1 CHRONICLE 29

29
ദേവാലയ നിർമ്മിതിക്കുള്ള സംഭാവനകൾ
1ദാവീദുരാജാവ് ഇസ്രായേൽസമൂഹത്തോടു പറഞ്ഞു: “എന്റെ പുത്രനായ ശലോമോനെ മാത്രമാണ് ദൈവം തിരഞ്ഞെടുത്തിരിക്കുന്നത്. അവൻ ചെറുപ്പമാണ്, പരിചയസമ്പന്നനുമല്ല; ചെയ്യാനുള്ള പ്രവൃത്തിയോ, വലുത്; ആലയം മനുഷ്യനുവേണ്ടിയുള്ളതല്ല, ദൈവമായ സർവേശ്വരനു വേണ്ടിയുള്ളതാണല്ലോ. 2അതുകൊണ്ട് എന്റെ ദൈവത്തിന്റെ ആലയത്തിനായി എന്നാൽ കഴിയുന്നതെല്ലാം കരുതിയിട്ടുണ്ട്. അതത് ഉപകരണങ്ങൾക്കു വേണ്ട സ്വർണം, വെള്ളി, ഓട്, ഇരുമ്പ്, തടി, കൂടാതെ ധാരാളം ഗോമേദകക്കല്ലുകൾ, രത്നക്കല്ലുകൾ, അഞ്ജനക്കല്ലുകൾ, വർണക്കല്ലുകൾ, എല്ലാത്തരം അമൂല്യ രത്നങ്ങൾ, മാർബിൾ എന്നിവയും ഞാൻ ശേഖരിച്ചിട്ടുണ്ട്. 3വിശുദ്ധമന്ദിരത്തിനു വേണ്ടി ഞാൻ കരുതിയിട്ടുള്ളവയ്‍ക്കെല്ലാം പുറമേ, എന്റെ സ്വന്തമായ സ്വർണത്തിന്റെയും വെള്ളിയുടെയും ഭണ്ഡാരവും ഉണ്ട്. എന്റെ ദൈവത്തിന്റെ ഭവനത്തോട് എനിക്കുള്ള കൂറുനിമിത്തം എന്റെ ദൈവത്തിന്റെ ആലയത്തിനുവേണ്ടി അതെല്ലാം നല്‌കിയിരിക്കുന്നു. 4ആലയഭിത്തികൾ വേണ്ടതുപോലെ സ്വർണംകൊണ്ടും വെള്ളികൊണ്ടും പൊതിയാനും വിദഗ്ദ്ധശില്പികളുടെ പണിത്തരങ്ങൾക്കുമായി ഓഫീറിൽനിന്നുള്ള മൂവായിരം താലന്തു സ്വർണവും ഏഴായിരം താലന്തു ശുദ്ധിചെയ്ത വെള്ളിയും കൊടുത്തിരിക്കുന്നു. 5ഇനിയും ആരാണ് സർവേശ്വരനു വേണ്ടി സ്വമനസ്സാലെ കാഴ്ചയർപ്പിച്ചു സമർപ്പിതനാകുന്നത്?”
6തത്സമയം പിതൃഭവനത്തലവന്മാരും ഗോത്രനായകന്മാരും സഹസ്രാധിപന്മാരും ശതാധിപന്മാരും രാജകീയ പ്രവർത്തനങ്ങളുടെ മേൽനോട്ടക്കാരും സ്വമേധാദാനങ്ങൾ നല്‌കി. 7ദേവാലയത്തിന്റെ പണികൾക്കായി അവർ അയ്യായിരം താലന്തു സ്വർണവും പതിനായിരം തങ്കക്കാശും പതിനായിരം താലന്തു വെള്ളിയും പതിനെണ്ണായിരം താലന്ത് ഓടും ഒരു ലക്ഷം താലന്ത് ഇരുമ്പും നല്‌കി. 8അമൂല്യ രത്നങ്ങൾ കൈവശം ഉണ്ടായിരുന്നവർ ഗേർശോന്യനായ യെഹീയേലിന്റെ മേൽനോട്ടത്തിൽ അവ സർവേശ്വരമന്ദിരത്തിലെ ഭണ്ഡാരത്തിൽ സമർപ്പിച്ചു. 9അവർ പൂർണഹൃദയത്തോടെ സർവേശ്വരന് അവ സമർപ്പിച്ചതിനാൽ ദാവീദുരാജാവും ജനങ്ങളും ആഹ്ലാദിച്ചു.
ദാവീദ് ദൈവത്തെ സ്തുതിക്കുന്നു
10അപ്പോൾ സഭ മുഴുവന്റെയും മുമ്പാകെ ദാവീദ് സർവേശ്വരനെ സ്തുതിച്ചുകൊണ്ടു പറഞ്ഞു: “ഞങ്ങളുടെ പിതാവായ ഇസ്രായേലിന്റെ ദൈവമായ സർവേശ്വരാ, അവിടുന്ന് എന്നേക്കും വാഴ്ത്തപ്പെട്ടവൻ. 11സർവേശ്വരാ, മഹിമയും ശക്തിയും മഹത്ത്വവും വിജയവും പ്രതാപവും അങ്ങേക്കുള്ളത്; സ്വർഗത്തിലും ഭൂമിയിലുമുള്ളതെല്ലാം അങ്ങയുടേതാണല്ലോ. സർവേശ്വരാ, രാജത്വം അങ്ങയുടേത്. അങ്ങ് എല്ലാറ്റിനും മീതെ അധീശനായി വർത്തിക്കുന്നു. 12ധനവും ബഹുമതിയും അങ്ങയിൽനിന്നു വരുന്നു; അങ്ങ് എല്ലാറ്റിനും മീതെ വാഴുന്നു. ശക്തിയും പ്രതാപവും അങ്ങയുടെ കൈകളിൽ ആകുന്നു; മാഹാത്മ്യം വരുത്തുന്നതും എല്ലാറ്റിനും ശക്തി പകരുന്നതും അങ്ങാണ്. 13അതിനാൽ ഞങ്ങളുടെ ദൈവമേ, ഞങ്ങളിതാ, അവിടുത്തേക്കു സ്തോത്രം അർപ്പിക്കുന്നു, അവിടുത്തെ മഹത്ത്വപൂർണമായ നാമത്തെ സ്തുതിക്കുന്നു. 14സ്വമനസ്സാലെ ഈ തിരുമുൽക്കാഴ്ച അർപ്പിക്കാൻ ഞാൻ ആര്? എന്റെ ജനം ആര്? സമസ്തവും അങ്ങയിൽ നിന്നുള്ളതാണല്ലോ. അങ്ങയിൽനിന്നു ലഭിച്ചത് ഞങ്ങൾ അങ്ങേക്കു നല്‌കിയിരിക്കുന്നു. 15ഞങ്ങളുടെ എല്ലാ പിതാക്കന്മാരെയുംപോലെ ഞങ്ങളും അങ്ങയുടെ മുമ്പിൽ പരദേശികളും തൽക്കാലവാസികളുമാണ്; ഭൂമിയിലെ ഞങ്ങളുടെ ദിവസങ്ങൾ നിഴൽപോലെ മാത്രം; ഒരു സ്ഥിരതയുമില്ല. 16ഞങ്ങളുടെ ദൈവമായ സർവേശ്വരാ, അങ്ങയുടെ വിശുദ്ധനാമത്തിൽ അങ്ങേക്ക് ഒരു ആലയം പണിയാൻ സമൃദ്ധമായി ഞങ്ങൾ ശേഖരിച്ചിട്ടുള്ളതെല്ലാം അങ്ങയുടെ കൈകളിൽനിന്നു ലഭിച്ചിട്ടുള്ളവയാണ്. എല്ലാം അങ്ങയുടേതുമാത്രം.
17“എന്റെ ദൈവമേ, അങ്ങ് ഹൃദയം പരിശോധിച്ച് പരമാർഥതയിൽ പ്രസാദിക്കുന്നതായി ഞാൻ അറിയുന്നു. ഹൃദയപരമാർഥതയാൽ ഇതെല്ലാം ഞാൻ മനസ്സോടെ അർപ്പിച്ചിരിക്കുന്നുവല്ലോ; ഇവിടെ സന്നിഹിതരായിരിക്കുന്ന അങ്ങയുടെ ജനവും മനസ്സോടും ആനന്ദത്തോടും അവിടുത്തേക്കു കാഴ്ചകൾ അർപ്പിക്കുന്നതു ഞാൻ കണ്ടിരിക്കുന്നു. 18ഞങ്ങളുടെ പിതാക്കന്മാരായ അബ്രഹാമിന്റെയും ഇസ്ഹാക്കിന്റെയും ഇസ്രായേലിന്റെയും ദൈവമായ സർവേശ്വരാ, അവിടുത്തെ ജനത്തിന്റെ ഹൃദയങ്ങളിൽ ഇത്തരം ലക്ഷ്യങ്ങളും ചിന്തകളും എന്നേക്കും നിലനിറുത്തുകയും അവരുടെ ഹൃദയങ്ങളെ അങ്ങയിലേക്കു തിരിക്കുകയും ചെയ്യണമേ. 19എന്റെ പുത്രനായ ശലോമോൻ അങ്ങയുടെ കല്പനകളും സാക്ഷ്യങ്ങളും അനുശാസനങ്ങളും എല്ലാം പൂർണഹൃദയത്തോടെ പാലിക്കാനും അങ്ങേക്കുള്ള മന്ദിരം ഞാൻ കരുതിയിട്ടുള്ള വിഭവങ്ങൾകൊണ്ടു പണിയാനും അവിടുത്തെ കടാക്ഷം അവനിൽ ഉണ്ടാകണമേ.”
20പിന്നീടു ദാവീദു സഭ മുഴുവനോടുമായി കല്പിച്ചു: “നിങ്ങളുടെ ദൈവമായ സർവേശ്വരനെ വാഴ്ത്തുവിൻ.” സഭ മുഴുവനും തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സർവേശ്വരനെ വാഴ്ത്തുകയും ആരാധിക്കുകയും രാജാവിനെ വണങ്ങുകയും ചെയ്തു. 21പിന്നീട് അവർ സർവേശ്വരനു യാഗങ്ങൾ അർപ്പിച്ചു. പിറ്റേദിവസം ഹോമയാഗമായി ആയിരം കാളകളെയും ആയിരം മുട്ടാടുകളെയും ആയിരം കുഞ്ഞാടുകളെയും പാനീയ നിവേദ്യത്തോടുകൂടി എല്ലാ ഇസ്രായേല്യർക്കും വേണ്ടി സർവേശ്വരന് അർപ്പിച്ചു; 22അവർ വലിയ സന്തോഷത്തോടെ സർവേശ്വരസന്നിധിയിൽ തിന്നുകുടിച്ച് അത്യന്തം ആഹ്ലാദിച്ചു. അവർ ദാവീദിന്റെ പുത്രനായ ശലോമോനെ വീണ്ടും രാജാവായി അവരോധിച്ചു. സർവേശ്വരനുവേണ്ടി ശലോമോനെ പ്രഭുവായും സാദോക്കിനെ പുരോഹിതനായും അഭിഷേകം ചെയ്തു. 23തന്റെ പിതാവായ ദാവീദിനു പകരം ശലോമോൻ രാജാവായി സർവേശ്വരന്റെ സിംഹാസനത്തിൽ ഇരുന്നു. അദ്ദേഹം ഐശ്വര്യസമ്പന്നനായിത്തീർന്നു. ഇസ്രായേൽജനം മുഴുവൻ അദ്ദേഹത്തെ അനുസരിച്ചു. 24എല്ലാ നായകന്മാരും വീരയോദ്ധാക്കളും ദാവീദുരാജാവിന്റെ എല്ലാ പുത്രന്മാരും ശലോമോൻ രാജാവിനോടു കൂറു പ്രഖ്യാപിച്ചു. 25ഇസ്രായേൽജനതയുടെ മുമ്പിൽ സർവേശ്വരൻ ശലോമോനെ അത്യന്തം പ്രശസ്തനാക്കി. ഇസ്രായേലിൽ ഒരു രാജാവിനും മുമ്പ് ഉണ്ടായിട്ടില്ലാത്ത രാജകീയ പ്രതാപം അദ്ദേഹത്തിനു നല്‌കി.
ദാവീദിന്റെ ഭരണത്തിന്റെ ചുരുക്കം
26അങ്ങനെ യിശ്ശായിയുടെ പുത്രനായ ദാവീദ് ഇസ്രായേൽ മുഴുവന്റെയുംമേൽ ഭരണം നടത്തി. 27ഇസ്രായേലിൽ അദ്ദേഹത്തിന്റെ ഭരണകാലം നാല്പതു വർഷം ആയിരുന്നു; ഏഴുവർഷം ഹെബ്രോനിലും മുപ്പത്തിമൂന്നു വർഷം യെരൂശലേമിലും അദ്ദേഹം വാണു. 28ആയുസ്സും ധനവും പ്രതാപവും തികഞ്ഞു വാർധക്യത്തിൽ അദ്ദേഹം അന്തരിച്ചു. അദ്ദേഹത്തിന്റെ പുത്രനായ ശലോമോൻ പകരം രാജാവായി. 29ദാവീദുരാജാവിന്റെ പ്രവൃത്തികൾ ആദ്യന്തം ദർശകരായ ശമൂവേൽ, ഗാദ് എന്നിവരുടെയും നാഥാൻപ്രവാചകന്റെയും വൃത്താന്തപുസ്തകങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 30അദ്ദേഹത്തിന്റെ എല്ലാ ഭരണവിവരങ്ങളും വീര്യപ്രവൃത്തികളും അദ്ദേഹത്തെയും ഇസ്രായേലിനെയും മറ്റു രാജ്യങ്ങളെയും സംബന്ധിച്ച സകല കാര്യങ്ങളും ഈ രേഖകളിൽ വിവരിച്ചിരിക്കുന്നു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

1 CHRONICLE 29: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക