മേദ്യനായ ദാര്യാവേശിന്റെ ഒന്നാംവർഷത്തിൽ അദ്ദേഹത്തെ പിൻതാങ്ങുന്നതിനും സംരക്ഷിക്കുന്നതിനും ഞാൻ എഴുന്നേറ്റു. “ഇപ്പോഴോ, ഞാൻ നിന്നോടു സത്യം അറിയിക്കാം: പാർസിയിൽ ഇനി മൂന്നു രാജാക്കന്മാർകൂടെ എഴുന്നേൽക്കും. അതിനുശേഷം വരുന്ന നാലാമൻ അവരെല്ലാവരെക്കാളും അതിസമ്പന്നനായിരിക്കും. സമ്പത്തിലൂടെ പ്രബലനാകുമ്പോൾ അദ്ദേഹം എല്ലാവരെയും ഗ്രീക്കുദേശത്തിനെതിരേ ഇളക്കിവിടും. പിന്നീടു ശക്തനായ ഒരു രാജാവ് എഴുന്നേൽക്കും. അദ്ദേഹം വലിയ അധികാരത്തോടെ ഭരിക്കുകയും സ്വന്തം ഇഷ്ടംപോലെ പ്രവർത്തിക്കുകയും ചെയ്യും. അദ്ദേഹത്തിന്റെ പ്രതാപകാലത്തുതന്നെ അദ്ദേഹത്തിന്റെ രാജ്യം ഛിന്നഭിന്നമായി ആകാശത്തിലെ നാലുകാറ്റിലേക്കും ചിതറിപ്പോകും. അദ്ദേഹത്തിന്റെ അനന്തരഗാമികൾക്ക് അതു ലഭിക്കുകയില്ല. അദ്ദേഹത്തിന്റെ പ്രതാപം പിന്നെ അതിന് ഉണ്ടായിരിക്കില്ല. കാരണം, അത് ഉന്മൂലനംചെയ്യപ്പെട്ട് അന്യാധീനമാകും. “അപ്പോൾ തെക്കേരാജ്യത്തിലെ രാജാവു ശക്തനായിത്തീരും. അദ്ദേഹത്തിന്റെ സൈന്യാധിപന്മാരിൽ ഒരുവൻ അദ്ദേഹത്തെക്കാൾ ശക്തനായി ഭരണംനടത്തും. അദ്ദേഹത്തിന്റെ ആധിപത്യം മഹാ ആധിപത്യമായിരിക്കും. ഏതാനും വർഷം കഴിഞ്ഞ് അവർ ഒരു സഖ്യംചെയ്യും. തെക്കേരാജ്യത്തിലെ രാജാവിന്റെ പുത്രി, വടക്കേരാജ്യത്തിലെ രാജാവിന്റെ അടുക്കൽ ഉടമ്പടി ചെയ്യാൻ വരും. എങ്കിലും അവളുടെ അധികാരം നിലനിർത്താൻ കഴിയുകയില്ല. ആ കാലത്ത് അദ്ദേഹവും അദ്ദേഹത്തിന്റെ ശക്തിയും തുടരുകയുമില്ല. അവളും അവളെ കൊണ്ടുചെന്നവരും അവളുടെ പിതാവും അവളെ തുണച്ചവരും ഉപേക്ഷിക്കപ്പെടും. “അവളുടെ വേരുകളിൽനിന്ന് മുളച്ച ഒരുവൻ അവളുടെ സ്ഥാനത്ത് ഉയർന്നുവരും. അദ്ദേഹം വടക്കേരാജ്യത്തെ രാജാവിന്റെ സൈന്യത്തിനെതിരേ വന്ന് അദ്ദേഹത്തിന്റെ കോട്ടയ്ക്കുള്ളിൽ പ്രവേശിക്കും; അദ്ദേഹം അവരോടു പൊരുതി ജയിക്കും. മാത്രവുമല്ല, അവരുടെ ദേവതകളെ, അവരുടെ ലോഹപ്രതിമകളോടും സ്വർണവും വെള്ളിയുംകൊണ്ടുള്ള വിലയേറിയ പാത്രങ്ങളോടുംകൂടി അദ്ദേഹം ഈജിപ്റ്റിലേക്കു കൊണ്ടുപോകും. പിന്നീട് കുറെ വർഷത്തേക്ക് അദ്ദേഹം വടക്കേരാജ്യത്തിലെ രാജാവിനെ ആക്രമിക്കാതെയിരിക്കും. അതിനുശേഷം വടക്കേരാജ്യത്തിലെ രാജാവ് തെക്കേരാജ്യത്തിനെതിരേ ആക്രമണം അഴിച്ചുവിടും; എങ്കിലും സ്വന്തം രാജ്യത്തേക്കുതന്നെ മടങ്ങിപ്പോകും. അദ്ദേഹത്തിന്റെ പുത്രന്മാർ വീണ്ടും യുദ്ധത്തിനു തയ്യാറെടുക്കുകയും വിപുലമായൊരു സൈന്യത്തെ കൂട്ടിവരുത്തുകയും ചെയ്യും. ആ സൈന്യം മുന്നേറി, ആരാലും തടഞ്ഞുനിർത്താൻ കഴിയാത്ത പ്രളയജലപ്രവാഹംപോലെ മുന്നേറിവന്ന് അയാളുടെ കോട്ടവരെ യുദ്ധം എത്തിച്ചേരും. “തെക്കേരാജ്യത്തിലെ രാജാവ് കുപിതനായി സൈന്യത്തെ നീക്കി വടക്കേദേശത്തിലെ രാജാവിനോടു യുദ്ധംചെയ്യും. വടക്കേദേശത്തിലെ രാജാവ് വലിയൊരു സൈന്യത്തെ അണിനിരത്തും, എന്നാൽ ആ സൈന്യം പരാജയപ്പെടും. ആ സൈന്യം തൂത്തെറിയപ്പെടുമ്പോൾ തെക്കേരാജ്യത്തിലെ രാജാവ് തന്റെ അഹന്തനിമിത്തം പതിനായിരക്കണക്കിന് ആളുകളെ അരിഞ്ഞുവീഴ്ത്തും, എന്നാലും അദ്ദേഹത്തിന്റെ വിജയം നിലനിൽക്കുകയില്ല. വടക്കേരാജ്യത്തിലെ രാജാവ് മടങ്ങിവന്ന് മുമ്പിലത്തേതിലധികം സൈന്യത്തെ അണിനിരത്തും. ഏതാനും വർഷങ്ങൾക്കുശേഷം അദ്ദേഹം വലിയൊരു സൈന്യത്തോടും സർവസന്നാഹങ്ങളോടുംകൂടെ വരും. “ആ കാലത്ത് തെക്കേരാജ്യത്തിലെ രാജാവിനെതിരേ പലരും എഴുന്നേൽക്കും. നിന്റെ ജനങ്ങളുടെ ഇടയിലുള്ള അക്രമികളും ദർശനം നിറവേറാൻ തക്കവണ്ണം മത്സരിക്കും, എന്നാൽ അവരും അടിപതറിവീഴും. അപ്പോൾ വടക്കേദേശത്തിലെ രാജാവു വന്ന് ചരിഞ്ഞ പാത പണിത് കോട്ടകെട്ടിയുറപ്പിച്ച ഒരു പട്ടണം പിടിച്ചെടുക്കും. തെക്കേരാജ്യത്തിലെ സൈന്യത്തിന് ആക്രമണം ചെറുത്തുനിൽക്കാനുള്ള ശേഷി ഉണ്ടാകുകയില്ല; അവരിൽ അതിശക്തരായ സൈനികവ്യൂഹംപോലും ഉറച്ചുനിൽക്കുകയില്ല, വടക്കേദേശത്തിലെ രാജാവ് അക്രമിച്ചുമുന്നേറി അദ്ദേഹത്തിന്റെ ഇഷ്ടംപോലെ പ്രവർത്തിക്കും; അദ്ദേഹത്തോട് എതിർത്തുനിൽക്കാൻ ആർക്കും കഴിയുകയില്ല. കുറെ കാലത്തേക്ക് അദ്ദേഹം മനോഹരദേശത്തു തന്റെ സ്ഥാനം ഉറപ്പിക്കും. അദ്ദേഹത്തിന്റെ പക്കൽ സംഹാരശേഷി ഉണ്ടായിരിക്കും. തന്റെ സർവരാജ്യത്തിന്റെയും ശക്തിയോടെ വരാൻ അദ്ദേഹം തീരുമാനിച്ച് തെക്കേരാജ്യത്തെ രാജാവുമായി സന്ധിചെയ്യും. അദ്ദേഹം ആ രാജ്യത്തെ നശിപ്പിക്കാൻവേണ്ടി ഒരു പുത്രിയെ അദ്ദേഹത്തിനു വിവാഹംചെയ്തുകൊടുക്കും. എന്നാൽ തന്റെ പദ്ധതി ഫലംകാണുകയില്ല; അവൾ അദ്ദേഹത്തിന്റെ പക്ഷത്തു നിൽക്കുകയുമില്ല. പിന്നീട് അദ്ദേഹം തീരപ്രദേശങ്ങളിലേക്കു തിരിഞ്ഞ് നിരവധി പട്ടണങ്ങളും പിടിച്ചെടുക്കും. എന്നാൽ അദ്ദേഹത്തിന്റെ ധിക്കാരം ഒരു സൈന്യാധിപൻ നിർത്തലാക്കും; ആ ധിക്കാരത്തിനനുസൃതമായ പ്രതികാരവുംചെയ്യും. പിന്നീട് അദ്ദേഹം സ്വന്തം ദേശത്തിലെ കോട്ടകൾക്കുനേരേ തിരിയും; എന്നാൽ പിന്നീടൊരിക്കലും കാണാത്തവിധം കാലിടറി നിലംപൊത്തും. “അതിനുശേഷം അദ്ദേഹത്തിന്റെ സ്ഥാനത്ത് മറ്റൊരുവൻ എഴുന്നേൽക്കും. അദ്ദേഹം തന്റെ രാജ്യത്തിന്റെ മനോഹരഭാഗത്തുകൂടി ഒരു പീഡകനെ അയയ്ക്കും. എങ്കിലും ചില വർഷങ്ങൾക്കുള്ളിൽ അദ്ദേഹം സംഹരിക്കപ്പെടും. അതു കോപത്താലോ യുദ്ധത്താലോ ആയിരിക്കുകയില്ല.
ദാനീയേൽ 11 വായിക്കുക
കേൾക്കുക ദാനീയേൽ 11
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ദാനീയേൽ 11:1-20
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ