1 ദിനവൃത്താന്തം 29:14-20
1 ദിനവൃത്താന്തം 29:14-20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്നാൽ ഞങ്ങൾ ഇങ്ങനെ ഇത്ര മനഃപൂർവമായി ദാനം ചെയ്യേണ്ടതിനു പ്രാപ്തരാകുവാൻ ഞാൻ ആർ? എന്റെ ജനവും എന്തുള്ളൂ? സകലവും നിങ്കൽനിന്നല്ലോ വരുന്നത്; നിന്റെ കൈയിൽനിന്നു വാങ്ങി ഞങ്ങൾ നിനക്കു തന്നതേയുള്ളൂ. ഞങ്ങൾ നിന്റെ മുമ്പാകെ ഞങ്ങളുടെ സകല പിതാക്കന്മാരെയുംപോലെ അതിഥികളും പരദേശികളും ആകുന്നു; ഭൂമിയിൽ ഞങ്ങളുടെ ആയുഷ്കാലം ഒരു നിഴൽപോലെയത്രേ; യാതൊരു സ്ഥിരതയുമില്ല. ഞങ്ങളുടെ ദൈവമായ യഹോവേ, നിന്റെ വിശുദ്ധനാമത്തിനായി നിനക്ക് ഒരു ആലയം പണിവാൻ ഞങ്ങൾ ശേഖരിച്ചിട്ടുള്ള ഈ സംഗ്രഹമെല്ലാം നിന്റെ കൈയിൽനിന്നുള്ളത്; സകലവും നിനക്കുള്ളതാകുന്നു. എന്റെ ദൈവമേ; നീ ഹൃദയത്തെ ശോധനചെയ്തു പരമാർഥതയിൽ പ്രസാദിക്കുന്നു എന്നു ഞാൻ അറിയുന്നു; ഞാനോ എന്റെ ഹൃദയപരമാർഥതയോടെ ഇവയെല്ലാം മനഃപൂർവമായി തന്നിരിക്കുന്നു; ഇപ്പോൾ ഇവിടെ കൂടിയിരിക്കുന്ന നിന്റെ ജനം നിനക്കു മനഃപൂർവമായി തന്നിരിക്കുന്നതു ഞാൻ സന്തോഷത്തോടെ കണ്ടുമിരിക്കുന്നു. ഞങ്ങളുടെ പിതാക്കന്മാരായ അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യിസ്രായേലിന്റെയും ദൈവമായ യഹോവേ, നിന്റെ ജനത്തിന്റെ ഹൃദയത്തിൽ ഈ വിചാരങ്ങളും ഭാവവും എന്നേക്കും കാത്ത് അവരുടെ ഹൃദയത്തെ നിങ്കലേക്കു തിരിക്കേണമേ. എന്റെ മകനായ ശലോമോൻ നിന്റെ കല്പനകളും സാക്ഷ്യങ്ങളും ചട്ടങ്ങളും പ്രമാണിക്കേണ്ടതിനും പണിയേണ്ടതിനായി ഞാൻ വട്ടംകൂട്ടിയിരിക്കുന്ന മന്ദിരം തീർപ്പാൻ ഇവയെല്ലാം നിവർത്തിക്കേണ്ടതിനും അവന് ഒരു ഏകാഗ്രഹൃദയം നല്കേണമേ. പിന്നെ ദാവീദ് സർവസഭയോടും: ഇപ്പോൾ നിങ്ങളുടെ ദൈവമായ യഹോവയെ വാഴ്ത്തുവിൻ എന്നു പറഞ്ഞു. അങ്ങനെ സഭ മുഴുവനും തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ വാഴ്ത്തി യഹോവയെയും രാജാവിനെയും വണങ്ങി നമസ്കരിച്ചു.
1 ദിനവൃത്താന്തം 29:14-20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സ്വമനസ്സാലെ ഈ തിരുമുൽക്കാഴ്ച അർപ്പിക്കാൻ ഞാൻ ആര്? എന്റെ ജനം ആര്? സമസ്തവും അങ്ങയിൽ നിന്നുള്ളതാണല്ലോ. അങ്ങയിൽനിന്നു ലഭിച്ചത് ഞങ്ങൾ അങ്ങേക്കു നല്‌കിയിരിക്കുന്നു. ഞങ്ങളുടെ എല്ലാ പിതാക്കന്മാരെയുംപോലെ ഞങ്ങളും അങ്ങയുടെ മുമ്പിൽ പരദേശികളും തൽക്കാലവാസികളുമാണ്; ഭൂമിയിലെ ഞങ്ങളുടെ ദിവസങ്ങൾ നിഴൽപോലെ മാത്രം; ഒരു സ്ഥിരതയുമില്ല. ഞങ്ങളുടെ ദൈവമായ സർവേശ്വരാ, അങ്ങയുടെ വിശുദ്ധനാമത്തിൽ അങ്ങേക്ക് ഒരു ആലയം പണിയാൻ സമൃദ്ധമായി ഞങ്ങൾ ശേഖരിച്ചിട്ടുള്ളതെല്ലാം അങ്ങയുടെ കൈകളിൽനിന്നു ലഭിച്ചിട്ടുള്ളവയാണ്. എല്ലാം അങ്ങയുടേതുമാത്രം. “എന്റെ ദൈവമേ, അങ്ങ് ഹൃദയം പരിശോധിച്ച് പരമാർഥതയിൽ പ്രസാദിക്കുന്നതായി ഞാൻ അറിയുന്നു. ഹൃദയപരമാർഥതയാൽ ഇതെല്ലാം ഞാൻ മനസ്സോടെ അർപ്പിച്ചിരിക്കുന്നുവല്ലോ; ഇവിടെ സന്നിഹിതരായിരിക്കുന്ന അങ്ങയുടെ ജനവും മനസ്സോടും ആനന്ദത്തോടും അവിടുത്തേക്കു കാഴ്ചകൾ അർപ്പിക്കുന്നതു ഞാൻ കണ്ടിരിക്കുന്നു. ഞങ്ങളുടെ പിതാക്കന്മാരായ അബ്രഹാമിന്റെയും ഇസ്ഹാക്കിന്റെയും ഇസ്രായേലിന്റെയും ദൈവമായ സർവേശ്വരാ, അവിടുത്തെ ജനത്തിന്റെ ഹൃദയങ്ങളിൽ ഇത്തരം ലക്ഷ്യങ്ങളും ചിന്തകളും എന്നേക്കും നിലനിറുത്തുകയും അവരുടെ ഹൃദയങ്ങളെ അങ്ങയിലേക്കു തിരിക്കുകയും ചെയ്യണമേ. എന്റെ പുത്രനായ ശലോമോൻ അങ്ങയുടെ കല്പനകളും സാക്ഷ്യങ്ങളും അനുശാസനങ്ങളും എല്ലാം പൂർണഹൃദയത്തോടെ പാലിക്കാനും അങ്ങേക്കുള്ള മന്ദിരം ഞാൻ കരുതിയിട്ടുള്ള വിഭവങ്ങൾകൊണ്ടു പണിയാനും അവിടുത്തെ കടാക്ഷം അവനിൽ ഉണ്ടാകണമേ.” പിന്നീടു ദാവീദു സഭ മുഴുവനോടുമായി കല്പിച്ചു: “നിങ്ങളുടെ ദൈവമായ സർവേശ്വരനെ വാഴ്ത്തുവിൻ.” സഭ മുഴുവനും തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സർവേശ്വരനെ വാഴ്ത്തുകയും ആരാധിക്കുകയും രാജാവിനെ വണങ്ങുകയും ചെയ്തു.
1 ദിനവൃത്താന്തം 29:14-20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
എന്നാൽ ഞങ്ങൾ ഇങ്ങനെ ഇത്ര മനഃപൂർവ്വമായി ദാനം ചെയ്യേണ്ടതിന് പ്രാപ്തരാകുവാൻ ഞാൻ ആർ? എന്റെ ജനവും എന്തുള്ളു? സകലവും അങ്ങിൽനിന്നല്ലോ വരുന്നത്; അങ്ങേയുടെ കയ്യിൽനിന്നു വാങ്ങി ഞങ്ങൾ അങ്ങേയ്ക്കു തന്നതേയുള്ളു. ഞങ്ങൾ അങ്ങേയ്ക്കു മുമ്പാകെ ഞങ്ങളുടെ സകലപിതാക്കന്മാരെയുംപോലെ അതിഥികളും പരദേശികളും ആകുന്നു; ഭൂമിയിൽ ഞങ്ങളുടെ ആയുഷ്കാലം ഒരു നിഴൽ പോലെയത്രേ; യാതൊരു സ്ഥിരതയുമില്ല. ഞങ്ങളുടെ ദൈവമായ യഹോവേ, അങ്ങേയുടെ വിശുദ്ധനാമത്തിനായി അങ്ങേയ്ക്ക് ഒരു ആലയം പണിയുവാൻ ഞങ്ങൾ ശേഖരിച്ചിട്ടുള്ള ഈ സംഗ്രഹമെല്ലാം അവിടുത്തെ കയ്യിൽനിന്നുള്ളത്; സകലവും അങ്ങേക്കുള്ളതാകുന്നു. എന്‍റെ ദൈവമേ; അങ്ങ് ഹൃദയത്തെ ശോധനചെയ്ത് പരമാർത്ഥതയിൽ പ്രസാദിക്കുന്നു എന്നു ഞാൻ അറിയുന്നു; ഞാനോ എന്റെ ഹൃദയപരമാർത്ഥതയോടെ ഇവയെല്ലാം മനഃപൂർവ്വമായി തന്നിരിക്കുന്നു; ഇപ്പോൾ ഇവിടെ കൂടിയിരിക്കുന്ന അങ്ങേയുടെ ജനം അങ്ങേയ്ക്ക് മനഃപൂർവ്വമായി തന്നിരിക്കുന്നത് ഞാൻ സന്തോഷത്തോടെ കണ്ടുമിരിക്കുന്നു. ഞങ്ങളുടെ പിതാക്കന്മാരായ അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യിസ്രായേലിന്റെയും ദൈവമായ യഹോവേ, അങ്ങേയുടെ ജനത്തിന്‍റെ ഹൃദയത്തിൽ ഈ വിചാരങ്ങളും ഭാവവും എന്നേക്കും കാത്ത് അവരുടെ ഹൃദയത്തെ അങ്ങയിലേക്ക് തിരിക്കേണമേ. എന്റെ മകനായ ശലോമോൻ, അങ്ങേയുടെ കല്പനകളും സാക്ഷ്യങ്ങളും ചട്ടങ്ങളും പ്രമാണിക്കേണ്ടതിനും ഞാൻ കരുതിയിട്ടുള്ള മന്ദിരം തീർക്കുവാനും, അങ്ങനെ ഇവയെല്ലാം നിവർത്തിക്കേണ്ടതിന് അവന് ഒരു ഏകാഗ്രഹൃദയം നല്കേണമേ.” പിന്നെ ദാവീദ് സർവ്വസഭയോടും: “ഇപ്പോൾ നിങ്ങളുടെ ദൈവമായ യഹോവയെ വാഴ്ത്തുവിൻ” എന്നു പറഞ്ഞു. അങ്ങനെ സഭമുഴുവനും തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ വാഴ്ത്തി യഹോവയെയും രാജാവിനെയും വണങ്ങി നമസ്കരിച്ചു.
1 ദിനവൃത്താന്തം 29:14-20 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എന്നാൽ ഞങ്ങൾ ഇങ്ങനെ ഇത്ര മനഃപൂർവ്വമായി ദാനം ചെയ്യേണ്ടതിന്നു പ്രാപ്തരാകുവാൻ ഞാൻ ആർ? എന്റെ ജനവും എന്തുള്ളു? സകലവും നിങ്കൽനിന്നല്ലോ വരുന്നതു; നിന്റെ കയ്യിൽനിന്നു വാങ്ങി ഞങ്ങൾ നിനക്കു തന്നതേയുള്ളു. ഞങ്ങൾ നിന്റെ മുമ്പാകെ അങ്ങളുടെ സകലപിതാക്കന്മാരെയുംപോലെ അതിഥികളും പരദേശികളും ആകുന്നു; ഭൂമിയിൽ ഞങ്ങളുടെ ആയുഷ്കാലം ഒരു നിഴൽ പോലെയത്രേ; യാതൊരു സ്ഥിരതയുമില്ല. ഞങ്ങളുടെ ദൈവമായ യഹോവേ, നിന്റെ വിശുദ്ധനാമത്തിന്നായി നിനക്കു ഒരു ആലയം പണിവാൻ ഞങ്ങൾ ശേഖരിച്ചിട്ടുള്ള ഈ സംഗ്രഹമെല്ലാം നിന്റെ കയ്യിൽനിന്നുള്ളതു; സകലവും നിനക്കുള്ളതാകുന്നു. എന്റെ ദൈവമേ; നീ ഹൃദയത്തെ ശോധനചെയ്തു പരമാർത്ഥതയിൽ പ്രസാദിക്കുന്നു എന്നു ഞാൻ അറിയുന്നു; ഞാനോ എന്റെ ഹൃദയപരമാർത്ഥതയോടെ ഇവയെല്ലാം മനഃപൂർവ്വമായി തന്നിരിക്കുന്നു; ഇപ്പോൾ ഇവിടെ കൂടിയിരിക്കുന്ന നിന്റെ ജനം നിനക്കു മനഃപൂർവ്വമായി തന്നിരിക്കുന്നതു ഞാൻ സന്തോഷത്തോടെ കണ്ടുമിരിക്കുന്നു. ഞങ്ങളുടെ പിതാക്കന്മാരായ അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യിസ്രായേലിന്റെയും ദൈവമായ യഹോവേ, നിന്റെ ജനത്തിന്റെ ഹൃദയത്തിൽ ഈ വിചാരങ്ങളും ഭാവവും എന്നേക്കും കാത്തു അവരുടെ ഹൃദയത്തെ നിങ്കലേക്കു തിരിക്കേണമേ. എന്റെ മകനായ ശലോമോൻ നിന്റെ കല്പനകളും സാക്ഷ്യങ്ങളും ചട്ടങ്ങളും പ്രമാണിക്കേണ്ടതിന്നു പണിയേണ്ടതിന്നായി ഞാൻ വട്ടംകൂട്ടിയിരിക്കുന്ന മന്ദിരം തീർപ്പാൻ ഇവയെല്ലാം നിവർത്തിക്കേണ്ടതിന്നും അവന്നു ഒരു ഏകാഗ്രഹൃദയം നല്കേണമേ. പിന്നെ ദാവീദ് സർവ്വസഭയോടും: ഇപ്പോൾ നിങ്ങളുടെ ദൈവമായ യഹോവയെ വാഴ്ത്തുവിൻ എന്നു പറഞ്ഞു. അങ്ങനെ സഭ മുഴുവനും തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ വാഴ്ത്തി യഹോവയെയും രാജാവിനെയും വണങ്ങി നമസ്കരിച്ചു.
1 ദിനവൃത്താന്തം 29:14-20 സമകാലിക മലയാളവിവർത്തനം (MCV)
“ഇത്രയും ഉദാരമായി ദാനം ചെയ്യാൻ കഴിയത്തക്കവിധം ഞാനാര്? എന്റെ ജനവും എന്തുള്ളൂ? എല്ലാം അങ്ങയിൽനിന്നു ലഭിക്കുന്നു; അങ്ങയുടെ പക്കൽനിന്നു വാങ്ങി ഞങ്ങൾ അങ്ങേക്കു തരികമാത്രമേ ചെയ്യുന്നുള്ളൂ. യഹോവേ, ഞങ്ങൾ അവിടത്തെ കണ്മുമ്പിൽ—ഞങ്ങളുടെ പിതാക്കന്മാരെപ്പോലെതന്നെ—വിദേശികളും പ്രവാസികളുംമാത്രം. ഭൂമിയിൽ ഞങ്ങളുടെ ആയുഷ്കാലം ആശയറ്റ ഒരു നിഴൽപോലെമാത്രം. ഞങ്ങളുടെ ദൈവമായ യഹോവേ, അങ്ങയുടെ വിശുദ്ധനാമത്തിന് ഒരു ആലയം പണിയുന്നതിനായി ഞങ്ങൾ ഇത്രമാത്രം സമൃദ്ധിയോടെ ശേഖരിച്ചിരിക്കുന്ന ഈ വകകളെല്ലാം തൃക്കരങ്ങളിൽനിന്ന് വരുന്നു, എല്ലാം അങ്ങേക്കുള്ളതുതന്നെ. എന്റെ ദൈവമേ, അങ്ങ് ഹൃദയങ്ങളെ പരിശോധിച്ചറിയുന്നു എന്നും പരമാർഥതയിൽ പ്രസാദിക്കുന്നു എന്നും ഞാനറിയുന്നു. ഇവയെല്ലാം ഞാൻ സ്വമനസ്സാ, ഹൃദയപരമാർഥതയോടെ തന്നിരിക്കുന്നു. ഇവിടെ സന്നിഹിതരായിരിക്കുന്ന അങ്ങയുടെ ഈ ജനം എത്ര സന്തോഷപൂർവം അങ്ങേക്കുവേണ്ടി തന്നിരിക്കുന്നു എന്നുകണ്ടു ഞാൻ സന്തോഷിച്ചുമിരിക്കുന്നു. ഞങ്ങളുടെ പിതാക്കന്മാരായ അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും ഇസ്രായേലിന്റെയും ദൈവമായ യഹോവേ, അങ്ങയുടെ ജനത്തിന്റെ ഹൃദയങ്ങളിലെ ഈ വാഞ്ഛയെ എന്നെന്നേക്കും നിലനിർത്തണമേ! അവരുടെ ഹൃദയങ്ങൾ അങ്ങയോടു കൂറു പുലർത്താൻ ഇടയാക്കണമേ! ഈ ഞാൻ ആ ഗംഭീര സൗധത്തിന് ആവശ്യമായ സാമഗ്രികൾ സംഭരിച്ചിട്ടുണ്ടല്ലോ; അതു പണിയുന്നതിനും അങ്ങയുടെ കൽപ്പനകളും നിയമവ്യവസ്ഥകളും ഉത്തരവുകളും പ്രമാണിക്കുന്നതിനുംവേണ്ടി ഏകാഗ്രമായ ഒരു ഹൃദയം എന്റെ മകനായ ശലോമോനു നൽകണമേ!” അതിനുശേഷം ദാവീദ് സർവസഭയോടുമായി, “നിങ്ങളുടെ ദൈവമായ യഹോവയെ സ്തുതിക്കുവിൻ!” എന്നു പറഞ്ഞു. ജനങ്ങളെല്ലാം തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ വാഴ്ത്തുകയും താണുവണങ്ങുകയും ചെയ്തു. അവർ യഹോവയുടെയും രാജാവിന്റെയും മുമ്പാകെ സാഷ്ടാംഗം വീണു നമസ്കരിച്ചു.