സങ്കീർത്തനങ്ങൾ 74:12-23

സങ്കീർത്തനങ്ങൾ 74:12-23 MCV

ദൈവമേ, അവിടന്ന് ആകുന്നു പുരാതനകാലംമുതൽ എന്റെ രാജാവ്; അവിടന്ന് ഭൂമിയിൽ രക്ഷ കൊണ്ടുവരുന്നു. അവിടത്തെ ശക്തിയാൽ അവിടന്ന് സമുദ്രത്തെ വിഭജിച്ചു; സമുദ്രത്തിലെ ഭീകരസത്വങ്ങളുടെ തല അവിടന്ന് തകർത്തു. ലിവ്യാഥാന്റെ തലകൾ അവിടന്ന് തകർക്കുകയും അങ്ങ് അതിനെ മരുഭൂമിയിലെ ജന്തുക്കൾക്ക് ആഹാരമായി നൽകുകയും ചെയ്തു. ഉറവുകളും നീർച്ചാലുകളും തുറന്നത് അവിടന്ന് ആകുന്നു; ഒരിക്കലും വറ്റാത്ത നദികളെ അവിടന്നു വറ്റിച്ചുകളഞ്ഞു. പകൽ അങ്ങയുടേതാകുന്നു, രാത്രിയും അങ്ങേക്കുള്ളതുതന്നെ; അവിടന്ന് സൂര്യചന്ദ്രന്മാരെ സ്ഥാപിച്ചു. ഭൂമിയുടെ എല്ലാ അതിർത്തികളും നിർണയിച്ചത് അവിടന്നാണ്; ഉഷ്ണകാലവും ശൈത്യകാലവും അവിടന്ന് ഉണ്ടാക്കി. യഹോവേ, ശത്രു അങ്ങയെ പരിഹസിച്ചത് എങ്ങനെയെന്നും ഭോഷർ തിരുനാമത്തെ അധിക്ഷേപിക്കുന്നത് എങ്ങനെയെന്നും ഓർക്കണമേ. അങ്ങയുടെ പ്രാവിന്റെ ജീവൻ, ദുഷ്ടമൃഗങ്ങൾക്ക് ഏൽപ്പിച്ചുകൊടുക്കരുതേ; അങ്ങയുടെ അഗതികളുടെ ജീവനെ എന്നേക്കും മറക്കരുതേ. അവിടത്തെ ഉടമ്പടി ഓർക്കണമേ, ഭൂമിയുടെ അന്ധകാരസ്ഥലങ്ങളിൽ അതിക്രമങ്ങൾ അധികരിച്ചിരിക്കുന്നല്ലോ. പീഡിതർ അപമാനിതരായി പിന്തിരിയാൻ അനുവദിക്കരുതേ; ദരിദ്രരും അഗതികളും അവിടത്തെ നാമത്തെ വാഴ്ത്തട്ടെ. ദൈവമേ, എഴുന്നേൽക്കണമേ, അങ്ങയുടെ ഭാഗം പ്രതിരോധിക്കണമേ; ദിവസംമുഴുവനും ഭോഷർ അങ്ങയെ അപഹസിക്കുന്നത് ഓർക്കണമേ. അങ്ങയുടെ എതിരാളികളുടെ ആരവം അവഗണിക്കരുതേ, അങ്ങയുടെ ശത്രുക്കളുടെ നിരന്തരമായി ഉയരുന്ന അട്ടഹാസങ്ങൾ മറക്കരുതേ. സംഗീതസംവിധായകന്. “നശിപ്പിക്കരുതേ” എന്ന രാഗത്തിൽ.