ദാനീ. 11:1-20

ദാനീ. 11:1-20 IRVMAL

ഞാനോ മേദ്യനായ ദാര്യാവേശിന്‍റെ ഒന്നാം ആണ്ടിൽ അവനെ ഉറപ്പിക്കുവാനും ബലപ്പെടുത്തുവാനും എഴുന്നേറ്റു നിന്നു. “ഇപ്പോൾ, ഞാൻ നിന്നോട് സത്യം അറിയിക്കാം: പാർസിദേശത്ത് ഇനി മൂന്നു രാജാക്കന്മാർ എഴുന്നേല്‍ക്കും; നാലാമത്തവൻ എല്ലാവരിലും അധികം ധനവാനായിരിക്കും; അവൻ ധനംകൊണ്ട് ശക്തിപ്പെട്ടുവരുമ്പോൾ എല്ലാവരെയും യവനരാജ്യത്തിനു നേരെ ഇളക്കിവിടും. “പിന്നെ ശക്തനായ ഒരു രാജാവ് എഴുന്നേല്‍ക്കും; അവൻ വലിയ അധികാരത്തോടെ വാണ്, തന്‍റെ ഇഷ്ടംപോലെ പ്രവർത്തിക്കും. അവൻ ഭരിക്കുമ്പോൾ തന്നെ, അവന്‍റെ രാജ്യം തകർന്ന്, ആകാശത്തിലെ നാലു കാറ്റിലേക്കും വിഭജിച്ചു പോകും; അത് അവന്‍റെ സന്തതിക്ക് ലഭിക്കുകയില്ല, അവൻ ഭരിച്ചിരുന്ന പ്രകാരവുമല്ല, അവന്‍റെ രാജത്വം നിർമ്മൂലമായി, അന്യാധീനമാകും. “എന്നാൽ തെക്കെദേശത്തിലെ രാജാവ് പ്രാബല്യം പ്രാപിക്കും; അവന്‍റെ പ്രഭുക്കന്മാരിൽ ഒരുത്തൻ അവനെക്കാൾ പ്രബലനായി വാഴും; അവന്‍റെ ആധിപത്യം മഹാധിപത്യമായിത്തീരും. കുറെക്കാലം കഴിഞ്ഞ് അവർ തമ്മിൽ യോജിക്കും; തെക്കെദേശത്തെ രാജാവിന്‍റെ മകൾ വടക്കെദേശത്തെ രാജാവിന്‍റെ അടുക്കൽ ഉടമ്പടി ചെയ്യുവാൻ വരും; എങ്കിലും ആ ഉടമ്പടി നിലനില്‍ക്കുകയില്ല; അവനും അവന്‍റെ ശക്തിയും നിലനിൽക്കുകയില്ല; അവളും അവളെ കൊണ്ടുചെന്നവരും അവളുടെ ജനകനും അവളെ തുണച്ചവനും ഉപേക്ഷിക്കപ്പെടും. എന്നാൽ അവനു പകരം അവളുടെ വേരിൽനിന്ന് മുളച്ച തൈയായ ഒരുവൻ എഴുന്നേല്‍ക്കും; അവൻ ബലം പ്രാപിച്ച് വടക്കെദേശത്തെ രാജാവിന്‍റെ കോട്ടയിൽ കടന്ന് അവരെ എതിരിട്ട് ജയിക്കും. അവരുടെ ദേവന്മാരെയും ബിംബങ്ങളെയും വെള്ളി, പൊന്ന് ഇവ കൊണ്ടുള്ള മനോഹരവസ്തുക്കളെയും അവൻ എടുത്ത് മിസ്രയീമിലേക്കു കൊണ്ടുപോകും; പിന്നെ അവൻ കുറെ വർഷങ്ങൾ വടക്കെദേശത്തെ രാജാവിനോട് പൊരുതാതെയിരിക്കും. “അവൻ തെക്കെദേശത്തെ രാജാവിന്‍റെ രാജ്യത്തേക്ക് ചെന്നിട്ട്, സ്വദേശത്തേക്ക് മടങ്ങിപ്പോകും. അവന്‍റെ പുത്രന്മാർ വീണ്ടും യുദ്ധം ആരംഭിക്കുകയും ബഹുപുരുഷാരം അടങ്ങിയ മഹാസൈന്യങ്ങളെ ശേഖരിക്കുകയും ചെയ്യും; ആ സൈന്യങ്ങൾ വന്ന് കവിഞ്ഞ് കടന്നുപോകും; പിന്നെ അവൻ മടങ്ങിച്ചെന്ന് അവന്‍റെ കോട്ടവരെ യുദ്ധം ചെയ്യും. “അപ്പോൾ തെക്കെദേശത്തെ രാജാവ് ദ്വേഷ്യം പൂണ്ട് പുറപ്പെട്ടു വടക്കെദേശത്തെ രാജാവിനോട് യുദ്ധം ചെയ്യും; അവൻ വലിയ ഒരു സമൂഹത്തെ അണിനിരത്തും; എന്നാൽ ആ സമൂഹം മറ്റവന്‍റെ കയ്യിൽ ഏല്പിക്കപ്പെടും. ആ ജനസമൂഹം വീണുപോകും; അവന്‍റെ ഹൃദയം ഗർവ്വിച്ച്, അവൻ പതിനായിരക്കണക്കിന് ജനത്തെ വീഴിക്കും; എങ്കിലും അവൻ പ്രബലനായിത്തീരുകയില്ല. വടക്കെദേശത്തെ രാജാവ് മടങ്ങിവന്ന്, മുമ്പത്തെക്കാൾ വലിയ ജനസമൂഹത്തെ അണിനിരത്തും; ചില വര്‍ഷങ്ങൾ കഴിഞ്ഞ് അവൻ വലിയൊരു സൈന്യത്തോടും വളരെ സമ്പത്തോടുംകൂടി വരും. “ആ കാലത്ത് പലരും തെക്കെദേശത്തെ രാജാവിന്‍റെ നേരെ എഴുന്നേല്‍ക്കും; നിന്‍റെ ജനത്തിലെ അക്രമികൾ ദർശന നിവർത്തിക്കായി മത്സരിക്കും; എങ്കിലും അവർ ഇടറിവീഴും. എന്നാൽ വടക്കെദേശത്തെ രാജാവ് വന്ന് അതിർത്തി ഉറപ്പിച്ചിട്ടുള്ള പട്ടണങ്ങൾ പിടിച്ചടക്കും; തെക്കെപടക്കൂട്ടങ്ങളും അവന്‍റെ വീരന്മാരായ പടയാളികളും ഉറച്ചുനില്ക്കുകയില്ല; ഉറച്ചുനില്ക്കുവാൻ അവർക്ക് ശക്തിയുണ്ടാകുകയുമില്ല. അവന്‍റെനേരെ വരുന്നവൻ ഇഷ്ടംപോലെ പ്രവർത്തിക്കും. ആരും അവന്‍റെ മുമ്പാകെ നില്‍ക്കുകയില്ല; നാശം വിതയ്ക്കുവാനുള്ള ശക്തിയുമായി അവൻ മനോഹരദേശത്തു നില്ക്കും. അവൻ തന്‍റെ രാജ്യത്തിന്‍റെ സർവ്വ ശക്തിയോടുംകൂടി വരുവാൻ താത്പര്യപ്പെടും; എന്നാൽ അവൻ അവനോട് ഒരു ഉടമ്പടി ചെയ്തു, അവന്‍റെ നാശത്തിനായി തന്‍റെ മകളെ ഭാര്യയായി കൊടുക്കും; എങ്കിലും അവൾ അവനോടൊപ്പം നില്‍ക്കുകയില്ല; അവന് സ്വന്തമായി ഇരിക്കുകയുമില്ല. പിന്നെ അവൻ തീരദേശങ്ങളിലേക്ക് മുഖംതിരിച്ച് പലതും പിടിച്ചടക്കും; എന്നാൽ അവൻ കാണിച്ച നിന്ദ ഒരു അധിപതി നിർത്തലാക്കും; അത്രയുമല്ല, അവന്‍റെ നിന്ദ അവന്‍റെമേൽ തന്നെ വരുത്തും. പിന്നെ അവൻ സ്വദേശത്തെ കോട്ടകളുടെ നേരെ മുഖം തിരിക്കും; എങ്കിലും അവൻ ഇടറിവീണ്, ഇല്ലാതെയാകും. “അവനു പകരം എഴുന്നേല്ക്കുന്നവൻ തന്‍റെ രാജ്യത്തിന്‍റെ മഹത്വത്തിനായി നികുതി പിരിക്കുവാൻ ഒരു അപഹാരിയെ അയയ്ക്കും; എങ്കിലും കുറെ ദിവസത്തിനുള്ളിൽ അവൻ സംഹരിക്കപ്പെടും. കോപത്താലല്ല, യുദ്ധത്താലുമല്ല.