സങ്കീർത്തനങ്ങൾ 74:12-23

സങ്കീർത്തനങ്ങൾ 74:12-23 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ദൈവം പുരാതനമേ എന്റെ രാജാവാകുന്നു; ഭൂമിയുടെ മധ്യേ അവൻ രക്ഷ പ്രവർത്തിക്കുന്നു. നിന്റെ ശക്തികൊണ്ടു നീ സമുദ്രത്തെ വിഭാഗിച്ചു; വെള്ളത്തിലുള്ള തിമിംഗലങ്ങളുടെ തലകളെ ഉടച്ചുകളഞ്ഞു. ലിവ്യാഥാന്റെ തലകളെ നീ തകർത്തു; മരുവാസികളായ ജനത്തിന് അതിനെ ആഹാരമായി കൊടുത്തു. നീ ഉറവും ഒഴുക്കും തുറന്നുവിട്ടു, മഹാനദികളെ നീ വറ്റിച്ചുകളഞ്ഞു. പകൽ നിനക്കുള്ളത്; രാവും നിനക്കുള്ളത്; വെളിച്ചത്തെയും സൂര്യനെയും നീ ചമച്ചിരിക്കുന്നു. ഭൂസീമകളെയൊക്കെയും നീ സ്ഥാപിച്ചു; നീ ഉഷ്ണകാലവും ശീതകാലവും നിയമിച്ചു. യഹോവേ, ശത്രു നിന്ദിച്ചിരിക്കുന്നതും മൂഢജാതി തിരുനാമത്തെ ദുഷിച്ചിരിക്കുന്നതും ഓർക്കേണമേ. നിന്റെ കുറുപ്രാവിനെ ദുഷ്ടമൃഗത്തിന് ഏല്പിക്കരുതേ; നിന്റെ എളിയവരുടെ ജീവനെ എന്നേക്കും മറക്കരുതേ. നിന്റെ നിയമത്തെ കടാക്ഷിക്കേണമേ; ഭൂമിയിലെ അന്ധകാരസ്ഥലങ്ങൾ സാഹസനിവാസങ്ങൾകൊണ്ട് നിറഞ്ഞിരിക്കുന്നു. പീഡിതൻ ലജ്ജിച്ചു പിന്തിരിയരുതേ; എളിയവനും ദരിദ്രനും നിന്റെ നാമത്തെ സ്തുതിക്കട്ടെ. ദൈവമേ, എഴുന്നേറ്റു നിന്റെ വ്യവഹാരം നടത്തേണമേ; മൂഢൻ ഇടവിടാതെ നിന്നെ നിന്ദിക്കുന്നത് ഓർക്കേണമേ. നിന്റെ വൈരികളുടെ ആരവം മറക്കരുതേ; നിന്റെ എതിരാളികളുടെ കലഹം എപ്പോഴും പൊങ്ങിക്കൊണ്ടിരിക്കുന്നു.

സങ്കീർത്തനങ്ങൾ 74:12-23 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ദൈവമേ, ആദിമുതലേ അവിടുന്നു ഞങ്ങളുടെ രാജാവല്ലോ, ഭൂമിയിൽ രക്ഷ പ്രദാനം ചെയ്യുന്നത് അവിടുന്നാണ്. സ്വന്തം ശക്തിയാൽ അവിടുന്ന് സമുദ്രത്തെ വിഭജിച്ചു, കടലിലെ ഭീകരജന്തുക്കളുടെ തലകൾ അവിടുന്നു തകർത്തു. ലിവ്യാഥാന്റെ തലകൾ അവിടുന്നു തകർത്തു. അതിനെ മരുഭൂമിയിലെ ജന്തുക്കൾക്ക് ആഹാരമായി നല്‌കി. അവിടുന്നു നീരുറവുകളും നീർച്ചാലുകളും തുറന്നുവിട്ടു. ഒരിക്കലും വറ്റാത്ത നദികൾ അവിടുന്നു വറ്റിച്ചു. അവിടുന്നു രാവും പകലും സൃഷ്‍ടിച്ചു, അവിടുന്നു ചന്ദ്രനെയും നക്ഷത്രങ്ങളെയും സൂര്യനെയും സ്ഥാപിച്ചു. അവിടുന്നാണ് ഭൂമിക്ക് അതിരുകൾ നിശ്ചയിച്ചത്. വേനൽക്കാലവും ശീതകാലവും സൃഷ്‍ടിച്ചതും അവിടുന്നാണ്. സർവേശ്വരാ, ശത്രുക്കൾ അങ്ങയെ നിന്ദിക്കുന്നതും മൂഢജനം അങ്ങയെ അധിക്ഷേപിക്കുന്നതും ഓർക്കണമേ. അങ്ങയുടെ പ്രാവിനെ ദുഷ്ടമൃഗങ്ങൾക്കു വിട്ടുകൊടുക്കരുതേ, ഈ എളിയവരെ എന്നേക്കും മറന്നുകളയരുതേ. അവിടുന്നു ഞങ്ങളോടു ചെയ്ത ഉടമ്പടി ഓർക്കണമേ; ദേശത്തെ ഇരുണ്ടയിടങ്ങളിൽ അക്രമം കുടിപാർക്കുന്നു. പീഡിതർ ലജ്ജിതരാകാൻ ഇടയാകരുതേ. ദരിദ്രരും എളിയവരും അവിടുത്തെ സ്തുതിക്കട്ടെ. ദൈവമേ, എഴുന്നേറ്റ് അങ്ങേക്കുവേണ്ടി വാദിക്കണമേ, മൂഢജനം എപ്പോഴും അങ്ങയെ നിന്ദിക്കുന്നത് ഓർക്കണമേ. അങ്ങയുടെ ശത്രുക്കളുടെ ആരവം ശ്രദ്ധിക്കണമേ, അങ്ങയുടെ വൈരികളുടെ ഇടവിടാതെയുള്ള അട്ടഹാസം ഓർക്കണമേ.

സങ്കീർത്തനങ്ങൾ 74:12-23 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

ദൈവം പുരാതനമേ എന്‍റെ രാജാവാകുന്നു; ഭൂമിയുടെ മദ്ധ്യത്തിൽ അവിടുന്ന് രക്ഷ പ്രവർത്തിക്കുന്നു. അങ്ങേയുടെ ശക്തികൊണ്ട് അവിടുന്ന് സമുദ്രത്തെ വിഭാഗിച്ചു; വെള്ളത്തിലുള്ള തിമിംഗലങ്ങളുടെ തല ഉടച്ചുകളഞ്ഞു. ലിവ്യാഥാന്‍റെ തലകളെ അവിടുന്ന് തകർത്തു; മരുഭൂവാസികളായ ജീവികൾക്ക് അതിനെ ആഹാരമായി കൊടുത്തു. അങ്ങ് ഉറവും ഒഴുക്കും തുറന്നുവിട്ടു, മഹാനദികളെ അങ്ങ് വറ്റിച്ചുകളഞ്ഞു. പകൽ നിനക്കുള്ളത്; രാവും അങ്ങേക്കുള്ളത്; വെളിച്ചത്തെയും സൂര്യനെയും അവിടുന്ന് ഉണ്ടാക്കിയിരിക്കുന്നു. ഭൂസീമകൾ എല്ലാം അവിടുന്ന് സ്ഥാപിച്ചു; അങ്ങ് ഉഷ്ണകാലവും ശീതകാലവും നിയമിച്ചു. യഹോവേ, ശത്രു നിന്ദിച്ചതും മൂഢജനത തിരുനാമത്തെ ദുഷിച്ചതും ഓർക്കേണമേ. അങ്ങേയുടെ കുറുപ്രാവിനെ ദുഷ്ടമൃഗത്തിന് ഏല്പിക്കരുതേ; അങ്ങേയുടെ എളിയവരുടെ ജീവനെ എന്നേക്കും മറക്കരുതേ. അങ്ങേയുടെ നിയമത്തെ മാനിക്കണമേ; ഭൂമിയിലെ അന്ധകാരസ്ഥലങ്ങൾ സാഹസനിവാസങ്ങൾകൊണ്ട് നിറഞ്ഞിരിക്കുന്നു. പീഡിതൻ ലജ്ജിച്ച് പിന്തിരിയരുതേ; എളിയവനും ദരിദ്രനും തിരുനാമത്തെ സ്തുതിക്കട്ടെ. ദൈവമേ, എഴുന്നേറ്റ് അങ്ങേയുടെ വ്യവഹാരം നടത്തേണമേ; മൂഢൻ ഇടവിടാതെ അങ്ങയെ നിന്ദിക്കുന്നത് ഓർക്കേണമേ. അങ്ങേയുടെ വൈരികളുടെ ആരവം മറക്കരുതേ; അങ്ങേയുടെ എതിരാളികളുടെ കലഹം എപ്പോഴും വർദ്ധിച്ചുകൊണ്ടിരിക്കുന്നു.

സങ്കീർത്തനങ്ങൾ 74:12-23 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ദൈവം പുരാതനമേ എന്റെ രാജാവാകുന്നു; ഭൂമിയുടെ മദ്ധ്യേ അവൻ രക്ഷ പ്രവർത്തിക്കുന്നു. നിന്റെ ശക്തികൊണ്ടു നീ സമുദ്രത്തെ വിഭാഗിച്ചു; വെള്ളത്തിലുള്ള തിമിംഗലങ്ങളുടെ തലകളെ ഉടെച്ചുകളഞ്ഞു. ലിവ്യാഥാന്റെ തലകളെ നീ തകർത്തു; മരുവാസികളായ ജനത്തിന്നു അതിനെ ആഹാരമായി കൊടുത്തു. നീ ഉറവും ഒഴുക്കും തുറന്നുവിട്ടു, മഹാനദികളെ നീ വറ്റിച്ചുകളഞ്ഞു. പകൽ നിനക്കുള്ളതു; രാവും നിനക്കുള്ളതു; വെളിച്ചത്തെയും സൂര്യനെയും നീ ചമെച്ചിരിക്കുന്നു. ഭൂസീമകളെ ഒക്കെയും നീ സ്ഥാപിച്ചു; നീ ഉഷ്ണകാലവും ശീതകാലവും നിയമിച്ചു. യഹോവേ, ശത്രു നിന്ദിച്ചിരിക്കുന്നതും മൂഢജാതി തിരുനാമത്തെ ദുഷിച്ചിരിക്കുന്നതും ഓർക്കേണമേ. നിന്റെ കുറുപ്രാവിനെ ദുഷ്ടമൃഗത്തിന്നു ഏല്പിക്കരുതേ; നിന്റെ എളിയവരുടെ ജീവനെ എന്നേക്കും മറക്കരുതേ. നിന്റെ നിയമത്തെ കടാക്ഷിക്കേണമേ; ഭൂമിയിലെ അന്ധകാരസ്ഥലങ്ങൾ സാഹസനിവാസങ്ങൾകൊണ്ടു നിറഞ്ഞിരിക്കുന്നു. പീഡിതൻ ലജ്ജിച്ചു പിന്തിരിയരുതേ; എളിയവനും ദരിദ്രനും നിന്റെ നാമത്തെ സ്തുതിക്കട്ടെ. ദൈവമേ, എഴുന്നേറ്റു നിന്റെ വ്യവഹാരം നടത്തേണമേ; മൂഢൻ ഇടവിടാതെ നിന്നെ നിന്ദിക്കുന്നതു ഓർക്കേണമേ. നിന്റെ വൈരികളുടെ ആരവം മറക്കരുതേ; നിന്റെ എതിരാളികളുടെ കലഹം എപ്പോഴും പൊങ്ങിക്കൊണ്ടിരിക്കുന്നു.

സങ്കീർത്തനങ്ങൾ 74:12-23 സമകാലിക മലയാളവിവർത്തനം (MCV)

ദൈവമേ, അവിടന്ന് ആകുന്നു പുരാതനകാലംമുതൽ എന്റെ രാജാവ്; അവിടന്ന് ഭൂമിയിൽ രക്ഷ കൊണ്ടുവരുന്നു. അവിടത്തെ ശക്തിയാൽ അവിടന്ന് സമുദ്രത്തെ വിഭജിച്ചു; സമുദ്രത്തിലെ ഭീകരസത്വങ്ങളുടെ തല അവിടന്ന് തകർത്തു. ലിവ്യാഥാന്റെ തലകൾ അവിടന്ന് തകർക്കുകയും അങ്ങ് അതിനെ മരുഭൂമിയിലെ ജന്തുക്കൾക്ക് ആഹാരമായി നൽകുകയും ചെയ്തു. ഉറവുകളും നീർച്ചാലുകളും തുറന്നത് അവിടന്ന് ആകുന്നു; ഒരിക്കലും വറ്റാത്ത നദികളെ അവിടന്നു വറ്റിച്ചുകളഞ്ഞു. പകൽ അങ്ങയുടേതാകുന്നു, രാത്രിയും അങ്ങേക്കുള്ളതുതന്നെ; അവിടന്ന് സൂര്യചന്ദ്രന്മാരെ സ്ഥാപിച്ചു. ഭൂമിയുടെ എല്ലാ അതിർത്തികളും നിർണയിച്ചത് അവിടന്നാണ്; ഉഷ്ണകാലവും ശൈത്യകാലവും അവിടന്ന് ഉണ്ടാക്കി. യഹോവേ, ശത്രു അങ്ങയെ പരിഹസിച്ചത് എങ്ങനെയെന്നും ഭോഷർ തിരുനാമത്തെ അധിക്ഷേപിക്കുന്നത് എങ്ങനെയെന്നും ഓർക്കണമേ. അങ്ങയുടെ പ്രാവിന്റെ ജീവൻ, ദുഷ്ടമൃഗങ്ങൾക്ക് ഏൽപ്പിച്ചുകൊടുക്കരുതേ; അങ്ങയുടെ അഗതികളുടെ ജീവനെ എന്നേക്കും മറക്കരുതേ. അവിടത്തെ ഉടമ്പടി ഓർക്കണമേ, ഭൂമിയുടെ അന്ധകാരസ്ഥലങ്ങളിൽ അതിക്രമങ്ങൾ അധികരിച്ചിരിക്കുന്നല്ലോ. പീഡിതർ അപമാനിതരായി പിന്തിരിയാൻ അനുവദിക്കരുതേ; ദരിദ്രരും അഗതികളും അവിടത്തെ നാമത്തെ വാഴ്ത്തട്ടെ. ദൈവമേ, എഴുന്നേൽക്കണമേ, അങ്ങയുടെ ഭാഗം പ്രതിരോധിക്കണമേ; ദിവസംമുഴുവനും ഭോഷർ അങ്ങയെ അപഹസിക്കുന്നത് ഓർക്കണമേ. അങ്ങയുടെ എതിരാളികളുടെ ആരവം അവഗണിക്കരുതേ, അങ്ങയുടെ ശത്രുക്കളുടെ നിരന്തരമായി ഉയരുന്ന അട്ടഹാസങ്ങൾ മറക്കരുതേ. സംഗീതസംവിധായകന്. “നശിപ്പിക്കരുതേ” എന്ന രാഗത്തിൽ.