സങ്കീർത്തനങ്ങൾ 89:1-18

സങ്കീർത്തനങ്ങൾ 89:1-18 MCV

നിത്യവും ഞാൻ യഹോവയുടെ അചഞ്ചലസ്നേഹത്തെ കീർത്തിക്കും; എന്റെ വാകൊണ്ട് അവിടത്തെ വിശ്വസ്തതയെ ഞാൻ തലമുറകൾതോറും അറിയിക്കും. അവിടത്തെ അചഞ്ചലസ്നേഹം എന്നേക്കും നിലനിൽക്കുന്നു എന്നും അവിടത്തെ വിശ്വസ്തത സ്വർഗത്തിൽ സ്ഥിരമായിരിക്കുന്നു എന്നും ഞാൻ പ്രഖ്യാപിക്കും. യഹോവ അരുളിച്ചെയ്തു: “ഞാൻ എന്റെ തെരഞ്ഞെടുക്കപ്പെട്ടവനുമായി ഒരു ഉടമ്പടിചെയ്തു, എന്റെ ദാസനായ ദാവീദിനോട് ഞാൻ ശപഥംചെയ്തു, ‘ഞാൻ നിന്റെ വംശത്തെ എന്നെന്നേക്കും സ്ഥിരമാക്കും നിന്റെ സിംഹാസനം തലമുറതലമുറയോളം നിലനിർത്തും.’ ” സേലാ. യഹോവേ, സ്വർഗം അങ്ങയുടെ അത്ഭുതങ്ങളെയും വിശുദ്ധരുടെ സഭയിൽ അങ്ങയുടെ വിശ്വസ്തതയെയും സ്തുതിക്കും. യഹോവയോട് തുലനംചെയ്യാൻ പ്രപഞ്ചത്തിൽ ആരുണ്ട്? ദൈവപുത്രന്മാരിൽ യഹോവയ്ക്കു സമനായി ആരാണുള്ളത്? വിശുദ്ധരുടെ സംഘത്തിൽ ദൈവം ഏറ്റവും ആദരണീയൻ; അങ്ങേക്കുചുറ്റും നിൽക്കുന്ന ഏതൊരാളെക്കാളും അങ്ങ് ഭയപ്പെടാൻ യോഗ്യൻ. സൈന്യങ്ങളുടെ ദൈവമായ യഹോവേ, അങ്ങയെപ്പോലെ ആരുണ്ട്? യഹോവേ, അവിടന്ന് ബലവാൻ ആകുന്നു. അങ്ങയുടെ വിശ്വസ്തത അങ്ങയെ വലയംചെയ്തിരിക്കുന്നു. ഇളകിമറിയുന്ന സമുദ്രത്തെ അവിടന്ന് അടക്കിവാഴുന്നു; അതിന്റെ തിരമാലകൾ ഉയരുമ്പോൾ അങ്ങ് അവയെ ശമിപ്പിക്കുന്നു. അവിടന്ന് രഹബിനെ വധിക്കപ്പെട്ടവരെപ്പോലെ തകർത്തുകളഞ്ഞു; അങ്ങയുടെ ശക്തമായ കരംകൊണ്ട് അങ്ങ് ശത്രുക്കളെ ചിതറിച്ചു. ആകാശം അങ്ങയുടേത്, ഭൂമിയും അവിടത്തേതുതന്നെ; ഭൂതലവും അതിലുള്ള സകലതും അങ്ങു സ്ഥാപിച്ചിരിക്കുന്നു. ദക്ഷിണോത്തരദിക്കുകളെ അങ്ങു സൃഷ്ടിച്ചു; താബോർമലയും ഹെർമോൻമലയും അവിടത്തെ നാമത്തിൽ ആനന്ദിച്ചാർക്കുന്നു. അവിടത്തെ കരം ശക്തിയുള്ളതാകുന്നു; അവിടത്തെ ഭുജം ബലമേറിയത്, അവിടത്തെ വലതുകരം ഉന്നതമായിരിക്കുന്നു. നീതിയും ന്യായവും അങ്ങയുടെ സിംഹാസനത്തിന്റെ അടിസ്ഥാനം ആകുന്നു; അചഞ്ചലസ്നേഹവും വിശ്വസ്തതയും അങ്ങയുടെമുമ്പാകെ പോകുന്നു. യഹോവേ, അങ്ങയെ ആർപ്പുവിളികളോടെ സ്തുതിക്കാൻ ശീലിച്ച ജനം അനുഗൃഹീതർ, കാരണം അവർ തിരുസാന്നിധ്യത്തിന്റെ പ്രഭയിൽ സഞ്ചരിക്കും. അവർ ദിവസംമുഴുവനും അവിടത്തെ നാമത്തിൽ ആനന്ദിക്കുന്നു; അവർ അവിടത്തെ നീതിയിൽ പുകഴുന്നു. കാരണം അവിടന്നാണ് അവരുടെ മഹത്ത്വവും ശക്തിയും, അവിടത്തെ പ്രസാദത്തിൽ അങ്ങ് ഞങ്ങളുടെ കൊമ്പ് ഉയർത്തുന്നു. ഞങ്ങളുടെ പരിച യഹോവയ്ക്കുള്ളതാകുന്നു, നിശ്ചയം, ഞങ്ങളുടെ രാജാവ് ഇസ്രായേലിന്റെ പരിശുദ്ധനുള്ളതും.