DANIELA 11:1-20

DANIELA 11:1-20 MALCLBSI

മേദ്യനായ ദാര്യാവേശിന്റെ വാഴ്ചയുടെ ഒന്നാംവർഷം അദ്ദേഹത്തെ സഹായിക്കാനും ബലപ്പെടുത്താനും ഞാൻ ചെന്നു. ഇപ്പോൾ ഞാൻ നിന്നെ സത്യം അറിയിക്കാം. പേർഷ്യയിൽ ഇനി മൂന്നു രാജാക്കന്മാർകൂടി ഉയർന്നുവരും. നാലാമത്തെ രാജാവ് മറ്റുള്ളവരെക്കാൾ സമ്പന്നനായിരിക്കും. സമ്പത്തുകൊണ്ടു ശക്തനായിത്തീരുമ്പോൾ അയാൾ എല്ലാവരെയും ഗ്രീസ്‍സാമ്രാജ്യത്തിനു നേരെ ഇളക്കിവിടും. പിന്നീട് വീരപരാക്രമിയായ ഒരു രാജാവ് വരും. അയാൾ വലിയൊരു സാമ്രാജ്യത്തിന്റെ അധിപനാകും. അയാൾ യഥേഷ്ടം പ്രവർത്തിക്കും. അയാൾ അധികാരത്തിന്റെ ഉച്ചസ്ഥാനത്തെത്തുമ്പോൾ രാജ്യം തകർന്ന് ആകാശത്തിന്റെ നാലുദിക്കുകളിലേക്കും ചിതറും. രാജ്യം പിഴുതെടുത്ത് അന്യർക്കു നല്‌കപ്പെടും. എന്നാൽ അവർ അദ്ദേഹത്തെപ്പോലെ പ്രതാപമുള്ളവരായിരിക്കുകയില്ല. ഈജിപ്തിലെ രാജാവ് പ്രബലനായിരിക്കും. എന്നാൽ അവിടത്തെ സൈന്യാധിപന്മാരിലൊരാൾ അദ്ദേഹത്തെക്കാൾ പ്രബലനായിത്തീരും; അയാളുടെ സാമ്രാജ്യം വളരെ വിസ്തൃതമായിരിക്കും. ഏതാനും വർഷംകഴിഞ്ഞ് അവർ തമ്മിൽ ഒരു സഖ്യം ഉണ്ടാക്കും. ഈജിപ്തിലെ രാജാവിന്റെ പുത്രി അനുരഞ്ജനം ഉണ്ടാക്കാൻ സിറിയായിലെ രാജാവിന്റെ അടുക്കലെത്തും. എങ്കിലും അവളുടെ പ്രാബല്യം നീണ്ടുനില്‌ക്കുകയില്ല. അവളുടെ സന്തതി അറ്റുപോകും. രാജാവും അയാളുടെ സന്താനങ്ങളും നിലനില്‌ക്കുകയില്ല. അവളും അവളുടെ സന്തതിയും സേവകരും അവളുടെ പിതാവും അവൾക്കു പിന്തുണനല്‌കിയവരും കൊല്ലപ്പെടും. എന്നാൽ അവളുടെ വേരിൽനിന്ന് ഒരു മുള ഉയർന്നുവന്ന് അവൻ സിറിയായിലെ രാജാവിന്റെ കോട്ടയിൽ പ്രവേശിച്ച് അവിടത്തെ സൈന്യത്തെ എതിരിട്ടു ജയിക്കും. അവൻ അവരുടെ ദേവന്മാരുടെ വിഗ്രഹങ്ങളും വിലയേറിയ പൊൻവെള്ളി പാത്രങ്ങളും ഈജിപ്തിലേക്കു കൊണ്ടുപോകും. തുടർന്ന് ഏതാനും വർഷം സിറിയാദേശത്തെ ആക്രമിക്കുകയില്ല. പിന്നീട് സിറിയായിലെ രാജാവ് ഈജിപ്ത് ആക്രമിക്കാൻ വരും. എന്നാൽ സ്വന്ത ദേശത്തേക്ക് അയാൾ മടങ്ങിപ്പോകേണ്ടിവരും. അയാളുടെ പുത്രന്മാർ യുദ്ധം ഇളക്കിവിടുകയും വമ്പിച്ച ഒരു സൈന്യത്തെ ശേഖരിക്കുകയും ചെയ്യും. അവർ വെള്ളംപോലെ ഇരച്ചുകയറി ശത്രുക്കളുടെ കോട്ട ആക്രമിക്കും. അപ്പോൾ കോപാകുലനായ ഈജിത്‍രാജാവ് വലിയ സൈന്യബലമുള്ള സിറിയായോടു യുദ്ധംചെയ്യും. ഈജിപ്തിലെ രാജാവ് ആ വലിയ സൈന്യത്തെ അധീനമാക്കും. ആ സൈന്യവ്യൂഹത്തെ കീഴടക്കുമ്പോൾ അയാൾ അഹങ്കരിക്കും. അയാൾ പതിനായിരക്കണക്കിനു ജനത്തെ അരിഞ്ഞു വീഴ്ത്തും. പക്ഷേ അയാൾ പ്രബലനാകുകയില്ല. സിറിയാരാജാവ് പൂർവാധികം സംഖ്യാബലമുള്ള ഒരു സൈന്യത്തെ വീണ്ടും സജ്ജമാക്കും. ഏതാനും വർഷങ്ങൾക്കുശേഷം വിപുലമായ സൈന്യത്തോടും ആയുധസജ്ജീകരണങ്ങളോടുംകൂടി അയാൾ ആക്രമണത്തിനു വരും. അക്കാലത്ത് ഈജിപ്തിനെതിരെ പലരും തല ഉയർത്തും. ദാനിയേലേ, നിന്റെ ജനത്തിൽപ്പെട്ട അക്രമികൾ ഈ ദർശനം നിറവേറത്തക്കവിധം അയാൾക്കെതിരെ മത്സരിക്കും. എങ്കിലും അവർ പരാജയപ്പെടും. സിറിയായിലെ രാജാവുവന്ന് ഉപരോധം ഏർപ്പെടുത്തി ആ സുരക്ഷിതനഗരം പിടിച്ചടക്കും. ഈജിപ്തിലെ സൈന്യത്തിനും അവരുടെ വീരയോദ്ധാക്കൾക്കും പിടിച്ചുനില്‌ക്കാനുള്ള കരുത്തുണ്ടാവുകയില്ല. ആക്രമണകാരി തന്നിഷ്ടംപോലെ പ്രവർത്തിക്കും. ആർക്കും അവനോടു എതിർത്തുനില്‌ക്കാൻ കഴികയില്ല. വാഗ്ദത്തദേശത്ത് അയാൾ നില്‌ക്കും. അത് അയാളുടെ കൈക്കരുത്തിൽ അമരും. ഈജിപ്തുരാജാവിന്റെ ആധിപത്യത്തിലുള്ള രാജ്യം മുഴുവൻ കീഴടക്കാൻ അയാൾ തീരുമാനിക്കും. അയാൾ ഒരു സമാധാനഉടമ്പടി ഉണ്ടാക്കുകയും ശത്രുരാജ്യം നശിപ്പിക്കാൻവേണ്ടി തന്റെ പുത്രിയെ അവിടത്തെ രാജാവിനു വിവാഹം ചെയ്തുകൊടുക്കുകയും ചെയ്യും. പക്ഷേ ആ പദ്ധതി വിജയിക്കുകയില്ല. പിന്നീട് അവൻ തീരപ്രദേശത്തേക്കു തിരിയും. പല പ്രദേശങ്ങളും അയാൾ പിടിച്ചടക്കും. എന്നാൽ ഒരു വിദേശസൈന്യാധിപൻ അവന്റെ അഹങ്കാരത്തിനു കടിഞ്ഞാണിടും. അവന്റെ അഹങ്കാരം അവനെതിരെ തിരിയും. പിന്നീട് അവൻ സ്വന്തം ദേശത്തെ കോട്ടകളിലേക്കു മടങ്ങും. പക്ഷേ അവൻ കാലിടറി വീഴും. അതോടെ അവന്റെ കഥ അവസാനിക്കും. അവന്റെ പിൻഗാമിയായി വരുന്ന രാജാവ് വാഗ്ദത്തദേശത്തുനിന്നു കപ്പം പിരിക്കാൻ ഒരുവനെ അയയ്‍ക്കും. എന്നാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ പരസ്യമായോ യുദ്ധത്തിലോ അല്ലാതെ രാജാവ് കൊല്ലപ്പെടും.

DANIELA 11 വായിക്കുക