സങ്കീർത്തനങ്ങൾ 73:15-28

സങ്കീർത്തനങ്ങൾ 73:15-28 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഞാൻ ഇങ്ങനെ സംസാരിപ്പാൻ വിചാരിച്ചെങ്കിൽ ഇതാ, ഞാൻ നിന്റെ മക്കളുടെ തലമുറയോടു ദ്രോഹം ചെയ്യുമായിരുന്നു. ഞാൻ ഇതു ഗ്രഹിപ്പാൻ നിരൂപിച്ചപ്പോൾ എനിക്കു പ്രയാസമായി തോന്നി; ഒടുവിൽ ഞാൻ ദൈവത്തിന്റെ വിശുദ്ധമന്ദിരത്തിൽ ചെന്ന് അവരുടെ അന്തം എന്താകും എന്നു ചിന്തിച്ചു. നിശ്ചയമായി നീ അവരെ വഴുവഴുപ്പിൽ നിറുത്തുന്നു; നീ അവരെ നാശത്തിൽ തള്ളിയിടുന്നു. എത്ര ക്ഷണത്തിൽ അവർ ശൂന്യമായിപ്പോയി! അവർ മെരുൾച്ചകളാൽ അശേഷം മുടിഞ്ഞുപോയിരിക്കുന്നു. ഉണരുമ്പോൾ ഒരു സ്വപ്നത്തെപ്പോലെ കർത്താവേ, നീ ഉണരുമ്പോൾ അവരുടെ രൂപത്തെ തുച്ഛീകരിക്കും. ഇങ്ങനെ എന്റെ ഹൃദയം വ്യസനിക്കയും എന്റെ അന്തരംഗത്തിൽ കുത്തുകൊള്ളുകയും ചെയ്തപ്പോൾ ഞാൻ പൊട്ടനും ഒന്നും അറിയാത്തവനും ആയിരുന്നു; നിന്റെ മുമ്പിൽ മൃഗംപോലെ ആയിരുന്നു. എന്നിട്ടും ഞാൻ എപ്പോഴും നിന്റെ അടുക്കൽ ഇരിക്കുന്നു; നീ എന്നെ വലംകൈക്കു പിടിച്ചിരിക്കുന്നു. നിന്റെ ആലോചനയാൽ നീ എന്നെ നടത്തും; പിന്നത്തേതിൽ മഹത്ത്വത്തിലേക്ക് എന്നെ കൈക്കൊള്ളും. സ്വർഗത്തിൽ എനിക്ക് ആരുള്ളൂ? ഭൂമിയിലും നിന്നെയല്ലാതെ ഞാൻ ഒന്നും ആഗ്രഹിക്കുന്നില്ല. എന്റെ മാംസവും ഹൃദയവും ക്ഷയിച്ചുപോകുന്നു; ദൈവം എന്നേക്കും എന്റെ ഹൃദയത്തിന്റെ പാറയും എന്റെ ഓഹരിയും ആകുന്നു. ഇതാ, നിന്നോട് അകന്നിരിക്കുന്നവർ നശിച്ചുപോകും; നിന്നെ വിട്ടു പരസംഗം ചെയ്യുന്ന എല്ലാവരെയും നീ സംഹരിക്കും. എന്നാൽ ദൈവത്തോട് അടുത്തിരിക്കുന്നത് എനിക്കു നല്ലത്; നിന്റെ സകല പ്രവൃത്തികളെയും വർണിക്കേണ്ടതിനു ഞാൻ യഹോവയായ കർത്താവിനെ എന്റെ സങ്കേതമാക്കിയിരിക്കുന്നു.

സങ്കീർത്തനങ്ങൾ 73:15-28 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഞാനും അവരെപ്പോലെ സംസാരിച്ചിരുന്നെങ്കിൽ, അവിടുത്തെ ജനത്തോട് അവിശ്വസ്തത കാട്ടുമായിരുന്നു. ഇത് എങ്ങനെ ഗ്രഹിക്കുമെന്നു ചിന്തിച്ചിട്ടും, അത് എനിക്കു ദുസ്സാധ്യമായി. എന്നാൽ, ഞാൻ ദൈവത്തിന്റെ മന്ദിരത്തിൽ ചെന്നപ്പോൾ, അവരുടെ അന്ത്യം എന്തെന്നു ഞാൻ ഗ്രഹിച്ചു. അവിടുന്ന് അവരെ വഴുവഴുപ്പുള്ളിടത്തു നിർത്തുന്നു. വിനാശത്തിലേക്ക് അവരെ തള്ളിയിടുന്നു. എത്ര പെട്ടെന്ന് അവർ നശിച്ചു. ഭീകരതകളാൽ അവർ നാമാവശേഷമായി. ഉണരുമ്പോൾ മറന്നുപോകുന്ന സ്വപ്നം പോലെയാണവർ അവിടുന്ന് എഴുന്നേല്‌ക്കുമ്പോൾ അവർ വിസ്മരിക്കപ്പെടും. എന്റെ ഹൃദയം വേദനിക്കയും എന്റെ മനസ്സ് വ്രണപ്പെടുകയും ചെയ്തപ്പോൾ, ഞാൻ ഭോഷനും അജ്ഞനുമായിരുന്നു. അവിടുത്തെ മുമ്പിൽ ഞാൻ മൃഗത്തെപ്പോലെ ആയിരുന്നു. എന്നിട്ടും ഞാൻ എപ്പോഴും അങ്ങയുടെ കൂടെ ആയിരുന്നു. അവിടുന്ന് എന്റെ വലങ്കൈയിൽ പിടിച്ചിരിക്കുന്നു. അവിടുന്ന് ഉപദേശം നല്‌കി എന്നെ വഴി നടത്തുന്നു. പിന്നീട് അവിടുന്ന് എന്നെ മഹത്ത്വം നല്‌കി സ്വീകരിക്കും. സ്വർഗത്തിൽ അങ്ങല്ലാതെ എനിക്ക് ആരുള്ളൂ. ഭൂമിയിലും അങ്ങയെ അല്ലാതെ മറ്റൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല. എന്റെ ശരീരവും മനസ്സും തളർന്നാലും ദൈവമാണെന്റെ ബലം. എന്നേക്കുമുള്ള എന്റെ ഓഹരിയും അവിടുന്നു തന്നെ. അങ്ങയിൽനിന്ന് അകന്നു നില്‌ക്കുന്നവർ നശിച്ചുപോകും. അങ്ങയോട് അവിശ്വസ്തരായി വർത്തിക്കുന്നവരെ അവിടുന്നു സംഹരിക്കും. ദൈവത്തോടു ചേർന്നു നില്‌ക്കുന്നത് എനിക്ക് എത്ര നല്ലത്. ദൈവമായ സർവേശ്വരനെ ഞാൻ അഭയം പ്രാപിച്ചിരിക്കുന്നു. അവിടുത്തെ സകല പ്രവൃത്തികളെയും ഞാൻ പ്രഘോഷിക്കും.

സങ്കീർത്തനങ്ങൾ 73:15-28 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ഞാൻ ഇപ്രകാരം സംസാരിക്കുവാൻ വിചാരിച്ചെങ്കിൽ, നിന്‍റെ മക്കളുടെ തലമുറയോട് ദ്രോഹം ചെയ്യുമായിരുന്നു. ഞാൻ ഇത് സ്വയം ഗ്രഹിക്കുവാൻ നിരൂപിച്ചപ്പോൾ എനിക്ക് പ്രയാസമായി തോന്നി; ഒടുവിൽ ഞാൻ ദൈവത്തിന്‍റെ വിശുദ്ധമന്ദിരത്തിൽ ചെന്നു അവരുടെ അന്ത്യം എന്താകും എന്നു ചിന്തിച്ചു. നിശ്ചയമായും അവിടുന്ന് അവരെ വഴുവഴുപ്പിൽ നിർത്തുന്നു; അവിടുന്ന് അവരെ നാശത്തിൽ തള്ളിയിടുന്നു. എത്ര ക്ഷണത്തിൽ അവർ ശൂന്യമായിപ്പോയി! അവർ ഭയാനകമായ കാര്യങ്ങളാൽ അശേഷം മുടിഞ്ഞുപോയിരിക്കുന്നു. ഉണരുമ്പോൾ ഒരു സ്വപ്നംപോലെ, കർത്താവേ, അവർ ഉണരുമ്പോൾ അവിടുന്ന് അവരുടെ രൂപത്തെ തുച്ഛീകരിക്കും. ഇങ്ങനെ എന്‍റെ ഹൃദയം വ്യസനിക്കുകയും എന്‍റെ അന്തരംഗത്തിൽ കുത്തുകൊള്ളുകയും ചെയ്തപ്പോൾ ഞാൻ ഭോഷനും ഒന്നും അറിയാത്തവനും ആയിരുന്നു; അങ്ങേയുടെ മുമ്പിൽ മൃഗംപോലെ ആയിരുന്നു. എങ്കിലും ഞാൻ ഇപ്പോഴും അങ്ങേയുടെ അടുക്കൽ ഇരിക്കുന്നു; അവിടുന്ന് എന്നെ വലങ്കൈയ്ക്ക് പിടിച്ചിരിക്കുന്നു. അങ്ങേയുടെ ആലോചനയാൽ അങ്ങ് എന്നെ നടത്തും; പിന്നത്തേതിൽ മഹത്വത്തിലേക്ക് എന്നെ കൈക്കൊള്ളും. സ്വർഗ്ഗത്തിൽ അങ്ങ് ഒഴികെ എനിക്ക് ആരാണുള്ളത്? ഭൂമിയിലും അങ്ങയെയല്ലാതെ ഞാൻ ഒന്നും ആഗ്രഹിക്കുന്നില്ല. എന്‍റെ മാംസവും ഹൃദയവും ക്ഷയിച്ചുപോകുന്നു; ദൈവം എന്നേക്കും എന്‍റെ ഹൃദയത്തിന്‍റെ ശക്തിയും എന്‍റെ ഓഹരിയും ആകുന്നു. ഇതാ, അങ്ങേയോട് അകന്നിരിക്കുന്നവർ നശിച്ചുപോകും; അങ്ങയെ വിട്ട് പരസംഗം ചെയ്യുന്ന എല്ലാവരെയും അവിടുന്ന് സംഹരിക്കും. എന്നാൽ ദൈവത്തോട് അടുത്തിരിക്കുന്നത് എനിക്ക് നല്ലത്; അവിടുത്തെ സകലപ്രവൃത്തികളെയും വർണ്ണിക്കേണ്ടതിന് ഞാൻ യഹോവയായ കർത്താവിനെ എന്‍റെ സങ്കേതമാക്കിയിരിക്കുന്നു.

സങ്കീർത്തനങ്ങൾ 73:15-28 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഞാൻ ഇങ്ങനെ സംസാരിപ്പാൻ വിചാരിച്ചെങ്കിൽ ഇതാ, ഞാൻ നിന്റെ മക്കളുടെ തലമുറയോടു ദ്രോഹം ചെയ്യുമായിരുന്നു. ഞാൻ ഇതു ഗ്രഹിപ്പാൻ നിരൂപിച്ചപ്പോൾ എനിക്കു പ്രയാസമായി തോന്നി; ഒടുവിൽ ഞാൻ ദൈവത്തിന്റെ വിശുദ്ധ മന്ദിരത്തിൽ ചെന്നു അവരുടെ അന്തം എന്താകും എന്നു ചിന്തിച്ചു. നിശ്ചയമായി നീ അവരെ വഴുവഴുപ്പിൽ നിർത്തുന്നു; നീ അവരെ നാശത്തിൽ തള്ളിയിടുന്നു. എത്ര ക്ഷണത്തിൽ അവർ ശൂന്യമായ്പോയി! അവർ മെരുൾചകളാൽ അശേഷം മുടിഞ്ഞുപോയിരിക്കുന്നു. ഉണരുമ്പോൾ ഒരു സ്വപ്നത്തെപ്പോലെ കർത്താവേ, നീ ഉണരുമ്പോൾ അവരുടെ രൂപത്തെ തുച്ഛീകരിക്കും. ഇങ്ങനെ എന്റെ ഹൃദയം വ്യസനിക്കയും എന്റെ അന്തരംഗത്തിൽ കുത്തുകൊള്ളുകയും ചെയ്തപ്പോൾ ഞാൻ പൊട്ടനും ഒന്നും അറിയാത്തവനും ആയിരുന്നു; നിന്റെ മുമ്പിൽ മൃഗംപോലെ ആയിരുന്നു. എന്നിട്ടും ഞാൻ എപ്പോഴും നിന്റെ അടുക്കൽ ഇരിക്കുന്നു; നീ എന്നെ വലങ്കൈക്കു പിടിച്ചിരിക്കുന്നു. നിന്റെ ആലോചനയാൽ നീ എന്നെ നടത്തും; പിന്നെത്തേതിൽ മഹത്വത്തിലേക്കു എന്നെ കൈക്കൊള്ളും. സ്വർഗ്ഗത്തിൽ എനിക്കു ആരുള്ളു? ഭൂമിയിലും നിന്നെയല്ലാതെ ഞാൻ ഒന്നും ആഗ്രഹിക്കുന്നില്ല. എന്റെ മാംസവും ഹൃദയവും ക്ഷയിച്ചുപോകുന്നു; ദൈവം എന്നേക്കും എന്റെ ഹൃദയത്തിന്റെ പാറയും എന്റെ ഓഹരിയും ആകുന്നു. ഇതാ, നിന്നോടു അകന്നിരിക്കുന്നവർ നശിച്ചുപോകും; നിന്നെ വിട്ടു പരസംഗം ചെയ്യുന്ന എല്ലാവരെയും നീ സംഹരിക്കും. എന്നാൽ ദൈവത്തോടു അടുത്തിരിക്കുന്നതു എനിക്കു നല്ലതു; നിന്റെ സകലപ്രവൃത്തികളെയും വർണ്ണിക്കേണ്ടതിന്നു ഞാൻ യഹോവയായ കർത്താവിനെ എന്റെ സങ്കേതമാക്കിയിരിക്കുന്നു.

സങ്കീർത്തനങ്ങൾ 73:15-28 സമകാലിക മലയാളവിവർത്തനം (MCV)

ഞാൻ ഈ വിധം സംസാരിക്കണമെന്ന് നിരൂപിച്ചിരുന്നെങ്കിൽ, അങ്ങയുടെ മക്കളുടെ തലമുറയെ ഞാൻ വഞ്ചിക്കുമായിരുന്നു. ഇതെല്ലാം മനസ്സിലാക്കാൻ ഞാൻ പരിശ്രമിച്ചു എന്നാൽ എനിക്കത് ക്ലേശകരമായിരുന്നു. അങ്ങനെ ഞാൻ ദൈവത്തിന്റെ തിരുനിവാസത്തിൽ പ്രവേശിച്ചു; അപ്പോൾ അവരുടെ അന്തിമവിധിയെപ്പറ്റിയുള്ള അവബോധം എനിക്കു ലഭിച്ചു. അങ്ങ് അവരെ വഴുവഴുപ്പുള്ള പ്രതലത്തിൽ നിർത്തിയിരിക്കുന്നു, നിശ്ചയം; അവിടന്ന് അവരെ നാശത്തിലേക്കു തള്ളിയിടുന്നു. അവർ എത്രയും പെട്ടെന്ന് നശിപ്പിക്കപ്പെടുന്നു, കൊടുംഭീകരതകളാൽ അവർ നിശ്ശേഷം തുടച്ചുനീക്കപ്പെടുന്നു! കർത്താവേ, അവിടന്ന് എഴുന്നേൽക്കുമ്പോൾ, ദുഃസ്വപ്നത്തിൽനിന്ന് ഞെട്ടിയുണർന്ന ഒരാളെപ്പോലെ അവിടന്ന് അവരെ വെറുക്കുമല്ലോ; ഒരു മായക്കാഴ്ചപോലെ അവരെ നിന്ദിച്ചുതള്ളുമല്ലോ. എന്റെ ഹൃദയത്തിൽ കയ്‌പു നിറയുകയും എന്റെ അന്തരംഗം തകർന്നടിയുകയും ചെയ്തപ്പോൾ, തിരുമുമ്പിൽ ഞാൻ ഒരു ഭോഷനും അജ്ഞനും വിവേകമില്ലാത്ത ഒരു മൃഗത്തെപ്പോലെയുള്ളവനും ആയിരുന്നു. എങ്കിലും ഞാൻ എപ്പോഴും അങ്ങയോടൊപ്പം ആയിരിക്കുന്നു; അവിടന്ന് എന്റെ വലങ്കൈയിൽ പിടിച്ചിരിക്കുന്നു. അവിടന്ന് എനിക്ക് ആലോചന നൽകി നടത്തുന്നു, അതിനുശേഷം അവിടത്തെ മഹത്ത്വത്തിലേക്ക് എന്നെ ആനയിക്കുന്നു. സ്വർഗത്തിൽ അങ്ങല്ലാതെ മറ്റാരാണ് എനിക്കുള്ളത്? ഭൂമിയിലും അങ്ങയെ അല്ലാതെ മറ്റൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല. എന്റെ ശരീരവും ഹൃദയവും ദുർബലമായേക്കാം, എന്നാൽ ദൈവം എന്റെ ഹൃദയത്തിന്റെ ശക്തിയും എന്നേക്കുമുള്ള എന്റെ ഓഹരിയും ആകുന്നു. അങ്ങയിൽനിന്ന് അകലം പാലിക്കുന്നവരെല്ലാം നശിച്ചുപോകും; അങ്ങയോട് അവിശ്വസ്തത പുലർത്തുന്ന എല്ലാവരെയും അവിടന്ന് നശിപ്പിക്കും. എന്നാൽ ദൈവത്തോട് അടുത്തിരിക്കുന്നതാണ് എനിക്ക് ഏറെ നല്ലത്. കർത്താവായ യഹോവയെ ഞാൻ എന്റെ സങ്കേതമാക്കിയിരിക്കുന്നു; അവിടത്തെ പ്രവൃത്തികളെയെല്ലാം ഞാൻ വർണിക്കും.