സങ്കീ. 90
90
നാലാം പുസ്തകം
നിത്യനായ ദൈവം
ദൈവപുരുഷനായ മോശെയുടെ ഒരു പ്രാർത്ഥന.
1കർത്താവേ, അവിടുന്ന് തലമുറതലമുറയായി
ഞങ്ങളുടെ സങ്കേതമായിരിക്കുന്നു;
2പർവ്വതങ്ങൾ ഉണ്ടായതിനും
അങ്ങ് ഭൂമിയെയും ഭൂമണ്ഡലത്തെയും നിർമ്മിച്ചതിനും മുൻപ്
അങ്ങ് അനാദിയായും ശാശ്വതമായും ദൈവം ആകുന്നു.
3അങ്ങ് മർത്യനെ പൊടിയിലേക്ക് മടങ്ങിച്ചേരുമാറാക്കുന്നു;
“മനുഷ്യപുത്രന്മാരേ, തിരികെ വരുവിൻ” എന്നും അരുളിച്ചെയ്യുന്നു.
4ആയിരം വര്ഷം അവിടുത്തെ ദൃഷ്ടിയിൽ
ഇന്നലെ കഴിഞ്ഞുപോയ ദിവസംപോലെയും
രാത്രിയിലെ ഒരു യാമംപോലെയും മാത്രം ആകുന്നു.
5അവിടുന്ന് മനുഷ്യരെ ഒഴുക്കിക്കളയുന്നു; അവർ ഉറക്കംപോലെ അത്രേ;
അവർ രാവിലെ മുളച്ചുവരുന്ന പുല്ലുപോലെ ആകുന്നു.
6അത് രാവിലെ തഴച്ചുവളരുന്നു;
വൈകുന്നേരം അത് വാടി കരിഞ്ഞുപോകുന്നു.
7ഞങ്ങൾ അങ്ങേയുടെ കോപത്താൽ ക്ഷയിച്ചും
അങ്ങേയുടെ ക്രോധത്താൽ ഭ്രമിച്ചുംപോകുന്നു.
8അങ്ങ് ഞങ്ങളുടെ അകൃത്യങ്ങൾ അങ്ങേയുടെ മുമ്പിലും
ഞങ്ങളുടെ രഹസ്യപാപങ്ങൾ അങ്ങേയുടെ മുഖപ്രകാശത്തിലും വച്ചിരിക്കുന്നു.
9ഞങ്ങളുടെ നാളുകൾ എല്ലാം അങ്ങേയുടെ ക്രോധത്തിൽ കഴിഞ്ഞുപോയി;
ഞങ്ങളുടെ സംവത്സരങ്ങൾ ഞങ്ങൾ ഒരു നെടുവീർപ്പുപോലെ കഴിക്കുന്നു.
10ഞങ്ങളുടെ ആയുഷ്കാലം#90:10 ആയുഷ്കാലം-അഭിമാനം എഴുപത് വര്ഷം;
ഏറെ ആയാൽ എൺപത്;
അതിന്റെ പ്രതാപം പ്രയാസവും ദുഃഖവുമത്രേ;
അത് വേഗം തീരുകയും ഞങ്ങൾ പറന്നു പോകുകയും ചെയ്യുന്നു.
11അങ്ങയെ ഭയപ്പെടുവാൻ തക്കവണ്ണം അങ്ങേയുടെ കോപത്തിന്റെ ശക്തിയെയും
അങ്ങേയുടെ ക്രോധത്തെയും ഗ്രഹിക്കുന്നവൻ ആര്?
12ഞങ്ങൾ ജ്ഞാനമുള്ള ഒരു ഹൃദയം പ്രാപിക്കത്തക്കവണ്ണം
ഞങ്ങളുടെ നാളുകളെ എണ്ണുവാൻ ഞങ്ങളെ ഉപദേശിക്കേണമേ.
13യഹോവേ, മടങ്ങിവരേണമേ; എത്രത്തോളം താമസം?
അടിയങ്ങളോട് സഹതാപം തോന്നേണമേ.
14കാലത്ത് തന്നെ ഞങ്ങളെ അവിടുത്തെ ദയകൊണ്ട് തൃപ്തരാക്കേണമേ;
എന്നാൽ ഞങ്ങളുടെ ആയുഷ്കാലമെല്ലാം ഞങ്ങൾ ഘോഷിച്ചാനന്ദിക്കും.
15അവിടുന്ന് ഞങ്ങളെ ക്ലേശിപ്പിച്ച ദിവസങ്ങൾക്കും ഞങ്ങൾ അനർത്ഥം അനുഭവിച്ച സംവത്സരങ്ങൾക്കും
തക്കവണ്ണം ഞങ്ങളെ സന്തോഷിപ്പിക്കേണമേ.
16അങ്ങേയുടെ ദാസന്മാർക്ക് അങ്ങേയുടെ പ്രവൃത്തിയും
അവരുടെ മക്കൾക്ക് അങ്ങേയുടെ മഹത്വവും വെളിപ്പെടുമാറാകട്ടെ.
17ഞങ്ങളുടെ ദൈവമായ യഹോവയുടെ പ്രസാദം ഞങ്ങളുടെമേൽ ഇരിക്കുമാറാകട്ടെ;
ഞങ്ങളുടെ കൈകളുടെ പ്രവൃത്തികൾ സാദ്ധ്യമാക്കി തരേണമേ;
അതേ, ഞങ്ങളുടെ കൈകളുടെ പ്രവൃത്തികൾ സാദ്ധ്യമാക്കി തരേണമേ.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
സങ്കീ. 90: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.