ലൂക്കോസ് 1:39-80

ലൂക്കോസ് 1:39-80 MCV

ചില ദിവസത്തിനുശേഷം മറിയ എഴുന്നേറ്റ് യെഹൂദ്യപ്രവിശ്യയിലെ മലനിരയിലുള്ള ഒരു പട്ടണത്തിലേക്കു തിടുക്കത്തിൽ യാത്രപുറപ്പെട്ടു. അവിടെ അവൾ സെഖര്യാവിന്റെ ഭവനത്തിൽ ചെന്നു. അവൾ എലിസബത്തിനെ വന്ദിച്ചു. മറിയയുടെ വന്ദനം എലിസബത്ത് കേട്ടപ്പോൾ ഗർഭസ്ഥശിശു അവളുടെ ഉദരത്തിൽ തുള്ളിച്ചാടി; എലിസബത്ത് പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിലായി, ഉച്ചത്തിൽ വിളിച്ചുപറഞ്ഞത്: “നീ സ്ത്രീകളിൽ അനുഗ്രഹിക്കപ്പെട്ടവൾ; നിനക്കു ജനിക്കുന്ന ശിശുവും അനുഗ്രഹിക്കപ്പെട്ടവൻ! എന്റെ കർത്താവിന്റെ മാതാവ് എന്നെ സന്ദർശിക്കാൻ തക്ക കൃപ എനിക്കു ലഭിച്ചത് എങ്ങനെ? നിന്റെ വന്ദനവചസ്സുകൾ എന്റെ കാതുകളിൽ പതിച്ചമാത്രയിൽത്തന്നെ ശിശു എന്റെ ഉദരത്തിൽ ആനന്ദിച്ചു തുള്ളിച്ചാടി. കർത്താവ് അരുളിച്ചെയ്തത് നിറവേറുമെന്ന് വിശ്വസിച്ച നീ അനുഗൃഹീത!” ഇതിന് മറിയ പ്രതിവചിച്ചത്: “എന്റെ ഉള്ളം കർത്താവിനെ പുകഴ്ത്തുന്നു; എന്റെ ആത്മാവ് എന്റെ രക്ഷിതാവായ ദൈവത്തിൽ ആനന്ദിക്കുന്നു. അവിടന്ന് തന്റെ ദാസിയുടെ ദൈന്യത്തെ പരിഗണിച്ചല്ലോ; ഇപ്പോൾമുതൽ എല്ലാ തലമുറകളും എന്നെ അനുഗ്രഹിക്കപ്പെട്ടവൾ എന്നു വാഴ്ത്തും. സർവശക്തൻ എനിക്കുവേണ്ടി വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു; പരിശുദ്ധമല്ലോ അവിടത്തെ നാമം. അവിടത്തെ ഭക്തർക്ക് കരുണ തലമുറതലമുറവരെ നിലനിൽക്കും. തന്റെ ഭുജത്താൽ അവിടന്നു വൻകാര്യങ്ങൾ പ്രവർത്തിച്ചിരിക്കുന്നു; അന്തരംഗങ്ങളിൽ അഹങ്കരിക്കുന്നവരെ അവിടന്നു ചിതറിച്ചിരിക്കുന്നു. അധിപതികളെ സിംഹാസനങ്ങളിൽനിന്ന് ഇറക്കി, നമ്രഹൃദയരെ ഉയർത്തിയിരിക്കുന്നു. വിശപ്പുള്ളവരെ നന്മകളാൽ നിറച്ചും ധനികരെ വെറുംകൈയോടെ അയച്ചും; അബ്രാഹാമിനോടും അദ്ദേഹത്തിന്റെ അനന്തരാവകാശികളോടും അനന്തമായി കരുണ കാണിക്കുമെന്ന വാഗ്ദാനം വിസ്മരിക്കാതെ, അവിടന്ന് നമ്മുടെ പൂർവികരോട് വാഗ്ദത്തം ചെയ്തതുപോലെതന്നെ തന്റെ ദാസനായ ഇസ്രായേലിനെ സഹായിച്ചുമിരിക്കുന്നു!” മറിയ ഏകദേശം മൂന്നുമാസം എലിസബത്തിനോടുകൂടെ താമസിച്ചതിനുശേഷം സ്വഭവനത്തിലേക്കു തിരികെപ്പോയി. പ്രസവകാലം തികഞ്ഞപ്പോൾ എലിസബത്ത് ഒരു മകനു ജന്മംനൽകി. കർത്താവ് അവളോടു മഹാകരുണ കാണിച്ചെന്നു കേട്ട് അവളുടെ അയൽക്കാരും ബന്ധുക്കളും അവളുടെ ആനന്ദത്തിൽ പങ്കുചേർന്നു. എട്ടാംദിവസം ശിശുവിനെ പരിച്ഛേദനകർമം ചെയ്യിക്കുന്നതിനായി അവർ ഒത്തുചേർന്നു; അവർ ശിശുവിന് പിതാവിന്റെ പേരുപോലെതന്നെ സെഖര്യാവ് എന്നു നാമകരണംചെയ്യാൻ തുനിഞ്ഞു. എന്നാൽ ശിശുവിന്റെ അമ്മ “അങ്ങനെയല്ല, അവനെ യോഹന്നാൻ എന്നാണ് വിളിക്കേണ്ടത്,” എന്നു പറഞ്ഞു. വന്നുകൂടിയവർ അതിന് “ഈ പേരുള്ള ആരുംതന്നെ നിന്റെ ബന്ധുക്കളുടെ കൂട്ടത്തിൽ ഇല്ലല്ലോ,” എന്ന് എലിസബത്തിനോട് പറഞ്ഞു. അവർ പിന്നെ, ശിശുവിന്റെ പിതാവിനോട് അവന് എന്തു പേരിടാനാണ് ആഗ്രഹിക്കുന്നതെന്ന് ആംഗ്യംകാട്ടി ചോദിച്ചു. സെഖര്യാവ് ഒരു എഴുത്തുപലക ആവശ്യപ്പെട്ടു. “അവന്റെ പേര് യോഹന്നാൻ,” എന്ന് അദ്ദേഹം എഴുതി; എല്ലാവരും വിസ്മയിച്ചു. പെട്ടെന്ന് അദ്ദേഹത്തിന്റെ വായ് തുറന്നു; നാവിന്റെ കെട്ടഴിഞ്ഞു, ദൈവത്തെ സ്തുതിച്ചുകൊണ്ട് സംസാരിക്കാൻ തുടങ്ങി. ഈ സംഭവം അയൽവാസികളിൽ ഭയമുളവാക്കി. യെഹൂദ്യപ്രവിശ്യയിലെ മലനാടുകളിലെല്ലാം ഇതൊരു ചർച്ചാവിഷയമായി. കേട്ടവർ കേട്ടവർ അതേപ്പറ്റി അത്ഭുതപ്പെട്ടുകൊണ്ട്, “ഈ ശിശു ആരാകും?” എന്നു പരസ്പരം ചോദിക്കാൻ തുടങ്ങി. കർത്താവിന്റെ കരം യോഹന്നാനോടുകൂടെ ഉണ്ടായിരുന്നു. യോഹന്നാന്റെ പിതാവായ സെഖര്യാവ് പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിലായി ഇപ്രകാരം പ്രവചിച്ചു: “ഇസ്രായേലിന്റെ ദൈവമായ കർത്താവ് വാഴ്ത്തപ്പെട്ടവൻ; അവിടന്ന് തന്റെ ജനത്തെ സന്ദർശിച്ച് വിമുക്തരാക്കിയിരിക്കുന്നു. ദൈവം പുരാതനകാലത്ത് അവിടത്തെ വിശുദ്ധപ്രവാചകന്മാരിലൂടെ അരുളിച്ചെയ്തിരുന്നതുപോലെതന്നെ, തന്റെ ദാസനായ ദാവീദുരാജാവിന്റെ വംശത്തിൽനിന്നുതന്നെ; സർവശക്തനായ ഒരു രക്ഷകനെ നമുക്കായി അയച്ചിരിക്കുന്നു. ഇത് നമ്മുടെ ശത്രുക്കളിൽനിന്നും നമ്മെ വെറുക്കുന്ന എല്ലാവരുടെയും കൈയിൽനിന്നും നമ്മെ രക്ഷിക്കേണ്ടതിനും നമ്മുടെ പൂർവികരോടു കരുണ കാണിക്കേണ്ടതിനും നമ്മുടെ പിതാവായ അബ്രാഹാമിനോടു ശപഥംചെയ്ത വിശുദ്ധ ഉടമ്പടി ഓർക്കേണ്ടതിനും ശത്രുക്കളുടെ കൈയിൽനിന്ന് നമ്മെ സ്വതന്ത്രരാക്കേണ്ടതിനും തിരുസന്നിധിയിൽ വിശുദ്ധിയോടും നീതിനിഷ്ഠയോടുംകൂടെ നമ്മുടെ ആയുസ്സുമുഴുവനും ഭയംകൂടാതെ നാം അവിടത്തെ സേവിക്കേണ്ടതിനുംകൂടിയാണ്! “നീയോ എന്റെ മകനേ, പരമോന്നതന്റെ പ്രവാചകൻ എന്നു വിളിക്കപ്പെടും. കർത്താവിനുവേണ്ടി വഴിയൊരുക്കാൻ, നമ്മുടെ ദൈവത്തിന്റെ കരുണാതിരേകത്താൽ തന്റെ ജനത്തിനു പാപമോചനത്തിലൂടെ രക്ഷയുടെ പരിജ്ഞാനം നൽകാൻ, നീ കർത്താവിനുമുമ്പായി നടക്കും. അന്ധതമസ്സിലും മരണനിഴലിലും കഴിയുന്നവരുടെമേൽ പ്രകാശിക്കുന്നതിനും നമ്മുടെ കാലുകളെ സമാധാനപാതയിൽ നയിക്കുന്നതിനും അവിടത്തെ കരുണാധിക്യത്താൽ, ഉദയസൂര്യൻ സ്വർഗത്തിൽനിന്ന് നമ്മെ സന്ദർശിക്കും.” ശിശുവായ യോഹന്നാൻ വളർന്നു, ആത്മാവിൽ ശക്തിപ്പെട്ടു: ഇസ്രായേലിലെ തന്റെ പരസ്യശുശ്രൂഷ ആരംഭിക്കുന്നതുവരെ അദ്ദേഹം മരുഭൂമിയിൽ താമസിച്ചു.