൻ തീരുമാനിച്ചു. 60അവന്റെ അമ്മയോ: ”അല്ല, അവനു യോഹന്നാൻ” എന്നു പേരിടേണം എന്നു പറഞ്ഞു.
61അവർ അവളോട്: ”നിന്റെ ബന്ധുക്കൾക്ക് ആർക്കും ആ പേര് ഇല്ലല്ലോ” എന്നു പറഞ്ഞു.
62പിന്നെ അവനു എന്ത് പേരിടാൻ ആഗ്രഹിക്കുന്നു എന്നു അപ്പനോട് ആംഗ്യം കാട്ടി ചോദിച്ചു. 63അവൻ ഒരു എഴുത്തു പലക ചോദിച്ചു: അവന്റെ പേർ യോഹന്നാൻ എന്നു എഴുതി; എല്ലാവരും ആശ്ചര്യപ്പെട്ടു. 64ഉടനെ അവന്റെ സംസാരശേഷി തിരികെ ലഭിച്ചു, അവൻ സംസാരിച്ചു ദൈവത്തെ സ്തുതിച്ചു. 65അയൽക്കാർക്കെല്ലാം ദൈവത്തിന്റെ ശക്തിയെക്കുറിച്ച് ഭയവും ആശ്ചര്യവും ഉണ്ടായി; യെഹൂദ്യമലനാട്ടിൽ എങ്ങും ഈ വാർത്ത ഒക്കെയും പ്രസിദ്ധമായി 66കേട്ടവർ എല്ലാവരും അവിടെ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചു: ഈ പൈതൽ ആരാകും എന്നു പറഞ്ഞു; കർത്താവിന്റെ ശക്തി അവനോട് കൂടെ ഉണ്ടായിരുന്നു.
67അവന്റെ പിതാവായ സെഖര്യാവ് പരിശുദ്ധാത്മാവിൽ നിറഞ്ഞ് ഇപ്രകാരം പ്രവചിച്ചു:
68“യിസ്രായേലിന്റെ ദൈവമായ കർത്താവ് അനുഗ്രഹിക്കപ്പെട്ടവൻ.
അവിടുന്ന് തന്റെ ജനത്തെ സന്ദർശിച്ചു അവരെ സ്വതന്ത്രരാക്കും.
69ആദിമുതൽ തന്റെ വിശുദ്ധപ്രവാചകന്മാരിലൂടെ അരുളിച്ചെയ്തതുപോലെ
70അവിടുന്ന് ശക്തനായ രക്ഷകനെ തന്റെ ദാസനായ ദാവീദിന്റെ സന്തതി പരമ്പരകളിൽ നിന്നു
നമുക്ക് നൽകിയിരിക്കുന്നു.
71അവിടുന്ന് നമ്മെ നമ്മുടെ ശത്രുക്കളിൽ നിന്നും,
നമ്മെ വെറുക്കുന്നവരുടെ കയ്യിൽനിന്നും,
രക്ഷിക്കും എന്നു വാഗ്ദത്തം ചെയ്തിരിക്കുന്നു.
72അങ്ങനെ നമ്മുടെ പിതാക്കന്മാരോട് കരുണ കാണിക്കുകയും,
അവരോട് ചെയ്ത വിശുദ്ധ ഉടമ്പടി നിറവേറ്റുകയും ചെയ്തു.
73നമ്മുടെ പൂർവ്വപിതാവായ അബ്രാഹാമിനോട് സത്യം ചെയ്തതാണു ഈ ഉടമ്പടി.
74നമ്മെ ശത്രുക്കളുടെ കയ്യിൽനിന്നും വിടുവിക്കുവാനും
നമ്മുടെ ആയുഷ്ക്കാലം മുഴുവനും ഭയംകൂടാതെ തിരുമുമ്പിൽ
75വിശുദ്ധിയോടും നീതിയോടും കൂടെ അവനെ സേവിക്കുവാൻ
നമുക്കു കൃപ നൽകും എന്നായിരുന്നു ആ ഉടമ്പടി.
76നീയോ പൈതലേ, അത്യുന്നതന്റെ പ്രവാചകൻ എന്നു വിളിക്കപ്പെടും.
എന്തുകൊണ്ടെന്നാൽ കർത്താവിന്റെ വഴി ഒരുക്കുവാനും
77നമ്മുടെ ദൈവത്തിന്റെ ആർദ്രകരുണയാൽ
അവിടുത്തെ ജനത്തിന് പാപമോചനം ലഭിക്കുമെന്ന്
അറിയിക്കാനുമായി നീ അവനു മുമ്പായി നടക്കും.
78സത്യം അറിയാതിരിക്കുന്നവരുടെയും
മരണത്തിന്റെ ഭീതിയിൽ കഴിയുന്നവരുടെയും മേൽ പ്രകാശിച്ച്,
അവരെ സമാധാനമാർഗ്ഗത്തിൽ നടത്തേണ്ടതിന്
79ആ ആർദ്രകരുണയാൽ ഉദയസൂര്യനെ പോലെയുള്ള രക്ഷകൻ
സ്വർഗ്ഗത്തിൽനിന്നു നമ്മെ സന്ദർശിച്ചിരിക്കുന്നു.”
80പൈതൽ വളർന്ന് ആത്മാവിൽ ബലപ്പെട്ടു; അവൻ യിസ്രായേൽ ജനങ്ങളുടെ മുൻപിൽ തന്റെ പരസ്യശുശ്രൂഷ തുടങ്ങുന്ന നാൾവരെയും മരുഭൂമിയിൽ ആയിരുന്നു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
ലൂക്കൊ. 1: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.