റോമർ 11:19-36

റോമർ 11:19-36 MCV

“എന്നെ ഒട്ടിച്ചുചേർക്കേണ്ടതിന് ആ ശാഖകൾ വെട്ടിമാറ്റി” എന്നായിരിക്കും നീ പറയുന്നത്. ശരിതന്നെ, എന്നാൽ അവരുടെ അവിശ്വാസംനിമിത്തമാണ് അവരെ വെട്ടിമാറ്റിയത്. നീ ചേർന്നു നിൽക്കുന്നതോ നിന്റെ വിശ്വാസത്താലുമാണ്. അഹങ്കരിക്കരുത്, ഭയപ്പെടുക. സ്വാഭാവികശാഖകളോടു ദൈവം ദാക്ഷിണ്യം കാണിച്ചില്ല എങ്കിൽ നിന്നോടും ദാക്ഷിണ്യം കാണിക്കുകയില്ല. അതുകൊണ്ടു ദൈവത്തിന്റെ ദയയും കാർക്കശ്യവും മറക്കാതിരിക്കുക; വീണവരോട് കാർക്കശ്യവും നിന്നോടോ, നീ ദൈവത്തിന്റെ ദയയിൽ നിലനിന്നാൽ, കാരുണ്യവും അവിടന്നു കാണിക്കും. അല്ലാത്തപക്ഷം നീയും ഛേദിക്കപ്പെടും. അവർ അവിശ്വാസത്തിൽ തുടരാത്തപക്ഷം അവരെ വീണ്ടും ഒട്ടിച്ചുചേർക്കും; ഒട്ടിക്കാൻ ദൈവത്തിനു കഴിയുമല്ലോ! പ്രകൃത്യാ കാട്ടൊലിവിന്റെ ശാഖയായിരുന്ന നിന്നെ മുറിച്ചെടുത്ത്, നട്ടുവളർത്തപ്പെട്ട ഒലിവുമരത്തിൽ അസാധാരണമാംവിധം ഒട്ടിച്ചുചേർത്തു എങ്കിൽ, സ്വാഭാവിക ശാഖകൾ സ്വന്തം ഒലിവുമരത്തിൽ ഇനി ഒട്ടിച്ചുചേർക്കപ്പെടുന്നതിനുള്ള സാധ്യത എത്രയധികം! സഹോദരങ്ങളേ, ഈ രഹസ്യത്തെക്കുറിച്ച് നിങ്ങൾ അജ്ഞരാകരുതെന്നു ഞാൻ ആഗ്രഹിക്കുന്നു, അല്ലാത്തപക്ഷം നിങ്ങൾ ജ്ഞാനികളെന്ന് അഹങ്കരിക്കും. യെഹൂദേതരരിൽനിന്ന് ക്രിസ്തുവിൽ വിശ്വസിക്കാനുള്ളവരുടെ സംഖ്യ പൂർണമാകുന്നതുവരെ ഒരുവിഭാഗം ഇസ്രായേല്യർക്കു ഹൃദയകാഠിന്യം സംഭവിച്ചിരിക്കുന്നു. ഇങ്ങനെ ഇസ്രായേൽ മുഴുവനും രക്ഷപ്രാപിക്കും. “വിടുവിക്കുന്നവൻ സീയോനിൽനിന്ന് വരും; അവിടന്ന് യാക്കോബിൽനിന്ന് അഭക്തി അകറ്റിക്കളയും. ഞാൻ അവരുടെ പാപങ്ങൾ നീക്കിക്കളയുമ്പോൾ ഇതായിരിക്കും അവരോടുള്ള എന്റെ ഉടമ്പടി,” എന്ന് എഴുതപ്പെട്ടിരിക്കുന്നല്ലോ. സുവിശേഷം സംബന്ധിച്ചിടത്തോളം അവർ ദൈവത്തിന്റെ ശത്രുക്കളായിരിക്കുന്നത് നിങ്ങളുടെ നന്മയ്ക്കായാണ്. എന്നാൽ, അവരുടെ പൂർവികരെ ദൈവം തെരഞ്ഞെടുത്തു എന്ന കാരണത്താൽ അവർ ഇപ്പോഴും ദൈവത്തിനു പ്രിയപ്പെട്ടവർ. കാരണം, ദൈവത്തിന്റെ കൃപാദാനങ്ങളും വിളിയും തിരിച്ചെടുക്കാൻ കഴിയാത്തവയാണ്. ഒരുകാലത്ത് ദൈവത്തോട് അനുസരണയില്ലാത്തവരായിരുന്ന നിങ്ങൾക്ക് അവരുടെ അനുസരണക്കേടു നിമിത്തം ഇപ്പോൾ കരുണ ലഭിച്ചിരിക്കുന്നു. അതുപോലെ, ദൈവം നിങ്ങളോടു കാണിച്ച അതേ കരുണ അവർക്കും ലഭിക്കേണ്ടതിന് അവരും ഇപ്പോൾ അനുസരണകെട്ടവരായിത്തീർന്നിരിക്കുന്നു. എല്ലാവരോടും കരുണ കാണിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെ ദൈവം എല്ലാവരെയും അനുസരണക്കേടിനു വിധേയരാക്കുന്നത്. ഹോ, ദൈവത്തിന്റെ ജ്ഞാനം, വിവേകം എന്നിവയുടെ സമൃദ്ധി എത്ര അപരിമേയം! അവിടത്തെ വിധികൾ എത്ര അപ്രമേയം! അവിടത്തെ വഴികൾ എത്ര അഗോചരം! “കർത്താവിന്റെ മനസ്സ് അറിഞ്ഞതാര്? അവിടത്തെ ഉപദേഷ്ടാവായിരുന്നത് ആര്?” “തിരികെ വാങ്ങാനായി ദൈവത്തിനു കടംകൊടുത്തവനാര്?” സകലതും ദൈവത്തിൽനിന്നു, ദൈവത്തിലൂടെ, ദൈവത്തിലേക്കുതന്നെ. അവിടത്തേക്ക് എന്നേക്കും മഹത്ത്വം! ആമേൻ.

റോമർ 11:19-36 - നുള്ള വീഡിയോ