സങ്കീർത്തനങ്ങൾ 89:1-18
സങ്കീർത്തനങ്ങൾ 89:1-18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവയുടെ കൃപകളെക്കുറിച്ച് ഞാൻ എന്നേക്കും പാടും; തലമുറതലമുറയോളം എന്റെ വായ്കൊണ്ട് നിന്റെ വിശ്വസ്തതയെ അറിയിക്കും. ദയ എന്നേക്കും ഉറച്ചുനില്ക്കും എന്നു ഞാൻ പറയുന്നു; നിന്റെ വിശ്വസ്തതയെ നീ സ്വർഗത്തിൽ സ്ഥിരമാക്കിയിരിക്കുന്നു. എന്റെ വൃതനോട് ഞാൻ ഒരു നിയമവും എന്റെ ദാസനായ ദാവീദിനോടു സത്യവും ചെയ്തിരിക്കുന്നു. നിന്റെ സന്തതിയെ ഞാൻ എന്നേക്കും സ്ഥിരപ്പെടുത്തും; നിന്റെ സിംഹാസനത്തെ തലമുറതലമുറയോളം ഉറപ്പിക്കും. സേലാ. യഹോവേ, സ്വർഗം നിന്റെ അദ്ഭുതങ്ങളെയും വിശുദ്ധന്മാരുടെ സഭയിൽ നിന്റെ വിശ്വസ്തതയെയും സ്തുതിക്കും. സ്വർഗത്തിൽ യഹോവയോട് സദൃശനായവൻ ആർ? ദേവപുത്രന്മാരിൽ യഹോവയ്ക്കു തുല്യനായവൻ ആർ? ദൈവം വിശുദ്ധന്മാരുടെ സംഘത്തിൽ ഏറ്റവും ഭയങ്കരനും അവന്റെ ചുറ്റുമുള്ള എല്ലാവർക്കും മീതെ ഭയപ്പെടുവാൻ യോഗ്യനും ആകുന്നു. സൈന്യങ്ങളുടെ ദൈവമായ യഹോവേ, നിന്നെപ്പോലെ ബലവാൻ ആരുള്ളൂ? യഹോവേ, നിന്റെ വിശ്വസ്തത നിന്നെ ചുറ്റിയിരിക്കുന്നു. നീ സമുദ്രത്തിന്റെ ഗർവത്തെ അടക്കി വാഴുന്നു. അതിലെ തിരകൾ പൊങ്ങുമ്പോൾ നീ അവയെ അമർത്തുന്നു. നീ രഹബിനെ ഒരു ഹതനെപ്പോലെ തകർത്തു; നിന്റെ ബലമുള്ള ഭുജംകൊണ്ട് നിന്റെ ശത്രുക്കളെ ചിതറിച്ചുകളഞ്ഞു. ആകാശം നിനക്കുള്ളത്, ഭൂമിയും നിനക്കുള്ളത്; ഭൂതലവും അതിന്റെ പൂർണതയും നീ സ്ഥാപിച്ചിരിക്കുന്നു. ദക്ഷിണോത്തരദിക്കുകളെ നീ സൃഷ്‍ടിച്ചിരിക്കുന്നു; താബോറും ഹെർമ്മോനും നിന്റെ നാമത്തിൽ ആനന്ദിക്കുന്നു; നിനക്കു വീര്യമുള്ളൊരു ഭുജം ഉണ്ട്; നിന്റെ കൈ ബലമുള്ളതും നിന്റെ വലംകൈ ഉന്നതവും ആകുന്നു. നീതിയും ന്യായവും നിന്റെ സിംഹാസനത്തിന്റെ അടിസ്ഥാനമാകുന്നു; ദയയും വിശ്വസ്തതയും നിനക്കു മുമ്പായി നടക്കുന്നു. ജയഘോഷം അറിയുന്ന ജനത്തിനു ഭാഗ്യം; യഹോവേ, അവർ നിന്റെ മുഖപ്രകാശത്തിൽ നടക്കും. അവർ ഇടവിടാതെ നിന്റെ നാമത്തിൽ ഘോഷിച്ചുല്ലസിക്കുന്നു. നിന്റെ നീതിയിൽ അവർ ഉയർന്നിരിക്കുന്നു. നീ അവരുടെ ബലത്തിന്റെ മഹത്ത്വമാകുന്നു; നിന്റെ പ്രസാദത്താൽ ഞങ്ങളുടെ കൊമ്പ് ഉയർന്നിരിക്കുന്നു. നമ്മുടെ പരിച യഹോവയ്ക്കുള്ളതും നമ്മുടെ രാജാവ് യിസ്രായേലിന്റെ പരിശുദ്ധനുള്ളവനും ആകുന്നു.
സങ്കീർത്തനങ്ങൾ 89:1-18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരാ, ഞാൻ എന്നും അവിടുത്തെ അചഞ്ചലസ്നേഹത്തെ പ്രകീർത്തിക്കും. ഞാൻ എന്നും അവിടുത്തെ വിശ്വസ്തതയെ പ്രഘോഷിക്കും. അവിടുത്തെ സ്നേഹം എന്നേക്കും നിലനില്‌ക്കുന്നു. അവിടുത്തെ വിശ്വസ്തത ആകാശംപോലെ സുസ്ഥിരമാണ്. അവിടുന്ന് ഇങ്ങനെ അരുളിച്ചെയ്തു: “എന്റെ തിരഞ്ഞെടുക്കപ്പെട്ട ദാസനോടു ഞാൻ ഉടമ്പടിയുണ്ടാക്കി. എന്റെ ദാസനായ ദാവീദിനോടു സത്യം ചെയ്തു. നിന്റെ സന്തതികളെ ഞാൻ സുസ്ഥിരമാക്കും; അവർ നിന്റെ സിംഹാസനത്തിൽ എന്നേക്കും വാഴും. സർവേശ്വരാ, സ്വർഗം അവിടുത്തെ അദ്ഭുതപ്രവൃത്തികൾ സ്തുതിക്കട്ടെ; അങ്ങയുടെ വിശ്വസ്തത ദിവ്യസഭയിൽ പ്രകീർത്തിക്കപ്പെടട്ടെ. സർവേശ്വരനു സമനായി സ്വർഗത്തിൽ ആരുണ്ട്? ദേവഗണത്തിൽ സർവേശ്വരനു തുല്യനായി ആരുണ്ട്? ദേവസഭയിൽ എല്ലാവരും അങ്ങയെ ഭയപ്പെടുന്നു, അവർ അങ്ങയുടെ ചുറ്റും ഭയഭക്തിയോടെ നില്‌ക്കുന്നു. സർവശക്തനായ ദൈവമേ, സർവേശ്വരാ, അങ്ങയെപ്പോലെ ബലവാൻ ആരുണ്ട്? വിശ്വസ്തത അങ്ങയെ വലയം ചെയ്തിരിക്കുന്നു. ഇളകിമറിയുന്ന സമുദ്രത്തെ അവിടുന്നു ശാസിച്ചൊതുക്കുന്നു. തിരമാലകൾ ഉയരുമ്പോൾ അവിടുന്ന് അവയെ ശാന്തമാക്കുന്നു. അവിടുന്നു രഹബിനെ പിണമെന്നപോലെ തകർത്തു. അവിടുത്തെ ബലിഷ്ഠഭുജം ശത്രുക്കളെ ചിതറിച്ചു. ആകാശവും ഭൂമിയും അങ്ങയുടേതാണ്, ലോകവും അതിലുള്ള സകലവും അവിടുന്നാണ് സൃഷ്‍ടിച്ചത്. തെക്കുമുതൽ വടക്കുവരെയുള്ള എല്ലാ ദേശങ്ങളെയും അവിടുന്നു സൃഷ്‍ടിച്ചു. താബോറും ഹെർമ്മോനും ആഹ്ലാദപൂർവം അങ്ങയെ പുകഴ്ത്തുന്നു, അവിടുത്തെ ഭുജം എത്ര ശക്തിയുള്ളത്. അവിടുത്തെ കരം എത്ര കരുത്തുറ്റത്. അവിടുന്നു വലങ്കൈ ഉയർത്തിയിരിക്കുന്നു. അവിടുന്നു തന്റെ രാജ്യം നീതിയിലും ന്യായത്തിലും സ്ഥാപിച്ചിരിക്കുന്നു. അങ്ങയുടെ സുസ്ഥിരസ്നേഹവും വിശ്വസ്തതയും തിരുമുമ്പിൽ നടക്കുന്നു. സ്തുതിഘോഷത്താൽ അങ്ങയെ ആരാധിക്കുന്നവർ, അവിടുത്തെ വരപ്രസാദത്തിൽ ജീവിക്കുന്നവർ തന്നെ, എത്ര അനുഗൃഹീതർ. അവർ അങ്ങയിൽ എപ്പോഴും ആനന്ദിക്കുന്നു. അങ്ങയുടെ നീതിയെ അവർ പ്രകീർത്തിക്കുന്നു. അവിടുന്നാണ് അവരുടെ ശക്തിയും മഹത്ത്വവും. അങ്ങയുടെ അനുഗ്രഹമാണ് അവർക്കു വിജയമരുളുന്നത്. സർവേശ്വരനാണ് ഞങ്ങളുടെ സംരക്ഷകൻ, ഇസ്രായേലിന്റെ പരിശുദ്ധനാണ് ഞങ്ങളുടെ രാജാവ്.
സങ്കീർത്തനങ്ങൾ 89:1-18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യഹോവയുടെ കൃപകളെക്കുറിച്ച് ഞാൻ എന്നേക്കും പാടും; തലമുറതലമുറയോളം എന്റെ വായ്കൊണ്ട് അങ്ങേയുടെ വിശ്വസ്തതയെ അറിയിക്കും. “ദയ എന്നേക്കും ഉറച്ചുനില്ക്കും” എന്നു ഞാൻ പറയുന്നു; അങ്ങേയുടെ വിശ്വസ്തതയെ അങ്ങ് സ്വർഗ്ഗത്തിൽ സ്ഥിരമാക്കിയിരിക്കുന്നു. എന്റെ വൃതനോട് ഞാൻ ഒരു നിയമവും എന്റെ ദാസനായ ദാവീദിനോട് സത്യവും ചെയ്തിരിക്കുന്നു. “നിന്റെ സന്തതിയെ ഞാൻ എന്നേക്കും സ്ഥിരപ്പെടുത്തും; നിന്റെ സിംഹാസനത്തെ തലമുറതലമുറയോളം ഉറപ്പിക്കും.” സേലാ. യഹോവേ, സ്വർഗ്ഗം അങ്ങേയുടെ അത്ഭുതങ്ങളെയും വിശുദ്ധന്മാരുടെ സഭയിൽ അങ്ങേയുടെ വിശ്വസ്തതയെയും വർണ്ണിക്കും. സ്വർഗ്ഗത്തിൽ യഹോവയോട് സദൃശനായവൻ ആര്‍? ദേവപുത്രന്മാരിൽ യഹോവയ്ക്ക് തുല്യനായവൻ ആർ? ദൈവം വിശുദ്ധന്മാരുടെ സംഘത്തിൽ ഏറ്റവും ഭയപ്പെടേണ്ടവനും അവിടുത്തെ ചുറ്റുമുള്ള എല്ലാവരും ഭയപ്പെടുവാൻ യോഗ്യനും ആകുന്നു. സൈന്യങ്ങളുടെ ദൈവമായ യഹോവേ, അങ്ങയെ പോലെ ബലവാൻ ആരാണുള്ളത്? യഹോവേ, അങ്ങേയുടെ വിശ്വസ്തത അങ്ങയെ ചുറ്റിയിരിക്കുന്നു. അങ്ങ് സമുദ്രത്തിന്‍റെ ഗർവ്വത്തെ അടക്കിവാഴുന്നു; അതിലെ തിരകൾ പൊങ്ങുമ്പോൾ അങ്ങ് അവയെ അമർത്തുന്നു. അങ്ങ് രഹബിനെ ഒരു ഹതനെപ്പോലെ തകർത്തു; അങ്ങേയുടെ ബലമുള്ള ഭുജംകൊണ്ട് അങ്ങേയുടെ ശത്രുക്കളെ ചിതറിച്ചുകളഞ്ഞു. ആകാശം നിനക്കുള്ളത്, ഭൂമിയും അങ്ങേക്കുള്ളത്; ഭൂതലവും അതിന്റെ പൂർണ്ണതയും അങ്ങ് സ്ഥാപിച്ചിരിക്കുന്നു. ദക്ഷിണോത്തരദിക്കുകളെ അങ്ങ് സൃഷ്ടിച്ചിരിക്കുന്നു; താബോരും ഹെർമ്മോനും അങ്ങേയുടെ നാമത്തിൽ ആനന്ദിക്കുന്നു; അങ്ങേയുടെ ഭുജം വീര്യമുള്ളത്; അങ്ങേയുടെ കൈ ബലമുള്ളതും അങ്ങേയുടെ വലങ്കൈ ഉന്നതവും ആകുന്നു. നീതിയും ന്യായവും അങ്ങേയുടെ സിംഹാസനത്തിന്‍റെ അടിസ്ഥാനമാകുന്നു; ദയയും വിശ്വസ്തതയും അങ്ങേക്കു മുമ്പായി നടക്കുന്നു. ജയഘോഷം അറിയുന്ന ജനം ഭാഗ്യമുള്ളത്; യഹോവേ, അവർ അങ്ങേയുടെ മുഖപ്രകാശത്തിൽ നടക്കും. അവർ ഇടവിടാതെ അങ്ങേയുടെ നാമത്തിൽ ഘോഷിച്ചുല്ലസിക്കുന്നു; അങ്ങേയുടെ നീതിയിൽ അവർ ഉയർന്നിരിക്കുന്നു. അങ്ങ് അവരുടെ ബലത്തിന്റെ മഹത്ത്വമാകുന്നു; അങ്ങേയുടെ പ്രസാദത്താൽ ഞങ്ങളുടെ ശക്തിഉയർന്നിരിക്കുന്നു. നമ്മുടെ പരിച യഹോവയ്ക്കുള്ളതും നമ്മുടെ രാജാവ് യിസ്രായേലിന്റെ പരിശുദ്ധനുള്ളവനും ആകുന്നു.
സങ്കീർത്തനങ്ങൾ 89:1-18 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവയുടെ കൃപകളെക്കുറിച്ചു ഞാൻ എന്നേക്കും പാടും; തലമുറതലമുറയോളം എന്റെ വായ് കൊണ്ടു നിന്റെ വിശ്വസ്തതയെ അറിയിക്കും. ദയ എന്നേക്കും ഉറച്ചുനില്ക്കും എന്നു ഞാൻ പറയുന്നു; നിന്റെ വിശ്വസ്തതയെ നീ സ്വർഗ്ഗത്തിൽ സ്ഥിരമാക്കിയിരിക്കുന്നു. എന്റെ വൃതനോടു ഞാൻ ഒരു നിയമവും എന്റെ ദാസനായ ദാവീദിനോടു സത്യവും ചെയ്തിരിക്കുന്നു. നിന്റെ സന്തതിയെ ഞാൻ എന്നേക്കും സ്ഥിരപ്പെടുത്തും; നിന്റെ സിംഹാസനത്തെ തലമുറതലമുറയോളം ഉറപ്പിക്കും. സേലാ. യഹോവേ, സ്വർഗ്ഗം നിന്റെ അത്ഭുതങ്ങളെയും വിശുദ്ധന്മാരുടെ സഭയിൽ നിന്റെ വിശ്വസ്തതയെയും സ്തുതിക്കും. സ്വർഗ്ഗത്തിൽ യഹോവയോടു സദൃശനായവൻ ആർ? ദേവപുത്രന്മാരിൽ യഹോവെക്കു തുല്യനായവൻ ആർ? ദൈവം വിശുദ്ധന്മാരുടെ സംഘത്തിൽ ഏറ്റവും ഭയങ്കരനും അവന്റെ ചുറ്റുമുള്ള എല്ലാവർക്കും മീതെ ഭയപ്പെടുവാൻ യോഗ്യനും ആകുന്നു. സൈന്യങ്ങളുടെ ദൈവമായ യഹോവേ, നിന്നെപ്പോലെ ബലവാൻ ആരുള്ളു? യഹോവേ, നിന്റെ വിശ്വസ്തത നിന്നെ ചുറ്റിയിരിക്കുന്നു. നീ സമുദ്രത്തിന്റെ ഗർവ്വത്തെ അടക്കിവാഴുന്നു; അതിലെ തിരകൾ പൊങ്ങുമ്പോൾ നീ അവയെ അമർത്തുന്നു. നീ രഹബിനെ ഒരു ഹതനെപ്പോലെ തകർത്തു; നിന്റെ ബലമുള്ള ഭുജംകൊണ്ടു നിന്റെ ശത്രുക്കളെ ചിതറിച്ചുകളഞ്ഞു. ആകാശം നിനക്കുള്ളതു, ഭൂമിയും നിനക്കുള്ളതു; ഭൂതലവും അതിന്റെ പൂർണ്ണതയും നീ സ്ഥാപിച്ചിരിക്കുന്നു. ദക്ഷിണോത്തരദിക്കുകളെ നീ സൃഷ്ടിച്ചിരിക്കുന്നു; താബോരും ഹെർമ്മോനും നിന്റെ നാമത്തിൽ ആനന്ദിക്കുന്നു; നിനക്കു വീര്യമുള്ളോരു ഭുജം ഉണ്ടു; നിന്റെ കൈ ബലമുള്ളതും നിന്റെ വലങ്കൈ ഉന്നതവും ആകുന്നു. നീതിയും ന്യായവും നിന്റെ സിംഹാസനത്തിന്റെ അടിസ്ഥാനമാകുന്നു; ദയയും വിശ്വസ്തതയും നിനക്കു മുമ്പായി നടക്കുന്നു. ജയഘോഷം അറിയുന്ന ജനത്തിന്നു ഭാഗ്യം; യഹോവേ, അവർ നിന്റെ മുഖപ്രകാശത്തിൽ നടക്കും. അവർ ഇടവിടാതെ നിന്റെ നാമത്തിൽ ഘോഷിച്ചുല്ലസിക്കുന്നു; നിന്റെ നീതിയിൽ അവർ ഉയർന്നിരിക്കുന്നു. നീ അവരുടെ ബലത്തിന്റെ മഹത്വമാകുന്നു; നിന്റെ പ്രസാദത്താൽ ഞങ്ങളുടെ കൊമ്പു ഉയർന്നിരിക്കുന്നു. നമ്മുടെ പരിച യഹോവെക്കുള്ളതും നമ്മുടെ രാജാവു യിസ്രായേലിന്റെ പരിശുദ്ധന്നുള്ളവന്നും ആകുന്നു.
സങ്കീർത്തനങ്ങൾ 89:1-18 സമകാലിക മലയാളവിവർത്തനം (MCV)
നിത്യവും ഞാൻ യഹോവയുടെ അചഞ്ചലസ്നേഹത്തെ കീർത്തിക്കും; എന്റെ വാകൊണ്ട് അവിടത്തെ വിശ്വസ്തതയെ ഞാൻ തലമുറകൾതോറും അറിയിക്കും. അവിടത്തെ അചഞ്ചലസ്നേഹം എന്നേക്കും നിലനിൽക്കുന്നു എന്നും അവിടത്തെ വിശ്വസ്തത സ്വർഗത്തിൽ സ്ഥിരമായിരിക്കുന്നു എന്നും ഞാൻ പ്രഖ്യാപിക്കും. യഹോവ അരുളിച്ചെയ്തു: “ഞാൻ എന്റെ തെരഞ്ഞെടുക്കപ്പെട്ടവനുമായി ഒരു ഉടമ്പടിചെയ്തു, എന്റെ ദാസനായ ദാവീദിനോട് ഞാൻ ശപഥംചെയ്തു, ‘ഞാൻ നിന്റെ വംശത്തെ എന്നെന്നേക്കും സ്ഥിരമാക്കും നിന്റെ സിംഹാസനം തലമുറതലമുറയോളം നിലനിർത്തും.’ ” സേലാ. യഹോവേ, സ്വർഗം അങ്ങയുടെ അത്ഭുതങ്ങളെയും വിശുദ്ധരുടെ സഭയിൽ അങ്ങയുടെ വിശ്വസ്തതയെയും സ്തുതിക്കും. യഹോവയോട് തുലനംചെയ്യാൻ പ്രപഞ്ചത്തിൽ ആരുണ്ട്? ദൈവപുത്രന്മാരിൽ യഹോവയ്ക്കു സമനായി ആരാണുള്ളത്? വിശുദ്ധരുടെ സംഘത്തിൽ ദൈവം ഏറ്റവും ആദരണീയൻ; അങ്ങേക്കുചുറ്റും നിൽക്കുന്ന ഏതൊരാളെക്കാളും അങ്ങ് ഭയപ്പെടാൻ യോഗ്യൻ. സൈന്യങ്ങളുടെ ദൈവമായ യഹോവേ, അങ്ങയെപ്പോലെ ആരുണ്ട്? യഹോവേ, അവിടന്ന് ബലവാൻ ആകുന്നു. അങ്ങയുടെ വിശ്വസ്തത അങ്ങയെ വലയംചെയ്തിരിക്കുന്നു. ഇളകിമറിയുന്ന സമുദ്രത്തെ അവിടന്ന് അടക്കിവാഴുന്നു; അതിന്റെ തിരമാലകൾ ഉയരുമ്പോൾ അങ്ങ് അവയെ ശമിപ്പിക്കുന്നു. അവിടന്ന് രഹബിനെ വധിക്കപ്പെട്ടവരെപ്പോലെ തകർത്തുകളഞ്ഞു; അങ്ങയുടെ ശക്തമായ കരംകൊണ്ട് അങ്ങ് ശത്രുക്കളെ ചിതറിച്ചു. ആകാശം അങ്ങയുടേത്, ഭൂമിയും അവിടത്തേതുതന്നെ; ഭൂതലവും അതിലുള്ള സകലതും അങ്ങു സ്ഥാപിച്ചിരിക്കുന്നു. ദക്ഷിണോത്തരദിക്കുകളെ അങ്ങു സൃഷ്ടിച്ചു; താബോർമലയും ഹെർമോൻമലയും അവിടത്തെ നാമത്തിൽ ആനന്ദിച്ചാർക്കുന്നു. അവിടത്തെ കരം ശക്തിയുള്ളതാകുന്നു; അവിടത്തെ ഭുജം ബലമേറിയത്, അവിടത്തെ വലതുകരം ഉന്നതമായിരിക്കുന്നു. നീതിയും ന്യായവും അങ്ങയുടെ സിംഹാസനത്തിന്റെ അടിസ്ഥാനം ആകുന്നു; അചഞ്ചലസ്നേഹവും വിശ്വസ്തതയും അങ്ങയുടെമുമ്പാകെ പോകുന്നു. യഹോവേ, അങ്ങയെ ആർപ്പുവിളികളോടെ സ്തുതിക്കാൻ ശീലിച്ച ജനം അനുഗൃഹീതർ, കാരണം അവർ തിരുസാന്നിധ്യത്തിന്റെ പ്രഭയിൽ സഞ്ചരിക്കും. അവർ ദിവസംമുഴുവനും അവിടത്തെ നാമത്തിൽ ആനന്ദിക്കുന്നു; അവർ അവിടത്തെ നീതിയിൽ പുകഴുന്നു. കാരണം അവിടന്നാണ് അവരുടെ മഹത്ത്വവും ശക്തിയും, അവിടത്തെ പ്രസാദത്തിൽ അങ്ങ് ഞങ്ങളുടെ കൊമ്പ് ഉയർത്തുന്നു. ഞങ്ങളുടെ പരിച യഹോവയ്ക്കുള്ളതാകുന്നു, നിശ്ചയം, ഞങ്ങളുടെ രാജാവ് ഇസ്രായേലിന്റെ പരിശുദ്ധനുള്ളതും.