സങ്കീ. 89
89
ദാവീദുമായുള്ള ദൈവത്തിന്റെ ഉടമ്പടി
എസ്രാഹ്യനായ ഏഥാന്റെ ഒരു ധ്യാനം.
1യഹോവയുടെ കൃപകളെക്കുറിച്ച് ഞാൻ എന്നേക്കും പാടും;
തലമുറതലമുറയോളം എന്റെ വായ്കൊണ്ട് അങ്ങേയുടെ വിശ്വസ്തതയെ അറിയിക്കും.
2“ദയ എന്നേക്കും ഉറച്ചുനില്‍ക്കും” എന്നു ഞാൻ പറയുന്നു;
അങ്ങേയുടെ വിശ്വസ്തതയെ അങ്ങ് സ്വർഗ്ഗത്തിൽ സ്ഥിരമാക്കിയിരിക്കുന്നു.
3എന്റെ വൃതനോട് ഞാൻ ഒരു നിയമവും
എന്റെ ദാസനായ ദാവീദിനോട് സത്യവും ചെയ്തിരിക്കുന്നു.
4“നിന്റെ സന്തതിയെ ഞാൻ എന്നേക്കും സ്ഥിരപ്പെടുത്തും;
നിന്റെ സിംഹാസനത്തെ തലമുറതലമുറയോളം ഉറപ്പിക്കും.” സേലാ.
5യഹോവേ, സ്വർഗ്ഗം അങ്ങേയുടെ അത്ഭുതങ്ങളെയും
വിശുദ്ധന്മാരുടെ സഭയിൽ അങ്ങേയുടെ വിശ്വസ്തതയെയും വർണ്ണിക്കും.
6സ്വർഗ്ഗത്തിൽ യഹോവയോട് സദൃശനായവൻ ആര്?
ദേവപുത്രന്മാരിൽ യഹോവയ്ക്ക് തുല്യനായവൻ ആർ?
7ദൈവം വിശുദ്ധന്മാരുടെ സംഘത്തിൽ ഏറ്റവും ഭയപ്പെടേണ്ടവനും
അവിടുത്തെ ചുറ്റുമുള്ള എല്ലാവരും ഭയപ്പെടുവാൻ യോഗ്യനും ആകുന്നു.
8സൈന്യങ്ങളുടെ ദൈവമായ യഹോവേ, അങ്ങയെ പോലെ ബലവാൻ ആരാണുള്ളത്?
യഹോവേ, അങ്ങേയുടെ വിശ്വസ്തത അങ്ങയെ ചുറ്റിയിരിക്കുന്നു.
9അങ്ങ് സമുദ്രത്തിന്റെ ഗർവ്വത്തെ അടക്കിവാഴുന്നു;
അതിലെ തിരകൾ പൊങ്ങുമ്പോൾ അങ്ങ് അവയെ അമർത്തുന്നു.
10അങ്ങ് രഹബിനെ#89:10 രഹബിനെ രഹബ് എന്നത് കൊണ്ടു ഇവിടെ അര്‍ത്ഥമാക്കുന്നത് പുരാണ കടല്‍ പാമ്പിനെയാണ്. ഒരു ഹതനെപ്പോലെ തകർത്തു;
അങ്ങേയുടെ ബലമുള്ള ഭുജംകൊണ്ട് അങ്ങേയുടെ ശത്രുക്കളെ ചിതറിച്ചുകളഞ്ഞു.
11ആകാശം നിനക്കുള്ളത്, ഭൂമിയും അങ്ങേക്കുള്ളത്;
ഭൂതലവും അതിന്റെ പൂർണ്ണതയും അങ്ങ് സ്ഥാപിച്ചിരിക്കുന്നു.
12ദക്ഷിണോത്തരദിക്കുകളെ അങ്ങ് സൃഷ്ടിച്ചിരിക്കുന്നു;
താബോരും#89:12 താബോരും താബോര്‍, ഗലീല തടാകത്തിന്റെ തെക്കേ അറ്റത്തിനു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന 555 മീറ്റര്‍ ഉയരമുള്ള ഒരു പര്‍വ്വതമാണ്. ഹെർമ്മോനും#89:12 ഹെർമ്മോനും ഹെര്മ്മോന് പര്‍വതം ഗലീല തടാകത്തിനു വടക്കു കിഴക്ക് 75 കിലോമീറ്റര്‍ ദൂരത്തിലായി സ്ഥിതിചെയ്യുന്നു. അതിന്റെ ഉയരം ഏകദേശം 8940 അടിയാണ് അങ്ങേയുടെ നാമത്തിൽ ആനന്ദിക്കുന്നു;
13അങ്ങേയുടെ ഭുജം വീര്യമുള്ളത്;
അങ്ങേയുടെ കൈ ബലമുള്ളതും അങ്ങേയുടെ വലങ്കൈ ഉന്നതവും ആകുന്നു.
14നീതിയും ന്യായവും അങ്ങേയുടെ സിംഹാസനത്തിന്റെ അടിസ്ഥാനമാകുന്നു;
ദയയും വിശ്വസ്തതയും അങ്ങേക്കു മുമ്പായി നടക്കുന്നു.
15ജയഘോഷം#89:15 ജയഘോഷം ദൈവത്തെ ആരാധിക്കുമ്പോള്‍ ഉണ്ടാക്കപ്പെടുന്ന സ്തുതിയുടെ ശബ്ദം അറിയുന്ന ജനം ഭാഗ്യമുള്ളത്;
യഹോവേ, അവർ അങ്ങേയുടെ മുഖപ്രകാശത്തിൽ നടക്കും.
16അവർ ഇടവിടാതെ അങ്ങേയുടെ നാമത്തിൽ ഘോഷിച്ചുല്ലസിക്കുന്നു;
അങ്ങേയുടെ നീതിയിൽ അവർ ഉയർന്നിരിക്കുന്നു.
17അങ്ങ് അവരുടെ ബലത്തിന്റെ മഹത്ത്വമാകുന്നു;
അങ്ങേയുടെ പ്രസാദത്താൽ ഞങ്ങളുടെ ശക്തി#89:17 ശക്തി-കൊമ്പ്ഉയർന്നിരിക്കുന്നു.
18നമ്മുടെ പരിച യഹോവയ്ക്കുള്ളതും
നമ്മുടെ രാജാവ് യിസ്രായേലിന്റെ പരിശുദ്ധനുള്ളവനും ആകുന്നു.
19അന്നു അങ്ങ് ദർശനത്തിൽ അങ്ങേയുടെ ഭക്തന്മാരോട് അരുളിച്ചെയ്തത്;
“ഞാൻ വീരനായ ഒരുവന് സഹായം നല്‍കുകയും
ജനത്തിൽനിന്ന് ഒരു വൃതനെ ഉയർത്തുകയും ചെയ്തു.
20ഞാൻ എന്റെ ദാസനായ ദാവീദിനെ കണ്ടെത്തി;
എന്റെ വിശുദ്ധതൈലംകൊണ്ട് അവനെ അഭിഷേകം ചെയ്തു.
21എന്റെ കൈ അവനോടുകൂടെ സ്ഥിരമായിരിക്കും;
എന്റെ ഭുജം അവനെ ബലപ്പെടുത്തും.
22ശത്രു അവനെ തോല്പിക്കുകയില്ല;
വഷളൻ അവനെ പീഡിപ്പിക്കുകയും ഇല്ല.
23ഞാൻ അവന്റെ വൈരികളെ അവന്റെ മുമ്പിൽ തകർക്കും;
അവനെ വെറുക്കുന്നവരെ സംഹരിക്കും,
24എന്നാൽ എന്റെ വിശ്വസ്തതയും ദയയും അവനോടുകൂടെ ഇരിക്കും;
എന്റെ നാമത്തിൽ അവന്റെ കൊമ്പ് ഉയർന്നിരിക്കും.
25അവന്റെ കൈ ഞാൻ സമുദ്രത്തിന്മേലും
അവന്റെ വലങ്കൈ നദികളുടെമേലും നീട്ടുമാറാക്കും.
26അവൻ എന്നോട്: ‘അങ്ങ് എന്റെ പിതാവ്, എന്റെ ദൈവം,
എന്റെ രക്ഷയുടെ പാറ’ എന്നിങ്ങനെ വിളിച്ചുപറയും.
27ഞാൻ അവനെ ആദ്യജാതനും
ഭൂരാജാക്കന്മാരിൽ ശ്രേഷ്ഠനുമാക്കും.
28ഞാൻ അവന് എന്റെ ദയ എന്നേക്കും കാണിക്കും;
എന്റെ നിയമം അവനുവേണ്ടി സ്ഥിരമായി നില്ക്കും.
29ഞാൻ അവന്റെ സന്തതിയെ ശാശ്വതമായും
അവന്റെ സിംഹാസനത്തെ ആകാശമുള്ള കാലത്തോളവും നിലനിർത്തും.
30അവന്റെ പുത്രന്മാർ എന്റെ ന്യായപ്രമാണം ഉപേക്ഷിക്കുകയും
എന്റെ വിധികൾ അനുസരിച്ചുനടക്കാതിരിക്കുകയും
31എന്റെ ചട്ടങ്ങൾ ലംഘിക്കുകയും
എന്റെ കല്പനകൾ പ്രമാണിക്കാതിരിക്കുകയും ചെയ്താൽ
32ഞാൻ അവരുടെ ലംഘനത്തെ വടികൊണ്ടും
അവരുടെ അകൃത്യത്തെ ദണ്ഡനംകൊണ്ടും സന്ദർശിക്കും.
33എങ്കിലും എന്റെ ദയ ഞാൻ അവനിൽ നിന്നു നീക്കിക്കളയുകയില്ല;
എന്റെ വിശ്വസ്തതയ്ക്ക് ഭംഗം വരുത്തുകയുമില്ല.
34ഞാൻ എന്റെ നിയമം ലംഘിക്കുകയോ
എന്റെ അധരങ്ങളിൽനിന്നു പുറപ്പെട്ടതിന് മാറ്റം വരുത്തുകയോ ചെയ്യുകയില്ല.
35ഞാൻ ഒരിക്കൽ എന്റെ വിശുദ്ധിയിൽ സത്യം ചെയ്തിരിക്കുന്നു;
ദാവീദിനോട് ഞാൻ ഭോഷ്കുപറയുകയില്ല.
36അവന്റെ സന്തതി ശാശ്വതമായും
അവന്റെ സിംഹാസനം എന്റെ മുമ്പിൽ സൂര്യനെപ്പോലെയും ഇരിക്കും.
37അത് ചന്ദ്രനെപ്പോലെയും
ആകാശത്തിലെ വിശ്വസ്തസാക്ഷിയെപ്പോലെയും
എന്നേക്കും സ്ഥിരമായിരിക്കും.” സേലാ.
38എങ്കിലും അങ്ങ് ഉപേക്ഷിച്ച് തള്ളിക്കളയുകയും
അങ്ങേയുടെ അഭിഷിക്തനോട് കോപിക്കുകയും ചെയ്തു.
39അങ്ങേയുടെ ദാസനോടുള്ള നിയമത്തെ അങ്ങ് തള്ളിക്കളഞ്ഞു;
അവന്റെ കിരീടത്തെ അങ്ങ് നിലത്തിട്ട് അശുദ്ധമാക്കിയിരിക്കുന്നു.
40അങ്ങ് അവന്റെ വേലി എല്ലാം പൊളിച്ചു;
അവന്റെ കോട്ടകളെയും ഇടിച്ചുകളഞ്ഞു.
41വഴിപോകുന്ന എല്ലാവരും അവനെ കൊള്ളയിടുന്നു;
തന്റെ അയല്ക്കാർക്ക് അവൻ നിന്ദ ആയിത്തീർന്നിരിക്കുന്നു.
42അങ്ങ് അവന്റെ വൈരികളുടെ വലംകൈ ഉയർത്തി;
അവന്റെ സകലശത്രുക്കളെയും സന്തോഷിപ്പിച്ചു.
43അവന്റെ വാളിന്റെ വായ്ത്തല അങ്ങ് മടക്കി;
യുദ്ധത്തിൽ അവനെ നില്ക്കുമാറാക്കിയതുമില്ല.
44അവന്റെ തേജസ്സ്#89:44 തേജസ്സ്-രാജദണ്ഡ് അങ്ങ് ഇല്ലാതെയാക്കി;
അവന്റെ സിംഹാസനം നിലത്ത് തള്ളിയിട്ടു.
45അവന്റെ യൗവനത്തെ അങ്ങ് ചുരുക്കി;
അങ്ങ് അവനെ ലജ്ജകൊണ്ട് മൂടിയിരിക്കുന്നു. സേലാ.
46യഹോവേ, അങ്ങ് നിത്യം മറഞ്ഞുകളയുന്നതും
അങ്ങേയുടെ ക്രോധം തീപോലെ ജ്വലിക്കുന്നതും എത്രത്തോളം?
47എന്റെ ആയുസ്സ് എത്രചുരുക്കം എന്നു ഓർക്കേണമേ;
എന്ത് വ്യർത്ഥതയ്ക്കായി അങ്ങ് മനുഷ്യപുത്രന്മാരെ ഒക്കെയും സൃഷ്ടിച്ചു?
48ജീവിച്ചിരുന്ന് മരണം കാണാതെയിരിക്കുന്ന മനുഷ്യൻ ആര്?
തന്റെ പ്രാണനെ പാതാളത്തിന്റെ കയ്യിൽനിന്ന് വിടുവിക്കുന്നവനും ആരാണ്? സേലാ.
49കർത്താവേ, അങ്ങേയുടെ വിശ്വസ്തതയിൽ അവിടുന്ന് ദാവീദിനോട്
സത്യംചെയ്ത അങ്ങേയുടെ പുരാതനകൃപകൾ എവിടെ?
50കർത്താവേ, അടിയങ്ങളുടെ നിന്ദ ഓർക്കേണമേ;
എന്റെ മാർവ്വിടത്തിൽ ഞാൻ സകല ജനതയുടെയും നിന്ദ വഹിക്കുന്നതു തന്നെ.
51യഹോവേ, അങ്ങേയുടെ ശത്രുക്കൾ നിന്ദിക്കുന്നുവല്ലോ;
അവർ അങ്ങേയുടെ അഭിഷിക്തന്റെ കാലടികളെ നിന്ദിക്കുന്നു.
52യഹോവ എന്നുമെന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ.
ആമേൻ, ആമേൻ.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
സങ്കീ. 89: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.