ഉത്തമഗീതം 4:9-16
ഉത്തമഗീതം 4:9-16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്റെ സഹോദരീ എന്റെ കാന്തേ, നീ എന്റെ ഹൃദയത്തെ അപഹരിച്ചിരിക്കുന്നു; ഒരു നോട്ടംകൊണ്ടും കഴുത്തിലെ മാലകൊണ്ടും നീ എന്റെ ഹൃദയത്തെ അപഹരിച്ചിരിക്കുന്നു. എന്റെ സഹോദരീ, എന്റെ കാന്തേ, നിന്റെ പ്രേമം എത്ര മനോഹരം! വീഞ്ഞിനെക്കാൾ നിന്റെ പ്രേമവും സകലവിധ സുഗന്ധവർഗത്തെക്കാൾ നിന്റെ തൈലത്തിന്റെ പരിമളവും എത്ര രസകരം! അല്ലയോ കാന്തേ, നിന്റെ അധരം തേൻകട്ട പൊഴിക്കുന്നു; നിന്റെ നാവിൻകീഴിൽ തേനും പാലും ഉണ്ട്; നിന്റെ വസ്ത്രത്തിന്റെ വാസന ലെബാനോന്റെ വാസനപോലെ ഇരിക്കുന്നു. എന്റെ സഹോദരി, എന്റെ കാന്ത കെട്ടി അടച്ചിരിക്കുന്ന ഒരു തോട്ടം, അടച്ചിരിക്കുന്ന ഒരു നീരുറവ്, മുദ്രയിട്ടിരിക്കുന്ന ഒരു കിണറ്. നിന്റെ ചിനപ്പുകൾ വിശിഷ്ടഫലങ്ങളോടു കൂടിയ മാതളത്തോട്ടം; മയിലാഞ്ചിയോടുകൂടെ ജടാമാംസിയും, ജടാമാംസിയും കുങ്കുമവും, വയമ്പും ലവംഗവും, സകലവിധ കുന്തുരുക്കവൃക്ഷങ്ങളും, മൂറും അകിലും സകല പ്രധാന സുഗന്ധവർഗവും തന്നെ. നീ തോട്ടങ്ങൾക്ക് ഒരു നീരുറവും, വറ്റിപ്പോകാത്ത കിണറും ലെബാനോനിൽനിന്ന് ഒഴുകുന്ന ഒഴുക്കുകളും തന്നെ. വടതിക്കാറ്റേ ഉണരുക; തെന്നിക്കാറ്റേ വരിക; എന്റെ തോട്ടത്തിൽനിന്നു സുഗന്ധം വീശേണ്ടതിന് അതിന്മേൽ ഊതുക; എന്റെ പ്രിയൻ തന്റെ തോട്ടത്തിൽ വന്ന് അതിലെ വിശിഷ്ടഫലം ഭുജിക്കട്ടെ.
ഉത്തമഗീതം 4:9-16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്റെ സഹോദരീ, എന്റെ മണവാട്ടീ, നീ എന്റെ ഹൃദയം കവർന്നിരിക്കുന്നു. നിന്റെ ഒറ്റ കടാക്ഷംകൊണ്ട്, നിന്റെ കണ്ഠാഭരണത്തിലെ ഒരു രത്നംകൊണ്ട്, നീ എന്റെ ഹൃദയം കവർന്നിരിക്കുന്നു. എന്റെ സഹോദരീ, എന്റെ മണവാട്ടീ, നിന്റെ പ്രേമം എത്ര മധുരം! നിന്റെ പ്രേമം വീഞ്ഞിനെക്കാൾ ശ്രേഷ്ഠം. നിന്റെ തൈലങ്ങളുടെ പരിമളം സകല സുരഭിലവസ്തുക്കളിലും ഉത്തമം. എന്റെ പ്രിയതമേ, നിന്റെ അധരങ്ങൾ അമൃതം പൊഴിക്കുന്നു. നിന്റെ നാവിൽ തേനും പാലും ഊറുന്നു; നിന്റെ വസ്ത്രത്തിന്റെ സുഗന്ധം ലെബാനോനിലെ സുഗന്ധം പോലെയാകുന്നു. എന്റെ സഹോദരീ, എന്റെ മണവാട്ടീ, കെട്ടിയടച്ചിരിക്കുന്ന ഉദ്യാനമാണു നീ, അടച്ചുപൂട്ടിയ ഉദ്യാനം, മുദ്രവച്ച നീരുറവ. നീ ഒരു മാതളത്തോട്ടമാണ്; അതിൽ വിശിഷ്ടഫലങ്ങൾ വിളയുന്നു. മയിലാഞ്ചിയും നർദീനും അതേ, നർദീനും കുങ്കുമവും വയമ്പും ലവംഗവും കുന്തുരുക്കം തരുന്ന എല്ലാവിധ വൃക്ഷങ്ങളും മൂറും അകിലും സകല മുഖ്യസുഗന്ധവർഗങ്ങളും അതിൽ ധാരാളമായി വളരുന്നു. തോട്ടങ്ങൾക്കു നീ ഒരു ഉറവ, വറ്റിപ്പോകാത്ത കിണറാണു നീ. നീ ലെബാനോനിൽ നിന്നൊഴുകുന്ന നീർച്ചാലാണ്. വടക്കൻ കാറ്റേ ഉണരൂ; തെക്കൻ കാറ്റേ വരൂ; എന്റെ തോട്ടത്തിൽ വീശൂ; അതിന്റെ സൗരഭ്യം ദൂരെ ദിക്കുകളിലും പരക്കട്ടെ. എന്റെ പ്രിയൻ വന്ന് തന്റെ തോട്ടത്തിൽനിന്ന് അതിന്റെ വിശിഷ്ടഫലം ആസ്വദിക്കട്ടെ.
ഉത്തമഗീതം 4:9-16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
എന്‍റെ സഹോദരീ, എന്റെ കാന്തേ, നീ എന്റെ ഹൃദയം അപഹരിച്ചിരിക്കുന്നു; ഒരു നോട്ടംകൊണ്ടും കഴുത്തിലെ മാല കൊണ്ടും നീ എന്റെ ഹൃദയം അപഹരിച്ചിരിക്കുന്നു. എന്റെ സഹോദരീ, എന്റെ കാന്തേ, നിന്റെ പ്രേമം എത്ര മനോഹരം! വീഞ്ഞിനെക്കാൾ നിന്റെ പ്രേമവും സകലവിധ സുഗന്ധവർഗ്ഗത്തെക്കാൾ നിന്റെ തൈലത്തിന്റെ പരിമളവും എത്ര രസകരം! അല്ലയോ കാന്തേ, നിന്റെ അധരം തേൻകട്ട പൊഴിക്കുന്നു; നിന്റെ നാവിൻ കീഴിൽ തേനും പാലും ഉണ്ട്; നിന്റെ വസ്ത്രത്തിന്‍റെ സൗരഭ്യം ലെബാനോന്‍റെ സൗരഭ്യം പോലെ ഇരിക്കുന്നു. എന്റെ സഹോദരി, എന്റെ കാന്ത കെട്ടി അടച്ചിരിക്കുന്ന ഒരു തോട്ടം, അടച്ചിരിക്കുന്ന ഒരു നീരുറവ്, മുദ്രയിട്ടിരിക്കുന്ന ഒരു കിണറ്. നിന്‍റെ ചെടികൾ വിശിഷ്ടഫലങ്ങളോടു കൂടിയ മാതളത്തോട്ടം; മയിലാഞ്ചിയോടുകൂടി ജടാമാംസിയും, ജടാമാംസിയും കുങ്കുമവും, വയമ്പും ലവംഗവും, സകലവിധ കുന്തുരുക്കവൃക്ഷങ്ങളും, മൂറും അകിലും മേൽത്തരമായ എല്ലാ സുഗന്ധവർഗ്ഗവും തന്നെ. നീ തോട്ടങ്ങൾക്ക് ഒരു നീരുറവും, വറ്റിപ്പോകാത്ത കിണറും ലെബാനോനിൽനിന്ന് ഒഴുകുന്ന ഒഴുക്കുകളും തന്നെ. വടക്കൻകാറ്റേ ഉണരുക; തെക്കൻ കാറ്റേ വരിക; എന്‍റെ തോട്ടത്തിൽനിന്ന് സുഗന്ധം വീശേണ്ടതിന് അതിന്മേൽ ഊതുക; എന്റെ പ്രിയൻ തന്റെ തോട്ടത്തിൽ വന്ന് അതിലെ വിശിഷ്ടഫലം ആസ്വദിക്കട്ടെ.
ഉത്തമഗീതം 4:9-16 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എന്റെ സഹോദരീ, എന്റെ കാന്തേ, നീ എന്റെ ഹൃദയത്തെ അപഹരിച്ചിരിക്കുന്നു; ഒരു നോട്ടംകൊണ്ടും കഴുത്തിലെ മാല കൊണ്ടും നീ എന്റെ ഹൃദയത്തെ അപഹരിച്ചിരിക്കുന്നു. എന്റെ സഹോദരീ, എന്റെ കാന്തേ, നിന്റെ പ്രേമം എത്ര മനോഹരം! വീഞ്ഞിനെക്കാൾ നിന്റെ പ്രേമവും സകലവിധ സുഗന്ധവർഗ്ഗത്തെക്കാൾ നിന്റെ തൈലത്തിന്റെ പരിമളവും എത്ര രസകരം! അല്ലയോ കാന്തേ, നിന്റെ അധരം തേൻകട്ട പൊഴിക്കുന്നു; നിന്റെ നാവിൻ കീഴിൽ തേനും പാലും ഉണ്ടു; നിന്റെ വസ്ത്രത്തിന്റെ വാസന ലെബാനോന്റെ വാസനപോലെ ഇരിക്കുന്നു. എന്റെ സഹോദരി, എന്റെ കാന്ത കെട്ടി അടെച്ചിരിക്കുന്ന ഒരു തോട്ടം, അടെച്ചിരിക്കുന്ന ഒരു നീരുറവു, മുദ്രയിട്ടിരിക്കുന്ന ഒരു കിണറു. നിന്റെ ചിനെപ്പുകൾ വിശിഷ്ടഫലങ്ങളോടു കൂടിയ മാതളത്തോട്ടം; മയിലാഞ്ചിയോടുകൂടെ ജടാമാംസിയും, ജടാമാംസിയും കുങ്കുമവും, വയമ്പും ലവംഗവും, സകലവിധ കുന്തുരുക്കവൃക്ഷങ്ങളും, മൂറും അകിലും സകലപ്രധാനസുഗന്ധവർഗ്ഗവും തന്നേ. നീ തോട്ടങ്ങൾക്കു ഒരു നീരുറവും, വറ്റിപ്പോകാത്ത കിണറും ലെബാനോനിൽനിന്നു ഒഴുകുന്ന ഒഴുക്കുകളും തന്നേ. വടതിക്കാറ്റേ ഉണരുക; തെന്നിക്കാറ്റേ വരിക; എന്റെ തോട്ടത്തിൽനിന്നു സുഗന്ധം വീശേണ്ടതിന്നു അതിന്മേൽ ഊതുക; എന്റെ പ്രിയൻ തന്റെ തോട്ടത്തിൽ വന്നു അതിലെ വിശിഷ്ടഫലം ഭുജിക്കട്ടെ.
ഉത്തമഗീതം 4:9-16 സമകാലിക മലയാളവിവർത്തനം (MCV)
എന്റെ സഹോദരീ, എന്റെ മണവാട്ടീ, നീ എന്റെ ഹൃദയം കവർന്നിരിക്കുന്നു; നീ എന്റെ ഹൃദയം കവർന്നിരിക്കുന്നു; നിന്റെ കണ്ണുകളുടെ ഒരു നോട്ടംകൊണ്ടും നിന്റെ ഹാരത്തിലെ ഒരു രത്നമണികൊണ്ടുംതന്നെ. എന്റെ സഹോദരീ, എന്റെ കാന്തേ, നിൻപ്രേമം എത്ര ആനന്ദദായകം, നിന്റെ പ്രേമം വീഞ്ഞിനെക്കാൾ ആസ്വാദ്യകരം. നിന്റെ സുഗന്ധലേപനസൗരഭ്യം മറ്റ് ഏതു പരിമളക്കൂട്ടിനെക്കാളും അതിസുരഭിലം! എന്റെ കാന്തേ, നിന്റെ ചുണ്ടുകൾ തേനടപോലെ മാധുര്യമേറിയത്; നിന്റെ നാവിൻകീഴിൽ പാലും തേനുമുണ്ട്. നിന്റെ വസ്ത്രാഞ്ചലസൗരഭ്യം ലെബാനോനിലെ പരിമളത്തിനു സമം. എന്റെ സഹോദരീ, എന്റെ കാന്തേ, നീ കെട്ടിയടച്ച ഒരു ഉദ്യാനം; അടച്ചുറപ്പാക്കപ്പെട്ട ഒരു നീരുറവയാണ്, മുദ്രാങ്കിതമായ ഒരു ജലധാരയും. നിന്റെ ചെടികൾ വിശിഷ്ട ഫലവർഗങ്ങൾ നിറഞ്ഞ മാതളത്തോട്ടം, മൈലാഞ്ചിയും ജടാമാഞ്ചിയും അവിടെയുണ്ട്. ജടാമാഞ്ചിയും കുങ്കുമവും വയമ്പും ലവംഗവും മീറയും ചന്ദനവും എല്ലാത്തരം സുഗന്ധവൃക്ഷങ്ങളും മേൽത്തരമായ എല്ലാത്തരം സുഗന്ധവർഗങ്ങളുംതന്നെ. നീ ഒരു ഉദ്യാനജലധാരയാണ്, ലെബാനോൻ പർവതസാനുക്കളിൽനിന്ന് ഒഴുകിയെത്തുന്ന തെളിനീരിന്റെ സംഭരണിയാണു നീ. വടക്കൻകാറ്റേ, ഉണരൂ, തെക്കൻകാറ്റേ, വരിക! അതിന്റെ പരിമളം എല്ലായിടത്തും പരത്തുന്നതിനായി, എന്റെ തോട്ടത്തിൽ വീശുക. എന്റെ പ്രിയൻ തന്റെ ഉദ്യാനത്തിലേക്കു വരട്ടെ, അതിലെ വിശിഷ്ടഫലങ്ങൾ ആസ്വദിക്കട്ടെ.