ഉത്ത. 4:9-16

ഉത്ത. 4:9-16 IRVMAL

എന്‍റെ സഹോദരീ, എന്‍റെ കാന്തേ, നീ എന്‍റെ ഹൃദയം അപഹരിച്ചിരിക്കുന്നു; ഒരു നോട്ടംകൊണ്ടും കഴുത്തിലെ മാല കൊണ്ടും നീ എന്‍റെ ഹൃദയം അപഹരിച്ചിരിക്കുന്നു. എന്‍റെ സഹോദരീ, എന്‍റെ കാന്തേ, നിന്‍റെ പ്രേമം എത്ര മനോഹരം! വീഞ്ഞിനെക്കാൾ നിന്‍റെ പ്രേമവും സകലവിധ സുഗന്ധവർഗ്ഗത്തെക്കാൾ നിന്‍റെ തൈലത്തിന്‍റെ പരിമളവും എത്ര രസകരം! അല്ലയോ കാന്തേ, നിന്‍റെ അധരം തേൻകട്ട പൊഴിക്കുന്നു; നിന്‍റെ നാവിൻ കീഴിൽ തേനും പാലും ഉണ്ട്; നിന്‍റെ വസ്ത്രത്തിന്‍റെ സൗരഭ്യം ലെബാനോന്‍റെ സൗരഭ്യം പോലെ ഇരിക്കുന്നു. എന്‍റെ സഹോദരി, എന്‍റെ കാന്ത കെട്ടി അടച്ചിരിക്കുന്ന ഒരു തോട്ടം, അടച്ചിരിക്കുന്ന ഒരു നീരുറവ്, മുദ്രയിട്ടിരിക്കുന്ന ഒരു കിണറ്. നിന്‍റെ ചെടികൾ വിശിഷ്ടഫലങ്ങളോടു കൂടിയ മാതളത്തോട്ടം; മയിലാഞ്ചിയോടുകൂടി ജടാമാംസിയും, ജടാമാംസിയും കുങ്കുമവും, വയമ്പും ലവംഗവും, സകലവിധ കുന്തുരുക്കവൃക്ഷങ്ങളും, മൂറും അകിലും മേൽത്തരമായ എല്ലാ സുഗന്ധവർഗ്ഗവും തന്നെ. നീ തോട്ടങ്ങൾക്ക് ഒരു നീരുറവും, വറ്റിപ്പോകാത്ത കിണറും ലെബാനോനിൽനിന്ന് ഒഴുകുന്ന ഒഴുക്കുകളും തന്നെ. വടക്കൻകാറ്റേ ഉണരുക; തെക്കൻ കാറ്റേ വരിക; എന്‍റെ തോട്ടത്തിൽനിന്ന് സുഗന്ധം വീശേണ്ടതിന് അതിന്മേൽ ഊതുക; എന്‍റെ പ്രിയൻ തന്‍റെ തോട്ടത്തിൽ വന്ന് അതിലെ വിശിഷ്ടഫലം ആസ്വദിക്കട്ടെ.