സങ്കീ. 73:15-28

സങ്കീ. 73:15-28 IRVMAL

ഞാൻ ഇപ്രകാരം സംസാരിക്കുവാൻ വിചാരിച്ചെങ്കിൽ, നിന്‍റെ മക്കളുടെ തലമുറയോട് ദ്രോഹം ചെയ്യുമായിരുന്നു. ഞാൻ ഇത് സ്വയം ഗ്രഹിക്കുവാൻ നിരൂപിച്ചപ്പോൾ എനിക്ക് പ്രയാസമായി തോന്നി; ഒടുവിൽ ഞാൻ ദൈവത്തിന്‍റെ വിശുദ്ധമന്ദിരത്തിൽ ചെന്നു അവരുടെ അന്ത്യം എന്താകും എന്നു ചിന്തിച്ചു. നിശ്ചയമായും അവിടുന്ന് അവരെ വഴുവഴുപ്പിൽ നിർത്തുന്നു; അവിടുന്ന് അവരെ നാശത്തിൽ തള്ളിയിടുന്നു. എത്ര ക്ഷണത്തിൽ അവർ ശൂന്യമായിപ്പോയി! അവർ ഭയാനകമായ കാര്യങ്ങളാൽ അശേഷം മുടിഞ്ഞുപോയിരിക്കുന്നു. ഉണരുമ്പോൾ ഒരു സ്വപ്നംപോലെ, കർത്താവേ, അവർ ഉണരുമ്പോൾ അവിടുന്ന് അവരുടെ രൂപത്തെ തുച്ഛീകരിക്കും. ഇങ്ങനെ എന്‍റെ ഹൃദയം വ്യസനിക്കുകയും എന്‍റെ അന്തരംഗത്തിൽ കുത്തുകൊള്ളുകയും ചെയ്തപ്പോൾ ഞാൻ ഭോഷനും ഒന്നും അറിയാത്തവനും ആയിരുന്നു; അങ്ങേയുടെ മുമ്പിൽ മൃഗംപോലെ ആയിരുന്നു. എങ്കിലും ഞാൻ ഇപ്പോഴും അങ്ങേയുടെ അടുക്കൽ ഇരിക്കുന്നു; അവിടുന്ന് എന്നെ വലങ്കൈയ്ക്ക് പിടിച്ചിരിക്കുന്നു. അങ്ങേയുടെ ആലോചനയാൽ അങ്ങ് എന്നെ നടത്തും; പിന്നത്തേതിൽ മഹത്വത്തിലേക്ക് എന്നെ കൈക്കൊള്ളും. സ്വർഗ്ഗത്തിൽ അങ്ങ് ഒഴികെ എനിക്ക് ആരാണുള്ളത്? ഭൂമിയിലും അങ്ങയെയല്ലാതെ ഞാൻ ഒന്നും ആഗ്രഹിക്കുന്നില്ല. എന്‍റെ മാംസവും ഹൃദയവും ക്ഷയിച്ചുപോകുന്നു; ദൈവം എന്നേക്കും എന്‍റെ ഹൃദയത്തിന്‍റെ ശക്തിയും എന്‍റെ ഓഹരിയും ആകുന്നു. ഇതാ, അങ്ങേയോട് അകന്നിരിക്കുന്നവർ നശിച്ചുപോകും; അങ്ങയെ വിട്ട് പരസംഗം ചെയ്യുന്ന എല്ലാവരെയും അവിടുന്ന് സംഹരിക്കും. എന്നാൽ ദൈവത്തോട് അടുത്തിരിക്കുന്നത് എനിക്ക് നല്ലത്; അവിടുത്തെ സകലപ്രവൃത്തികളെയും വർണ്ണിക്കേണ്ടതിന് ഞാൻ യഹോവയായ കർത്താവിനെ എന്‍റെ സങ്കേതമാക്കിയിരിക്കുന്നു.