1 ദിനവൃത്താന്തം 29:14-20

1 ദിനവൃത്താന്തം 29:14-20 MCV

“ഇത്രയും ഉദാരമായി ദാനം ചെയ്യാൻ കഴിയത്തക്കവിധം ഞാനാര്? എന്റെ ജനവും എന്തുള്ളൂ? എല്ലാം അങ്ങയിൽനിന്നു ലഭിക്കുന്നു; അങ്ങയുടെ പക്കൽനിന്നു വാങ്ങി ഞങ്ങൾ അങ്ങേക്കു തരികമാത്രമേ ചെയ്യുന്നുള്ളൂ. യഹോവേ, ഞങ്ങൾ അവിടത്തെ കണ്മുമ്പിൽ—ഞങ്ങളുടെ പിതാക്കന്മാരെപ്പോലെതന്നെ—വിദേശികളും പ്രവാസികളുംമാത്രം. ഭൂമിയിൽ ഞങ്ങളുടെ ആയുഷ്കാലം ആശയറ്റ ഒരു നിഴൽപോലെമാത്രം. ഞങ്ങളുടെ ദൈവമായ യഹോവേ, അങ്ങയുടെ വിശുദ്ധനാമത്തിന് ഒരു ആലയം പണിയുന്നതിനായി ഞങ്ങൾ ഇത്രമാത്രം സമൃദ്ധിയോടെ ശേഖരിച്ചിരിക്കുന്ന ഈ വകകളെല്ലാം തൃക്കരങ്ങളിൽനിന്ന് വരുന്നു, എല്ലാം അങ്ങേക്കുള്ളതുതന്നെ. എന്റെ ദൈവമേ, അങ്ങ് ഹൃദയങ്ങളെ പരിശോധിച്ചറിയുന്നു എന്നും പരമാർഥതയിൽ പ്രസാദിക്കുന്നു എന്നും ഞാനറിയുന്നു. ഇവയെല്ലാം ഞാൻ സ്വമനസ്സാ, ഹൃദയപരമാർഥതയോടെ തന്നിരിക്കുന്നു. ഇവിടെ സന്നിഹിതരായിരിക്കുന്ന അങ്ങയുടെ ഈ ജനം എത്ര സന്തോഷപൂർവം അങ്ങേക്കുവേണ്ടി തന്നിരിക്കുന്നു എന്നുകണ്ടു ഞാൻ സന്തോഷിച്ചുമിരിക്കുന്നു. ഞങ്ങളുടെ പിതാക്കന്മാരായ അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും ഇസ്രായേലിന്റെയും ദൈവമായ യഹോവേ, അങ്ങയുടെ ജനത്തിന്റെ ഹൃദയങ്ങളിലെ ഈ വാഞ്ഛയെ എന്നെന്നേക്കും നിലനിർത്തണമേ! അവരുടെ ഹൃദയങ്ങൾ അങ്ങയോടു കൂറു പുലർത്താൻ ഇടയാക്കണമേ! ഈ ഞാൻ ആ ഗംഭീര സൗധത്തിന് ആവശ്യമായ സാമഗ്രികൾ സംഭരിച്ചിട്ടുണ്ടല്ലോ; അതു പണിയുന്നതിനും അങ്ങയുടെ കൽപ്പനകളും നിയമവ്യവസ്ഥകളും ഉത്തരവുകളും പ്രമാണിക്കുന്നതിനുംവേണ്ടി ഏകാഗ്രമായ ഒരു ഹൃദയം എന്റെ മകനായ ശലോമോനു നൽകണമേ!” അതിനുശേഷം ദാവീദ് സർവസഭയോടുമായി, “നിങ്ങളുടെ ദൈവമായ യഹോവയെ സ്തുതിക്കുവിൻ!” എന്നു പറഞ്ഞു. ജനങ്ങളെല്ലാം തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ വാഴ്ത്തുകയും താണുവണങ്ങുകയും ചെയ്തു. അവർ യഹോവയുടെയും രാജാവിന്റെയും മുമ്പാകെ സാഷ്ടാംഗം വീണു നമസ്കരിച്ചു.