HLA CHHUANVÂWR 4:9-16

HLA CHHUANVÂWR 4:9-16 MALCLBSI

എന്റെ സഹോദരീ, എന്റെ മണവാട്ടീ, നീ എന്റെ ഹൃദയം കവർന്നിരിക്കുന്നു. നിന്റെ ഒറ്റ കടാക്ഷംകൊണ്ട്, നിന്റെ കണ്ഠാഭരണത്തിലെ ഒരു രത്നംകൊണ്ട്, നീ എന്റെ ഹൃദയം കവർന്നിരിക്കുന്നു. എന്റെ സഹോദരീ, എന്റെ മണവാട്ടീ, നിന്റെ പ്രേമം എത്ര മധുരം! നിന്റെ പ്രേമം വീഞ്ഞിനെക്കാൾ ശ്രേഷ്ഠം. നിന്റെ തൈലങ്ങളുടെ പരിമളം സകല സുരഭിലവസ്തുക്കളിലും ഉത്തമം. എന്റെ പ്രിയതമേ, നിന്റെ അധരങ്ങൾ അമൃതം പൊഴിക്കുന്നു. നിന്റെ നാവിൽ തേനും പാലും ഊറുന്നു; നിന്റെ വസ്ത്രത്തിന്റെ സുഗന്ധം ലെബാനോനിലെ സുഗന്ധം പോലെയാകുന്നു. എന്റെ സഹോദരീ, എന്റെ മണവാട്ടീ, കെട്ടിയടച്ചിരിക്കുന്ന ഉദ്യാനമാണു നീ, അടച്ചുപൂട്ടിയ ഉദ്യാനം, മുദ്രവച്ച നീരുറവ. നീ ഒരു മാതളത്തോട്ടമാണ്; അതിൽ വിശിഷ്ടഫലങ്ങൾ വിളയുന്നു. മയിലാഞ്ചിയും നർദീനും അതേ, നർദീനും കുങ്കുമവും വയമ്പും ലവംഗവും കുന്തുരുക്കം തരുന്ന എല്ലാവിധ വൃക്ഷങ്ങളും മൂറും അകിലും സകല മുഖ്യസുഗന്ധവർഗങ്ങളും അതിൽ ധാരാളമായി വളരുന്നു. തോട്ടങ്ങൾക്കു നീ ഒരു ഉറവ, വറ്റിപ്പോകാത്ത കിണറാണു നീ. നീ ലെബാനോനിൽ നിന്നൊഴുകുന്ന നീർച്ചാലാണ്. വടക്കൻ കാറ്റേ ഉണരൂ; തെക്കൻ കാറ്റേ വരൂ; എന്റെ തോട്ടത്തിൽ വീശൂ; അതിന്റെ സൗരഭ്യം ദൂരെ ദിക്കുകളിലും പരക്കട്ടെ. എന്റെ പ്രിയൻ വന്ന് തന്റെ തോട്ടത്തിൽനിന്ന് അതിന്റെ വിശിഷ്ടഫലം ആസ്വദിക്കട്ടെ.

HLA CHHUANVÂWR 4 വായിക്കുക