നിങ്ങളുടെ മികച്ച നിക്ഷേപം!ഉദാഹരണം
“ബൈബിൾ പതിവായി വായിക്കുക”
വായനയ്ക്കുള്ള ധാരാളം കാര്യങ്ങൾ ബൈബിൾ നൽകുന്നുവെന്ന് നമ്മിൽ മിക്കവരും സമ്മതിക്കും - അവയിൽ ചിലത് ചിലപ്പോൾ നമ്മുടെ ബുദ്ധിക്കതീതവും അവ്യക്തവുമായി തോന്നിയേക്കാം. ബൈബിളിനെ കുറിച്ചുള്ള ചില വസ്‌തുതകൾ ഇവിടെ കൊടുക്കുന്നു, അത് ഒരു റഫറൻസ് ഫ്രെയിമിലൂടെയും മികച്ച ഗ്രാഹ്യത്തോടെയും നിങ്ങളുടെ വായനാസമയം ക്രമീകരിക്കാൻ നിങ്ങളെ സഹായിക്കും.
ഒന്നാമതായി, ബൈബിളിലെ പുസ്തകങ്ങളെ രണ്ട് ഭാഗങ്ങളായി വേർതിരിച്ചിരിക്കുന്നുവെന്ന് നിങ്ങൾക്കു കാണാം:
ലോകത്തിന്റെ സൃഷ്ടി, യിസ്രായേൽ ജനതയുടെ ചരിത്രം - ഒരു രാഷ്ട്രമെന്ന നിലയിൽ അവരുടെ പരാജയം, തത്ഫലമായി അവരുടെ ശത്രുക്കളുടെ കീഴിലുള്ള അടിമത്തം, ഒടുവിൽ, ക്രിസ്തുവിന്റെ ജനനത്തിന് വർഷങ്ങൾക്ക് മുമ്പ്, യെരുശലേമിൽ പുനരധിവസിക്കാനുള്ള അവരുടെ തിരിച്ചുവരവ് എന്നിവ ഉൾപ്പെടെയുള്ള രചനകളുടെ സമാഹാരമാണ് പഴയ നിയമം. പഴയ നിയമം യിസ്രായേൽ ജനതയ്‌ക്കുള്ള ദൈവത്തിന്റെ നിയമം കൂടിയാണ്.
യേശുവിന്റെ ജനനത്തിനു തൊട്ടുമുമ്പ് ആരംഭിച്ച്, തുടർന്ന് അവന്റെ ജീവിതവും ശുശ്രൂഷയും, നമ്മുടെ രക്ഷകനായിട്ടുള്ള അവന്റെ മരണവും പുനരുത്ഥാനവും, ആത്യന്തികമായി ലോകമെമ്പാടുമുള്ള അവന്റെ സഭയുടെ സ്ഥാപനവും വിപുലീകരണവും എന്നിവയുടെ ചരിത്രം ഉൾപ്പെടെയുള്ള രചനകളുടെ സമാഹാരമാണ് പുതിയ നിയമം. പുതിയ നിയമത്തിൽ വെളിപ്പെടുത്തിയ കൃപയാൽ ക്രിസ്തുവിലുള്ള സ്വാതന്ത്ര്യത്തിന്റെ സന്ദേശം, പഴയനിയമത്തിൽ അടിച്ചേൽപ്പിച്ചിരുന്ന ആചാരങ്ങളുടെ ആവശ്യകത പൂർത്തീകരിക്കുകയും പകരം വയ്ക്കുകയും ചെയ്യുന്നു.
രണ്ടാമതായി, പൊതുവായി പറഞ്ഞാൽ, ബൈബിളിലെ പഴയതും പുതിയതുമായ നിയമങ്ങളിൽ ഉടനീളം നിങ്ങൾക്ക് മൂന്ന് തരം രചനകൾ കാണാം:
ചരിത്രപരമായ വിവരണം - ഒരു യഥാർത്ഥ കഥ പറയുകയും ആളുകളെയും മുഖ്യ സംഭവങ്ങളെയും കുറിച്ചുള്ള പ്രധാന ചരിത്ര വീക്ഷണം നൽകുകയും ചെയ്യുന്ന രചനകൾ.
പ്രബോധന രചനകൾ - സംഭവങ്ങളുടെ ചരിത്രപരമായ വിവരണങ്ങൾ നൽകാതെ തന്നെ ക്രിസ്തീയ ജീവിതത്തിന്റെയും സഭാസംഘടനയുടെയും വ്യക്തിപരവും കുടുംബപരവുമായ കാര്യങ്ങളുടെയും പല കാഴ്ചപ്പാടുകളിലും പ്രബോധനം നൽകുന്ന പുസ്തകങ്ങളും വാക്യങ്ങളും.
പ്രചോദനാത്മകമായ രചനകൾ - കാവ്യാത്മകവും കലാപരവുമായ രചനകൾ, രചയിതാവിൽ നിന്ന് വായനക്കാരനിലേക്ക് പ്രോത്സാഹനവും ധൈര്യവും പകരാനും വൈകാരികാനുഭവങ്ങൾ പങ്കുവയ്ക്കാനുംരൂപകൽപ്പന ചെയ്‌തിരിക്കുന്നു.
മത്തായി, മർക്കൊസ്, ലൂക്കൊസ്, യോഹന്നാൻ എന്നിവയാണ് യേശുവിന്റെ ജീവിതത്തെയും ശുശ്രൂഷയെയും കുറിച്ച് ചരിത്രപരമായ വിവരണം നൽകുന്ന പുതിയ നിയമ രചനകൾ. ഈ നാല് പുസ്തകങ്ങളും സുവിശേഷങ്ങൾ എന്നും അറിയപ്പെടുന്നു. യേശുവിന്റെ മരണത്തിനും പുനരുത്ഥാനത്തിനും ശേഷം ക്രിസ്തീയ സഭയുടെ സ്ഥാപനവും വളർച്ചയും വിവരിക്കുന്ന പുതിയ നിയമത്തിലെ മറ്റൊരു ചരിത്രഗ്രന്ഥമാണ് അപ്പൊസ്തല പ്രവൃത്തികളുടെ പുസ്തകം.
പ്രബോധന ഗ്രന്ഥങ്ങളെ പ്രതിനിധീകരിക്കുന്ന പുതിയ നിയമ പുസ്തകങ്ങൾ റോമർ മുതൽ യൂദാ വരെയാണ്. ലോകമെമ്പാടുമുള്ള ഇതര ക്രിസ്ത്യാനികൾക്കും സഭകൾക്കും ഉപദേശങ്ങളും നിർദ്ദേശങ്ങളും നൽകുന്ന സഭാനേതാക്കന്മാരുടെ യഥാർത്ഥ കത്തുകളാണിവ.
പഴയനിയമ പുസ്തകമായ സങ്കീർത്തനങ്ങൾ പ്രചോദനാത്മകമായ രചനകളുടെ മികച്ച ഉദാഹരണമാണ്. ദൈവവചനം പതിവായി തങ്ങളുടെ ജീവിതത്തിൽ നിക്ഷേപിക്കുന്ന ഒരാൾക്ക് ദൈവം നൽകുന്ന അനുഗ്രഹങ്ങളെക്കുറിച്ച് നമുക്ക് ഉറപ്പുനൽകുന്ന ഒരു സങ്കീർത്തനത്തിൽ നിന്നുള്ള പ്രചോദനവാക്യങ്ങൾ ചുവടെ കൊടുക്കുന്നു.
"യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ചു അവന്റെ ന്യായപ്രമാണത്തെ രാപ്പകൽ ധ്യാനിക്കുന്നവൻ ഭാഗ്യവാൻ. അവൻ ആറ്റരികത്തു നട്ടിരിക്കുന്നതും തക്കകാലത്തു ഫലം കായ്ക്കുന്നതും ഇലവാടാത്തതുമായ വൃക്ഷംപോലെ ഇരിക്കും; അവൻ ചെയ്യുന്നതൊക്കെയും സാധിക്കും.” സങ്കീർത്തനം 1:2-3
ദൈവവചനത്തിന്റെ വിത്ത് നമ്മുടെ ജീവിതത്തിൽ നടുന്നതിന്, ബൈബിൾ വായന നമ്മുടെ ദിനചര്യയുടെ ഭാഗമാക്കേണ്ടതുണ്ട്. ദൈവവചനത്തിന്റെ വിത്ത് നിങ്ങളുടെ ജീവിതത്തിൽ മുളയ്ക്കുമ്പോൾ, അവന്റെ അനുഗ്രഹങ്ങൾ കൂടുതൽ പ്രകടമാകും. വരൾച്ചയുടെയും കഷ്ടതയുടെയും നാളുകളിൽപ്പോലും, നിങ്ങളെ താങ്ങിനിർത്തുന്ന ശക്തി അവന്റെ വചനത്തിൽ നിന്ന് നിങ്ങൾക്ക് ലഭിക്കും.
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
അനുഗൃഹീതവും സമൃദ്ധവുമായ വരുമാനം നേടുന്നത് ശരിയായ നിക്ഷേപം നടത്തുന്നതിലൂടെയാണ് ആരംഭിക്കുന്നത്. നിങ്ങൾ ഒരു പുതിയ ക്രിസ്ത്യാനി ആണെങ്കിൽ, നിങ്ങളുടെ വിശ്വാസത്തിൽ ദൈവവചനം പതിവായി ധ്യാനിക്കുന്നതിനേക്കാൾ വലിയ നിക്ഷേപം മറ്റൊന്നില്ല. എല്ലാ ദിവസവും ഇത് ഫലപ്രദമായി വായിക്കാനും മനസ്സിലാക്കാനും പ്രയോഗിക്കാനും നിങ്ങളെ സഹായിക്കുന്നതിനായി ഇവിടെ തുടങ്ങുക. ഡേവിഡ് ജെ. സ്വാൻഡിന്റെ "ഔട്ട് ഓഫ് ദിസ് വേൾഡ്: എ ക്രിസ്ത്യൻ ഗൈഡ് ടു ഗ്രോത്ത് ആൻഡ് പർപ്പസ്" എന്ന പുസ്തകത്തിൽ നിന്ന് എടുത്തതാണ് ഈഭാഗം.
More
ഈ പ്ലാൻ നൽകിയതിന് Twenty20 Faith, Inc.-ന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: https://www.twenty20faith.org/devotion1?lang=ml