എന്നാൽ ഞങ്ങൾ ഇങ്ങനെ ഇത്ര മനഃപൂർവമായി ദാനം ചെയ്യേണ്ടതിനു പ്രാപ്തരാകുവാൻ ഞാൻ ആർ? എന്റെ ജനവും എന്തുള്ളൂ? സകലവും നിങ്കൽനിന്നല്ലോ വരുന്നത്; നിന്റെ കൈയിൽനിന്നു വാങ്ങി ഞങ്ങൾ നിനക്കു തന്നതേയുള്ളൂ. ഞങ്ങൾ നിന്റെ മുമ്പാകെ ഞങ്ങളുടെ സകല പിതാക്കന്മാരെയുംപോലെ അതിഥികളും പരദേശികളും ആകുന്നു; ഭൂമിയിൽ ഞങ്ങളുടെ ആയുഷ്കാലം ഒരു നിഴൽപോലെയത്രേ; യാതൊരു സ്ഥിരതയുമില്ല. ഞങ്ങളുടെ ദൈവമായ യഹോവേ, നിന്റെ വിശുദ്ധനാമത്തിനായി നിനക്ക് ഒരു ആലയം പണിവാൻ ഞങ്ങൾ ശേഖരിച്ചിട്ടുള്ള ഈ സംഗ്രഹമെല്ലാം നിന്റെ കൈയിൽനിന്നുള്ളത്; സകലവും നിനക്കുള്ളതാകുന്നു. എന്റെ ദൈവമേ; നീ ഹൃദയത്തെ ശോധനചെയ്തു പരമാർഥതയിൽ പ്രസാദിക്കുന്നു എന്നു ഞാൻ അറിയുന്നു; ഞാനോ എന്റെ ഹൃദയപരമാർഥതയോടെ ഇവയെല്ലാം മനഃപൂർവമായി തന്നിരിക്കുന്നു; ഇപ്പോൾ ഇവിടെ കൂടിയിരിക്കുന്ന നിന്റെ ജനം നിനക്കു മനഃപൂർവമായി തന്നിരിക്കുന്നതു ഞാൻ സന്തോഷത്തോടെ കണ്ടുമിരിക്കുന്നു. ഞങ്ങളുടെ പിതാക്കന്മാരായ അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യിസ്രായേലിന്റെയും ദൈവമായ യഹോവേ, നിന്റെ ജനത്തിന്റെ ഹൃദയത്തിൽ ഈ വിചാരങ്ങളും ഭാവവും എന്നേക്കും കാത്ത് അവരുടെ ഹൃദയത്തെ നിങ്കലേക്കു തിരിക്കേണമേ. എന്റെ മകനായ ശലോമോൻ നിന്റെ കല്പനകളും സാക്ഷ്യങ്ങളും ചട്ടങ്ങളും പ്രമാണിക്കേണ്ടതിനും പണിയേണ്ടതിനായി ഞാൻ വട്ടംകൂട്ടിയിരിക്കുന്ന മന്ദിരം തീർപ്പാൻ ഇവയെല്ലാം നിവർത്തിക്കേണ്ടതിനും അവന് ഒരു ഏകാഗ്രഹൃദയം നല്കേണമേ. പിന്നെ ദാവീദ് സർവസഭയോടും: ഇപ്പോൾ നിങ്ങളുടെ ദൈവമായ യഹോവയെ വാഴ്ത്തുവിൻ എന്നു പറഞ്ഞു. അങ്ങനെ സഭ മുഴുവനും തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ വാഴ്ത്തി യഹോവയെയും രാജാവിനെയും വണങ്ങി നമസ്കരിച്ചു.
1 ദിനവൃത്താന്തം 29 വായിക്കുക
കേൾക്കുക 1 ദിനവൃത്താന്തം 29
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 1 ദിനവൃത്താന്തം 29:14-20
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ