സങ്കീർത്തനങ്ങൾ 73:15-28

സങ്കീർത്തനങ്ങൾ 73:15-28 MCV

ഞാൻ ഈ വിധം സംസാരിക്കണമെന്ന് നിരൂപിച്ചിരുന്നെങ്കിൽ, അങ്ങയുടെ മക്കളുടെ തലമുറയെ ഞാൻ വഞ്ചിക്കുമായിരുന്നു. ഇതെല്ലാം മനസ്സിലാക്കാൻ ഞാൻ പരിശ്രമിച്ചു എന്നാൽ എനിക്കത് ക്ലേശകരമായിരുന്നു. അങ്ങനെ ഞാൻ ദൈവത്തിന്റെ തിരുനിവാസത്തിൽ പ്രവേശിച്ചു; അപ്പോൾ അവരുടെ അന്തിമവിധിയെപ്പറ്റിയുള്ള അവബോധം എനിക്കു ലഭിച്ചു. അങ്ങ് അവരെ വഴുവഴുപ്പുള്ള പ്രതലത്തിൽ നിർത്തിയിരിക്കുന്നു, നിശ്ചയം; അവിടന്ന് അവരെ നാശത്തിലേക്കു തള്ളിയിടുന്നു. അവർ എത്രയും പെട്ടെന്ന് നശിപ്പിക്കപ്പെടുന്നു, കൊടുംഭീകരതകളാൽ അവർ നിശ്ശേഷം തുടച്ചുനീക്കപ്പെടുന്നു! കർത്താവേ, അവിടന്ന് എഴുന്നേൽക്കുമ്പോൾ, ദുഃസ്വപ്നത്തിൽനിന്ന് ഞെട്ടിയുണർന്ന ഒരാളെപ്പോലെ അവിടന്ന് അവരെ വെറുക്കുമല്ലോ; ഒരു മായക്കാഴ്ചപോലെ അവരെ നിന്ദിച്ചുതള്ളുമല്ലോ. എന്റെ ഹൃദയത്തിൽ കയ്‌പു നിറയുകയും എന്റെ അന്തരംഗം തകർന്നടിയുകയും ചെയ്തപ്പോൾ, തിരുമുമ്പിൽ ഞാൻ ഒരു ഭോഷനും അജ്ഞനും വിവേകമില്ലാത്ത ഒരു മൃഗത്തെപ്പോലെയുള്ളവനും ആയിരുന്നു. എങ്കിലും ഞാൻ എപ്പോഴും അങ്ങയോടൊപ്പം ആയിരിക്കുന്നു; അവിടന്ന് എന്റെ വലങ്കൈയിൽ പിടിച്ചിരിക്കുന്നു. അവിടന്ന് എനിക്ക് ആലോചന നൽകി നടത്തുന്നു, അതിനുശേഷം അവിടത്തെ മഹത്ത്വത്തിലേക്ക് എന്നെ ആനയിക്കുന്നു. സ്വർഗത്തിൽ അങ്ങല്ലാതെ മറ്റാരാണ് എനിക്കുള്ളത്? ഭൂമിയിലും അങ്ങയെ അല്ലാതെ മറ്റൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല. എന്റെ ശരീരവും ഹൃദയവും ദുർബലമായേക്കാം, എന്നാൽ ദൈവം എന്റെ ഹൃദയത്തിന്റെ ശക്തിയും എന്നേക്കുമുള്ള എന്റെ ഓഹരിയും ആകുന്നു. അങ്ങയിൽനിന്ന് അകലം പാലിക്കുന്നവരെല്ലാം നശിച്ചുപോകും; അങ്ങയോട് അവിശ്വസ്തത പുലർത്തുന്ന എല്ലാവരെയും അവിടന്ന് നശിപ്പിക്കും. എന്നാൽ ദൈവത്തോട് അടുത്തിരിക്കുന്നതാണ് എനിക്ക് ഏറെ നല്ലത്. കർത്താവായ യഹോവയെ ഞാൻ എന്റെ സങ്കേതമാക്കിയിരിക്കുന്നു; അവിടത്തെ പ്രവൃത്തികളെയെല്ലാം ഞാൻ വർണിക്കും.