എന്നാൽ എന്നെ ഒട്ടിക്കേണ്ടതിന് കൊമ്പുകളെ ഒടിച്ചുകളഞ്ഞു എന്നു നീ പറയും. ശരി; അവിശ്വാസത്താൽ അവ ഒടിഞ്ഞുപോയി; നിന്‍റെ വിശ്വാസത്താൽ നീ നില്ക്കുന്നു; അഹങ്കരിക്കാതെ ഭയപ്പെടുക. സ്വാഭാവികകൊമ്പുകളെ ദൈവം ആദരിക്കാതെ പോയെങ്കിൽ നിന്നെയും ആദരിക്കാതെ വന്നേക്കും. ആകയാൽ ദൈവത്തിന്‍റെ ദയയും കാഠിന്യവും കാൺക; ഒരു വശത്ത് വീണുപോയ യഹൂദരിൽ ദൈവത്തിന്‍റെ കാഠിന്യവും; മറുവശത്ത് നീ ദൈവത്തിന്‍റെ ദയയിൽ നിലനിന്നാൽ നിന്നിൽ അവന്‍റെ ദയയും തന്നെ; അല്ലെങ്കിൽ നീയും ഛേദിക്കപ്പെടും. എങ്കിലും അവർ അവരുടെ അവിശ്വാസത്തിൽതന്നെ തുടരാതിരുന്നാൽ അവരെയുംകൂടെ തിരികെ ഒട്ടിച്ചുചേർക്കും; അവരെ വീണ്ടും ഒട്ടിക്കുവാൻ ദൈവം ശക്തനല്ലോ. സ്വഭാവത്താൽ കാട്ടൊലിവായ മരത്തിൽനിന്നു നിന്നെ മുറിച്ചെടുത്തു സ്വഭാവത്തിന് വിരോധമായി നല്ല ഒലിവുമരത്തിൽ ഒട്ടിച്ചു എങ്കിൽ, സ്വാഭാവികകൊമ്പുകളായ ഈ യെഹൂദരെ അവരുടെ സ്വന്തമായ ഒലിവുമരത്തിൽ എത്ര അധികമായി തിരികെ ഒട്ടിക്കും. സഹോദരന്മാരേ, നിങ്ങൾ ബുദ്ധിമാന്മാരെന്നു നിങ്ങൾക്ക് തന്നെ തോന്നാതിരിപ്പാൻ ഈ രഹസ്യം അറിയാതിരിക്കരുത് എന്നു ഞാൻ ആഗ്രഹിക്കുന്നു: അതായത് യിസ്രായേലിൽ ഒരു ഭാഗം മാത്രമേ കാഠിന്യമായിരിക്കുന്നുള്ളു. അതും ജനതകൾ പൂർണ്ണമായി ചേരുന്നതുവരെമാത്രം അങ്ങനെ യിസ്രായേൽ മുഴുവനും രക്ഷിക്കപ്പെടും. “വിടുവിക്കുന്നവൻ സീയോനിൽനിന്നു വരും; അവൻ യാക്കോബിൽ നിന്നു അഭക്തിയെ മാറ്റും. ഞാൻ അവരുടെ പാപങ്ങളെ എടുത്തു നീക്കുമ്പോൾ ഇതു ഞാൻ അവരോട് ചെയ്യുന്ന ഉടമ്പടി” എന്നു എഴുതിയിരിക്കുന്നതുപോലെ തന്നെ. ഒരു വശത്ത് സുവിശേഷം സംബന്ധിച്ച് അവർ നിങ്ങൾ നിമിത്തം വെറുക്കപ്പെട്ടു; എന്നാൽ മറുവശത്ത് ദൈവത്തിന്‍റെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് പിതാക്കന്മാർനിമിത്തം അവർ പ്രിയപ്പെട്ടവർ. എന്തെന്നാൽ ദൈവത്തിന്‍റെ കൃപാവരങ്ങളും വിളിയും മാറ്റമില്ലാത്തവയല്ലോ. നിങ്ങൾ മുമ്പെ ദൈവത്തെ അനുസരിക്കാതിരുന്നിട്ട് അവരുടെ അനുസരണക്കേടിനാൽ ഇപ്പോൾ കരുണ ലഭിച്ചതുപോലെ, നിങ്ങൾക്ക് ലഭിച്ച കരുണയാൽ ഈ യഹൂദർക്കു കരുണ ലഭിക്കേണ്ടതിന്, അവരും ഇപ്പോൾ അനുസരിക്കാതിരിക്കുന്നു. ദൈവം എല്ലാവരോടും കരുണ കാണിക്കേണ്ടതിന് എല്ലാവരെയും അനുസരണക്കേടിൽ അടച്ചുകളഞ്ഞു. ഹാ, ദൈവത്തിന്‍റെ ധനം, ജ്ഞാനം, അറിവു എന്നിവയുടെ ആഴമേ! അവന്‍റെ ന്യായവിധികൾ എത്ര അപ്രമേയവും അവന്‍റെ വഴികൾ എത്ര അഗോചരവും ആകുന്നു. കർത്താവിന്‍റെ മനസ്സ് അറിഞ്ഞവൻ ആർ? അവനു മന്ത്രിയായിരുന്നവൻ ആർ? അവനു വല്ലതും മുമ്പെ കൊടുത്തിട്ട് പ്രതിഫലം വാങ്ങുന്നവൻ ആർ? സകലവും അവനിൽ നിന്നും അവനാലും അവങ്കലേക്കും ആകുന്നുവല്ലോ; അവനു എന്നേക്കും മഹത്വം. ആമേൻ.
റോമ. 11 വായിക്കുക
കേൾക്കുക റോമ. 11
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: റോമ. 11:19-36
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ