എന്നാൽ, “എന്നെ ഒട്ടിച്ചുചേർക്കേണ്ടതിന് ആ ചില്ലകളെ മുറിച്ചുകളഞ്ഞു” എന്നു നീ പറയുമായിരിക്കും. അതു ശരിതന്നെ. വിശ്വസിക്കാഞ്ഞതുകൊണ്ട് അവരെ ഛേദിച്ചുകളഞ്ഞു. വിശ്വസിക്കുന്നതുകൊണ്ട് നീ യഥാസ്ഥാനത്തു നില്‌ക്കുന്നു. അതെപ്പറ്റി നീ അഹങ്കരിക്കാതെ ഭയത്തോടുകൂടി ജീവിക്കുക. സ്വാഭാവിക ശാഖകളോടു ദൈവം ദാക്ഷിണ്യം കാണിച്ചില്ലെങ്കിൽ നിന്നോടു ദാക്ഷിണ്യം കാണിക്കുമെന്നു നീ വിചാരിക്കുന്നുവോ? ദൈവം എത്ര ദയാലുവും അതുപോലെതന്നെ എത്ര കർക്കശനുമാണെന്നു നാം ഇവിടെ കാണുന്നു. വിഛേദിക്കപ്പെട്ട ശാഖകൾപോലെ വീണുപോയവരോട് അവിടുന്നു നിർദാക്ഷിണ്യം പെരുമാറുന്നു. അവിടുത്തെ കാരുണ്യത്തിൽ നിലനിന്നാൽ നിന്നോട് അവിടുന്നു ദയാലുവായിരിക്കും; അല്ലെങ്കിൽ നീയും മുറിച്ചുനീക്കപ്പെടും. ഇസ്രായേൽജനം തങ്ങളുടെ അവിശ്വാസത്തിൽ തുടരാതിരുന്നാൽ ദൈവം അവരെ യഥാസ്ഥാനങ്ങളിൽ ഒട്ടിച്ചുചേർക്കും; അവരെ വീണ്ടും ഒട്ടിച്ചുചേർക്കുവാൻ ദൈവത്തിനു കഴിയും. കാട്ടുമരത്തിൽനിന്നു വെട്ടിയെടുത്ത ചില്ലകളെപ്പോലെയുള്ള വിജാതീയരായ നിങ്ങളെ നല്ല ഒലിവുമരത്തോടു സ്വാഭാവിക രീതിക്കു വിരുദ്ധമായി ഒട്ടിച്ചുചേർത്തെങ്കിൽ, മുറിച്ചുനീക്കപ്പെട്ട ശാഖകളായ യെഹൂദന്മാരെ തായ്മരത്തോടു വീണ്ടും ഒട്ടിച്ചുചേർക്കുവാൻ ദൈവത്തിന് എത്ര എളുപ്പമായിരിക്കും! സഹോദരരേ, നിങ്ങൾ അറിയണമെന്നു ഞാൻ ആഗ്രഹിക്കുന്ന ഒരു രഹസ്യമുണ്ട്. ഇസ്രായേൽജനത്തിന്റെ വഴങ്ങാത്ത പ്രകൃതം, വിജാതീയരിൽനിന്നു ദൈവത്തിന്റെ അടുത്തു വരുന്നവരുടെ സംഖ്യ പൂർത്തിയാകുന്നതുവരെ മാത്രമേ ഉണ്ടായിരിക്കൂ. ഇങ്ങനെ ഇസ്രായേൽ മുഴുവൻ രക്ഷിക്കപ്പെടും. ഈ രഹസ്യം അറിയുമ്പോൾ നിങ്ങൾ വിവേകശാലികളാണെന്നു നിങ്ങൾക്കു തോന്നുകയില്ല. വേദഗ്രന്ഥത്തിൽ ഇങ്ങനെ പറയുന്നു: രക്ഷകൻ സീയോനിൽനിന്നു വരും, യാക്കോബിന്റെ വംശത്തിൽനിന്ന് എല്ലാ ദുഷ്ടതയും നീക്കും; ഇതായിരിക്കും അവരുടെ പാപങ്ങൾ നീക്കുമ്പോൾ അവരോടു ഞാൻ ചെയ്യുന്ന ഉടമ്പടി. സുവിശേഷം നിരസിച്ചതുകൊണ്ട്, യെഹൂദന്മാർ വിജാതീയരായ നിങ്ങൾ നിമിത്തം ദൈവത്തിന്റെ ശത്രുക്കളായി. എന്നാൽ ദൈവത്തിന്റെ തിരഞ്ഞെടുപ്പുമൂലം പിതാക്കന്മാർ മുഖേന അവർ അവിടുത്തെ സ്നേഹഭാജനങ്ങളുമാണ്. ദൈവത്തിന്റെ വിളിയും വരങ്ങളും സുസ്ഥിരമത്രേ. വിജാതീയരായ നിങ്ങൾ കഴിഞ്ഞകാലത്ത് ദൈവത്തെ അനുസരിച്ചില്ലെങ്കിലും, യെഹൂദന്മാർ അനുസരണക്കേടു കാട്ടിയതുകൊണ്ട് ഇപ്പോൾ നിങ്ങൾക്കു ദൈവത്തിന്റെ കാരുണ്യം ലഭിച്ചിരിക്കുന്നു. അതുപോലെതന്നെ നിങ്ങൾക്കു ലഭിച്ചിരിക്കുന്ന കൃപയാൽ യെഹൂദന്മാർക്കും കൃപ ലഭിക്കേണ്ടതിന് അവർ ഇപ്പോൾ ദൈവത്തെ അനുസരിക്കാതിരിക്കുന്നു. എല്ലാവരോടും കരുണ കാട്ടേണ്ടതിന് ദൈവം എല്ലാവരെയും അനുസരണക്കേടിനു അടിമപ്പെടുത്തിയിരിക്കുന്നു. ഹാ! ദൈവത്തിന്റെ ധനം എത്ര വലുത്! അവിടുത്തെ വിവേകവും അറിവും എത്ര അഗാധം! അവിടുത്തെ വിധികൾ വിശദീകരിക്കുവാൻ ആർക്കു സാധിക്കും? വേദഗ്രന്ഥത്തിൽ ഇങ്ങനെ പറയുന്നുണ്ടല്ലോ: കർത്താവിന്റെ മനസ്സ് ആരറിയുന്നു? ദൈവത്തെ ഉപദേശിക്കുവാൻ ആർക്കു കഴിയും? ദൈവം തിരിച്ചു കൊടുക്കേണ്ടിവരത്തക്കവിധം അവിടുത്തേക്ക് എന്തെങ്കിലും കൊടുക്കുന്നവരായി ആരുമില്ല. സർവചരാചരങ്ങളും ദൈവത്തിൽ നിന്നും ദൈവത്തിൽകൂടിയും ദൈവത്തിനുവേണ്ടിയുമുള്ളവയാകുന്നു. അവിടുത്തേക്ക് എന്നെന്നേക്കും മഹത്ത്വം! ആമേൻ.
ROM 11 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ROM 11:19-36
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ