1 CHRONICLE 29:14-20

1 CHRONICLE 29:14-20 MALCLBSI

സ്വമനസ്സാലെ ഈ തിരുമുൽക്കാഴ്ച അർപ്പിക്കാൻ ഞാൻ ആര്? എന്റെ ജനം ആര്? സമസ്തവും അങ്ങയിൽ നിന്നുള്ളതാണല്ലോ. അങ്ങയിൽനിന്നു ലഭിച്ചത് ഞങ്ങൾ അങ്ങേക്കു നല്‌കിയിരിക്കുന്നു. ഞങ്ങളുടെ എല്ലാ പിതാക്കന്മാരെയുംപോലെ ഞങ്ങളും അങ്ങയുടെ മുമ്പിൽ പരദേശികളും തൽക്കാലവാസികളുമാണ്; ഭൂമിയിലെ ഞങ്ങളുടെ ദിവസങ്ങൾ നിഴൽപോലെ മാത്രം; ഒരു സ്ഥിരതയുമില്ല. ഞങ്ങളുടെ ദൈവമായ സർവേശ്വരാ, അങ്ങയുടെ വിശുദ്ധനാമത്തിൽ അങ്ങേക്ക് ഒരു ആലയം പണിയാൻ സമൃദ്ധമായി ഞങ്ങൾ ശേഖരിച്ചിട്ടുള്ളതെല്ലാം അങ്ങയുടെ കൈകളിൽനിന്നു ലഭിച്ചിട്ടുള്ളവയാണ്. എല്ലാം അങ്ങയുടേതുമാത്രം. “എന്റെ ദൈവമേ, അങ്ങ് ഹൃദയം പരിശോധിച്ച് പരമാർഥതയിൽ പ്രസാദിക്കുന്നതായി ഞാൻ അറിയുന്നു. ഹൃദയപരമാർഥതയാൽ ഇതെല്ലാം ഞാൻ മനസ്സോടെ അർപ്പിച്ചിരിക്കുന്നുവല്ലോ; ഇവിടെ സന്നിഹിതരായിരിക്കുന്ന അങ്ങയുടെ ജനവും മനസ്സോടും ആനന്ദത്തോടും അവിടുത്തേക്കു കാഴ്ചകൾ അർപ്പിക്കുന്നതു ഞാൻ കണ്ടിരിക്കുന്നു. ഞങ്ങളുടെ പിതാക്കന്മാരായ അബ്രഹാമിന്റെയും ഇസ്ഹാക്കിന്റെയും ഇസ്രായേലിന്റെയും ദൈവമായ സർവേശ്വരാ, അവിടുത്തെ ജനത്തിന്റെ ഹൃദയങ്ങളിൽ ഇത്തരം ലക്ഷ്യങ്ങളും ചിന്തകളും എന്നേക്കും നിലനിറുത്തുകയും അവരുടെ ഹൃദയങ്ങളെ അങ്ങയിലേക്കു തിരിക്കുകയും ചെയ്യണമേ. എന്റെ പുത്രനായ ശലോമോൻ അങ്ങയുടെ കല്പനകളും സാക്ഷ്യങ്ങളും അനുശാസനങ്ങളും എല്ലാം പൂർണഹൃദയത്തോടെ പാലിക്കാനും അങ്ങേക്കുള്ള മന്ദിരം ഞാൻ കരുതിയിട്ടുള്ള വിഭവങ്ങൾകൊണ്ടു പണിയാനും അവിടുത്തെ കടാക്ഷം അവനിൽ ഉണ്ടാകണമേ.” പിന്നീടു ദാവീദു സഭ മുഴുവനോടുമായി കല്പിച്ചു: “നിങ്ങളുടെ ദൈവമായ സർവേശ്വരനെ വാഴ്ത്തുവിൻ.” സഭ മുഴുവനും തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സർവേശ്വരനെ വാഴ്ത്തുകയും ആരാധിക്കുകയും രാജാവിനെ വണങ്ങുകയും ചെയ്തു.

1 CHRONICLE 29 വായിക്കുക