റോമർ 11:19-36

റോമർ 11:19-36 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

എന്നാൽ എന്നെ ഒട്ടിക്കേണ്ടതിനു കൊമ്പുകളെ ഒടിച്ചുകളഞ്ഞു എന്നു നീ പറയും. ശരി; അവിശ്വാസത്താൽ അവ ഒടിഞ്ഞുപോയി; വിശ്വാസത്താൽ നീ നില്ക്കുന്നു; ഞെളിയാതെ ഭയപ്പെടുക. സ്വാഭാവിക കൊമ്പുകളെ ദൈവം ആദരിക്കാതെ പോയെങ്കിൽ നിന്നെയും ആദരിക്കാതെ വന്നേക്കും. ആകയാൽ ദൈവത്തിന്റെ ദയയും ഖണ്ഡിതവും കാൺക; വീണവരിൽ ദൈവത്തിന്റെ ഖണ്ഡിതവും; നിന്നിലോ നീ ദയയിൽ നിലനിന്നാൽ ദയയും തന്നെ; അല്ലെങ്കിൽ നീയും ഛേദിക്കപ്പെടും. അവിശ്വാസത്തിൽ നിലനില്ക്കാഞ്ഞാൽ അവരെയുംകൂടെ ഒട്ടിക്കും; അവരെ വീണ്ടും ഒട്ടിപ്പാൻ ദൈവം ശക്തനല്ലോ. സ്വഭാവത്താൽ കാട്ടുമരമായതിൽനിന്നു നിന്നെ മുറിച്ചെടുത്തു സ്വഭാവത്തിനു വിരോധമായി നല്ല ഒലിവുമരത്തിൽ ഒട്ടിച്ചു എങ്കിൽ, സ്വാഭാവികകൊമ്പുകളായവരെ സ്വന്തമായ ഒലിവുമരത്തിൽ എത്ര അധികമായി ഒട്ടിക്കും. സഹോദരന്മാരേ, നിങ്ങൾ ബുദ്ധിമാന്മാരെന്നു നിങ്ങൾക്കുതന്നെ തോന്നാതിരിപ്പാൻ ഈ രഹസ്യം അറിയാതിരിക്കരുത് എന്നു ഞാൻ ആഗ്രഹിക്കുന്നു; ജാതികളുടെ പൂർണസംഖ്യ ചേരുവോളം യിസ്രായേലിന് അംശമായി കാഠിന്യം ഭവിച്ചിരിക്കുന്നു. ഇങ്ങനെ യിസ്രായേൽ മുഴുവനും രക്ഷിക്കപ്പെടും. “വിടുവിക്കുന്നവൻ സീയോനിൽനിന്നു വരും; അവൻ യാക്കോബിൽനിന്ന് അഭക്തിയെ മാറ്റും. ഞാൻ അവരുടെ പാപങ്ങളെ നീക്കുമ്പോൾ ഇതു ഞാൻ അവരോടു ചെയ്യുന്ന നിയമം” എന്ന് എഴുതിയിരിക്കുന്നുവല്ലോ. സുവിശേഷം സംബന്ധിച്ച് അവർ നിങ്ങൾ നിമിത്തം ശത്രുക്കൾ. തിരഞ്ഞെടുപ്പു സംബന്ധിച്ചോ പിതാക്കന്മാർ നിമിത്തം പ്രിയന്മാർ. ദൈവം തന്റെ കൃപാവരങ്ങളെയും വിളിയെയും കുറിച്ച് അനുതപിക്കുന്നില്ലല്ലോ. നിങ്ങൾ മുമ്പേ ദൈവത്തെ അനുസരിക്കാതിരുന്നിട്ട് അവരുടെ അനുസരണക്കേടിനാൽ ഇപ്പോൾ കരുണ ലഭിച്ചതുപോലെ, നിങ്ങൾക്കു ലഭിച്ച കരുണയാൽ അവർക്കു കരുണ ലഭിക്കേണ്ടതിന് അവരും ഇപ്പോൾ അനുസരിക്കാതിരിക്കുന്നു. ദൈവം എല്ലാവരോടും കരുണ ചെയ്യേണ്ടതിന് എല്ലാവരെയും അനുസരണക്കേടിൽ അടച്ചുകളഞ്ഞു. ഹാ, ദൈവത്തിന്റെ ധനം, ജ്ഞാനം, അറിവ് എന്നിവയുടെ ആഴമേ! അവന്റെ ന്യായവിധികൾ എത്ര അപ്രമേയവും അവന്റെ വഴികൾ എത്ര അഗോചരവും ആകുന്നു. കർത്താവിന്റെ മനസ്സ് അറിഞ്ഞവൻ ആർ? അവനു മന്ത്രിയായിരുന്നവൻ ആർ? അവനു വല്ലതും മുമ്പേ കൊടുത്തിട്ടു പ്രതിഫലം വാങ്ങുന്നവൻ ആർ? സകലവും അവനിൽനിന്നും അവനാലും അവങ്കലേക്കും ആകുന്നുവല്ലോ; അവന് എന്നേക്കും മഹത്ത്വം, ആമേൻ.

പങ്ക് വെക്കു
റോമർ 11 വായിക്കുക

റോമർ 11:19-36 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

എന്നാൽ, “എന്നെ ഒട്ടിച്ചുചേർക്കേണ്ടതിന് ആ ചില്ലകളെ മുറിച്ചുകളഞ്ഞു” എന്നു നീ പറയുമായിരിക്കും. അതു ശരിതന്നെ. വിശ്വസിക്കാഞ്ഞതുകൊണ്ട് അവരെ ഛേദിച്ചുകളഞ്ഞു. വിശ്വസിക്കുന്നതുകൊണ്ട് നീ യഥാസ്ഥാനത്തു നില്‌ക്കുന്നു. അതെപ്പറ്റി നീ അഹങ്കരിക്കാതെ ഭയത്തോടുകൂടി ജീവിക്കുക. സ്വാഭാവിക ശാഖകളോടു ദൈവം ദാക്ഷിണ്യം കാണിച്ചില്ലെങ്കിൽ നിന്നോടു ദാക്ഷിണ്യം കാണിക്കുമെന്നു നീ വിചാരിക്കുന്നുവോ? ദൈവം എത്ര ദയാലുവും അതുപോലെതന്നെ എത്ര കർക്കശനുമാണെന്നു നാം ഇവിടെ കാണുന്നു. വിഛേദിക്കപ്പെട്ട ശാഖകൾപോലെ വീണുപോയവരോട് അവിടുന്നു നിർദാക്ഷിണ്യം പെരുമാറുന്നു. അവിടുത്തെ കാരുണ്യത്തിൽ നിലനിന്നാൽ നിന്നോട് അവിടുന്നു ദയാലുവായിരിക്കും; അല്ലെങ്കിൽ നീയും മുറിച്ചുനീക്കപ്പെടും. ഇസ്രായേൽജനം തങ്ങളുടെ അവിശ്വാസത്തിൽ തുടരാതിരുന്നാൽ ദൈവം അവരെ യഥാസ്ഥാനങ്ങളിൽ ഒട്ടിച്ചുചേർക്കും; അവരെ വീണ്ടും ഒട്ടിച്ചുചേർക്കുവാൻ ദൈവത്തിനു കഴിയും. കാട്ടുമരത്തിൽനിന്നു വെട്ടിയെടുത്ത ചില്ലകളെപ്പോലെയുള്ള വിജാതീയരായ നിങ്ങളെ നല്ല ഒലിവുമരത്തോടു സ്വാഭാവിക രീതിക്കു വിരുദ്ധമായി ഒട്ടിച്ചുചേർത്തെങ്കിൽ, മുറിച്ചുനീക്കപ്പെട്ട ശാഖകളായ യെഹൂദന്മാരെ തായ്മരത്തോടു വീണ്ടും ഒട്ടിച്ചുചേർക്കുവാൻ ദൈവത്തിന് എത്ര എളുപ്പമായിരിക്കും! സഹോദരരേ, നിങ്ങൾ അറിയണമെന്നു ഞാൻ ആഗ്രഹിക്കുന്ന ഒരു രഹസ്യമുണ്ട്. ഇസ്രായേൽജനത്തിന്റെ വഴങ്ങാത്ത പ്രകൃതം, വിജാതീയരിൽനിന്നു ദൈവത്തിന്റെ അടുത്തു വരുന്നവരുടെ സംഖ്യ പൂർത്തിയാകുന്നതുവരെ മാത്രമേ ഉണ്ടായിരിക്കൂ. ഇങ്ങനെ ഇസ്രായേൽ മുഴുവൻ രക്ഷിക്കപ്പെടും. ഈ രഹസ്യം അറിയുമ്പോൾ നിങ്ങൾ വിവേകശാലികളാണെന്നു നിങ്ങൾക്കു തോന്നുകയില്ല. വേദഗ്രന്ഥത്തിൽ ഇങ്ങനെ പറയുന്നു: രക്ഷകൻ സീയോനിൽനിന്നു വരും, യാക്കോബിന്റെ വംശത്തിൽനിന്ന് എല്ലാ ദുഷ്ടതയും നീക്കും; ഇതായിരിക്കും അവരുടെ പാപങ്ങൾ നീക്കുമ്പോൾ അവരോടു ഞാൻ ചെയ്യുന്ന ഉടമ്പടി. സുവിശേഷം നിരസിച്ചതുകൊണ്ട്, യെഹൂദന്മാർ വിജാതീയരായ നിങ്ങൾ നിമിത്തം ദൈവത്തിന്റെ ശത്രുക്കളായി. എന്നാൽ ദൈവത്തിന്റെ തിരഞ്ഞെടുപ്പുമൂലം പിതാക്കന്മാർ മുഖേന അവർ അവിടുത്തെ സ്നേഹഭാജനങ്ങളുമാണ്. ദൈവത്തിന്റെ വിളിയും വരങ്ങളും സുസ്ഥിരമത്രേ. വിജാതീയരായ നിങ്ങൾ കഴിഞ്ഞകാലത്ത് ദൈവത്തെ അനുസരിച്ചില്ലെങ്കിലും, യെഹൂദന്മാർ അനുസരണക്കേടു കാട്ടിയതുകൊണ്ട് ഇപ്പോൾ നിങ്ങൾക്കു ദൈവത്തിന്റെ കാരുണ്യം ലഭിച്ചിരിക്കുന്നു. അതുപോലെതന്നെ നിങ്ങൾക്കു ലഭിച്ചിരിക്കുന്ന കൃപയാൽ യെഹൂദന്മാർക്കും കൃപ ലഭിക്കേണ്ടതിന് അവർ ഇപ്പോൾ ദൈവത്തെ അനുസരിക്കാതിരിക്കുന്നു. എല്ലാവരോടും കരുണ കാട്ടേണ്ടതിന് ദൈവം എല്ലാവരെയും അനുസരണക്കേടിനു അടിമപ്പെടുത്തിയിരിക്കുന്നു. ഹാ! ദൈവത്തിന്റെ ധനം എത്ര വലുത്! അവിടുത്തെ വിവേകവും അറിവും എത്ര അഗാധം! അവിടുത്തെ വിധികൾ വിശദീകരിക്കുവാൻ ആർക്കു സാധിക്കും? വേദഗ്രന്ഥത്തിൽ ഇങ്ങനെ പറയുന്നുണ്ടല്ലോ: കർത്താവിന്റെ മനസ്സ് ആരറിയുന്നു? ദൈവത്തെ ഉപദേശിക്കുവാൻ ആർക്കു കഴിയും? ദൈവം തിരിച്ചു കൊടുക്കേണ്ടിവരത്തക്കവിധം അവിടുത്തേക്ക് എന്തെങ്കിലും കൊടുക്കുന്നവരായി ആരുമില്ല. സർവചരാചരങ്ങളും ദൈവത്തിൽ നിന്നും ദൈവത്തിൽകൂടിയും ദൈവത്തിനുവേണ്ടിയുമുള്ളവയാകുന്നു. അവിടുത്തേക്ക് എന്നെന്നേക്കും മഹത്ത്വം! ആമേൻ.

പങ്ക് വെക്കു
റോമർ 11 വായിക്കുക

റോമർ 11:19-36 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

എന്നാൽ എന്നെ ഒട്ടിക്കേണ്ടതിന് കൊമ്പുകളെ ഒടിച്ചുകളഞ്ഞു എന്നു നീ പറയും. ശരി; അവിശ്വാസത്താൽ അവ ഒടിഞ്ഞുപോയി; നിന്‍റെ വിശ്വാസത്താൽ നീ നില്ക്കുന്നു; അഹങ്കരിക്കാതെ ഭയപ്പെടുക. സ്വാഭാവികകൊമ്പുകളെ ദൈവം ആദരിക്കാതെ പോയെങ്കിൽ നിന്നെയും ആദരിക്കാതെ വന്നേക്കും. ആകയാൽ ദൈവത്തിന്‍റെ ദയയും കാഠിന്യവും കാൺക; ഒരു വശത്ത് വീണുപോയ യഹൂദരിൽ ദൈവത്തിന്‍റെ കാഠിന്യവും; മറുവശത്ത് നീ ദൈവത്തിന്‍റെ ദയയിൽ നിലനിന്നാൽ നിന്നിൽ അവന്‍റെ ദയയും തന്നെ; അല്ലെങ്കിൽ നീയും ഛേദിക്കപ്പെടും. എങ്കിലും അവർ അവരുടെ അവിശ്വാസത്തിൽതന്നെ തുടരാതിരുന്നാൽ അവരെയുംകൂടെ തിരികെ ഒട്ടിച്ചുചേർക്കും; അവരെ വീണ്ടും ഒട്ടിക്കുവാൻ ദൈവം ശക്തനല്ലോ. സ്വഭാവത്താൽ കാട്ടൊലിവായ മരത്തിൽനിന്നു നിന്നെ മുറിച്ചെടുത്തു സ്വഭാവത്തിന് വിരോധമായി നല്ല ഒലിവുമരത്തിൽ ഒട്ടിച്ചു എങ്കിൽ, സ്വാഭാവികകൊമ്പുകളായ ഈ യെഹൂദരെ അവരുടെ സ്വന്തമായ ഒലിവുമരത്തിൽ എത്ര അധികമായി തിരികെ ഒട്ടിക്കും. സഹോദരന്മാരേ, നിങ്ങൾ ബുദ്ധിമാന്മാരെന്നു നിങ്ങൾക്ക് തന്നെ തോന്നാതിരിപ്പാൻ ഈ രഹസ്യം അറിയാതിരിക്കരുത് എന്നു ഞാൻ ആഗ്രഹിക്കുന്നു: അതായത് യിസ്രായേലിൽ ഒരു ഭാഗം മാത്രമേ കാഠിന്യമായിരിക്കുന്നുള്ളു. അതും ജനതകൾ പൂർണ്ണമായി ചേരുന്നതുവരെമാത്രം അങ്ങനെ യിസ്രായേൽ മുഴുവനും രക്ഷിക്കപ്പെടും. “വിടുവിക്കുന്നവൻ സീയോനിൽനിന്നു വരും; അവൻ യാക്കോബിൽ നിന്നു അഭക്തിയെ മാറ്റും. ഞാൻ അവരുടെ പാപങ്ങളെ എടുത്തു നീക്കുമ്പോൾ ഇതു ഞാൻ അവരോട് ചെയ്യുന്ന ഉടമ്പടി” എന്നു എഴുതിയിരിക്കുന്നതുപോലെ തന്നെ. ഒരു വശത്ത് സുവിശേഷം സംബന്ധിച്ച് അവർ നിങ്ങൾ നിമിത്തം വെറുക്കപ്പെട്ടു; എന്നാൽ മറുവശത്ത് ദൈവത്തിന്‍റെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് പിതാക്കന്മാർനിമിത്തം അവർ പ്രിയപ്പെട്ടവർ. എന്തെന്നാൽ ദൈവത്തിന്‍റെ കൃപാവരങ്ങളും വിളിയും മാറ്റമില്ലാത്തവയല്ലോ. നിങ്ങൾ മുമ്പെ ദൈവത്തെ അനുസരിക്കാതിരുന്നിട്ട് അവരുടെ അനുസരണക്കേടിനാൽ ഇപ്പോൾ കരുണ ലഭിച്ചതുപോലെ, നിങ്ങൾക്ക് ലഭിച്ച കരുണയാൽ ഈ യഹൂദർക്കു കരുണ ലഭിക്കേണ്ടതിന്, അവരും ഇപ്പോൾ അനുസരിക്കാതിരിക്കുന്നു. ദൈവം എല്ലാവരോടും കരുണ കാണിക്കേണ്ടതിന് എല്ലാവരെയും അനുസരണക്കേടിൽ അടച്ചുകളഞ്ഞു. ഹാ, ദൈവത്തിന്‍റെ ധനം, ജ്ഞാനം, അറിവു എന്നിവയുടെ ആഴമേ! അവന്‍റെ ന്യായവിധികൾ എത്ര അപ്രമേയവും അവന്‍റെ വഴികൾ എത്ര അഗോചരവും ആകുന്നു. കർത്താവിന്‍റെ മനസ്സ് അറിഞ്ഞവൻ ആർ? അവനു മന്ത്രിയായിരുന്നവൻ ആർ? അവനു വല്ലതും മുമ്പെ കൊടുത്തിട്ട് പ്രതിഫലം വാങ്ങുന്നവൻ ആർ? സകലവും അവനിൽ നിന്നും അവനാലും അവങ്കലേക്കും ആകുന്നുവല്ലോ; അവനു എന്നേക്കും മഹത്വം. ആമേൻ.

പങ്ക് വെക്കു
റോമർ 11 വായിക്കുക

റോമർ 11:19-36 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

എന്നാൽ എന്നെ ഒട്ടിക്കേണ്ടതിന്നു കൊമ്പുകളെ ഒടിച്ചു കളഞ്ഞു എന്നു നീ പറയും. ശരി; അവിശ്വാസത്താൽ അവ ഒടിഞ്ഞുപോയി; വിശ്വാസത്താൽ നീ നില്ക്കുന്നു; ഞെളിയാതെ ഭയപ്പെടുക. സ്വാഭാവികകൊമ്പുകളെ ദൈവം ആദരിക്കാതെ പോയെങ്കിൽ നിന്നെയും ആദരിക്കാതെ വന്നേക്കും. ആകയാൽ ദൈവത്തിന്റെ ദയയും ഖണ്ഡിതവും കാൺക; വീണവരിൽ ദൈവത്തിന്റെ ഖണ്ഡിതവും; നിന്നിലോ നീ ദയയിൽ നിലനിന്നാൽ ദയയും തന്നേ; അല്ലെങ്കിൽ നീയും ഛേദിക്കപ്പെടും. അവിശ്വാസത്തിൽ നിലനില്ക്കാഞ്ഞാൽ അവരെയും കൂടെ ഒട്ടിക്കും; അവരെ വീണ്ടും ഒട്ടിപ്പാൻ ദൈവം ശക്തനല്ലോ. സ്വഭാവത്താൽ കാട്ടുമരമായതിൽനിന്നു നിന്നെ മുറിച്ചെടുത്തു സ്വഭാവത്തിന്നു വിരോധമായി നല്ല ഒലിവുമരത്തിൽ ഒട്ടിച്ചു എങ്കിൽ, സ്വാഭാവികകൊമ്പുകളായവരെ സ്വന്തമായ ഒലിവുമരത്തിൽ എത്ര അധികമായി ഒട്ടിക്കും. സഹോദരന്മാരേ, നിങ്ങൾ ബുദ്ധിമാന്മാരെന്നു നിങ്ങൾക്കു തന്നേ തോന്നാതിരിപ്പാൻ ഈ രഹസ്യം അറിയാതിരിക്കരുതു എന്നു ഞാൻ ആഗ്രഹിക്കുന്നു: ജാതികളുടെ പൂർണ്ണസംഖ്യ ചേരുവോളം യിസ്രായേലിന്നു അംശമായി കാഠിന്യം ഭവിച്ചിരിക്കുന്നു. ഇങ്ങനെ യിസ്രായേൽ മുഴുവനും രക്ഷിക്കപ്പെടും. “വിടുവിക്കുന്നവൻ സീയോനിൽനിന്നു വരും; അവൻ യാക്കോബിൽ നിന്നു അഭക്തിയെ മാറ്റും. ഞാൻ അവരുടെ പാപങ്ങളെ നീക്കുമ്പോൾ ഇതു ഞാൻ അവരോടു ചെയ്യുന്ന നിയമം” എന്നു എഴുതിയിരിക്കുന്നുവല്ലോ. സുവിശേഷം സംബന്ധിച്ചു അവർ നിങ്ങൾ നിമിത്തം ശത്രുക്കൾ; തിരഞ്ഞെടുപ്പു സംബന്ധിച്ചോ പിതാക്കന്മാർനിമിത്തം പ്രിയന്മാർ. ദൈവം തന്റെ കൃപാവരങ്ങളെയും വിളിയെയും കുറിച്ചു അനുതപിക്കുന്നില്ലല്ലോ. നിങ്ങൾ മുമ്പെ ദൈവത്തെ അനുസരിക്കാതിരുന്നിട്ടു അവരുടെ അനുസരണക്കേടിനാൽ ഇപ്പോൾ കരുണ ലഭിച്ചതുപോലെ, നിങ്ങൾക്കു ലഭിച്ച കരുണയാൽ അവർക്കു കരുണ ലഭിക്കേണ്ടതിന്നു അവരും ഇപ്പോൾ അനുസരിക്കാതിരിക്കുന്നു. ദൈവം എല്ലാവരോടും കരുണ ചെയ്യേണ്ടതിന്നു എല്ലാവരെയും അനുസരണക്കേടിൽ അടെച്ചുകളഞ്ഞു. ഹാ, ദൈവത്തിന്റെ ധനം, ജ്ഞാനം, അറിവു എന്നിവയുടെ ആഴമേ! അവന്റെ ന്യായവിധികൾ എത്ര അപ്രമേയവും അവന്റെ വഴികൾ എത്ര അഗോചരവും ആകുന്നു. കർത്താവിന്റെ മനസ്സു അറിഞ്ഞവൻ ആർ? അവന്നു മന്ത്രിയായിരുന്നവൻ ആർ? അവന്നു വല്ലതും മുമ്പെ കൊടുത്തിട്ടു പ്രതിഫലം വാങ്ങുന്നവൻ ആർ? സകലവും അവനിൽ നിന്നും അവനാലും അവങ്കലേക്കും ആകുന്നുവല്ലോ; അവന്നു എന്നേക്കും മഹത്വം. ആമേൻ.

പങ്ക് വെക്കു
റോമർ 11 വായിക്കുക

റോമർ 11:19-36 സമകാലിക മലയാളവിവർത്തനം (MCV)

“എന്നെ ഒട്ടിച്ചുചേർക്കേണ്ടതിന് ആ ശാഖകൾ വെട്ടിമാറ്റി” എന്നായിരിക്കും നീ പറയുന്നത്. ശരിതന്നെ, എന്നാൽ അവരുടെ അവിശ്വാസംനിമിത്തമാണ് അവരെ വെട്ടിമാറ്റിയത്. നീ ചേർന്നു നിൽക്കുന്നതോ നിന്റെ വിശ്വാസത്താലുമാണ്. അഹങ്കരിക്കരുത്, ഭയപ്പെടുക. സ്വാഭാവികശാഖകളോടു ദൈവം ദാക്ഷിണ്യം കാണിച്ചില്ല എങ്കിൽ നിന്നോടും ദാക്ഷിണ്യം കാണിക്കുകയില്ല. അതുകൊണ്ടു ദൈവത്തിന്റെ ദയയും കാർക്കശ്യവും മറക്കാതിരിക്കുക; വീണവരോട് കാർക്കശ്യവും നിന്നോടോ, നീ ദൈവത്തിന്റെ ദയയിൽ നിലനിന്നാൽ, കാരുണ്യവും അവിടന്നു കാണിക്കും. അല്ലാത്തപക്ഷം നീയും ഛേദിക്കപ്പെടും. അവർ അവിശ്വാസത്തിൽ തുടരാത്തപക്ഷം അവരെ വീണ്ടും ഒട്ടിച്ചുചേർക്കും; ഒട്ടിക്കാൻ ദൈവത്തിനു കഴിയുമല്ലോ! പ്രകൃത്യാ കാട്ടൊലിവിന്റെ ശാഖയായിരുന്ന നിന്നെ മുറിച്ചെടുത്ത്, നട്ടുവളർത്തപ്പെട്ട ഒലിവുമരത്തിൽ അസാധാരണമാംവിധം ഒട്ടിച്ചുചേർത്തു എങ്കിൽ, സ്വാഭാവിക ശാഖകൾ സ്വന്തം ഒലിവുമരത്തിൽ ഇനി ഒട്ടിച്ചുചേർക്കപ്പെടുന്നതിനുള്ള സാധ്യത എത്രയധികം! സഹോദരങ്ങളേ, ഈ രഹസ്യത്തെക്കുറിച്ച് നിങ്ങൾ അജ്ഞരാകരുതെന്നു ഞാൻ ആഗ്രഹിക്കുന്നു, അല്ലാത്തപക്ഷം നിങ്ങൾ ജ്ഞാനികളെന്ന് അഹങ്കരിക്കും. യെഹൂദേതരരിൽനിന്ന് ക്രിസ്തുവിൽ വിശ്വസിക്കാനുള്ളവരുടെ സംഖ്യ പൂർണമാകുന്നതുവരെ ഒരുവിഭാഗം ഇസ്രായേല്യർക്കു ഹൃദയകാഠിന്യം സംഭവിച്ചിരിക്കുന്നു. ഇങ്ങനെ ഇസ്രായേൽ മുഴുവനും രക്ഷപ്രാപിക്കും. “വിടുവിക്കുന്നവൻ സീയോനിൽനിന്ന് വരും; അവിടന്ന് യാക്കോബിൽനിന്ന് അഭക്തി അകറ്റിക്കളയും. ഞാൻ അവരുടെ പാപങ്ങൾ നീക്കിക്കളയുമ്പോൾ ഇതായിരിക്കും അവരോടുള്ള എന്റെ ഉടമ്പടി,” എന്ന് എഴുതപ്പെട്ടിരിക്കുന്നല്ലോ. സുവിശേഷം സംബന്ധിച്ചിടത്തോളം അവർ ദൈവത്തിന്റെ ശത്രുക്കളായിരിക്കുന്നത് നിങ്ങളുടെ നന്മയ്ക്കായാണ്. എന്നാൽ, അവരുടെ പൂർവികരെ ദൈവം തെരഞ്ഞെടുത്തു എന്ന കാരണത്താൽ അവർ ഇപ്പോഴും ദൈവത്തിനു പ്രിയപ്പെട്ടവർ. കാരണം, ദൈവത്തിന്റെ കൃപാദാനങ്ങളും വിളിയും തിരിച്ചെടുക്കാൻ കഴിയാത്തവയാണ്. ഒരുകാലത്ത് ദൈവത്തോട് അനുസരണയില്ലാത്തവരായിരുന്ന നിങ്ങൾക്ക് അവരുടെ അനുസരണക്കേടു നിമിത്തം ഇപ്പോൾ കരുണ ലഭിച്ചിരിക്കുന്നു. അതുപോലെ, ദൈവം നിങ്ങളോടു കാണിച്ച അതേ കരുണ അവർക്കും ലഭിക്കേണ്ടതിന് അവരും ഇപ്പോൾ അനുസരണകെട്ടവരായിത്തീർന്നിരിക്കുന്നു. എല്ലാവരോടും കരുണ കാണിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെ ദൈവം എല്ലാവരെയും അനുസരണക്കേടിനു വിധേയരാക്കുന്നത്. ഹോ, ദൈവത്തിന്റെ ജ്ഞാനം, വിവേകം എന്നിവയുടെ സമൃദ്ധി എത്ര അപരിമേയം! അവിടത്തെ വിധികൾ എത്ര അപ്രമേയം! അവിടത്തെ വഴികൾ എത്ര അഗോചരം! “കർത്താവിന്റെ മനസ്സ് അറിഞ്ഞതാര്? അവിടത്തെ ഉപദേഷ്ടാവായിരുന്നത് ആര്?” “തിരികെ വാങ്ങാനായി ദൈവത്തിനു കടംകൊടുത്തവനാര്?” സകലതും ദൈവത്തിൽനിന്നു, ദൈവത്തിലൂടെ, ദൈവത്തിലേക്കുതന്നെ. അവിടത്തേക്ക് എന്നേക്കും മഹത്ത്വം! ആമേൻ.

പങ്ക് വെക്കു
റോമർ 11 വായിക്കുക