ദാനീയേൽ 11:1-20

ദാനീയേൽ 11:1-20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഞാനോ മേദ്യനായ ദാര്യാവേശിന്റെ ഒന്നാം ആണ്ടിൽ അവനെ ഉറപ്പിപ്പാനും ബലപ്പെടുത്തുവാനും എഴുന്നേറ്റുനിന്നു. ഇപ്പോഴോ, ഞാൻ നിന്നോടു സത്യം അറിയിക്കാം: പാർസിദേശത്ത് ഇനി മൂന്നു രാജാക്കന്മാർ എഴുന്നേല്ക്കും; നാലാമത്തവൻ എല്ലാവരിലും അധികം ധനവാനായിരിക്കും; അവൻ ധനംകൊണ്ടു ശക്തിപ്പെട്ടുവരുമ്പോൾ എല്ലാവരെയും യവനരാജ്യത്തിനു നേരേ ഉദ്യോഗിപ്പിക്കും. പിന്നെ വിക്രമനായൊരു രാജാവ് എഴുന്നേല്ക്കും; അവൻ വലിയ അധികാരത്തോടെ വാണ് ഇഷ്ടംപോലെ പ്രവർത്തിക്കും. അവൻ നില്ക്കുമ്പോൾ തന്നെ, അവന്റെ രാജ്യം തകർന്ന്, ആകാശത്തിലെ നാലു കാറ്റിലേക്കും ഭേദിച്ചു പോകും; അത് അവന്റെ സന്തതിക്കല്ല അവൻ വാണിരുന്ന അധികാരംപോലെയുമല്ല അവന്റെ രാജത്വം നിർമ്മൂലമായി അവർക്കല്ല അന്യർക്ക് അധീനമാകും. എന്നാൽ തെക്കേദേശത്തിലെ രാജാവ് പ്രാബല്യം പ്രാപിക്കും; അവന്റെ പ്രഭുക്കന്മാരിൽ ഒരുത്തൻ അവനെക്കാൾ പ്രബലനായി വാഴും; അവന്റെ ആധിപത്യം മഹാധിപത്യമായിത്തീരും. കുറെക്കാലം കഴിഞ്ഞിട്ട് അവർ തമ്മിൽ ഏകോപിക്കും; തെക്കേദേശത്തിലെ രാജാവിന്റെ മകൾ വടക്കേദേശത്തിലെ രാജാവിന്റെ അടുക്കൽ ഉടമ്പടി ചെയ്‍വാൻ വരും; എങ്കിലും അതു നില്ക്കയില്ല; അവനും അവന്റെ സന്തതിയും നിലനില്ക്കയുമില്ല; അവളും അവളെ കൊണ്ടുചെന്നവരും അവളുടെ ജനകനും അവളെ തുണച്ചവനും ഭീതിവിഷയങ്ങളായിത്തീരും. എന്നാൽ അവനു പകരം അവളുടെ വേരിൽ നിന്നു മുളച്ച തൈയായ ഒരുവൻ എഴുന്നേല്ക്കും; അവൻ ബലം പ്രാപിച്ചു വടക്കേദേശത്തിലെ രാജാവിന്റെ കോട്ടയിൽ കടന്ന് അവരുടെ നേരേ പ്രവർത്തിച്ചു ജയിക്കും. അവരുടെ ദേവന്മാരെയും ബിംബങ്ങളെയും വെള്ളിയും പൊന്നുംകൊണ്ടുള്ള മനോഹരവസ്തുക്കളെയും അവൻ എടുത്തു മിസ്രയീമിലേക്കു കൊണ്ടുപോകും; പിന്നെ അവൻ കുറെ സംവത്സരത്തോളം വടക്കേദേശത്തിലെ രാജാവിനോടു പൊരുതാതിരിക്കും. അവൻ തെക്കേദേശത്തിലെ രാജാവിന്റെ രാജ്യത്തേക്കു ചെന്നു സ്വദേശത്തേക്കു മടങ്ങിപ്പോരും. അവന്റെ പുത്രന്മാരോ വീണ്ടും യുദ്ധം ആരംഭിക്കയും ബഹുപുരുഷാരം അടങ്ങിയ മഹാസൈന്യങ്ങളെ ശേഖരിക്കയും ചെയ്യും; അതു വന്നു കവിഞ്ഞു കടന്നുപോകും; പിന്നെ അവൻ മടങ്ങിച്ചെന്ന് അവന്റെ കോട്ടവരെ യുദ്ധം നടത്തും. അപ്പോൾ തെക്കേദേശത്തിലെ രാജാവ് ദ്വേഷ്യംപൂണ്ട് പുറപ്പെട്ട് വടക്കേദേശത്തിലെ രാജാവിനോടു യുദ്ധം ചെയ്യും; അവൻ വലിയൊരു സമൂഹത്തെ അണിനിരത്തും; എന്നാൽ ആ സമൂഹം മറ്റവന്റെ കൈയിൽ ഏല്പിക്കപ്പെടും. ആ ജനസമൂഹം മുടിഞ്ഞുപോകും; അവന്റെ ഹൃദയം ഗർവിച്ച്, അവൻ പതിനായിരം പതിനായിരം പേരെ വീഴുമാറാക്കും; എങ്കിലും അവൻ പ്രാബല്യം പ്രാപിക്കയില്ല. വടക്കേദേശത്തിലെ രാജാവ് മടങ്ങിവന്ന്, മുമ്പിലത്തേതിനെക്കാൾ വലിയൊരു ജനസമൂഹത്തെ അണിനിരത്തും; ചില സംവത്സരം കഴിഞ്ഞിട്ട് അവൻ വലിയൊരു സൈന്യത്തോടും വളരെ സമ്പത്തോടുംകൂടെ പോരും. ആ കാലത്ത് പലരും തെക്കേദേശത്തിലെ രാജാവിന്റെ നേരേ എഴുന്നേല്ക്കും; നിന്റെ ജനത്തിലുള്ള അക്രമികൾ ദർശനത്തെ നിവർത്തിപ്പാൻ തക്കവണ്ണം മത്സരിക്കും; എങ്കിലും അവർ ഇടറിവീഴും. എന്നാൽ വടക്കേദേശത്തിലെ രാജാവ് വന്നു വാടകോരി ഉറപ്പുള്ള പട്ടണങ്ങളെ പിടിക്കും; തെക്കേപടക്കൂട്ടങ്ങളും അവന്റെ ശ്രേഷ്ഠജനവും ഉറച്ചുനില്ക്കയില്ല; ഉറച്ചുനില്പാൻ അവർക്കു ശക്തിയുണ്ടാകയുമില്ല. അവന്റെ നേരേ വരുന്നവൻ ഇഷ്ടംപോലെ പ്രവർത്തിക്കും; ആരും അവന്റെ മുമ്പാകെ നില്ക്കയില്ല; അവൻ മനോഹരദേശത്തു നില്ക്കും; അവന്റെ കൈയിൽ സംഹാരം ഉണ്ടായിരിക്കും. അവൻ തന്റെ സർവരാജ്യത്തിന്റെയും ശക്തിയോടുകൂടെ വരുവാൻ താൽപര്യം വയ്ക്കും; എന്നാൽ അവൻ അവനോട് ഒരു ഉടമ്പടി ചെയ്തു, അവനു നാശത്തിനായി തന്റെ മകളെ ഭാര്യയായി കൊടുക്കും; എങ്കിലും അവൾ നില്ക്കയില്ല; അവന് ഇരിക്കയുമില്ല. പിന്നെ അവൻ തീരപ്രദേശങ്ങളിലേക്കു മുഖം തിരിച്ചു പലതും പിടിക്കും; എന്നാൽ അവൻ കാണിച്ച നിന്ദ ഒരു അധിപതി നിർത്തലാക്കും; അത്രയുമല്ല, അവന്റെ നിന്ദ അവന്റെമേൽ തന്നെ വരുത്തും. പിന്നെ അവൻ സ്വദേശത്തിലെ കോട്ടകളുടെ നേരേ മുഖം തിരിക്കും; എങ്കിലും അവൻ ഇടറിവീണ്, ഇല്ലാതെയാകും. അവനു പകരം എഴുന്നേല്ക്കുന്നവൻ തന്റെ രാജ്യത്തിന്റെ മനോഹരഭാഗത്തുകൂടി ഒരു അപഹാരിയെ അയയ്ക്കും; എങ്കിലും കുറെ ദിവസത്തിനകം അവൻ സംഹരിക്കപ്പെടും. കോപത്താലല്ല, യുദ്ധത്താലുമല്ല.

ദാനീയേൽ 11:1-20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

മേദ്യനായ ദാര്യാവേശിന്റെ വാഴ്ചയുടെ ഒന്നാംവർഷം അദ്ദേഹത്തെ സഹായിക്കാനും ബലപ്പെടുത്താനും ഞാൻ ചെന്നു. ഇപ്പോൾ ഞാൻ നിന്നെ സത്യം അറിയിക്കാം. പേർഷ്യയിൽ ഇനി മൂന്നു രാജാക്കന്മാർകൂടി ഉയർന്നുവരും. നാലാമത്തെ രാജാവ് മറ്റുള്ളവരെക്കാൾ സമ്പന്നനായിരിക്കും. സമ്പത്തുകൊണ്ടു ശക്തനായിത്തീരുമ്പോൾ അയാൾ എല്ലാവരെയും ഗ്രീസ്‍സാമ്രാജ്യത്തിനു നേരെ ഇളക്കിവിടും. പിന്നീട് വീരപരാക്രമിയായ ഒരു രാജാവ് വരും. അയാൾ വലിയൊരു സാമ്രാജ്യത്തിന്റെ അധിപനാകും. അയാൾ യഥേഷ്ടം പ്രവർത്തിക്കും. അയാൾ അധികാരത്തിന്റെ ഉച്ചസ്ഥാനത്തെത്തുമ്പോൾ രാജ്യം തകർന്ന് ആകാശത്തിന്റെ നാലുദിക്കുകളിലേക്കും ചിതറും. രാജ്യം പിഴുതെടുത്ത് അന്യർക്കു നല്‌കപ്പെടും. എന്നാൽ അവർ അദ്ദേഹത്തെപ്പോലെ പ്രതാപമുള്ളവരായിരിക്കുകയില്ല. ഈജിപ്തിലെ രാജാവ് പ്രബലനായിരിക്കും. എന്നാൽ അവിടത്തെ സൈന്യാധിപന്മാരിലൊരാൾ അദ്ദേഹത്തെക്കാൾ പ്രബലനായിത്തീരും; അയാളുടെ സാമ്രാജ്യം വളരെ വിസ്തൃതമായിരിക്കും. ഏതാനും വർഷംകഴിഞ്ഞ് അവർ തമ്മിൽ ഒരു സഖ്യം ഉണ്ടാക്കും. ഈജിപ്തിലെ രാജാവിന്റെ പുത്രി അനുരഞ്ജനം ഉണ്ടാക്കാൻ സിറിയായിലെ രാജാവിന്റെ അടുക്കലെത്തും. എങ്കിലും അവളുടെ പ്രാബല്യം നീണ്ടുനില്‌ക്കുകയില്ല. അവളുടെ സന്തതി അറ്റുപോകും. രാജാവും അയാളുടെ സന്താനങ്ങളും നിലനില്‌ക്കുകയില്ല. അവളും അവളുടെ സന്തതിയും സേവകരും അവളുടെ പിതാവും അവൾക്കു പിന്തുണനല്‌കിയവരും കൊല്ലപ്പെടും. എന്നാൽ അവളുടെ വേരിൽനിന്ന് ഒരു മുള ഉയർന്നുവന്ന് അവൻ സിറിയായിലെ രാജാവിന്റെ കോട്ടയിൽ പ്രവേശിച്ച് അവിടത്തെ സൈന്യത്തെ എതിരിട്ടു ജയിക്കും. അവൻ അവരുടെ ദേവന്മാരുടെ വിഗ്രഹങ്ങളും വിലയേറിയ പൊൻവെള്ളി പാത്രങ്ങളും ഈജിപ്തിലേക്കു കൊണ്ടുപോകും. തുടർന്ന് ഏതാനും വർഷം സിറിയാദേശത്തെ ആക്രമിക്കുകയില്ല. പിന്നീട് സിറിയായിലെ രാജാവ് ഈജിപ്ത് ആക്രമിക്കാൻ വരും. എന്നാൽ സ്വന്ത ദേശത്തേക്ക് അയാൾ മടങ്ങിപ്പോകേണ്ടിവരും. അയാളുടെ പുത്രന്മാർ യുദ്ധം ഇളക്കിവിടുകയും വമ്പിച്ച ഒരു സൈന്യത്തെ ശേഖരിക്കുകയും ചെയ്യും. അവർ വെള്ളംപോലെ ഇരച്ചുകയറി ശത്രുക്കളുടെ കോട്ട ആക്രമിക്കും. അപ്പോൾ കോപാകുലനായ ഈജിത്‍രാജാവ് വലിയ സൈന്യബലമുള്ള സിറിയായോടു യുദ്ധംചെയ്യും. ഈജിപ്തിലെ രാജാവ് ആ വലിയ സൈന്യത്തെ അധീനമാക്കും. ആ സൈന്യവ്യൂഹത്തെ കീഴടക്കുമ്പോൾ അയാൾ അഹങ്കരിക്കും. അയാൾ പതിനായിരക്കണക്കിനു ജനത്തെ അരിഞ്ഞു വീഴ്ത്തും. പക്ഷേ അയാൾ പ്രബലനാകുകയില്ല. സിറിയാരാജാവ് പൂർവാധികം സംഖ്യാബലമുള്ള ഒരു സൈന്യത്തെ വീണ്ടും സജ്ജമാക്കും. ഏതാനും വർഷങ്ങൾക്കുശേഷം വിപുലമായ സൈന്യത്തോടും ആയുധസജ്ജീകരണങ്ങളോടുംകൂടി അയാൾ ആക്രമണത്തിനു വരും. അക്കാലത്ത് ഈജിപ്തിനെതിരെ പലരും തല ഉയർത്തും. ദാനിയേലേ, നിന്റെ ജനത്തിൽപ്പെട്ട അക്രമികൾ ഈ ദർശനം നിറവേറത്തക്കവിധം അയാൾക്കെതിരെ മത്സരിക്കും. എങ്കിലും അവർ പരാജയപ്പെടും. സിറിയായിലെ രാജാവുവന്ന് ഉപരോധം ഏർപ്പെടുത്തി ആ സുരക്ഷിതനഗരം പിടിച്ചടക്കും. ഈജിപ്തിലെ സൈന്യത്തിനും അവരുടെ വീരയോദ്ധാക്കൾക്കും പിടിച്ചുനില്‌ക്കാനുള്ള കരുത്തുണ്ടാവുകയില്ല. ആക്രമണകാരി തന്നിഷ്ടംപോലെ പ്രവർത്തിക്കും. ആർക്കും അവനോടു എതിർത്തുനില്‌ക്കാൻ കഴികയില്ല. വാഗ്ദത്തദേശത്ത് അയാൾ നില്‌ക്കും. അത് അയാളുടെ കൈക്കരുത്തിൽ അമരും. ഈജിപ്തുരാജാവിന്റെ ആധിപത്യത്തിലുള്ള രാജ്യം മുഴുവൻ കീഴടക്കാൻ അയാൾ തീരുമാനിക്കും. അയാൾ ഒരു സമാധാനഉടമ്പടി ഉണ്ടാക്കുകയും ശത്രുരാജ്യം നശിപ്പിക്കാൻവേണ്ടി തന്റെ പുത്രിയെ അവിടത്തെ രാജാവിനു വിവാഹം ചെയ്തുകൊടുക്കുകയും ചെയ്യും. പക്ഷേ ആ പദ്ധതി വിജയിക്കുകയില്ല. പിന്നീട് അവൻ തീരപ്രദേശത്തേക്കു തിരിയും. പല പ്രദേശങ്ങളും അയാൾ പിടിച്ചടക്കും. എന്നാൽ ഒരു വിദേശസൈന്യാധിപൻ അവന്റെ അഹങ്കാരത്തിനു കടിഞ്ഞാണിടും. അവന്റെ അഹങ്കാരം അവനെതിരെ തിരിയും. പിന്നീട് അവൻ സ്വന്തം ദേശത്തെ കോട്ടകളിലേക്കു മടങ്ങും. പക്ഷേ അവൻ കാലിടറി വീഴും. അതോടെ അവന്റെ കഥ അവസാനിക്കും. അവന്റെ പിൻഗാമിയായി വരുന്ന രാജാവ് വാഗ്ദത്തദേശത്തുനിന്നു കപ്പം പിരിക്കാൻ ഒരുവനെ അയയ്‍ക്കും. എന്നാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ പരസ്യമായോ യുദ്ധത്തിലോ അല്ലാതെ രാജാവ് കൊല്ലപ്പെടും.

ദാനീയേൽ 11:1-20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

ഞാനോ മേദ്യനായ ദാര്യാവേശിന്‍റെ ഒന്നാം ആണ്ടിൽ അവനെ ഉറപ്പിക്കുവാനും ബലപ്പെടുത്തുവാനും എഴുന്നേറ്റു നിന്നു. “ഇപ്പോൾ, ഞാൻ നിന്നോട് സത്യം അറിയിക്കാം: പാർസിദേശത്ത് ഇനി മൂന്നു രാജാക്കന്മാർ എഴുന്നേല്‍ക്കും; നാലാമത്തവൻ എല്ലാവരിലും അധികം ധനവാനായിരിക്കും; അവൻ ധനംകൊണ്ട് ശക്തിപ്പെട്ടുവരുമ്പോൾ എല്ലാവരെയും യവനരാജ്യത്തിനു നേരെ ഇളക്കിവിടും. “പിന്നെ ശക്തനായ ഒരു രാജാവ് എഴുന്നേല്‍ക്കും; അവൻ വലിയ അധികാരത്തോടെ വാണ്, തന്‍റെ ഇഷ്ടംപോലെ പ്രവർത്തിക്കും. അവൻ ഭരിക്കുമ്പോൾ തന്നെ, അവന്‍റെ രാജ്യം തകർന്ന്, ആകാശത്തിലെ നാലു കാറ്റിലേക്കും വിഭജിച്ചു പോകും; അത് അവന്‍റെ സന്തതിക്ക് ലഭിക്കുകയില്ല, അവൻ ഭരിച്ചിരുന്ന പ്രകാരവുമല്ല, അവന്‍റെ രാജത്വം നിർമ്മൂലമായി, അന്യാധീനമാകും. “എന്നാൽ തെക്കെദേശത്തിലെ രാജാവ് പ്രാബല്യം പ്രാപിക്കും; അവന്‍റെ പ്രഭുക്കന്മാരിൽ ഒരുത്തൻ അവനെക്കാൾ പ്രബലനായി വാഴും; അവന്‍റെ ആധിപത്യം മഹാധിപത്യമായിത്തീരും. കുറെക്കാലം കഴിഞ്ഞ് അവർ തമ്മിൽ യോജിക്കും; തെക്കെദേശത്തെ രാജാവിന്‍റെ മകൾ വടക്കെദേശത്തെ രാജാവിന്‍റെ അടുക്കൽ ഉടമ്പടി ചെയ്യുവാൻ വരും; എങ്കിലും ആ ഉടമ്പടി നിലനില്‍ക്കുകയില്ല; അവനും അവന്‍റെ ശക്തിയും നിലനിൽക്കുകയില്ല; അവളും അവളെ കൊണ്ടുചെന്നവരും അവളുടെ ജനകനും അവളെ തുണച്ചവനും ഉപേക്ഷിക്കപ്പെടും. എന്നാൽ അവനു പകരം അവളുടെ വേരിൽനിന്ന് മുളച്ച തൈയായ ഒരുവൻ എഴുന്നേല്‍ക്കും; അവൻ ബലം പ്രാപിച്ച് വടക്കെദേശത്തെ രാജാവിന്‍റെ കോട്ടയിൽ കടന്ന് അവരെ എതിരിട്ട് ജയിക്കും. അവരുടെ ദേവന്മാരെയും ബിംബങ്ങളെയും വെള്ളി, പൊന്ന് ഇവ കൊണ്ടുള്ള മനോഹരവസ്തുക്കളെയും അവൻ എടുത്ത് മിസ്രയീമിലേക്കു കൊണ്ടുപോകും; പിന്നെ അവൻ കുറെ വർഷങ്ങൾ വടക്കെദേശത്തെ രാജാവിനോട് പൊരുതാതെയിരിക്കും. “അവൻ തെക്കെദേശത്തെ രാജാവിന്‍റെ രാജ്യത്തേക്ക് ചെന്നിട്ട്, സ്വദേശത്തേക്ക് മടങ്ങിപ്പോകും. അവന്‍റെ പുത്രന്മാർ വീണ്ടും യുദ്ധം ആരംഭിക്കുകയും ബഹുപുരുഷാരം അടങ്ങിയ മഹാസൈന്യങ്ങളെ ശേഖരിക്കുകയും ചെയ്യും; ആ സൈന്യങ്ങൾ വന്ന് കവിഞ്ഞ് കടന്നുപോകും; പിന്നെ അവൻ മടങ്ങിച്ചെന്ന് അവന്‍റെ കോട്ടവരെ യുദ്ധം ചെയ്യും. “അപ്പോൾ തെക്കെദേശത്തെ രാജാവ് ദ്വേഷ്യം പൂണ്ട് പുറപ്പെട്ടു വടക്കെദേശത്തെ രാജാവിനോട് യുദ്ധം ചെയ്യും; അവൻ വലിയ ഒരു സമൂഹത്തെ അണിനിരത്തും; എന്നാൽ ആ സമൂഹം മറ്റവന്‍റെ കയ്യിൽ ഏല്പിക്കപ്പെടും. ആ ജനസമൂഹം വീണുപോകും; അവന്‍റെ ഹൃദയം ഗർവ്വിച്ച്, അവൻ പതിനായിരക്കണക്കിന് ജനത്തെ വീഴിക്കും; എങ്കിലും അവൻ പ്രബലനായിത്തീരുകയില്ല. വടക്കെദേശത്തെ രാജാവ് മടങ്ങിവന്ന്, മുമ്പത്തെക്കാൾ വലിയ ജനസമൂഹത്തെ അണിനിരത്തും; ചില വര്‍ഷങ്ങൾ കഴിഞ്ഞ് അവൻ വലിയൊരു സൈന്യത്തോടും വളരെ സമ്പത്തോടുംകൂടി വരും. “ആ കാലത്ത് പലരും തെക്കെദേശത്തെ രാജാവിന്‍റെ നേരെ എഴുന്നേല്‍ക്കും; നിന്‍റെ ജനത്തിലെ അക്രമികൾ ദർശന നിവർത്തിക്കായി മത്സരിക്കും; എങ്കിലും അവർ ഇടറിവീഴും. എന്നാൽ വടക്കെദേശത്തെ രാജാവ് വന്ന് അതിർത്തി ഉറപ്പിച്ചിട്ടുള്ള പട്ടണങ്ങൾ പിടിച്ചടക്കും; തെക്കെപടക്കൂട്ടങ്ങളും അവന്‍റെ വീരന്മാരായ പടയാളികളും ഉറച്ചുനില്ക്കുകയില്ല; ഉറച്ചുനില്ക്കുവാൻ അവർക്ക് ശക്തിയുണ്ടാകുകയുമില്ല. അവന്‍റെനേരെ വരുന്നവൻ ഇഷ്ടംപോലെ പ്രവർത്തിക്കും. ആരും അവന്‍റെ മുമ്പാകെ നില്‍ക്കുകയില്ല; നാശം വിതയ്ക്കുവാനുള്ള ശക്തിയുമായി അവൻ മനോഹരദേശത്തു നില്ക്കും. അവൻ തന്‍റെ രാജ്യത്തിന്‍റെ സർവ്വ ശക്തിയോടുംകൂടി വരുവാൻ താത്പര്യപ്പെടും; എന്നാൽ അവൻ അവനോട് ഒരു ഉടമ്പടി ചെയ്തു, അവന്‍റെ നാശത്തിനായി തന്‍റെ മകളെ ഭാര്യയായി കൊടുക്കും; എങ്കിലും അവൾ അവനോടൊപ്പം നില്‍ക്കുകയില്ല; അവന് സ്വന്തമായി ഇരിക്കുകയുമില്ല. പിന്നെ അവൻ തീരദേശങ്ങളിലേക്ക് മുഖംതിരിച്ച് പലതും പിടിച്ചടക്കും; എന്നാൽ അവൻ കാണിച്ച നിന്ദ ഒരു അധിപതി നിർത്തലാക്കും; അത്രയുമല്ല, അവന്‍റെ നിന്ദ അവന്‍റെമേൽ തന്നെ വരുത്തും. പിന്നെ അവൻ സ്വദേശത്തെ കോട്ടകളുടെ നേരെ മുഖം തിരിക്കും; എങ്കിലും അവൻ ഇടറിവീണ്, ഇല്ലാതെയാകും. “അവനു പകരം എഴുന്നേല്ക്കുന്നവൻ തന്‍റെ രാജ്യത്തിന്‍റെ മഹത്വത്തിനായി നികുതി പിരിക്കുവാൻ ഒരു അപഹാരിയെ അയയ്ക്കും; എങ്കിലും കുറെ ദിവസത്തിനുള്ളിൽ അവൻ സംഹരിക്കപ്പെടും. കോപത്താലല്ല, യുദ്ധത്താലുമല്ല.

ദാനീയേൽ 11:1-20 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഞാനോ മേദ്യനായ ദാര്യാവേശിന്റെ ഒന്നാം ആണ്ടിൽ അവനെ ഉറപ്പിപ്പാനും ബലപ്പെടുത്തുവാനും എഴുന്നേറ്റുനിന്നു. ഇപ്പോഴോ, ഞാൻ നിന്നോടു സത്യം അറിയിക്കാം: പാർസിദേശത്തു ഇനി മൂന്നു രാജാക്കന്മാർ എഴുന്നേല്ക്കും; നാലാമത്തവൻ എല്ലാവരിലും അധികം ധനവാനായിരിക്കും; അവൻ ധനംകൊണ്ടു ശക്തിപ്പെട്ടുവരുമ്പോൾ എല്ലാവരെയും യവനരാജ്യത്തിന്നു നേരെ ഉദ്യോഗിപ്പിക്കും. പിന്നെ വിക്രമനായൊരു രാജാവു എഴുന്നേല്ക്കും; അവൻ വലിയ അധികാരത്തോടെ വാണു ഇഷ്ടംപോലെ പ്രവർത്തിക്കും. അവൻ നില്ക്കുമ്പോൾ തന്നേ, അവന്റെ രാജ്യം തകർന്നു, ആകാശത്തിലെ നാലു കാറ്റിലേക്കും ഭേദിച്ചു പോകും; അതു അവന്റെ സന്തതിക്കല്ല അവൻ വാണിരുന്ന അധികാരംപോലയുമല്ല അവന്റെ രാജത്വം നിർമ്മൂലമായി അവർക്കല്ല അന്യർക്കു അധീനമാകും. എന്നാൽ തെക്കെദേശത്തിലെ രാജാവു പ്രാബല്യം പ്രാപിക്കും; അവന്റെ പ്രഭുക്കന്മാരിൽ ഒരുത്തൻ അവനെക്കാൾ പ്രബലനായി വാഴും; അവന്റെ ആധിപത്യം മഹാധിപത്യമായ്തീരും. കുറെക്കാലം കഴിഞ്ഞിട്ടു അവർ തമ്മിൽ ഏകോപിക്കും; തെക്കെദേശത്തിലെ രാജാവിന്റെ മകൾ വടക്കെദേശത്തിലെ രാജാവിന്റെ അടുക്കൽ ഉടമ്പടി ചെയ്‌വാൻ വരും; എങ്കിലും അതു നില്ക്കയില്ല; അവനും അവന്റെ സാഹിത്യവും നിലനില്ക്കയുമില്ല; അവളും അവളെ കൊണ്ടുചെന്നവരും അവളുടെ ജനകനും അവളെ തുണെച്ചവനും ഭീതിവിഷയങ്ങളായ്തീരും. എന്നാൽ അവന്നു പകരം അവളുടെ വേരിൽനിന്നു മുളെച്ച തൈയായ ഒരുവൻ എഴുന്നേല്ക്കും; അവൻ ബലം പ്രാപിച്ചു വടക്കെദേശത്തിലെ രാജാവിന്റെ കോട്ടയിൽ കടന്നു അവരുടെ നേരെ പ്രവർത്തിച്ചു ജയിക്കും. അവരുടെ ദേവന്മാരെയും ബിംബങ്ങളെയും വെള്ളിയും പൊന്നുംകൊണ്ടുള്ള മനോഹരവസ്തുക്കളെയും അവൻ എടുത്തു മിസ്രയീമിലേക്കു കൊണ്ടുപോകും; പിന്നെ അവൻ കുറെ സംവത്സരത്തോളം വടക്കെദേശത്തിലെ രാജാവിനോടു പൊരുതാതിരിക്കും. അവൻ തെക്കെ ദേശത്തിലെ രാജാവിന്റെ രാജ്യത്തേക്കു ചെന്നു സ്വദേശത്തേക്കു മടങ്ങിപ്പോരും. അവന്റെ പുത്രന്മാരോ വീണ്ടും യുദ്ധം ആരംഭിക്കയും ബഹുപുരുഷാരം അടങ്ങിയ മഹാസൈന്യങ്ങളെ ശേഖരിക്കയും ചെയ്യും; അതു വന്നു കവിഞ്ഞു കടന്നുപോകും; പിന്നെ അവൻ മടങ്ങിച്ചെന്നു അവന്റെ കോട്ടവരെ യുദ്ധം നടത്തും അപ്പോൾ തെക്കെദേശത്തിലെ രാജാവു ദ്വേഷ്യം പൂണ്ടു പുറപ്പെട്ടു വടക്കെദേശത്തിലെ രാജാവിനോടു യുദ്ധം ചെയ്യും; അവൻ വലിയോരു സമൂഹത്തെ അണിനിരത്തും; എന്നാൽ ആ സമൂഹം മറ്റവന്റെ കയ്യിൽ ഏല്പിക്കപ്പെടും. ആ ജനസമൂഹം മുടിഞ്ഞുപോകും; അവന്റെ ഹൃദയം ഗർവ്വിച്ചു, അവൻ പതിനായിരം പതിനായിരം പേരെ വീഴുമാറാക്കും; എങ്കിലും അവൻ പ്രാബല്യം പ്രാപിക്കയില്ല. വടക്കെദേശത്തിലെ രാജാവു മടങ്ങിവന്നു, മുമ്പിലത്തേതിനെക്കാൾ വലിയോരു ജനസമൂഹത്തെ അണിനിരത്തും; ചില സംവത്സരം കഴിഞ്ഞിട്ടു അവൻ വലിയോരു സൈന്യത്തോടും വളരെ സമ്പത്തോടുംകൂടെ പോരും. ആ കാലത്തു പലരും തെക്കെദേശത്തിലെ രാജാവിന്റെ നേരെ എഴുന്നേല്ക്കും; നിന്റെ ജനത്തിലുള്ള അക്രമികൾ ദർശനത്തെ നിവർത്തിപ്പാൻ തക്കവണ്ണം മത്സരിക്കും; എങ്കിലും അവർ ഇടറിവീഴും. എന്നാൽ വടക്കെദേശത്തിലെ രാജാവു വന്നു വാടകോരി ഉറപ്പുള്ള പട്ടണങ്ങളെ പിടിക്കും; തെക്കെപടക്കൂട്ടങ്ങളും അവന്റെ ശ്രേഷ്ഠജനവും ഉറെച്ചുനില്ക്കയില്ല; ഉറെച്ചുനില്പാൻ അവർക്കു ശക്തിയുണ്ടാകയുമില്ല. അവന്റെ നേരെ വരുന്നവൻ ഇഷ്ടംപോലെ പ്രവർത്തിക്കും. ആരും അവന്റെ മുമ്പാകെ നില്ക്കയില്ല; അവൻ മനോഹരദേശത്തു നില്ക്കും; അവന്റെ കയ്യിൽ സംഹാരം ഉണ്ടായിരിക്കും. അവൻ തന്റെ സർവ്വരാജ്യത്തിന്റെയും ശക്തിയോടുകൂടെ വരുവാൻ താല്പര്യം വെക്കും; എന്നാൽ അവൻ അവനോടു ഒരു ഉടമ്പടി ചെയ്തു, അവന്നു നാശത്തിന്നായി തന്റെ മകളെ ഭാര്യയായി കൊടുക്കും; എങ്കിലും അവൾ നില്ക്കയില്ല; അവന്നു ഇരിക്കയുമില്ല. പിന്നെ അവൻ തീരപ്രദേശങ്ങളിലേക്കു മുഖം തിരിച്ചു പലതും പിടിക്കും; എന്നാൽ അവൻ കാണിച്ച നിന്ദ ഒരു അധിപതി നിർത്തലാക്കും; അത്രയുമല്ല, അവന്റെ നിന്ദ അവന്റെമേൽ തന്നേ വരുത്തും. പിന്നെ അവൻ സ്വദേശത്തിലെ കോട്ടകളുടെ നേരെ മുഖം തിരിക്കും; എങ്കിലും അവൻ ഇടറിവീണു, ഇല്ലാതെയാകും; അവന്നു പകരം എഴുന്നേല്ക്കുന്നവൻ തന്റെ രാജ്യത്തിന്റെ മനോഹരഭാഗത്തുകൂടി ഒരു അപഹാരിയെ അയ്യക്കും; എങ്കിലും കുറെ ദിവസത്തിന്നകം അവൻ സംഹരിക്കപ്പെടും. കോപത്താലല്ല, യുദ്ധത്താലുമല്ല.

ദാനീയേൽ 11:1-20 സമകാലിക മലയാളവിവർത്തനം (MCV)

മേദ്യനായ ദാര്യാവേശിന്റെ ഒന്നാംവർഷത്തിൽ അദ്ദേഹത്തെ പിൻതാങ്ങുന്നതിനും സംരക്ഷിക്കുന്നതിനും ഞാൻ എഴുന്നേറ്റു. “ഇപ്പോഴോ, ഞാൻ നിന്നോടു സത്യം അറിയിക്കാം: പാർസിയിൽ ഇനി മൂന്നു രാജാക്കന്മാർകൂടെ എഴുന്നേൽക്കും. അതിനുശേഷം വരുന്ന നാലാമൻ അവരെല്ലാവരെക്കാളും അതിസമ്പന്നനായിരിക്കും. സമ്പത്തിലൂടെ പ്രബലനാകുമ്പോൾ അദ്ദേഹം എല്ലാവരെയും ഗ്രീക്കുദേശത്തിനെതിരേ ഇളക്കിവിടും. പിന്നീടു ശക്തനായ ഒരു രാജാവ് എഴുന്നേൽക്കും. അദ്ദേഹം വലിയ അധികാരത്തോടെ ഭരിക്കുകയും സ്വന്തം ഇഷ്ടംപോലെ പ്രവർത്തിക്കുകയും ചെയ്യും. അദ്ദേഹത്തിന്റെ പ്രതാപകാലത്തുതന്നെ അദ്ദേഹത്തിന്റെ രാജ്യം ഛിന്നഭിന്നമായി ആകാശത്തിലെ നാലുകാറ്റിലേക്കും ചിതറിപ്പോകും. അദ്ദേഹത്തിന്റെ അനന്തരഗാമികൾക്ക് അതു ലഭിക്കുകയില്ല. അദ്ദേഹത്തിന്റെ പ്രതാപം പിന്നെ അതിന് ഉണ്ടായിരിക്കില്ല. കാരണം, അത് ഉന്മൂലനംചെയ്യപ്പെട്ട് അന്യാധീനമാകും. “അപ്പോൾ തെക്കേരാജ്യത്തിലെ രാജാവു ശക്തനായിത്തീരും. അദ്ദേഹത്തിന്റെ സൈന്യാധിപന്മാരിൽ ഒരുവൻ അദ്ദേഹത്തെക്കാൾ ശക്തനായി ഭരണംനടത്തും. അദ്ദേഹത്തിന്റെ ആധിപത്യം മഹാ ആധിപത്യമായിരിക്കും. ഏതാനും വർഷം കഴിഞ്ഞ് അവർ ഒരു സഖ്യംചെയ്യും. തെക്കേരാജ്യത്തിലെ രാജാവിന്റെ പുത്രി, വടക്കേരാജ്യത്തിലെ രാജാവിന്റെ അടുക്കൽ ഉടമ്പടി ചെയ്യാൻ വരും. എങ്കിലും അവളുടെ അധികാരം നിലനിർത്താൻ കഴിയുകയില്ല. ആ കാലത്ത് അദ്ദേഹവും അദ്ദേഹത്തിന്റെ ശക്തിയും തുടരുകയുമില്ല. അവളും അവളെ കൊണ്ടുചെന്നവരും അവളുടെ പിതാവും അവളെ തുണച്ചവരും ഉപേക്ഷിക്കപ്പെടും. “അവളുടെ വേരുകളിൽനിന്ന് മുളച്ച ഒരുവൻ അവളുടെ സ്ഥാനത്ത് ഉയർന്നുവരും. അദ്ദേഹം വടക്കേരാജ്യത്തെ രാജാവിന്റെ സൈന്യത്തിനെതിരേ വന്ന് അദ്ദേഹത്തിന്റെ കോട്ടയ്ക്കുള്ളിൽ പ്രവേശിക്കും; അദ്ദേഹം അവരോടു പൊരുതി ജയിക്കും. മാത്രവുമല്ല, അവരുടെ ദേവതകളെ, അവരുടെ ലോഹപ്രതിമകളോടും സ്വർണവും വെള്ളിയുംകൊണ്ടുള്ള വിലയേറിയ പാത്രങ്ങളോടുംകൂടി അദ്ദേഹം ഈജിപ്റ്റിലേക്കു കൊണ്ടുപോകും. പിന്നീട് കുറെ വർഷത്തേക്ക് അദ്ദേഹം വടക്കേരാജ്യത്തിലെ രാജാവിനെ ആക്രമിക്കാതെയിരിക്കും. അതിനുശേഷം വടക്കേരാജ്യത്തിലെ രാജാവ് തെക്കേരാജ്യത്തിനെതിരേ ആക്രമണം അഴിച്ചുവിടും; എങ്കിലും സ്വന്തം രാജ്യത്തേക്കുതന്നെ മടങ്ങിപ്പോകും. അദ്ദേഹത്തിന്റെ പുത്രന്മാർ വീണ്ടും യുദ്ധത്തിനു തയ്യാറെടുക്കുകയും വിപുലമായൊരു സൈന്യത്തെ കൂട്ടിവരുത്തുകയും ചെയ്യും. ആ സൈന്യം മുന്നേറി, ആരാലും തടഞ്ഞുനിർത്താൻ കഴിയാത്ത പ്രളയജലപ്രവാഹംപോലെ മുന്നേറിവന്ന് അയാളുടെ കോട്ടവരെ യുദ്ധം എത്തിച്ചേരും. “തെക്കേരാജ്യത്തിലെ രാജാവ് കുപിതനായി സൈന്യത്തെ നീക്കി വടക്കേദേശത്തിലെ രാജാവിനോടു യുദ്ധംചെയ്യും. വടക്കേദേശത്തിലെ രാജാവ് വലിയൊരു സൈന്യത്തെ അണിനിരത്തും, എന്നാൽ ആ സൈന്യം പരാജയപ്പെടും. ആ സൈന്യം തൂത്തെറിയപ്പെടുമ്പോൾ തെക്കേരാജ്യത്തിലെ രാജാവ് തന്റെ അഹന്തനിമിത്തം പതിനായിരക്കണക്കിന് ആളുകളെ അരിഞ്ഞുവീഴ്ത്തും, എന്നാലും അദ്ദേഹത്തിന്റെ വിജയം നിലനിൽക്കുകയില്ല. വടക്കേരാജ്യത്തിലെ രാജാവ് മടങ്ങിവന്ന് മുമ്പിലത്തേതിലധികം സൈന്യത്തെ അണിനിരത്തും. ഏതാനും വർഷങ്ങൾക്കുശേഷം അദ്ദേഹം വലിയൊരു സൈന്യത്തോടും സർവസന്നാഹങ്ങളോടുംകൂടെ വരും. “ആ കാലത്ത് തെക്കേരാജ്യത്തിലെ രാജാവിനെതിരേ പലരും എഴുന്നേൽക്കും. നിന്റെ ജനങ്ങളുടെ ഇടയിലുള്ള അക്രമികളും ദർശനം നിറവേറാൻ തക്കവണ്ണം മത്സരിക്കും, എന്നാൽ അവരും അടിപതറിവീഴും. അപ്പോൾ വടക്കേദേശത്തിലെ രാജാവു വന്ന് ചരിഞ്ഞ പാത പണിത് കോട്ടകെട്ടിയുറപ്പിച്ച ഒരു പട്ടണം പിടിച്ചെടുക്കും. തെക്കേരാജ്യത്തിലെ സൈന്യത്തിന് ആക്രമണം ചെറുത്തുനിൽക്കാനുള്ള ശേഷി ഉണ്ടാകുകയില്ല; അവരിൽ അതിശക്തരായ സൈനികവ്യൂഹംപോലും ഉറച്ചുനിൽക്കുകയില്ല, വടക്കേദേശത്തിലെ രാജാവ് അക്രമിച്ചുമുന്നേറി അദ്ദേഹത്തിന്റെ ഇഷ്ടംപോലെ പ്രവർത്തിക്കും; അദ്ദേഹത്തോട് എതിർത്തുനിൽക്കാൻ ആർക്കും കഴിയുകയില്ല. കുറെ കാലത്തേക്ക് അദ്ദേഹം മനോഹരദേശത്തു തന്റെ സ്ഥാനം ഉറപ്പിക്കും. അദ്ദേഹത്തിന്റെ പക്കൽ സംഹാരശേഷി ഉണ്ടായിരിക്കും. തന്റെ സർവരാജ്യത്തിന്റെയും ശക്തിയോടെ വരാൻ അദ്ദേഹം തീരുമാനിച്ച് തെക്കേരാജ്യത്തെ രാജാവുമായി സന്ധിചെയ്യും. അദ്ദേഹം ആ രാജ്യത്തെ നശിപ്പിക്കാൻവേണ്ടി ഒരു പുത്രിയെ അദ്ദേഹത്തിനു വിവാഹംചെയ്തുകൊടുക്കും. എന്നാൽ തന്റെ പദ്ധതി ഫലംകാണുകയില്ല; അവൾ അദ്ദേഹത്തിന്റെ പക്ഷത്തു നിൽക്കുകയുമില്ല. പിന്നീട് അദ്ദേഹം തീരപ്രദേശങ്ങളിലേക്കു തിരിഞ്ഞ് നിരവധി പട്ടണങ്ങളും പിടിച്ചെടുക്കും. എന്നാൽ അദ്ദേഹത്തിന്റെ ധിക്കാരം ഒരു സൈന്യാധിപൻ നിർത്തലാക്കും; ആ ധിക്കാരത്തിനനുസൃതമായ പ്രതികാരവുംചെയ്യും. പിന്നീട് അദ്ദേഹം സ്വന്തം ദേശത്തിലെ കോട്ടകൾക്കുനേരേ തിരിയും; എന്നാൽ പിന്നീടൊരിക്കലും കാണാത്തവിധം കാലിടറി നിലംപൊത്തും. “അതിനുശേഷം അദ്ദേഹത്തിന്റെ സ്ഥാനത്ത് മറ്റൊരുവൻ എഴുന്നേൽക്കും. അദ്ദേഹം തന്റെ രാജ്യത്തിന്റെ മനോഹരഭാഗത്തുകൂടി ഒരു പീഡകനെ അയയ്ക്കും. എങ്കിലും ചില വർഷങ്ങൾക്കുള്ളിൽ അദ്ദേഹം സംഹരിക്കപ്പെടും. അതു കോപത്താലോ യുദ്ധത്താലോ ആയിരിക്കുകയില്ല.